മെത്രാന്‍ തിരെഞ്ഞെടുപ്പ് 2017ലില്ല ; മലങ്കര അസ്സോസിയേഷന്‍ മാര്‍ച്ചില്‍: സഭാ മാനേജിംങ് കമ്മിറ്റിയോഗ തീരുമാനങ്ങള്‍ ഇങ്ങനെ
കോട്ടയം: സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ത്യാഗഭാവത്തോടെ സ്നേഹം പങ്കിടുന്ന നല്ല അനുഭവങ്ങള്‍ ഓണാഘോഷം മൂലം കഴിയട്ടെയെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ.പഴയ സെമിനാരിയില്‍ സമാപിച്ച സഭാ മാനേജിംങ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരിന്നു പരിശുദ്ധ ബാവ.
പള്ളിപ്രതിപുരുഷ യോഗമായ മലങ്കര അസോസിയേഷന്‍ 2017 മാര്‍ച്ച് മാസത്തില്‍ നടക്കുന്നതായിരിക്കും.പരിശുദ്ധ സഭയുടെ പൊതു ഭരണസമിതിയാണ് ഇടവക പള്ളി പ്രതിനിധികള്‍ അംഗങ്ങളായിരിക്കുന്ന അസോസിയേഷന്‍.പത്തനംതിട്ടയില്‍ 2012-ലാണ് അവസാനമായി മലങ്കര അസോസിയേഷന്‍ നടന്നത്.ഇടവക പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയശേഷമുള്ള ആദ്യത്തെ അസോസിയേഷന്‍ സമ്മേളനമായിരിന്നു 2012-ലേത്.പട്ടക്കാരും അയ്മേനികളും ഉള്‍പ്പെടെയുള്ള അസോസിയേഷന്‍ സമ്മേളനമാണ് വൈദിക ട്രസ്റ്റി,അല്‍മായ ട്രസ്റ്റി എന്നീ നിര്‍ണ്ണായക സ്ഥാനികളെ തിരെഞ്ഞെടുക്കുക.
2017 മാര്‍ച്ചില്‍ നടക്കുന്ന അസോസിയേഷന്‍റെ തീയതിയും സ്ഥലവും തീരുമാനിക്കുന്നതിനുള്ള ചുമതല മാനേജിംങ് കമ്മിറ്റി യോഗം പരിശുദ്ധ കാതോലിക്കാ ബാവയെ ഏല്‍പ്പിച്ചു.കോട്ടയത്തോ തൃശ്ശൂര്‍ പഴഞ്ഞിയിലോ ആണ് അസോസിയേഷന്‍ വേദിയാകുക എന്നാണ് വിവരം.അതേസമയം,സഭാംഗങ്ങള്‍ കാത്തിരിക്കുന്ന മെത്രാന്‍ തിരെഞ്ഞെടുപ്പ് 2017-ല്‍ ഉണ്ടാവില്ലെന്ന് ലഭിക്കുന്ന സൂചന.മെത്രാപ്പോലീത്തന്‍ തിരെഞ്ഞെടുപ്പ് സംബന്ധിച്ചു നടപടിച്ചട്ടം 2017-ല്‍ തിരെഞ്ഞെടുക്കപ്പെടുന്ന മാനേജിംങ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി യോഗം വിട്ടു.മാനേജിംങ് കമ്മിറ്റി യോഗത്തില്‍ മലങ്കര അസോസിയേഷന്‍ നടപടിച്ചട്ടം സംബന്ധിച്ചു ചര്‍ച്ച കൂടാതെ പാസ്സായി.
പരുമല കാന്‍സര്‍ സെന്‍ററില്‍ നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായത്തിനായി ആരംഭിക്കുന്ന സ്നേഹസ്പര്‍ശം പദ്ധതി വിജയിപ്പിക്കാന്‍ സഹകരിക്കണമെന്ന് പരിശുദ്ധ ബാവ ആഹ്വാനം ചെയ്തു.സഭാ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ് അവതരിപ്പിച്ച റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു.ഫാ.കെ.പി മാര്‍ക്കോസ് ധ്യാനം നയിച്ചു.നിയമസഭാ തിരെഞ്ഞെടുപ്പില്‍ വിജയിച്ച സഭാംഗങ്ങളായ ഉമ്മന്‍ചാണ്ടി,വീണാ ജോര്‍ജ് എന്നിവരെ യോഗം അനുമോദിച്ചു.ഓര്‍ത്തഡോക് സ് സഭയുടെയും പരുമല ആശുപത്രിയുടേയും ഓഡിറ്ററായി റിജേഷ് ചിറത്തലാട്ടിനെ തിരെഞ്ഞെടുത്തു.