Departed Spiritual FathersOVS - ArticlesOVS - Latest News

തെറ്റുകണ്ണനെ ആരാണ് മെത്രാനാക്കിയത് …?

ഡോ. എം. കുര്യന്‍ തോമസ്

ആശയങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ പേരില്‍ അവയുടെ സ്ഥാപകരോ മുഖ്യ പ്രണേതാക്കളോ അവരുടെ ജീവിതകാലത്തോ പിന്നീടോ വെറുക്കപ്പെട്ടേക്കാം. പലപ്പോഴും അവരുടെ ചെയ്തികളും അതിനു ഹേതുവാകാം. പക്ഷേ കഥാവശേഷനായശേഷം എട്ടു പതിറ്റാണ്ടിനുശേഷവും ശാരീരിക ദൗര്‍ബല്യത്തന്‍റെ പേരില്‍ ഒരാളെ അപഹസിക്കുക എന്നത് സംസ്‌കാരരാഹിത്യം മാത്രമല്ല, തീവൃമായ അധമബോധത്തിന്‍റെ പ്രകടനം കൂടിയാണ്. ആശയപരമായി നേരിടാനാവാതെ ആയുധശൂന്യനാകുന്നവന്‍റെ അധമബോധം. 1934 ഫെബ്രുവരി 23-നു കാലംചെയ്ത പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ ശാരീരികമായുള്ള ബലഹീനതയെ 2016-ലും ഇപ്രകാരം പരിഹസിക്കുന്നവരെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ സഹതാപമാണ് തോന്നുന്നത്.

കോങ്കണ്ണുമാത്രമല്ല, ശാരീരിക ബലഹീനതയായി ഇടതുകൈവിറയലും മാര്‍ ദീവന്നാസ്യോസിനുണ്ടായിരുന്നു. ജന്മസിദ്ധമായ കോങ്കണ്ണുപോലെതന്നെ കൈവിറയലും ചെറുപ്പത്തിലെ അദ്ദേഹത്തെ ബാധിച്ചിരുന്നു എന്നു കരുതാന്‍ ന്യായമായ കാരണങ്ങളുണ്ട്. മാര്‍ ദീവന്നാസ്യോസ് ശെമ്മാശനായിരുന്നപ്പോള്‍ എഴുതിയിരുന്ന ഡയറിയില്‍ വാതത്തിനുള്ള ഒരു കഷായത്തിന്‍റെ കുറുപ്പടി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ശാരീരിക ബലഹീനതകള്‍ നിലനില്‍ക്കെയാണ് അദ്ദേഹത്തെ പൗരോഹിത്യത്തിന്‍റെ ഓരോ പടിയിലേയ്ക്കും പിതാക്കന്മാര്‍ കൈപിടിച്ചുയര്‍ത്തിയതും അവസാനം പ. സഭ, മലങ്കര മെത്രാപ്പോലീത്തായുടെ പ. മാര്‍ത്തോമ്മാശ്ലീഹായുടെ ശ്ലൈഹീക സിംഹാസനത്തില്‍ ആരോഹണം ചെയ്യിച്ചതും. തെറ്റുകണ്ണനെ ആരാണ് മെത്രാനാക്കിയത് …? എന്ന വര്‍ത്തമാനകാല ചോദ്യത്തിനുള്ള ഉത്തരം യഥാക്രമം, പ. പരുമല തിരുമേനി, പ. പത്രോസ് ത്രിതീയന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്, പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ എന്നിങ്ങനെയാണ്.

അന്ത്യോഖ്യാ – മലങ്കര സഭകളില്‍ നിലവിലിരിക്കുന്ന സഭാ വിജ്ഞാനീയപ്രകാരം ശാരീരിക ബലഹീനത ഒരുവനെ മേല്പട്ടസ്ഥാനത്തിനു അനര്‍ഹനാക്കുന്നില്ല. … അംഗഹീനനോ, ചെകിടനോ, മുടന്തനോ ആയ ഒരാള്‍ എപ്പിസ്‌ക്കോപ്പാ സ്ഥാനത്തിന് അര്‍ഹനാണെങ്കില്‍ ആകാം. ശരീരത്തിന്‍റെ ന്യൂനതയല്ല, ആത്മാവിന്‍റെ മാലിന്യമാണ് അശുദ്ധമായിട്ടുള്ളത്… എന്നാണ് ഹൂദായ കാനോന്‍ (ഏഴാം കെപ്പലയോന്‍ – അഞ്ചാം പെസൂക്കാ – ശ്ലീഹന്മാര്‍ 73) വിവരിക്കുന്നത്. ഈ നിയമം നന്നായി അറിയാവുന്നവര്‍ തന്നെയാണ് മാര്‍ ദീവന്നാസ്യോസിനെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവന്നത്.

1858 ഒക്‌ടോബര്‍ 31-നു ജനിച്ച ഗീവറുഗീസിനു 18-ആം വയസില്‍ പൗരോഹിത്യ ശുശ്രൂഷയുടെ ആദ്യ പടിയായ മ്‌സംറോനോ സ്ഥാനം നല്‍കിയത് പ. പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ആയിരുന്നു. 1876 ഒക്‌ടോബര്‍ 12-നു പുതുപ്പള്ളി പള്ളിയില്‍വെച്ച്. പിന്നീട് പ. പരുമല തിരുമേനിയുടെ ശിഷ്യനായി വെട്ടിക്കലും പരുമലയിലും പഠനം. പ. പരുമല തിരുമേനി 1879 ഒക്‌ടോബര്‍ 16-നു പൂര്‍ണ്ണശെമ്മാശപട്ടവും 1880 ജനുവരി 18-നു കത്തനാരുപട്ടവും നല്‍കി പരുമല സെമിനാരിയില്‍ മല്പാനാക്കി. (ഡോ. സാമുവേല്‍ ചന്ദനപ്പള്ളി, മലങ്കരസഭാ പിതാക്കന്മാര്‍, വാല്യം 1, പേജ് 242-3). 30 വയസിനുമുമ്പ് ആര്‍ക്കും കത്തനാരുപട്ടം കൊടുക്കരുതെന്നുള്ള പത്രോസ് പാത്രിയര്‍ക്കീസിന്‍റെ അമര്‍ച്ചയായ കല്പന കാറ്റില്‍പറത്തി 22-ആം വയസുമാത്രമുള്ള വട്ടശ്ശേരില്‍ ശെമ്മാശന് അതു നല്‍കിയത് പ. പരുമല തിരുമേനി ഒന്നും കാണാതെ ആയിരുന്നില്ല. അവിവാഹിതരെ ദയറൂയോസോ കൂടാതെ വൈദീകരാക്കെരുതെന്ന കല്പനയും വട്ടശ്ശേരില്‍ ശെമ്മാശന്‍റെ കാര്യത്തില്‍ പ. പരുമല തിരുമേനി പാലിച്ചില്ല.

ഇടവകകള്‍ക്കുവേണ്ടി മാത്രം കത്തനാരുപട്ടം കൊടുക്കുക എന്നതായിരുന്നു അക്കാലത്തെ നാട്ടുനടപ്പ്. പ. പരുമല തിരുമേനി പോലും പട്ടമേറ്റത് മുളന്തുരുത്തി പള്ളിക്കുവേണ്ടി ആയിരുന്നു. എന്നാല്‍ മല്ലപ്പള്ളിപ്പള്ളി ഇടവകാംഗമായ വട്ടശ്ശേരില്‍ കത്തനാരെ പട്ടംകെട്ടിയത് പൊതുസ്ഥാപനമായ പരുമല സെമിനാരിക്കുവേണ്ടിയായിരുന്നു. ഇക്കാര്യം പ. പരുമല തിരുമേനി ആലപ്പുഴ ജില്ലാ കോടതിയില്‍ കൊല്ലവര്‍ഷം 1059 തുലാം 11-നു (1883 ഒക്‌ടോബര്‍ 26) സെമിനാരിക്കേസില്‍ നല്‍കിയ മൊഴിയില്‍ സ്ഥിതീകരിക്കുന്നുണ്ട്. … പരിഭാഷകനായി ആണ് വട്ടശ്ശേരില്‍ കത്തനാര്‍ ഇവിടെ വന്നിരിക്കുന്നത്. അയാള്‍ പരുമല സെമിനാരിയില്‍ പഠിപ്പിക്കുകയാണ്. വട്ടശ്ശേരില്‍ കത്തനാരുടെ (സ്വന്തം) ഇടവകപ്പള്ളിയില്‍ അയാളെക്കൂടാതെ ഒരു കത്തനാര്‍ കൂടിയുണ്ട്. ഞാനാണ് അയാളെ കത്തനാരായി പട്ടംകെട്ടിയത്. (പരുമല) സെമിനാരിക്കുവേണ്ടിയാണ് അയാള്‍ക്ക് പട്ടംകൊടുത്തത്. (പരുമല) സെമിനാരിയില്‍ മറ്റു കത്തനാരുമാരില്ല. ഞാന്‍ പട്ടംകെട്ടുമ്പോള്‍ അയാള്‍ക്ക് 25 വയസ് പ്രായമുണ്ടായിരുന്നു. അയാള്‍ക്ക് പട്ടം കൊടുത്തിട്ട് ഒന്നോരണ്ടോ വര്‍ഷം ആയിക്കാണും. കാനോന്‍ നിയമപ്രകാരവും നിബന്ധനകള്‍പ്രകാരവും മുപ്പതാം വയസിലാണ് പട്ടം കൊടുക്കേണ്ടത്. … വട്ടശ്ശേരില്‍ കത്തനാര്‍ (വിശുദ്ധ) കുര്‍ബാന ചൊല്ലുന്നുണ്ട്. ജനങ്ങള്‍ ആ കുര്‍ബാന സ്വീകരിക്കുന്നുമുണ്ട്. അതേപോലെ അയാള്‍ ജ്ഞാനസ്‌നാനവും വിവാഹകൂദാശയും നടത്തുന്നുണ്ട്. … (The Royal Court of Final Appeal, Travancore, Case No III of 1061, Seminary Case Book Vol I, p 453)

ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം അടുത്ത അംഗീകാരം വട്ടശ്ശേരില്‍ കത്തനാരെ തേടിയെത്തി. 1892-ല്‍ അന്ത്യോഖ്യയുടെ പ. ഇഗ്നാത്തിയോസ് പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് അദ്ദേഹത്തെ മലങ്കര മല്പാന്‍ സ്ഥാനത്തേക്കുയര്‍ത്തി. കോനാട്ടു കുടുംബത്തിനു പുറത്ത് ആദ്യമായി ഈ സ്ഥാനം ലഭിച്ച വ്യക്തിയാണ് വട്ടശ്ശേരില്‍ ഗീവര്‍ഗീസ് കത്തനാര്‍. …പരുമല സെമിനാരിയില്‍ സുറിയാനി പണ്ഡിതന്‍ ബ. വട്ടശ്ശേരില്‍ ഗീവറുഗീസ കത്തനാര്‍ അവര്‍കള്‍ക്കു എ. പെ. പെ. ബ. അന്ത്യോഖ്യാപാത്രിയര്‍ക്കീസുബാവാ തിരുമനസുകൊണ്ടു മലങ്കര മല്പാന്‍ എന്ന ഒരു മാന്യസ്ഥാനം കല്പിച്ചു കൊടുത്തിരിക്കുന്നതായി ഒരു കല്പനയാല്‍ അറിയുന്നു. സ്ഥാനസംബന്ധമായി ഒരു ചിഹ്നം പിന്നാലെ വരുന്നുണ്ടെന്നും ആയ്തു മെത്രാപ്പോലീത്താമാരില്‍ ഒരാള്‍ ഭൂഷിപ്പിക്കുമെന്നും അറിയുന്നു. സുറിയാനി ഭാഷയില്‍ അസാമാന്യ പാണ്ഡിത്വവും ഇംഗ്ലീഷില്‍ സാമാന്യ അറിവും ഉള്ള മല്പാന്‍ ബഹുമതിക്കു യോഗ്യന്‍ തന്നെ. അദ്ദേഹത്താല്‍ രചിക്കപ്പെട്ട മതസംഗതി പുസ്തകമല്ലെയോ പാത്രിയര്‍ക്കീസുബാവാ തിരുമനസിലെ ഇപ്പോള്‍ ഉത്സാഹിപ്പിച്ചതു എന്നു ഞങ്ങള്‍ സംശയിക്കുന്നു. … (മലങ്കര ഇടവക പത്രിക, ലക്കം 11, 1892). അക്കാലത്ത് മലങ്കരസഭ വട്ടശ്ശേരില്‍ മല്പാനെ എങ്ങനെ വിലയിരിത്തിയിരുന്നു എന്ന് ഈ ചെറുകുറിപ്പ് വ്യക്തമാക്കുന്നുണ്ട്.

തിരുവിതാംകൂര്‍ ഹൈക്കോടതി വിധിപ്രകാരം 1886 കര്‍ക്കിടകം 3-ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ പഴയ സെമിനാരി നടത്തിയെടുത്തു. 1889-ല്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന് അനുകൂലമായ തിരുവിതാംകൂര്‍ റോയല്‍കോര്‍ട്ടു വിധിയോടെ സെമിനാരിക്കേസ് അവസാനിക്കുകയും അതിന്‍റെ വിധി നടത്തിപ്പും ഇതര നടപടികളും പൂര്‍ത്തിയാക്കുകയും ചെയ്തതോടെ അവിടെ വൈദീക വിദ്യാഭ്യാസം പുനരാരംഭിച്ചു. ഇതോടെ പരുമല സെമിനാരിയില്‍ നടന്നുവന്ന വൈദീക വിദ്യാഭ്യാസം പഴയ സെമിനാരിയിലേയ്ക്കു മാറ്റി. കോട്ടയം എം. സമിനാരി പ്രവര്‍ത്തനസജ്ജമായതും ഏതാണ്ട് ഇതേ കാലത്താണ്. അതോടെ വട്ടശ്ശേരില്‍ മല്പാന്‍റെ പ്രവര്‍ത്തന മണ്ഡലവും കോട്ടയത്തേക്കു മാറി. ഈ ദശാബ്ദത്തില്‍ തന്‍റെ വാത്സല്യ ശിഷ്യനുണ്ടായ വളര്‍ച്ച പ. പരുമല തിരുമേനി 1899 ഏപ്രില്‍ 7-നു ചാവക്കാട്ടുനിന്നും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു അയച്ച സുറിയാനി കത്തില്‍ (Konat Syr. MSS) വിവരിക്കുന്നുണ്ട്.

… നേരത്തേ സൂചിപ്പിച്ച ഞങ്ങളുടെ പ്രസ്സില്‍ (മാര്‍ തോമ്മസ് അച്ചുകൂടം, പഴയ സെമിനാരി) ഇപ്പോള്‍ സുറിയാനി പുസ്തകങ്ങള്‍ അച്ചടിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ഈ പ്രസ്സിന്‍റെ മാനേജര്‍ പൗലൂസ് റമ്പാനാണ്. അവിടെ അച്ചടിക്കുന്ന പുസ്തകങ്ങളുടെ പരിശോധകന്‍ മല്പാന്‍ ഗീവറുഗീസ് കശീശയാണ്. ഈ മല്പാന്‍ ശെമ്മാശ്ശന്മാരെയും കുട്ടികളെയും സുറിയാനി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകള്‍ വേതനം കൂടാതെ പഠിപ്പിക്കുന്നു. അദ്ദേഹത്തോടൊപ്പം വേതനത്തിനു പഠിപ്പിക്കുന്ന മറ്റ് അദ്ധ്യാപകരും ഉണ്ട്. എന്നാല്‍, ഇദ്ദേഹമാണ് സെമിനാരിയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും, അദ്ധ്യാപകരുടെയും പ്രധാനി … (മലങ്കര സഭാ മാസിക (പ്രസാ.), പരുമല സ്മൃതി, 2002, p 390)

താന്‍ പിന്‍ഗാമിയി കരുതിയിരുന്ന അസിസ്റ്റന്റ് മലങ്കര മെത്രാപ്പോലീത്താ പ. പരുമല തിരുമേനി 1902-ല്‍ അകാലത്ത് ഇഹലോകം വിട്ടതോടെ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന് ആ സ്ഥാനത്ത് മറ്റൊരാളെ കണ്ടെത്തേണ്ടി വന്നു. സ്വാഭാവികമായും അദ്ദേഹത്തിന്‍റെ അന്വേഷണം അധികം നീളാതെ എത്തിനിന്നത് പ. പരുമല തിരുമേനിയുടെ ശിഷ്യപ്രമുഖനും പണ്ഡിതനും പ്രാഗത്ഭ്യം തെളിയിച്ചവനുമായ വട്ടശ്ശേരില്‍ മല്പാനില്‍ ആയിരുന്നു. പിന്‍ഗാമിത്വത്തിന്‍റെ ആദ്യപടിയായി അദ്ദേഹം 1903 നവംബര്‍ 1-ന് പരുമല സെമിനാരിയില്‍വെച്ച് മലങ്കര മല്പാന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് കത്തനാരെ റമ്പാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി. പടിപടിയായി ഓരോ ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ച് തന്റെയും സഭയുടേയും പ്രധാന കാര്യവിചാരകനാക്കി.

പ്രായവും ശാരീരിക അവശതകളും വര്‍ദ്ധിച്ചു വന്നതിനെത്തുടര്‍ന്ന് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ പിന്‍ഗാമിയെ ഭരണം ഏല്പിക്കുവാന്‍ തിരക്കുകൂട്ടി. അതിനായി മലങ്കര പള്ളിയോഗം വിളിച്ചുകൂട്ടി കൊല്ലവര്‍ഷം 1083 മകരം രണ്ടിനു അദ്ദേഹം സര്‍ക്കുലര്‍ കല്പന അയച്ചു. അതിന്‍റെ അനന്തരഫലം ഇസഡ്. എം. പാറേട്ട് വിവരിക്കുന്നത് ഇപ്രകാരമാണ്. … അദ്ദേഹത്തിന്‍റെ കല്പന അനുസരിച്ചു മലങ്കരയിലെ എല്ലാ പള്ളികളില്‍ നിന്നും തെരഞ്ഞെടുത്ത് അയച്ചിരുന്ന പ്രതിപുരുഷന്മാരുടെ യോഗം 1083 കുംഭം 15-ആം തീയതി കോട്ടയത്തു സെമിനാരിയില്‍ കൂടി. മേല്പട്ടസ്ഥാനത്തേയ്ക്കു വട്ടശ്ശേരില്‍ ഗീവറുഗീസ് റമ്പാനെയും കൊച്ചുപറമ്പില്‍ പൌലൂസ് റമ്പാനെയും തെരഞ്ഞെടുത്തു. മാര്‍ ജോസഫ് ദീവന്നാസ്യോസിനു പ്രായാധിക്യവും സുഖക്കേടും മൂലം ഭരണം ആഗ്രഹംപോലെ നടത്തിക്കൊണ്ടുപോകാന്‍ പ്രയാസം നേരിട്ടിരിക്കുന്നതുകൊണ്ട് ഒരു സഹായി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ ഗീവറുഗീസ് റമ്പാന്‍ മെത്രാന്‍സ്ഥാനം ഏറ്റാല്‍ ഉടന്‍ തന്നെ, അസിസ്റ്റന്റും പിന്‍ഗാമിയുമായി മലങ്കരയിടവകയിലെ പൊതുവായ ഭരണം ഏല്പിക്കണമെന്നും പൊതുയോഗം തീരുമാനിച്ചു. … (ഇസഡ്. എം. പാറേട്ട്, മലങ്കര നസ്രാണികള്‍, വാല്യം 3, 2015, p 232)

യോഗനിശ്ചയം അനുസരിച്ച് വട്ടശ്ശേരില്‍ മല്പാന്‍ യേറുശലേമില്‍ എത്തി 1908 മെയ് 31-ന് മേല്പട്ടസ്ഥാനം സ്വീകരിച്ചു. ദീവന്നാസ്യോസ് എന്ന സ്ഥാനനാമം പിന്തുടര്‍ച്ചാവകാശമായി നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും മലങ്കരസഭ നിര്‍ദ്ദേശിച്ചതുപോലെ പിന്‍ഗാമിയോ സഹായിയോ ആയി സ്ഥാത്തിക്കോന്‍ നല്‍കാന്‍ പാത്രിയര്‍ക്കീസ് തയാറായില്ല. പക്ഷേ സ്ഥാനമേറ്റു മടങ്ങിയെത്തിയ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ താമസമന്യേ മലങ്കര മെത്രാപ്പോലീത്തായുടെ ചുമതലകള്‍ ഏല്പിച്ചു കൊണ്ട് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ പൂര്‍ണ്ണ വിശ്രമജീവിതത്തില്‍ പ്രവേശിച്ചു. 1909 ജൂലൈ 11-നു മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ കാലം ചെയ്തു. തുടര്‍ന്നു നടന്ന സംഭവങ്ങള്‍ അന്നത്തെ മലങ്കര അസോസിയേഷന്‍ സെക്രട്ടറിയും ക്‌നാനായ സമുദായാംഗവുമായ ഇടവഴിക്കല്‍ ഇ. എം. പീലിപ്പോസ് വിവരിക്കുന്നത് ഇപ്രകാരമാണ്.

… ഇവര്‍ സ്ഥാനമേറ്റശേഷം ഇവരില്‍ ഗീവര്‍ഗീസ് റമ്പാനെ വലിയതിരുമേനിയുടെ അസിസ്റ്റന്റും പിന്‍ഗാമിയുമായി നിയമിച്ചയയ്ക്കണമെന്നു പൊതുയോഗം തീരുമാനിക്കുകയും മെത്രാപ്പോലീത്താമാര്‍ എഴുതിയയയ്ക്കുകയും ചെയ്തിട്ടും ‘പിന്‍ഗാമി’ എന്ന നില ബാവാ അനുവദിക്കയോ സ്ഥാത്തിക്കോനില്‍ കാണിക്കയൊ ചെയ്തില്ല. വലിയതിരുമേനിയുടെ കാലശേഷം പിന്‍തുടര്‍ച്ചസ്ഥാനം കൊച്ചു ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു ഉറപ്പിച്ചുകിട്ടാന്‍ എഴുത്തുകളും കമ്പികളും അയച്ചിട്ടും ബാവാ തര്‍ക്കം പറഞ്ഞുകൊണ്ടിരുന്നു. പാത്രിയര്‍ക്കീസ് ബാവാ ആ സമയത്ത് ലണ്ടനില്‍ ഡോക്ടര്‍ ബാബായുടെ അഥിതിയായി താമസിക്കുകയായിരുന്നു. പിന്തുടര്‍ച്ചാവകാശം സ്ഥിരപ്പെടുത്തുന്നതിന് ബാവായ്ക്ക് വളരെ വിസമ്മതം ഉണ്ടന്നറിഞ്ഞതിനാലും അത് ഒരു തര്‍ക്കവിഷയമായിത്തീര്‍ന്നിട്ട് വലിയ കുഴപ്പം നേരിട്ടേക്കാമെന്ന് എനിക്ക് ഭയം ഉണ്ടായിരുന്നതിനാലും വലിയ തിരുമേനിക്കു ദീനം ആരംഭിച്ചപ്പോള്‍ മുതല്‍ ഈ ഗൗരവമായ സംഗതിയേക്കുറിച്ച് ഞാന്‍ ഡോക്ടര്‍ ബാബായ്ക്ക് തുടരെത്തുടരെ പല എഴുത്തുകള്‍ അയയ്ക്കുകയും അദ്ദേഹം പാത്രയര്‍ക്കീസ് ബാവായുടെ അടുക്കല്‍ നിര്‍ബന്ധിക്കുകയും ചെയ്തതുകൊണ്ട് കൊച്ചു ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ വലിയ തിരുമേനിയുടെ പിന്‍ഗാമിയായയി ബാവാ വളരെ പ്രയാസത്തോടുകൂടി സമ്മതിച്ചു. ... (ഇ. എം. ഫിലിപ്പോസ്, മലങ്കര സഭയുടെ രഹസ്യപേടകം, 1993, p 117)

മലങ്കരസഭാദ്ധ്യക്ഷനാകുന്നതിനു മുമ്പുള്ള വട്ടശ്ശേരില്‍ മല്പാന്റെ കോലം എന്തായിരുന്നുവെന്നുള്ള രസകരമായ ദൃക്‌സാക്ഷി വിവരണം ഇവിടെ പ്രസക്തമാണ്. …1080 -തമാന്‍ണ്ട് അടുത്ത് ഒരു ദിവസം വട്ടശ്ശേരി മല്‍പ്പാനച്ചന്‍ പാറോട്ടു വന്നു. അന്ന് ഇവിടെ താമസിച്ചു. അസ്ഥിമാത്രശേഷനായ ഒരു വെള്ളക്കുപ്പായക്കാരന്‍. താടിയും മീശയും വളര്‍ത്തിയിട്ടുണ്ട്. അല്ല വളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. പുളിയിളക്കമുള്ള നിലങ്ങളിലൊ, മരക്കോള്‍ ഉളള ചേരിക്കലിലൊ ഉണ്ടാകുന്ന നെല്‍ച്ചെടികള്‍ പോലെ, അവിടെയും ഇവിടെയും ആയി നാലും മൂന്നും ഏഴു താടിമീശ. മേല്‍മീശ മറ്റേതിന്റെ അനിയന്‍. തമ്മില്‍ തെറ്റിപ്പിണങ്ങി വെട്ടിത്തിരിഞ്ഞുപായാല്‍ തുനിയുന്ന രണ്ടു വെണ്ട കണ്ണുകള്‍. നേരെ നില്‍ക്കാന്‍ അവയില്‍ ഒന്നു ശ്രമിക്കുന്നുണ്ട്. ശരിക്കും ഫലിക്കുന്നില്ല. യാതൊരു സത്വവൈശിഷ്ട്യവുമില്ലാത്ത ഒരു കോലംപാവ. … (ഇസഡ്. എം. പാറേട്ട്, മലങ്കര നസ്രാണികള്‍, വാല്യം 4, 2015, p 31) ഈ കോലംപാവയുടെ സ്വത്വവൈശിഷ്ട്യം തിരച്ചറിഞ്ഞാണ് പ. പരുമല തിരുമേനിയും പുലിക്കോട്ടില്‍ മെത്രാച്ചനും മലങ്കര പള്ളിയോഗവും അദ്ദേഹത്തെ മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തിലേയ്ക്ക് പടിപടിയായി ആനയിച്ചത്.

ആദ്യം പറഞ്ഞത് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കട്ടെ; വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിനെ വളര്‍ത്തിയതിലും സഭാദ്ധ്യക്ഷനാക്കിയതിലും ദൈവത്തിനും അദ്ദേഹത്തെ തിരഞ്ഞെടുത്ത മലങ്കര പള്ളിയോഗത്തിനും ഒഴികെ മൂന്നു മനുഷ്യര്‍ക്കെ പങ്കുള്ളു. ജന്മനാ ഉള്ള ശാരീരിക വൈകല്യം അറിഞ്ഞുകൊണ്ടുതന്നെ അപ്രകാരം ചെയ്തത് പ. പരുമല തിരുമേനി, പത്രോസ് പാത്രിയര്‍ക്കീസ്, പുലിക്കോട്ടില്‍ മെത്രാച്ചന്‍ എന്നിവരാണ്. പക്ഷേ അദ്ദേഹം കാലം ചെയ്ത് എട്ടു ദശാബ്ദത്തിനു ശേഷവും തെറ്റുകണ്ണന്‍ ചിലര്‍ക്കു തെറ്റുകാരനാണ്! ആശയപരമായോ ബൗദ്ധികമായോ അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളെ നേരിടാനുള്ള ശേഷിരാഹിത്യമാണ് ശാരീരിക വൈകല്യം ഉയര്‍ത്തിക്കാട്ടിയുള്ള ഈ ആക്രമണത്തിന്‍റെ അടിസ്ഥാനം. കുറച്ചുകൂടെ വ്യക്തമാക്കിയാല്‍, ഇന്ത്യയില്‍നിന്നും സായിപ്പു കെട്ടുകെട്ടിയതിന്‍റെ സപ്തതി ആഘോഷിക്കുമ്പോഴും അതു തിരിച്ചറിയാനാവാത്ത അടിമകളുടെ സംഘഗാനം!
(മലങ്കര സഭ, ഫെബ്രുവരി 2017)

error: Thank you for visiting : www.ovsonline.in