OVS - ArticlesOVS - Latest News

ദൈവസ്നേഹത്തിന്റെ ദിവ്യ പ്രതീകം- പരിശുദ്ധ പരുമല തിരുമേനി

സുകൃത ജീവിതത്താലും പരിശുദ്ധാത്മ ശക്തിയോടുംകൂടി ജീവിച്ച് ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിച്ചവരാണ് വിശുദ്ധന്മാർ. ദൈവികകൃപ അനുഭവിച്ച്, കൃപയുടെ ചാലകങ്ങളായി സമൂഹത്തെ രൂപാന്തര പ്പെടുത്തിയ ശോഭയേറിയ ജീവിതമായിരുന്നു അവരുടേത്. വിശുദ്ധന്മാരുടെ അസ്ഥികളിൽനിന്നു രോഗബാധിതർക്ക് സൗഖ്യം ഒഴുക്കുന്നവനായ കർത്താവേ എന്നു പ്രാർഥനകളിൽ നാം ചൊല്ലുന്നു. ഏലിശായുടെ അസ്ഥിയും (2 രാജാ 13:21), പത്രോസ് ശ്ലീഹായുടെ നിഴലും (അപ്ര 5:15), പൗലോസിന്റെ റൂമാലും ഉത്തരീയവും (അ. പ്ര. 19:12) എല്ലാം വിശുദ്ധന്മാരുടെ തിരുശേഷിപ്പുകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു.

വിശുദ്ധരുടെ സാമീപ്യംകൊണ്ട് ധന്യമായ ഭൗതികവസ്തുക്കൾപോലും സൗഖ്യത്തിനു കാരണമായിത്തീരുന്നു എന്ന് ഇതിൽനിന്നു വ്യക്തമാകുന്നു. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നു (യാക്കോ 5:16) എന്നത് അന്വർഥമാകുമാറ് ജീവിച്ചിരുന്ന കാലഘട്ടത്തിലെ പരിശുദ്ധ പദവി ചാർത്തപ്പെട്ട പുണ്യവാന്റെ ഓർമയാണ് നവംബർ ഒന്ന്, രണ്ട് തീയതികളിൽ നാം ആഘോഷിക്കുന്നത്.

1848 ജൂൺ 15നു മുളന്തുരുത്തിയിൽ ജനിച്ച് കൊച്ചയ്പ്പോര എന്ന ബാലൻ ആത്മീകമായി ഏറെ വളർന്ന് 1902 നവംബർ രണ്ടിനു മാർ ഗ്രിഗോറിയോസ് എന്ന പേരിൽ, തന്റെ ഇഹലോകവാസം വെടിഞ്ഞു. മരണംകൊണ്ടു മാഞ്ഞുപോയില്ല ആ ജീവിതത്തിന്റെ സുഗന്ധം. ആ പുണ്യവാളന്റെ കാലഘട്ടത്തിലും അതിന് ഏറെക്കഴിഞ്ഞും ലോകപ്രകാരം ശ്രേഷ്ഠരായി ജീവിച്ച പലരുടെയും അസ്ഥികൾ ഇല്ലാതായതുപോലെ ഓർമകളും ഭൂമിയിൽനിന്നു മാറ്റപ്പെട്ടു. മാർ ഗ്രിഗോറിയോസ് പിതാവിന്റെ ഓർമ കൂടുതൽ ഉജ്വലമായിത്തീർന്നു, സഭകളിൽ പൊതുവെയും ജാതിയുടെ വേലിക്കെട്ടുകൾ കടന്നും സമൂഹത്തിന്റെ പരിശുദ്ധനായി, വിശുദ്ധിയുടെ പരിമളം പരത്തുന്നത് ഇന്നു നാം മനസ്സിലാക്കുന്നു. ആഴമായ ദൈവാനുഭവത്തിൽ ജീവിച്ച ഉന്നതമായ ജീവിതത്തിന്റെ ധന്യതയാണ് ഇത്.

കഠിനമായ നോമ്പും പ്രാർഥനയും ഉപവാസവും നിഷ്ഠയുള്ള ജീവിതശൈലിയും പരുമല തിരുമേനിയുടെ വിശുദ്ധ ജീവിതം കൂടുതൽ തെളിമയുള്ളതാക്കിത്തീർത്തു. നിരണം ഭദ്രാസനത്തിന്റെ പ്രഥമ ഇടയനായി ആളുകളെ മേയ്ച്ചു ഭരിച്ച്, ജനഹൃദയങ്ങളിൽ കൊച്ചുതിരുമേനിയായി ചിരപ്രതിഷ്ഠ നേടി.

പരിശുദ്ധ പരുമല തിരുമേനി യഥാർഥ ദൈവസ്നേഹിയും ഭക്തനുമായിരുന്നു. ‘‘രാപ്പകൽ ഭക്തിയോടുകൂടി ഉച്ചത്തിൽ ദൈവത്തെ പ്രാർഥിപ്പിൻ. ഈ പ്രാർഥന നമ്മിലുള്ള ഇരുൾ നീക്കാനും തളർച്ച തീരാനും, നമ്മുടെ പരമമായ രക്ഷയും മോക്ഷവും ലഭിക്കുവാനും ഉത്തമമായ മാർഗമാകുന്നു. വിശ്വസിച്ചു പ്രാർഥിച്ച് ദൈവത്തെ ഭജിപ്പിൻ എന്നു പഠിപ്പിച്ച തിരുമേനി തീവ്രമായ പ്രാർഥനയിലൂടെ തന്നിലും സമൂഹത്തിലും ഉള്ള അന്ധകാരത്തെ നിർമാർജനം ചെയ്തു. ദൈവത്തെ സ്നേഹിക്കുന്നവർക്കു മാത്രമേ സത്യമായി ആരാധിപ്പാൻ കഴിയൂ. നിഷ്ഠയോടും വിശുദ്ധിയോടും തന്നെത്തന്നെ കാക്കുവാനും മലിനതയിൽനിന്നൊഴിഞ്ഞ് നിൽക്കുവാനും സാധിക്കും. പ. മാർ ഗ്രിഗോറിയോസ് ദൈവഭക്തിയിൽ പൂർണനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കബറിടത്തിലെ നിരന്തര ജനസമ്പർക്കം സാക്ഷിക്കുന്നു.

ദൈവസ്നേഹത്തിന്റെ സാമൂഹികതലമാണ് മനുഷ്യസ്നേഹം. സഹജീവികളെ സ്നേഹിച്ച പിതാവായിരുന്നു പരിശുദ്ധ മാർ ഗ്രിഗോറിയോസ്. ‘‘ആരെയും വ്യസനിപ്പിക്കയും, ദുഃഖിപ്പിക്കുകയും അരുത്. എളിയവന്റെ നിലവിളി ദൈവം കേൾക്കും. സഹോദര സ്നേഹത്തിലും ദൈവസ്നേഹത്തിലും ഐശ്വരമുള്ളവർ ആയിരിപ്പിൻ. സഹോദരന്മാർ തമ്മിൽ ഒരിക്കലും വഞ്ചനയോടെ പെരുമാറരുത്. ഐക്യത്തിൽനിന്ന് അകലും തോറും ദൈവത്തിൽനിന്നുവിട്ടകലും. ദൈവകൃപ കൂടാതെ ഒന്നും ആകയില്ല. കഴിയുന്ന ദോഷങ്ങൾ ആരോടും ഒരിക്കലും ചെയ്യരുത്, എന്തെന്നാൽ അതു തനിക്കും സന്തതിക്കും, കുടുംബത്തിനും കേടായി ഭവിക്കും.

ലജ്ജയായതിൽ മാനം തോന്നുകയും, സ്വാർഥതാൽപര്യങ്ങൾ സംരക്ഷിക്കുവാൻ ഏതു തന്ത്രവും പയറ്റുകയും നിസഹായനും നിഷ്ക്കളങ്കനുമായവരെ പീഡിപ്പിക്കയും അന്യന്റെ വേദനയിൽ ആനന്ദിക്കുകയും ചെയ്യുമ്പോൾ, ദൈവസ്നേഹവും സഹജീവിയോടുള്ള കരുണയും നിറഞ്ഞു നിൽക്കുന്ന ഈ ഉദ്ബോധനങ്ങൾ നമ്മെ തിരുത്തുന്നവയായി മാറണം. സഹജീവിയെ സ്നേഹിക്കുവാൻ കഴിയുന്നതു ദൈവത്തെ സ്നേഹിക്കുമ്പോഴാണ്. ഈ പവിത്രമൊഴികൾ നമ്മെ സ്നേഹത്തിന്റെ പന്ഥാവിലേക്കു തിരിപ്പിക്കട്ടെ.

ധനവാൻമാരും ദരിദ്രരും ഇല്ലാത്ത സമത്വമുള്ള ക്രൈസ്തവസ്നേഹത്തിന്റെ ഒരു സോഷ്യലിസം ഉണ്ടാകുവാൻ നാം ഏവരും യത്നിക്കേണം, ഒരു നൂറ്റാണ്ടിനു മുൻപ് അത്തരം ഒരു ദർശനം കണ്ട മഹാപരിശുദ്ധനാണ് പരുമല തിരുമേനി. മലങ്കരസഭയിൽ പുറജാതി മിഷൻ ആരംഭിച്ച്, സാമൂഹിക അനീതികൾക്കെതിരെ തിരുത്തൽ ശക്തിയായി, അജ്ഞാന അന്ധത നീക്കുവാൻ ഇംഗ്ലീഷ് വിദ്യാലയങ്ങൾ സ്ഥാപിച്ച്, അനാചാരങ്ങൾക്ക് എതിരെ എഴുതിയും പ്രസംഗിച്ചും സമത്വത്തിന്റെയും നീതിയുടെയും സുന്ദരമായ ലോകത്തിനായി പ്രയത്നിച്ച പുണ്യപിതാവ്.

ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോഴും പരിശുദ്ധ പിതാവിന്റെ ദർശനം പൂർണമായി മനസ്സിലാക്കുവാൻ നമുക്ക് കഴിഞ്ഞിട്ടില്ല. തീണ്ടൽ, തൊടീൽ മുതലായ ദുരാചാരങ്ങൾ സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ രൂഢമൂലമായിരുന്ന ഒരു കാലത്താണ് അവശരെ സഭയോടു ചേർത്ത് സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാൻ പുണ്യപിതാവ് പരിശ്രമിച്ചത്. അന്നത്തെ സാമൂഹിക ചുറ്റുപാടുകൾ മനസിലാക്കി ഇത്തരം പ്രവൃത്തികളെ വ്യാഖ്യാനിക്കുമ്പോഴാണു വിശുദ്ധിയുടെ ധീരത സാമൂഹിക നവോത്ഥാനത്തിന് ഉൽപ്രേരകമായത് എന്നു കണ്ടെത്തുവാൻ കഴിയൂ. എളിയവനെ ഏറെ സ്നേഹിച്ച പരിശുദ്ധ പിതാവ് യഥാർഥ മനുഷ്യസ്നേഹിയും ആയിരുന്നു.

1902 നവംബറിൽ തിരശീലയ്ക്ക് അപ്പുറത്തേക്കു മാറ്റപ്പെട്ട ധന്യമായ ജീവിതത്തെ ഒരിക്കൽകൂടി പ്രത്യേകമായി അനുസ്മരിക്കുമ്പോൾ, ഓർമകൾ തീവ്രമായി അനുഭവപ്പെടണം. കേവലം വരണ്ടുണങ്ങിയ ഓർമകളായി അവശേഷിക്കരുത്. പരിശുദ്ധന്മാരെപ്പോലെയാകു വാൻ, അവരുടെ സുകൃത ജീവിതത്തെ അനുകരിപ്പാൻ, ഞങ്ങളും പൂർണമായി നിനക്കു സമർപ്പിപ്പാൻ ഇടയാകണമേ എന്നു പ്രാർഥിക്കാം. ആരാധനയും നിഷ്ഠയുള്ള ജീവിതവും, നൈർമല്യവും പരിശുദ്ധ പിതാവിന്റെ ആഴമായ ദൈവസ്നേഹത്തിന്റെ പ്രതീകങ്ങളാണ്.

ദൈവത്തെ സ്നേഹിച്ച പിതാവ് സമത്വത്തിന്റെയും കാരുണ്യത്തിന്റെയും നീതിയുടെയും ഉപാസകനായിരുന്നു. സമത്വത്തിനായി വാഞ്ഛിച്ചു. പുണ്യവാനായ പിതാവിന്റെ ജീവിത മാതൃക നമുക്കും പിന്തുടരാം. പരിശുദ്ധ പിതാവിന്റെ മധ്യസ്ഥത നമുക്ക് എല്ലാവർക്കും അനുഗ്രഹവും കോട്ടയും ആയിരിക്കട്ടെ.

error: Thank you for visiting : www.ovsonline.in