OVS - Latest NewsOVS-Kerala News

പരുമല പെരുന്നാളിന് കൊടിയേറി

പരുമല: അനുതാപത്തിന്റെ കണ്ണീർചാൽ കടന്നെത്തിയ വിശ്വാസി സഹസ്രങ്ങളെ സാക്ഷി നിർത്തി പരുമല പെരുന്നാളിനു കൊടിയേറി. പരുമല പരിശുദ്ധന്റെ അപേക്ഷാ ഗീതങ്ങൾ അലയടിച്ചുയർന്ന പമ്പാതീരത്തെ ഭക്‌തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റുകർമം നിർവഹിച്ചു. ഡോ. സഖറിയാസ് മാർ തെയോഫിലോസ്, യൂഹാനോൻ മാർ പോളിക്കാർപ്പസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ് എന്നിവർ സഹകാർമികരായിരുന്നു.

ഇന്നലെ രാവിലെ 10നു പരുമലയിലെ മൂന്നു ഭവനങ്ങളിൽ നിന്നും ആഘോഷപൂർവം കൊണ്ടുവന്ന കൊടി ഉച്ചയോടെ കബറിങ്കലെത്തി. തുടർന്നു നടന്ന ധൂപ പ്രാർഥനയ്ക്കു ശേഷം കബറിങ്കലിൽ സമർപ്പിച്ച കൊടികളാണ് മൂന്നു കൊടിമരങ്ങളിലായി ഉയർത്തിയത്.

കൊടിയേറ്റിനു മുന്നോടിയായി പള്ളിയിലും കബറിങ്കലിലും പ്രത്യേക പ്രാർഥനകൾ നടത്തി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ പള്ളിയിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.തുടർന്നാണു കുരിശുകളും മുത്തുക്കുടകളും ഏന്തി നൂറു കണക്കിന് വിശ്വാസികൾ റാസയായി “ആറ്റരികിൽ കുടികൊള്ളും” എന്നു തുടങ്ങുന്ന വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ പമ്പാനദിക്കരയിലുള്ള കുരിശടി ചുറ്റി ഇവിടെയുള്ള പ്രധാന കൊടിമരത്തിൽ കൊടിയേറ്റിയത്. രാവിലെ ഇടുക്കി ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന നടന്നു. സെമിനാരി മാനേജർ എം. സി. കുര്യാക്കോസ്, അസി. മാനേജർ കെ. വി. ജോസഫ് റമ്പാൻ, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്‌സാണ്ടർ ഏബ്രഹാം എന്നിവർ പ്രദക്ഷിണത്തിന് നേതൃത്വം നൽകി.

വൈകുന്നേരം സന്ധ്യാനമസ്കാരത്തിനുശേഷം ഗാനശുശ്രൂഷയും കൺവൻഷന്റെ ഉദ്ഘാടനവും നടന്നു. രാത്രിയിൽ കബറിങ്കലിൽ ധൂപ പ്രാർഥന, ആശിർവാദം, ശയന നമസ്കാരം എന്നിവയോടെ കൊടിയേറ്റ് ദിനത്തിലെ പ്രധാന ചടങ്ങുകൾ സമാപിച്ചു.

പരുമലയിൽ ഇന്ന് :

രാവിലെ 7:30 നു വി. മൂന്നിന്മേൽ കുർബ്ബാന (അഭി. തോമസ് മാർ അത്താനാസിയോസിന്റെ മുഖ്യ കാർമീകത്വത്തിൽ)

10 മണിക്ക്- അഖില മലങ്കര മർത്തമറിയം സമാജം സമ്മേളനം.

12 മണിക്ക് ഉച്ച നമസ്കാരം.

2.30 നു- വളഞ്ഞവട്ടം മാർ ഗ്രീഗോറിയോസ് കോളേജ് പേട്രൻസ് ദിനാചരണവും വിദ്യാർഥി സംഗമവും.

വൈകിട്ട് 6നു സന്ധ്യാ നമസ്കാരം.
6.45 നു ഗാന ശുശ്രൂഷ

7.00 നു പ്രസംഗം- ഫാ. സോളൂ കോശി രാജു.

error: Thank you for visiting : www.ovsonline.in