മാരാമണ്ണുമായി സഭയ്ക്ക് ആഴത്തിലുള്ള ബന്ധം: പരിശുദ്ധ കാതോലിക്കാ ബാവാ
മാരാമൺ :- ക്രൈസ്തവ ചരിത്രത്തിൽ ഇടംപിടിച്ച അവിസ്മരണീയമായ ചരിത്രമുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ച മണ്ണാണ് മാരാമണ്ണെന്നും മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ഈ മണ്ണുമായി അത്ര തന്നെ ആഴത്തിലുള്ള ബന്ധമുണ്ടെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.
മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനത്തിന്റെ ചുമതലയിൽ മാരാമൺ ഓർത്തഡോക്സ് സെന്ററിൽ പണികഴിപ്പിച്ച സെന്റ് ഗ്രിഗോറിയോസ് ചാപ്പലിന്റെ കൂദാശയോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിച്ചു.
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ജസ്റ്റിസ് ബഞ്ചമിൻ കോശി, വീണാ ജോർജ് എംഎൽഎ, മാലേത്ത് സരളാദേവി എന്നിവർ പ്രസംഗിച്ചു. ചാപ്പൽ കൂദാശയോടനുബന്ധിച്ച് കാതോലിക്കാ ബാവായ്ക്കും യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ. ജോഷ്വ മാർ നിക്കോദീമോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, കുര്യാക്കോസ് മാർ ക്ലിമ്മീസ് എന്നിവർക്കു സ്വീകരണം നൽകി.
ചാപ്പലിന്റെ കൂദാശയുടെ ഒന്നാംഘട്ടത്തിന് ബാവാ നേതൃത്വം നൽകി. ചാപ്പൽ കൂദാശയ്ക്ക് സാമ്പത്തിക സഹായം ചെയ്ത ഉമ്മൻ ഐപ്പിനും എൻജിനീയർ ബിജു സി. ജോണിനും ഉപഹാരങ്ങൾ ബാവാ സമ്മാനിച്ചു.