കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിന് ഇത് ചരിത്ര മുഹൂർത്തം
പുനലൂർ :- ഓർത്തഡോക്സ് സഭ വികസനോന്മുഖ പന്ഥാവിലെ നാഴികക്കല്ലായിരുന്നു 2010ൽ പുതുതായി രൂപീകരിക്കപ്പെട്ട അഞ്ച് ഭദ്രാസനങ്ങൾ. അവയിൽ ഒന്നാണു കൊട്ടാരക്കര – പുനലൂർ ഭദ്രാസനം. സഭയുടെ പരമാധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കൽപന പ്രകാരം 2010 ഓഗസ്റ്റ് 15നു ഡോ. യൂഹാനോൻ മാർ തേവോദോറസ് ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തയായി ചുമതല ഏറ്റെടുത്തു. 2011 ജനുവരി 23നു കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിന്റെ ഉദ്ഘാടനം നടന്നു. കൊട്ടാരക്കരയിലുള്ള കോട്ടപ്പുറം സെമിനാരി താൽക്കാലിക ഭദ്രാസന ആസ്ഥാനമായി പ്രവർത്തിക്കുന്നു.
പരിശുദ്ധ സിനഡിന്റെ ആലോചനപ്രകാരം ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് കോയമ്പത്തൂരുള്ള പ്രസാദ് ഉമ്മനുമായി ബന്ധപ്പെട്ട് അരമന നിർമാണത്തിനായി രണ്ട് ഏക്കർ സ്ഥലം പുനലൂരിൽ നൽകണമെന്നഭ്യർഥിച്ചു. പ്രസാദ് ഉമ്മന്റെ മാതാവ് ഏലിയാമ്മ ഉമ്മന്റെ വകയായുള്ള വസ്തുവിൽ നിന്ന് രണ്ട് ഏക്കർ ഭൂമി ബാവായുടെ പേരിൽ ഭദ്രാസനത്തിനു ദാനമായി നൽകി. ഭദ്രാസന പൊതുയോഗ നിശ്ചയപ്രകാരം കൊട്ടാരക്കര കോട്ടപ്പുറം സെമിനാരിയോടു ചേർന്ന് ഒരു ഓഫിസ് സമുച്ചയവും പുനലൂരിൽ ലഭ്യമായ സ്ഥലത്ത് അരമന സമുച്ചയവും പണിയാൻ തീരുമാനിക്കുകയായിരുന്നു. അരമനയുടെയും ഓഫിസ് കോംപ്ലക്സിന്റെയും ശിലാസ്ഥാപനം 2013 ജൂലൈ 19നു സഭ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിച്ചു.
മൂന്ന് കോടി രൂപയോളം ചെലവായ കൊട്ടാരക്കരയുള്ള ഓഫിസ് കോംപ്ലക്സ് മലങ്കര സഭയുടെ സൂര്യതേജസായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണയ്ക്കായി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ മെമ്മോറിയൽ ഓഫിസ് കോംപ്ലക്സ് എന്നു നാമകരണം ചെയ്തു. 4.5 കോടി രൂപയോളം ചെലവായ അരമന സമുച്ചയം പരിശുദ്ധ പരുമല തിരുമേനിയുടെ പാവനസ്മരണയ്ക്കായി ‘ഗ്രിഗോറിയൻ അരമന’ എന്നു നാമകരണം ചെയ്യുകയായിരുന്നു.