പഴമയുടെ സ്മരണകളുമായി വേലയും പെരുന്നാളും ഒന്നിച്ചു
വേലയുടെയും പള്ളിപ്പെരുന്നാളിന്റെയും സമാഗമം പരിസര പ്രദേശങ്ങളില്‍ കാണാന്‍ കഴിയാത്ത മതസൗഹാര്ദ്ദത്തിന്റെ നിറക്കാഴ്ച കൂടിയായി
കുന്നംകുളം : പഴമയുടെ സ്മരണകളുണര്‍ത്തി ആര്‍ത്താറ്റ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും തോട്ടുപുറത്ത് വാരമ്പരത്ത് ക്ഷേത്രത്തിലെ വേലയും ഒന്നിച്ചു. വേലയുടെയും പള്ളിപ്പെരുന്നാളിന്റെയും സമാഗമം പരിസര പ്രദേശങ്ങളില്‍ കാണാന്‍ കഴിയാത്ത മതസൗഹാര്ദ്ദത്തിന്റെ നിറക്കാഴ്ച കൂടിയായി.ആര്‍ത്താറ്റ് പള്ളിയിലെ പെരുന്നാളിന് ഒരുക്കുന്ന നേര്‍ച്ച ഭക്ഷണം ആദ്യം വിളമ്പുന്നത് തോട്ടുപുറത്ത് തറവാട്ടിലെ കാരണവര്‍ക്കാണ്. പുരാതന കാലം മുതല്‍ തുടങ്ങിയ ആചാരത്തിന് ഒരിക്കല്‍ മാത്രമാണ് മുടക്കം വന്നിട്ടുള്ളതെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. ആചാരത്തിനും വിശ്വാസത്തിനുമപ്പുറം മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം കൂടിയാണ് പെരുന്നാളും വേലയും നല്‍കുന്നത്. തോട്ടുപുറത്ത് തറവാട്ടില്‍നിന്നാണ് പള്ളിക്ക് സ്ഥലം വിട്ടുനല്‍കിയത്. വാരമ്പരത്ത് ക്ഷേത്രത്തിലെ ദേവതകളുടെ അനുഗ്രഹംകൂടിയാണ് പെരുന്നാളിനും ഭക്തജനങ്ങള്‍ക്കും ലഭിക്കുന്നതെന്നാണ് വിശ്വാസം.
പഴമക്കാര്‍ അനുഷ്ഠിച്ചിരുന്ന ആചാരത്തിന് കോട്ടംതട്ടാതെ പുതിയ തലമുറയിലുള്ളവരും കാത്തുസൂക്ഷിക്കുന്നുണ്ട്. പുരാതനകാലം മുതല്‍ ആര്‍ത്താറ്റ് പള്ളിയിലെ പെരുന്നാളും പള്ളിക്ക് സമീപമുള്ള വാരമ്പരത്ത് ക്ഷേത്രത്തിലെ വേലയും ഒരുമിച്ചാണ് ആഘോഷിക്കുന്നത്. പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായുള്ള പ്രദക്ഷിണം കഴിഞ്ഞ് പൊന്‍കുരിശ് എഴുന്നള്ളിച്ചതോടെ പള്ളിമുറ്റത്തേക്ക് തോട്ടുപുറത്ത് തറവാട്ടിലെ വേല എത്തി. കാളിയും കരിങ്കാളിയും വെളിച്ചപ്പാടും വാദ്യമേളങ്ങളുമുണ്ട്. അനുഗ്രഹം വാങ്ങാന്‍ ഒട്ടേറെപ്പേരുമുണ്ടായിരുന്നു. പള്ളിയിലെ ആദ്യത്തെ നേര്‍ച്ചഭക്ഷണവുമായി അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ്, പള്ളി വികാരി ഫാ. ഗീവര്‍ഗ്ഗീസ് തോലത്ത്, സഹവികാരി ഗീവര്‍ഗ്ഗീസ് വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ അധികാരികളുമെത്തി. ആദ്യത്തെ ഭക്ഷണവും വിഭവങ്ങളും തോട്ടുപുറത്ത് തറവാട്ടിലെ കാരണവരും വെളിച്ചപ്പാടുമായ ബാലനും സംഘത്തിനും കൈമാറി. പിന്നീട് പറവേല പള്ളിയ്ക്ക് പിന്നിലുള്ള തോട്ടുപുറത്ത് തറവാട്ടിലെ വാരമ്പരത്ത് ക്ഷേത്രത്തിലെത്തി വേല കാവേറി ഉത്സവം അവസാനിച്ചു.