OVS - Latest NewsOVS-Kerala News

ഈജിപ്തില്‍ കോപ്ടിക് സഭാ ആസ്ഥാനത്ത് ഭീകരാക്രമണം : കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു

കെയ്‌റോ: ഈജിപ്ഷ്യൻ രാജ്യതലസ്ഥാനമായ കെയ്റോയിലെ സെൻറ് മാർക്സ് കത്തീഡ്രലിൽ ഞായറാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 25 വിശ്വാസികളുടെ മൃതശരീരങ്ങൾ സംസ്കരിച്ചു. വി.കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ അധികവും. ആക്രമണത്തില്‍ പരിക്കേറ്റ 49 പേര്‍ ചികിത്സയിലാണ്.

കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാന ദേവാലയമായ സെന്‍റ്  മാര്‍ക്‌സ് കത്തീഡ്രൽ സമുച്ചയത്തിലെ സെന്‍റ്   പീറ്റേഴ്‌സ് ചാപ്പലിലാണു സ്‌ഫോടനമുണ്ടായത്. പ്രധാന ദേവാലയമായതിനാല്‍ നൂറുകണക്കിനു പേര്‍ കുര്‍ബാനയ്‌ക്കെത്തിയിരുന്നു. സെന്‍റ് മാര്‍ക്‌സ് കത്തീഡ്രല്‍ പുതുക്കിപ്പണിയുന്നതിനാല്‍ സെന്‍റ്  പീറ്റേഴ്‌സ് പള്ളിയിലായിരുന്നു കുര്‍ബാന നടത്തിയത്. ഈജിപ്തിലെ കോപ്ടിക്  സഭാധിപന്‍ തവാദ്രോസ് രണ്ടാമന്‍റെ ആസ്ഥാന ദേവാലയമാണു സെന്‍റ്   മാര്‍ക്‌സ് കത്തീഡ്രല്‍. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പേരുകേട്ട മൗണ്ട് ആതോസ് ആശ്രമങ്ങൾ സന്ദർശിക്കുകയായിരുന്ന അദ്ദേഹം തിരക്കിട്ട് കെയ്‌റോയിൽ തിരിച്ചെത്തി.

12 കിലോഗ്രാം വരുന്ന ടിഎന്‍ടി ബോംബാണ് പള്ളിക്കുള്ളില്‍ പൊട്ടിത്തെറിച്ചത്. ഈജിപ്ഷ്യന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ മെനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിശ്വാസികള്‍ക്കെതിരെയുള്ള ആക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ഭീകരവാദത്തെ തങ്ങള്‍ ഭയക്കുന്നു. ആക്രമണത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നുവെന്ന് കോപ്റ്റിക് കത്തീഡ്രല്‍ ഫേസ്ബുക്കില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ശവസംസ്കാര ശുശ്രൂഷകള്‍ക്ക് കോപ്റ്റിക് സഭാധിപൻ തവാദ്രോസ് രണ്ടാമന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ഈജിപ്ത് പ്രസിഡന്‍റ്  അബ്ദുള്‍ ഫത്തേഹ് അല്‍ സിസി ഭീകരാക്രമണത്തില്‍ അപലപിച്ചു. എന്നാല്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല. ഈജിപ്തിൽ ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. രാജ്യത്തെ 90 കോടി ജനങ്ങളിൽ ഒൻപതു കോടിയാണ് ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവർ. രാജ്യത്തെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങളും മുല്ലപ്പൂ വിപ്ലവത്തിനു ശേഷം വളരെയധികം വര്‍ധിച്ചിട്ടുണ്ട്.

വീഡിയോ 


ABC Breaking News | Latest News Videos

ചിത്രങ്ങൾ

Posted by Coptic Orthodox Church Spokesperson on Monday, 12 December 2016

 

error: Thank you for visiting : www.ovsonline.in