കുഴിമറ്റം പള്ളിയിലെ സൺഡേ സ്കൂൾ മാതൃക: ഇത്യോപ്യൻ പാത്രിയർക്കീസ്
കുഴിമറ്റം. ദൈവാശ്രയമുള്ള തലമുറ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇത്യോപ്യൻ പാത്രിയർക്കീസ് പരിശുദ്ധ ആബൂന മത്ഥിയാസ് പാത്രിയർക്കീസ് ഒന്നാമൻ.മഹത്തായ പാരമ്പര്യമുള്ള കുഴിമറ്റം പള്ളിയിലെ സൺഡേസ്കൂൾ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ സെന്റ് ജോർജ് മോഡൽ സൺഡേ സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം ഭദ്രാസന സഹായമെത്രാൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.ഫാ. ഡോ. ടി.ജെ. ജോഷ്വ, ജോസഫ് റമ്പാൻ, വികാരി ഫാ. വർഗീസ് മർക്കോസ് ആര്യാട്ട്, ജനറൽ കൺവീനർ ബാബുക്കുട്ടി ഈപ്പൻ എന്നിവർ പ്രസംഗിച്ചു.
ശതാബ്ദി സ്മാരകമായി നിർമ്മിക്കുന്ന ഭവനത്തിന്റെ ശില പാത്രിയർക്കീസ് ബാവാ ആശീർവദിച്ചു. ദീർഘകാലം സൺഡേ സ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിച്ച ടി.വി. കുര്യനെ ചടങ്ങിൽ ആദരിച്ചു.
കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ധൂപാർപ്പണം നടത്തിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്.ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, എത്യോപ്യയിൽ നിന്നെത്തിയ ബിഷപ്പുമാർ, പ്രതിനിധികൾ, സഭയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദികർ, വിശ്വാസികൾ എന്നിവരുൾപ്പെടെ സമൂഹത്തിന്റെ നാനാമേഖലയിലുള്ളവർ ചടങ്ങിനെത്തിയിരുന്നു.ശതാബ്ദി വർഷത്തിൽ ഭവനനിർമ്മാണം, പഠന ക്ലാസുകൾ, സെമിനാറുകൾ, ക്യാംപുകൾ തുടങ്ങിയ പദ്ധതികൾ സൺഡേ സ്കൂൾ നടപ്പിലാക്കുന്നുണ്ട്.