അർബുദ രോഗികൾക്കു കൈത്താങ്ങായി ‘സ്നേഹസ്പർശം’ പദ്ധതിക്കു തുടക്കം
കോട്ടയം ∙ അർബുദ രോഗികൾക്കു കൈത്താങ്ങാകാൻ ഓർത്തഡോക്സ് സഭ ആവിഷ്കരിച്ച ‘സ്നേഹസ്പർശം’ പദ്ധതിക്കു തുടക്കമായി. എത്യോപ്യൻ ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ആബൂനാ മത്ഥ്യാസ് പാത്രിയർക്കീസ് ബാവാ ഉദ്ഘാടനം ചെയ്തു. സഹജീവികളോടു കരുണയും കരുതലും കാണിക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ടെന്നും ആ മഹാദൗത്യമാണു സ്നേഹസ്പർശം പരിപാടിയിലൂടെ ഓർത്തഡോക്സ് സഭ നിർവഹിക്കുന്നതെന്നും പാത്രിയർക്കീസ് ബാവാ പറഞ്ഞു. സഭ ഇതിനായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലം അനുഗ്രഹങ്ങളായി തിരികെ ലഭിക്കുമെന്നും മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്കെന്നും പ്രചോദനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഭയ്ക്കിത് ആത്മസാക്ഷാത്കാരത്തിന്‍റെ നിമിഷമാണെന്നു ചടങ്ങിൽ അധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. സ്നേഹസ്പർശം ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന പദ്ധതിയല്ലെന്നും പരമാവധി ആളുകൾക്കു സഹായം എത്തിക്കാനാണു സഭ ശ്രമിക്കുന്നതെന്നും ബാവാ പറഞ്ഞു.
ശരീരത്തെ ബാധിക്കുന്ന കാൻസറിനേക്കാളും മാരകം മനസിനെ ബാധിക്കുന്ന കാൻസറാണെന്നും അതു സുഖപ്പെടാനുള്ള ഏറ്റവും നല്ല മരുന്നു സ്നേഹസ്പർശം പോലെയുള്ള പരിപാടികളാണെന്നും മുഖ്യപ്രഭാഷണം നടത്തിയ കാൻസർ രോഗ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു.
ഗായിക കെ.എസ്. ചിത്രയെയും ഡോ. വി.പി. ഗംഗാധരനെയും സ്നേഹസ്പർശം പുരസ്കാരം നൽകി ആദരിച്ചു. ചിത്ര മറുപടി പ്രസംഗം നടത്തി. സ്നേഹസ്പർശം പദ്ധതിക്കുള്ള ആദ്യ സംഭാവന കുര്യൻ ജോൺ മേളാംപറമ്പിലിൽ നിന്നു ഡോ. മാത്യൂസ് മാർ സേവേറിയോസ് ഏറ്റുവാങ്ങി. കോട്ടയം അതിരൂപതാ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, സിഎസ്ഐ ഡപ്യൂട്ടി മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ, സ്നേഹസ്പർശം പദ്ധതി പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, പരുമല ആശുപത്രി സി.ഇ.ഒ ഫാ. എം.സി. പൗലോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്, ഫാ. ജോൺ ചിറത്തലാട്ട്, ഫാ. മോഹൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. കെ.എസ്. ചിത്രയുടെ നേതൃത്വത്തിലുള്ള സംഘം സംഗീതാർച്ചന അവതരിപ്പിച്ചു. ഫാ. ഡോ. എം.പി. ജോർജ്, ജൂണിയ അന്ന ചാക്കോ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സപ്തതിയോടനുബന്ധിച്ചാണ് ഈ കാരുണ്യ പദ്ധതി നടപ്പാക്കുന്നത്. പരുമലയിൽ ഇന്നു കൂദാശ ചെയ്യുന്ന സെന്‍റ് ഗ്രിഗോറിയോസ് ഇന്റർനാഷനൽ കാൻസർ കെയർ സെന്ററിലൂടെയാകും പദ്ധതി നടപ്പാക്കുക. അഞ്ചു കോടിയോളം രൂപയാണു സ്നേഹസ്പർശം പദ്ധതിക്കായി സഭ വിനിയോഗിക്കുന്നത്.
https://ovsonline.in/news/16455/