OVS - ArticlesOVS - Latest News

ഒരു പുസ്തക പ്രകാശനവും ഇട്ടിച്ചെറിയാ വക്കീലും ചരിത്രത്തിന്റെ തനിയാവര്‍ത്തനവും

ചരിത്രം ചാക്രികമായി ആവര്‍ത്തിക്കും എന്നൊരു ചൊല്ലുണ്ട്. ഈ പഴമൊഴി ശരിയാണന്നു തെളിയിക്കുന്ന അനേകം സംഭവങ്ങള്‍ ചരിത്രത്തില്‍ തന്നെയുണ്ട്. മലങ്കര നസ്രാണികള്‍ക്ക് ഇത് അനുഭവവേദ്യമാക്കാന്‍ പോയവാരം ഒരു പുസ്തകപ്രകാശനം അരങ്ങേറി.

2018 ഒക്‌ടോബര്‍ 21 ഞായറാഴ്ച മണര്‍കാട് പള്ളിയില്‍ വെച്ചു പ്രോഫ. ഹോപ്പ് ജേക്കബ് തോമസ് രചിച്ച ഒരു നൂറ്റാണ്ടു പിന്നിട്ട മലങ്കരസഭാതര്‍ക്കം എന്ന ഒരു പുസ്തക പ്രകാശനത്തില്‍ ജസ്റ്റീസ് (പദ്മഭൂഷണ്‍) കെ. റ്റി. തോമസ് നടത്തിയ വിചിത്ര പ്രസംഗമാണ് ഇവിടെ പ്രതിപാദ്യ വിഷയം. അതിലെ പ്രസക്ത ഭാഗം:

‘…ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കാ ബാവായുടെ വക ഒരു പ്രസ്താവന ഞാന്‍ കണ്ടു. ശബരിമലയുടെ കാര്യത്തില്‍ സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കാന്‍ തിടുക്കം കാണിക്കുന്ന ഇപ്പഴത്തെ സര്‍ക്കാര്, എന്തുകൊണ്ട് സുപ്രീം കോടതിയുടെ വിധിയെ സംബന്ധിച്ച് ഞങ്ങഠെ കാര്യത്തില്‍ ഒരു തീവൃത കാണിക്കുന്നില്ലാന്നോര്‍ത്ത് വിജയഭേരി മുഴക്കിക്കൊണ്ടാണെങ്കിലും അതിനകത്തൊരു വിമര്‍ശനത്തിന്റെ സ്വരം ഞാന്‍ കണ്ടു. ഈ രണ്ടിലും വല്യ കാര്യമില്ല. ഞാന്‍ പറഞ്ഞത്, ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍നിന്നും, അവര്‍ക്കു കിട്ടിയ വിധി, നടപ്പിലാക്കുന്നില്ലാ എന്നു പറയുന്നതില്‍ ഗവര്‍മന്റിനെ കുറ്റപ്പെടുത്താന്‍ സാധിക്കുകേല. കാരണം സിവില്‍ കോടതിയുടെ വിധി നടപ്പിലാക്കേണ്ടത് സിവില്‍ കോടതിയാണ്. വലിയ പരിമിതമായ എൻ്റെ നിയമ ജ്ഞാനത്തിലും സുദീര്‍ഘമായ എൻ്റെ അനുഭവ പരിചയം വെച്ചോണ്ട് പറയുകയാണ്, ശബരിമലയുടെ കാര്യത്തില്‍ സുപ്രീംകോടതി ഒരു കോണ്‍സ്റ്റിറ്റിയൂഷണല്‍ വെര്‍ഡിക്ട് ആണ് പറഞ്ഞത്. അതൊരു ഡിക്ലറേഷനാണ്. അത് എക്‌സിക്യൂട്ട് ചെയ്യേണ്ട ആവശ്യമൊന്നുമില്ല. എന്നാല്‍ മലങ്കരസഭയുടെ കാര്യത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികള്‍ സിവില്‍ കേസിനകത്തുനിന്നും ഉരുത്തിരിഞ്ഞ് അവിടെച്ചെന്ന് അവസാന കാലഘട്ടത്തിലെ വിധിയാണ്. അത് എക്‌സിക്യൂട്ട് ചെയ്യാനുള്ള അവകാശം സിവിള്‍ കോടതികള്‍ക്കു മാത്രമേയുള്ളു. ഗവര്‍മെന്റിനില്ല. അതറിഞ്ഞിരിക്കണം…’

ജ. കെ. റ്റി. തോമസ് നടത്തിയ ഈ നിയമശാസ്ത്ര (Juries prudence) വ്യാഖ്യാനം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പരക്കെ പ്രചരിപ്പിക്കപ്പെട്ടു. അതവിടെ നില്‍ക്കട്ടെ, ഈ സുഭാഷിതത്തപ്പറ്റി അഡ്വ. സജി കെ. ഇട്ടന്റെ പിറ്റന്നത്തെ പ്രതികരണമാവട്ടെ അടുത്തത്.

ഒരു മാര്‍ത്തോമ്മാക്കാരന്റെ വിലാപങ്ങള്‍.

21-10 -2018 -ന് മണര്‍കാട് പള്ളിയില്‍ വച്ച് നടന്ന പുസ്തക പ്രകാശന വേളയില്‍ മാര്‍ത്തോമ്മാ സഭാംഗമായ റിട്ടയര്‍ഡ് ജ. കെ. റ്റി. തോമസ് ഒരു മറുഭാഷ പ്രസംഗം നടത്തുകയുണ്ടായി .

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇദ്ദേഹത്തിന്റെ ചെയ്തികള്‍, അരിയാഹാരം കഴിക്കുന്ന, മൂക്ക് കീഴോട്ടായ, മലയാളികള്‍ മറക്കുമെന്ന് തോന്നുന്നില്ല. ഇവിടത്തെ ചിന്താവിഷയം അതല്ല, അദ്ദേഹത്തിന്റെ ഇന്നലത്തെ പ്രസംഗമാണ്. ഓര്‍ത്തഡോക്‌സ് സഭാ വൈരാഗ്യം അദ്ദേഹത്തിന്റെ അസ്ഥിക്ക് പിടിച്ചിരിക്കുന്നു. 1889-ലെ റോയല്‍ക്കോടതി വിധി ഇന്നും ഓരോ മാര്‍ത്തോമ്മാക്കാരന്റെ നെഞ്ചിലെ ഇടിത്തീയായി നിലനില്ക്കുന്നു! അത് കൊണ്ടാണ് ജ. തോമസിനെ പോലുള്ളവര്‍ ശത്രുവിന്റെ ശത്രുവായ പാത്രിയര്‍ക്കീസിന്റെ വേദിയില്‍ കഴുതക്കാമം കരഞ്ഞ് തീര്‍ക്കുന്നത്.

എല്ലാം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാമെങ്കില്‍ ഇതിനു മാത്രം നിയമ നിര്‍മ്മാണം നടത്തുന്നത് എന്തിനാണ്? കോടതികളെന്തിനാണ്? ജ. തോമസ് പറയുന്നു, സഭാതര്‍ക്കം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കണമെന്ന്. 1995, 2017 സുപ്രീം കോടതി വിധികള്‍ അനേക തവണ വായിച്ചെന്ന് അവകാശപ്പെടുന്ന തോമസ്, 1995-ലെ സുപ്രീംകോടതി വിധിയില്‍, സഭാക്കേസ് മദ്ധ്യസ്ഥതയ്ക്ക് വിട്ടു കൂടെ എന്ന് ചോദിച്ച ന്യായാധിപന്മാരോട് ‘സമ്മതമല്ല’ എന്ന് പാത്രിയര്‍ക്കീസുകാര്‍ ഓപ്പണ്‍ കോര്‍ട്ടില്‍ പറഞ്ഞത് മാത്രം എന്തേ ജ. തോമസ് വായിക്കാതെ പോയത്? ‘ജ്ഞാനിയായ നിയമജ്ഞന്‍ ഹക്കീം‘ എന്ന ബഹുമതി പത്രിക്കീസില്‍ നിന്നും സ്വീകരിച്ച തോമസിന് മറവി ഒരു അനുഗ്രഹമാണെന്ന് തോന്നുന്നു.

1940-കളുടെ അന്ത്യത്തില്‍ മാരാമണ്‍ കണ്‍വെന്‍ഷന്റെ അവസാന ദിനത്തില്‍ മലങ്കര സഭയില്‍ സമാധാനമുണ്ടാകാന്‍ മാര്‍ത്തോമ്മാക്കാര്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമായിരുന്നു. യഥാര്‍ത്ഥത്തില്‍ അതൊരു പരിഹസിക്കല്‍ ആയിരുന്നു. എന്തായാലും അധികം താമസിയാതെ K. N. ദാനിയേല്‍ ഉപദേശിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മാര്‍ത്തോമ്മാക്കാരുടെ പഠിപ്പിക്കല്‍ പാലക്കുന്നത്ത് വല്യ മെത്രാന്റെയും, അബ്രാഹാം മല്പാന്റെയും വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറഞ്ഞ് പരസ്യമായി രംഗത്ത് വരികയും, കേസ് സുപ്രീം കോടതിയില്‍ ജ. ഹിദായത്തുള്ളയുടെ ബഞ്ചില്‍ ഇന്നത്തെ നവീന മാര്‍ത്തോമ്മാക്കാരെന്ന് അവകാശപ്പെട്ടവരുടെ വിജയത്തോടെ അവസാനിക്കുകയും ചെയ്തു. പരാജിതനായ യഥാര്‍ത്ഥ നവീകരണക്കാരായ K. N. ദാനിയേല്‍ ഉപദേശിയെ നിഷ്‌ക്കരുണം പുത്തന്‍ ‘മാര്‍ത്തോമ്മാകള്‍‘ പുറന്തള്ളുകയും, ദാനിയേല്‍ ഉപദേശി സെ. തോമസ് ഇവാഞ്ചലിക്കല്‍ സഭ രൂപീകരിക്കുകയും ചെയ്തു. ദാനിയേല്‍ ഉപദേശിയെ അനുകൂലിച്ച മാര്‍ത്തോമ്മക്കാരുടെ സ്‌കൂളുകളിലെ അദ്ധ്യാപകരെ തെക്ക്-വടക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയുണ്ടായി. ഉപദേശിയുടെ അനുയായികളോട് വളരെ പൈശാചികമായ പകപോക്കലുകള്‍ നടത്തുകയുണ്ടായി .

ദാനിയേല്‍ കേസില്‍ കാനോന്‍ വിദഗ്ദ്ധനായി മാത്യൂസ് മാര്‍ അത്താനാസിയോസ് തിരുമേനി (പിന്നീട് പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവ) മൊഴി കൊടുക്കുകയുണ്ടായി. പാമ്പിന് പാല്‍ കൊടുത്തിട്ട് കാര്യമില്ലല്ലോ? ‘നന്ദി’ എന്ന വാക്ക് മാര്‍ത്തോമ്മാക്കാരന്റെ നിഘണ്ടുവില്‍ ഇല്ല എന്നത് ത്രൈലോക്യ പ്രിസിദ്ധം. ഒരു ഓര്‍ത്തഡോക്‌സുകാരനെ എവിടെ കിട്ടിയാലും കുതികാല്‍ വെട്ടുക എന്നത് ഓരോ മാര്‍ത്തോമ്മാക്കാരന്റെയും സായൂജ്യമാണ്. 1974-ലെ പാത്രിയര്‍ക്കാ ദിനം; കോട്ടയം തിരുനക്കര മൈതാനത്ത് ആഘോഷിച്ചപ്പോള്‍ അതില്‍ പങ്കെടുത്ത യുഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത മാര്‍ത്തോമ്മാ ശ്ലീഹാക്ക് സിംഹാസനമില്ലായെന്ന് പ്രസംഗിക്കുകയുണ്ടായി.

മാര്‍ത്തോമ്മാക്കാരാന്റെ ഭരണഘടനയില്‍ ‘മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം‘ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ മറച്ചുപിടിച്ച് തലയില്‍ 13 കുരിശുമായി കള്ളം പറയുന്ന ഒരു വൈദീകന്‍! പരിശുദ്ധന്മാരോട് പ്രാര്‍ത്ഥിക്കാത്ത, പരിശുദ്ധന്റെ (മാര്‍ത്തോമ്മ) പേര് സഭയുടെ നാമമായി വൃഥാ എടുക്കുന്ന, ഒരു ആള്‍ക്കൂട്ടം; മൂറോന്‍ കൂദാശ ചെയ്യാറില്ല, പുരോഹിതര്‍ക്ക് ഇഗ്‌നാത്തിയോസ്, ബസേലിയോസ് എന്നീ പേരുകള്‍ ഇടാത്ത അപകര്‍ഷക്കൂട്ടം! പൗരസ്ത്യ വേഷവും, പാശ്ചാത്യ വിശ്വാസവും! സസ്യങ്ങള്‍ക്കിടയിലെ കശുമാവ്, മത്സ്യങ്ങള്‍ക്കിടയിലെ മുഴിമനഞ്ഞില്‍, പക്ഷികള്‍ക്കിടയിലെ വാവ്വല്‍!

ജ. തോമസിന്റെ നാവിന്റെ ബ്രേക്ക് ഇന്നലെ നഷ്ടപ്പെട്ടിരുന്നു. അന്ത്യോക്കാ പാത്രിയര്‍ക്കീസിനെ വാനോളം പൊക്കി ദൈവസമനാക്കിക്കളഞ്ഞു. ചേപ്പാട്ട് മാര്‍ ദീവന്നാസിയോസ് സമാധാനപരമായി മലങ്കര സഭയെ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ പാലക്കുന്നത്ത് മത്തിയൂസ് ശെമ്മാശന്‍ മര്‍ദ്ദീനില്‍ പോയി ഏലിയാസ് II-ല്‍ നിന്നും മെത്രാന്‍ പട്ടം ഏറ്റെന്ന് അവകാശപ്പെട്ടു. പാത്രിയര്‍ക്കീസിന്റെ പട്ടം മുന്‍നിര്‍ത്തി പാലക്കുന്നന്‍ മലങ്കര മെത്രാന്‍ സ്ഥാനം തട്ടിയെടുത്തു. ഇതാണോ ജ. തോമസ് ഉദ്ദേശിച്ച പള്ളിപിടുത്തം? പിന്നീട് തരംപോലെ പാലക്കുന്നന്‍ പാത്രിയര്‍ക്കീസിനെ തള്ളിപ്പറഞ്ഞു. പാത്രിയര്‍ക്കീസിനെ ‘കൊണ്ടു വന്നതും, കൊണ്ടു നടത്തിച്ചതും, കൊല്ലിച്ചതും നീ ചാപ്പക്കുന്നാ!’ ഇതൊന്നും ജ. തോമസിന് അറിയില്ലായെന്നുണ്ടോ? പത്രോസ് III പാത്രിയര്‍ക്കീസ്, പാലക്കുന്നത്ത് മത്തിയൂസ് മെത്രാനെ 1874-ല്‍ മുടക്കിയ വിവരം ജ. തോമസിന് അറിയില്ലെന്നുണ്ടോ? പാലക്കുന്നത്ത് മത്തിയൂസ് അത്താനാസിയോസിനെ ‘വലിയ ബലിയാര്‍‘ എന്നും, തോമസ് അത്താനാസിയോസിനെ ‘കൊച്ചു ബലിയാര്‍‘ എന്നുമാണ് വിളിച്ചെതെന്നുള്ള വിവരം ‘ഇളയ ബലിയാര്‍‘ ആയ ജ. തോമസിന് അറിയാമോ? ഇന്നലെ വലിയ പാത്രിയര്‍ക്കീസ് ഭക്തി അഭിനയിച്ച ജ. തോമസ്, പാലക്കുന്നത്ത് മത്തിയൂസ് മെത്രാന്റെ മുടക്കും അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ? മണര്‍കാട് പള്ളിയിലെ സത്യവിശ്വാസികള്‍ ജ. തോമസിന്റെ മുഖംമൂടി അഴിഞ്ഞ് വീഴുന്നതിന് അധികം താമസിയാതെ സാക്ഷിയാകും .

മാര്‍ത്തോമ്മാക്കാര്‍ പൗരസ്ത്യ സഭയാണെന്ന് ജ. തോമസ് അവകാശപ്പെടുകയുണ്ടായി. ‘കുളിപ്പിച്ച്കുളിപ്പിച്ച്‘ കൊച്ച് സായിപ്പിനെപ്പോലെ വെളുത്തല്ലോ, ജ. തോമസേ? പിന്നെ എന്ത് പൗരസ്ത്യം? ധൂപക്കുറ്റി പ്രശ്‌നം, കുന്തിരിക്കത്തിനു പകരം കരിങ്കല്‍ മെറ്റല്‍ ഉപയോഗിച്ച് കബറടക്കം, വനിതാ വൈദീകര്‍ ഇങ്ങനെയുള്ള സ്വന്തം സഭയിലെ നൂറു കൂട്ടം പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ട് പോരെ ജ. തോമസ് അന്യന്റെ കണ്ണിലെ കരടെടുക്കാന്‍! ജ. തോമസ് ഇന്നലെ മണര്‍കാട്ടുകാര്‍ക്ക് നല്കിയ നിയമോപദേശം പാമ്പുകടിച്ചവന്റെ തലക്ക് കൊടുത്ത ഇടിവെട്ടായി പോയി. പാത്രിയര്‍ക്കീസുകാര്‍ക്ക് നിയമോപദേശം നല്കുന്നത് ജ. തോമസാണെന്ന് എല്ലാവര്‍ക്കുമറിയാവുന്ന വസ്തുതയാണ്. 2017 ജൂലൈ 3-ലെ സുപ്രീം കോടതി കേസിന് പാത്രിയര്‍ക്കീസുകാര്‍ക്ക് നിയമോപദേശം നല്കിയയത് ജ. തോമാസാണെന്നും, അത് സ്വീകരിച്ച ആ പാവങ്ങളുടെ സഭയും ഭരണഘടനയും ഇല്ലാതാക്കിയതും ജ. തോമസിന്റെ കുരുട്ടു ബുദ്ധിയാണെന്ന് അഭിഭാഷകരംഗത്തോട് ബന്ധപ്പെട്ട എല്ലാവര്‍ക്കും അറിയാം. പാത്രിയര്‍ക്കീസിനെ ലൗകീകമായും ആത്മീകമായും അപ്രത്യക്ഷമായ ബിന്ദുവിലെത്തിച്ച ജ. തോമസിന്റെ കുടില തന്ത്രത്തിന്റെ ആഴം കണ്ടവരാരുണ്ട്? പാലക്കുന്നത്ത് മത്തിയൂസ് അത്താനാസിയോസിന്റെ മുടക്കപ്പെട്ട ആത്മാവ് തൻ്റെ അനുയായിയായ ജ. തോമസിന്റെ പാത്രിയര്‍ക്കീസിനോട് തീര്‍ത്ത ‘അപ്രത്യക്ഷ ബിന്ദു‘ എന്ന പ്രതികാര തന്ത്രം കണ്ട് ആത്മനിര്‍വൃതി അടഞ്ഞു കാണും .  ജ. തോമസ് ചിരിക്കുന്നു.’

അഡ്വ. സജി കെ. ഇട്ടന്‍ തന്റെ ഫേസ്ബുക്ക് പ്രതികരണത്തില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളെപ്പറ്റി ഈ ലേഖകന്‍ തല്‍ക്കാലം അഭിപ്രായം പ്രകടിപ്പിക്കുന്നില്ല. പക്ഷേ ഈ പ്രതികരണവും അതിനാസ്പദമായ പ്രസംഗവും മനസിലുയര്‍ത്തുന്നത് നസ്രാണി ചരിത്രത്തിലെ സമാനമായ ഒരു സംഭവമാണ്. അതിലെ ‘നായകന്‍‘-നും മാര്‍ത്തോമ്മാ സഭാംഗമാണ്. കൃത്യമായി പറഞ്ഞാല്‍ കോട്ടയം യെറുശലേം മാര്‍ത്തോമ്മാ പള്ളി ഇടവകാംഗംമായ അഡ്വ. വി. എം. ഇട്ടിച്ചെറിയ!

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അബ്ദുള്ള ദ്വിതീയന്‍, പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്തായെ അകാരണമായി മുടക്കിയതിനെ തുടര്‍ന്ന് 1913-ല്‍ ആരംഭിച്ചതാണ് വട്ടിപ്പണക്കേസ്. പല കോടതികള്‍ കയറിയിറങ്ങി 1103 (1928) മിഥുനം 19-ന് മാര്‍ ദീവന്നാസ്യോസിന് പൂര്‍ണ്ണമായും അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഈ വ്യവഹാര പരമ്പരയ്ക്കിടയിലാണ് ഇട്ടിച്ചെറിയാ വക്കീല്‍ കടന്നുവരുന്നത്.

1923-ല്‍ സമാധാന ശ്രമവുമായി മര്‍ദ്ദീനിലെത്തിയ മാര്‍ ദീവന്നാസ്യോസിനോടൊപ്പം അദ്ദേഹത്തിന്റെ ചിലവില്‍ സമാധാന കല്പനയുമായി മലങ്കരയിലേയ്ക്ക് ‘എഴുന്നള്ളി വന്ന‘ മാര്‍ ഏലിയാസ് യൂലിയോസ് എന്ന പരദേശി മെത്രാന്‍, കേരളത്തിലെത്തിയതോടെ മറുകണ്ടം ചാടി മലങ്കര മെത്രാനെതിരെയുള്ള യുദ്ധത്തിൻ്റെ നേതൃത്വം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ വലംകൈയ്യും, വിശ്വസ്ഥനായ നിയമജ്ഞനുമായി മാറിയ മാര്‍ത്തോമ്മാക്കാരനായിരുന്നു ഇട്ടിച്ചെറിയാ വക്കീല്‍.  ഇതിനെപ്പറ്റി മലങ്കരയുടെ മഹാചരിത്രകാരനായ ഇസഡ്. എം. പാറേട്ടിന്റെ ‘മലങ്കര നസ്രാണികള്‍‘ എട്ടാം ഭാഗത്തില്‍ വിശദമായ പരാമര്‍ശനം ഉണ്ട്. അതില്‍നിന്നും ഉദ്ധരിക്കാം.

…വി.എം. ഇട്ടിച്ചെറിയ കോട്ടയത്തു മള്ളൂത്ര കുടുംബത്തിലാണ് ഭൂജാതം ചെയ്തത്. ഒരു സാധാരണ ഇടത്തരം കുടുംബം ഇട്ടിച്ചെറിയയുടെ ആകാരത്തെയും ഛായയെയും സംബന്ധിച്ചു വിശേഷവിധിയായി അധികം ഒന്നും പറയാനില്ല. ചുറ്റുപാടുകളുടെ സ്വാധീനം കൊണ്ടും ജന്മസിദ്ധമായ ലഭിച്ച ബുദ്ധിസാമര്‍ത്ഥ്യം കൊണ്ടും വിദ്യാലയത്തിന്റെ സമീപ്യം കൊണ്ടും ഇട്ടിച്ചെറിയയ്ക്കു ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചു… നിയമബിരുദം സമ്പാദിച്ച് വക്കീല്‍ തൊഴിലില്‍ പ്രവേശിച്ച് മുന്നേറാന്‍ കാലം വളരെ ഒന്നും വേണ്ടിവന്നില്ല… സമര്‍ത്ഥനായ ഒരു അഭിഭാഷകന്‍ എന്നു സമ്മതി സമ്പാദിക്കാനും ദീര്‍ഘകാലം വേണ്ടിവന്നില്ല. നവീകരണ (മാര്‍തോമാ) സമുദായം രൂപം പ്രാപിക്കുമ്പോള്‍ തന്നെ, മാതൃസമുദായം ആയ ‘യാക്കോബായ‘യോടു മത്സരം ആരംഭിച്ചു. പഴയ പള്ളികളുടെ ഉടമാവകാശത്തെ ചൊല്ലി തീരാത്ത കേസും വഴക്കും വക്കാണവും വാശിയും ഉണ്ടായി. വക്കീല്‍ പണിയില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ആ സംഗതിയില്‍ ആധികാരികമായി ഇടപെടുന്നതിന് ഇട്ടിച്ചെറിയ്ക്കു ‘അവകാശം‘ സിദ്ധിച്ചു. അദ്ദേഹം ആ അവകാശം ‘വേണ്ടവിധം’ പ്രയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തുതുടങ്ങി. ആ പരിതസ്ഥിതികളില്‍, മാര്‍ ദീവന്നാസ്യോസിനോടു അങ്കംവെട്ടാന്‍ യൂലിയോസിനെ ചൊറിഞ്ഞു അടുപ്പിച്ചു ഇറങ്ങിയപ്പോള്‍ നവീകരണക്കാരനായ ഇട്ടിച്ചെറിയയ്ക്കും അവസരം ലഭിച്ചു. കൂര്‍മ്മബുദ്ധി ആയിരുന്ന ഇട്ടിച്ചെറിയയും, ആ കാര്യത്തില്‍ അദ്ദേഹത്തെക്കാള്‍ ഒട്ടും മോശക്കാരനല്ലാതിരുന്ന ഏലിയാസ് യൂലിയോസ് മെത്രാനും തമ്മില്‍ നല്ല പൊരുത്തം ഉണ്ടെന്നു തെളിയാന്‍ വളരെക്കാലം വേണ്ടിവന്നില്ല. തമ്മില്‍ ഉള്ളുപൊരുത്തം, ദൂഷ്യഫലം ചെയ്യാതെ കഴിയുന്നതിനു രണ്ടാളും പ്രത്യേകം കരുതി പ്രവര്‍ത്തിച്ചതുകൊണ്ടൊ, ഒരുവന് അപരനെ കവിയാന്‍ പറ്റില്ല എന്നു വ്യക്തമായി എന്നുവയ്ക്കാം. അറബിതന്ത്രവും കേരളീയതന്ത്രവും തമ്മില്‍ ‘ഉരുമ്മിയാല്‍’, ഒന്നുമറ്റൊന്നിനു കീഴ്‌പ്പെടാതെ, രണ്ടിനും ഹാനി സംഭവിച്ചേക്കാം എന്നു ആ സമര്‍ത്ഥന്മാര്‍ കണ്ട് ഉരസ്സല്‍ ഒഴിവാക്കിയതായിരിക്കാം! യൂലിയോസിൻ്റെ ലക്ഷ്യം അധികാരവും (പുരോഗതി) ഇട്ടിച്ചെറിയയുടെ ലക്ഷ്യം. ‘വക്കീല്‍ഫീസും‘ ആയിരുന്നതും അവര്‍ തമ്മില്‍ മത്സരം ഒഴിവാക്കാന്‍ സഹായിച്ചു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അതിസമര്‍ത്ഥന്മാരായ അവര്‍ ‘ഞങ്ങളും പൊങ്ങണം, നിങ്ങളും പൊങ്ങണം, ഞങ്ങളും നിങ്ങളും ഒരുമിച്ചു പൊങ്ങണം’ എന്ന തത്വം സ്വീകരിച്ചു പ്രവര്‍ത്തിച്ചു.

ആ തത്വം പ്രയോഗിക്കുന്നതിന് വേറെ ഒരു സൗകര്യം കൂടി ഉണ്ടായി ഇരുകൂട്ടരുടെയും ശത്രു ആയി ഒരു ആളെകിട്ടിയതായിരുന്നു അത്. നവീകരണത്തിന്റെ ചാമ്പ്യന്‍ ആയ ഇട്ടിച്ചെറിയയ്ക്കു അയാളുടെ നവ്യസമുദായത്തെ ഉയര്‍ത്തണമെന്നു മോഹം. യൂലിയോസിന്റെ മോഹം പാത്രിക്കീസിനെ മലങ്കരയില്‍ സര്‍വാധിപതി ആയി കാണണമെന്നും – എന്നുവച്ചാല്‍ പാത്രിക്കീസിനെ പഴിചാരി തനിക്കു ഉച്ചത്തില്‍ എത്തണം എന്ന്. അവരുടെ ലക്ഷ്യങ്ങള്‍ തമ്മില്‍ പൊരുത്തക്കേട് ഉണ്ടായിരുന്നെങ്കിലും, അന്നത്തെ പരിതസ്ഥിതികളില്‍ ഉരസ്സല്‍ കൂടാതെ കഴിഞ്ഞുപോകാം എന്നൊരു അവസ്ഥ വന്നുകൂടി. അതുകൊണ്ടി യൂലിയോസിനും ഇട്ടിച്ചെറിയയ്ക്കും ഒട്ടൊക്കെ കണ്ണടച്ചും ഒട്ടൊക്കെ സഹകരിച്ചും പോകാന്‍ കഴിഞ്ഞു. ഇരുകൂട്ടരുടെയും ശത്രുവായി ഒരു സംഘമൊ ‘താല്പര്യമൊ‘ ഉണ്ടായിരിക്കുകയും അതിനെ തകര്‍ക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കാം എന്നൊരു നില ആവിര്‍ഭവിക്കുകയും ചെയ്തു എന്നും പറയാം.

… വേറെ ഒന്നുകൂടി ഉണ്ടായിരുന്നു. യൂലിയോസിൻ്റെ ലക്ഷ്യം അധികാരം – പാത്രിക്കീസിനു മലങ്കരമേല്‍ പൂര്‍ണ്ണാധികാരം വേണം എന്നുള്ളത് – ആയിരുന്നു. താന്‍ ഉള്‍പ്പെട്ട സമുദായത്തിനു മലങ്കരയിലൊ കേരളത്തിലൊ സ്വാമിപദം കിട്ടണം എന്നു ഇട്ടിച്ചെറിയയും ആഗ്രഹിച്ചു – അതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം എന്നങ്ങു പറയാനില്ല. വക്കീലിന് നല്ല കൊഴുത്ത ഫീസു കിട്ടണം, ധാരാളം സമ്പാദിക്കണം, തനിക്കു സമുദായത്തില്‍ ഉയര്‍ന്ന നിലയും, സമുദായത്തിനു കേരളത്തില്‍ ഉയര്‍ന്ന സ്ഥാനവും ഉണ്ടാവണം എന്ന് ആയിരുന്നു ഇട്ടിച്ചെറിയ്യുടെ ലക്ഷ്യം. കേസു നടത്താന്‍ – വക്കീല്‍ എന്ന നിലയില്‍ കേസു നടത്താന്‍ – നല്ല കഴിവുണ്ട്. അതിനു അനുയോജ്യമായ വക്കീല്‍ ഫീസു കിട്ടണം എന്നതായിരുന്നു ഇട്ടിച്ചെറിയായുടെ ചിന്താഗതി.

…മാര്‍ ദീവന്നാസ്യോസ് ഒരു ‘ഉപദേശ‘ത്തെയും തത്വത്തെയൊ, വിശ്വാസത്തെയൊ. ‘നൂല്‍’ ആക്കി അതിന്മേല്‍ പിടിച്ചു മുമ്പോട്ടുപോകാന്‍ ആഗ്രഹിച്ചു പ്രവര്‍ത്തിച്ചപ്പോള്‍, കൂടുതല്‍ ആദായം – കൊഴുത്ത – ഫീസ് വാങ്ങാനുള്ള മാര്‍ഗ്ഗം അരായുക ആയിരുന്നു ഇട്ടിച്ചെറിയ – താന്‍ ചെയ്യുന്നതിനു – തൊഴിലിന് – കനത്ത പ്രതിഫലം വാങ്ങാന്‍ അസാധാരണ സമര്‍ത്ഥനായിരുന്നതുകൊണ്ട് ആ വസ്തുത നഗ്നമായി കാണിക്കാതിരിക്കാന്‍ ശ്രമിച്ചു. മാര്‍ ദീവന്നാസ്യോസിൻ്റെ വിസ്താരത്തില്‍ മലങ്കര ജനങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് എന്നു നിശ്ചയം ഉണ്ടായിരുന്നതു കൊണ്ട്, ഫീസു കൂടുതല്‍ കിട്ടാന്‍ മാര്‍ഗ്ഗം ആരായുന്നു എന്നു ലോകര്‍ക്കു തോന്നാന്‍ ഇടയാകരുതെന്നുവച്ച് പണം തനിക്കു തൃണമാണ് എന്ന മട്ടില്‍ – ഇട്ടിച്ചെറിയ പ്രവര്‍ത്തിച്ചു. എങ്കിലും വിസ്താരം ആവശ്യത്തില്‍ വളരെ അധികം നീട്ടിക്കൊണ്ടുപോയിരുന്നു ‘ദിനംപ്രതിയുള്ള അപ്പം’ ഫീസു – കൂടുതല്‍ വാങ്ങാന്‍! മൊഴി സൂക്ഷിച്ചു വായിച്ചാല്‍ ഇതു കാണാന്‍ കഴിയും…’

തനിക്കു സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സമുദായ വഴക്കിനെ ഇട്ടിച്ചെറിയാ വക്കീല്‍ ഉപയോഗിച്ചു എന്നതിന് ഇസഡ്. എം. പാറേട്ട് സ്വന്തം അനുഭവം തന്നെ വിവരിക്കുന്നുണ്ട്. 1928-ല്‍ നടന്ന ഒരു കേസാണ് സംഭവം. ആ കേസിന്റെ വിസ്താകരവേളയില്‍ സൂഹൃത്തായ ഇട്ടിച്ചെറിയാ വക്കീലിനെ ഒറ്റവാചകത്തില്‍ പാറേട്ട് അടിച്ചിരുത്തി എന്നതാണ് അതിന്റെ നാടകീയത.

…അന്ന് ചരിത്രകാരന്റെ സഹോദരന്‍ ഫാദര്‍ പാറേട്ട് (പിന്നീട് മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത) പുതുപ്പളളി വലിയപളളി വികാരി ആയിരുന്നു അദ്ദേഹം പുതുപ്പളളി പളളിയില്‍നിന്നും രൂ 3 ചക്രം 6 മോഷ്ടിച്ചതായി ഒരു കേസ് 103-ല്‍ 253-ാം നമ്പരായി ചങ്ങനാശ്ശേരി മജിസ്‌ട്രേട്ട് (മുന്‍സിഫ്-മജിസ്‌ട്രേട്ട് കോടതി) കോടതിയില്‍ കൊടുത്തു… വക്കീല്‍ മുഖാന്തിരം പ്രതി ഹാജരാകുന്നതിനു കോടതി അനുവദിച്ചു. അവധി ദിവസങ്ങളില്‍ എല്ലാം ഇട്ടിച്ചെറിയ കോടതിയില്‍ ഹാജരായിരുന്നു. ഒന്നൊ രണ്ടൊ അവധിക്കു ഒന്നും നടന്നില്ല പിന്നത്തെ അവധി ദിവസം കോടതിയില്‍ ഹാജരുണ്ടായിരുന്ന ചരിത്രകാരനെ വാദി ഭാഗം സാക്ഷി ആയി വിസ്തരിക്കുന്നതിനു തീര്‍ച്ചപ്പെടുത്തി എന്നു ഇട്ടിച്ചെറിയ കോടതിയെ അറിയിച്ചു. കോടതി അനുവദിച്ചു. ചരിത്രകാരനെ വാദി സാക്ഷി ആയി വിസ്തരിച്ചു തുടങ്ങി. ക്രിമിനല്‍ കേസ്സുകളില്‍ അനുകൂലമുളള സാക്ഷികളെ ആണ് വാദിഭാഗത്തേക്ക് വിസ്തരിക്കുക എന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുളള രീതി എന്നു തോന്നുന്നു. ചരിത്രകാരനെ രണ്ടു ദിവസം വിസ്തരിച്ചു… മൂന്നാം ദിവസം ആ പണി തുടരാന്‍ ഇട്ടിച്ചെറിയ തയ്യാറായി… ടിഫിന്‍ കഴിഞ്ഞായിരുന്നു വിസ്താരം. ടിഫിന് കോടതി പിരിഞ്ഞപ്പോള്‍ ഇട്ടിച്ചെറിയയും ചരിത്രകാരനും കൂടി മുറ്റത്ത് ഉലാത്തവേ അദ്ദേഹത്തോട് ചോദിച്ചു; ‘എന്തിനാണ് സാറെ എന്നെ ഇങ്ങനെ ശല്യപ്പെടുത്തുന്നത് വിസ്താരം തുടങ്ങിയിട്ടു മൂന്നാം ദിവസമാണല്ലോ ഇന്ന്‘ എന്ന്.

‘സ്‌കറിയാകുഞ്ഞ്’ (എന്നെ അങ്ങിനെയാണ് അദ്ദേഹം വിളിക്കാറുണ്ടായിരുന്നത്) കാര്യം ശരിക്കു മനസ്സിലാക്കാതെയാണ് പറയുന്നത്. കൊച്ചുവര്‍ക്കിയച്ചനും (വാദിയെ സാധാരണ കുഞ്ഞുവര്‍ക്കി എന്നാണ് പറയാറുണ്ടായിരുന്നത്. ഇട്ടിച്ചെറിയ അതു കൊച്ചുവര്‍ക്കി എന്നുമാറ്റി) ഞാനും ആയുളള ഏര്‍പ്പാടു ദിവസം 100 രൂപാ എന്നാണ്. അപ്പോള്‍ സ്‌കറിയാകുഞ്ഞിനെ ഒരു ദിവസം വിസ്തരിച്ചാല്‍ എനിക്കു 100 രൂപാ കിട്ടും. രണ്ടു ദിവസമായാല്‍ ഇരുനൂറു കിട്ടും. മൂന്ന് ആയാല്‍…’ (ഇടയ്ക്കു കേറി പറഞ്ഞുപോയി; ‘എത്ര ദിവസം വേണമെങ്കിലും വിസ്തരിച്ചു കൊളളണം സാര്‍’ എന്ന്.)

കോടതി കൂടി, വിസ്തരിക്കാന്‍ തുടങ്ങി. മോഷണകേസുമായി ബന്ധമുളളതൊ, ബന്ധപ്പെടുത്താവുന്നതൊ ആയ ഒന്നും തന്നെ ചോദിക്കാന്‍ കാണാഞ്ഞതു കൊണ്ടായിരിക്കാം. അതും ഇതും എല്ലാം ചോദിച്ചു ചോദിച്ചു ‘കാനോന്‍ അറിയാമൊ’ എന്നു വരെ എത്തി. ‘അറിഞ്ഞുകൂടെന്നു’ ക്ഷണത്തില്‍ മറുപടി കൊടുത്തപ്പോള്‍ സമയം കൊല്ലാന്‍ ആ മാര്‍ഗ്ഗവും പ്രയോജനപ്പെടുന്നില്ല എന്നു വന്നു.

അതുകൊണ്ടും ഇട്ടിച്ചെറിയ വക്കീല്‍ മടങ്ങിയില്ല. അടുത്ത ചോദ്യം ‘മെത്രാന്മാര്‍ കല്യാണം കഴിക്കുമൊ’‘ എന്നായിരുന്നു. ഒരു നല്ല അവസരം കൈവന്നതുപോലെ തോന്നി. ‘മെത്രാന്മാര്‍ കല്യാണം കഴിക്കയില്ല. എന്നാല്‍ മക്കള്‍ ഉണ്ടായതായി കേട്ടിട്ടുണ്ട്” എന്നു മറുപടി കൊടുത്തു. ആ ഉത്തരത്തില്‍ ഉള്‍ക്കൊണ്ടിരുന്ന സൂചന വളരെ വളരെ പരസ്യം അല്ലായിരുന്നു എങ്കിലും, അതിയായ രഹസ്യവും ആയിരുന്നില്ല. കോടതിയില്‍ ഹാജരുണ്ടായിരുന്ന മുന്‍സിഫ് മജ്‌സ്രേട്ട് ജോര്‍ജ്ജു വറുഗീസും വക്കീലന്മാരും, ചുറ്റിലും കൂടിയിട്ടുണ്ടായിരുന്ന കക്ഷികളും ശരിക്കു ചിരിച്ചു. ഇട്ടിച്ചെറിയ മാത്രം ഗൌരവം വിടാതെ നിന്നു…’

ഇട്ടിച്ചെറിയ വക്കീലിനെപ്പറ്റി ഈ പശ്ചാത്തല വിവരണം ധാരളം മതി. ഇനി നസ്രാണി ചരിത്രം ഇപ്പോള്‍ എങ്ങിനെ ചാക്രികമായി ആവര്‍ത്തിക്കുന്നു എന്നു പരിശോധിക്കാം.

വട്ടിപ്പണക്കേസിന്റെ അവസാന വിധിയില്‍ ‘എട്ടുനിലയില്‍ പൊട്ടിയ‘ പാത്രിയര്‍ക്കീസ് വിഭാഗത്തിനു മാര്‍ ദീവന്നാസ്യോസ് ആറാമന്‍, മലങ്കര മെത്രാപ്പോലീത്താ എന്ന നിലയില്‍ വിധി നടത്തി എടുക്കുന്നത് സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു. വട്ടപ്പണക്കേസിലെ വിധിക്കുശേഷം മാര്‍ ദീവന്നാസ്യോസിന്റെ കൈവശമിരിക്കുന്ന പഴയ സെമിനാരി ഒപ്പച്ചെടുക്കാന്‍ ചില സമരിക്കസ് ഒക്കെ ഇറക്കി നോക്കി. ഒന്നും വിജയിച്ചില്ല. പിന്നീടുള്ളത് വട്ടിപ്പണപ്പലിശയാണ്. ‘ഇട്ടിച്ചറിയാ നമ്പര്‍‘ എന്നു വിളിക്കാവുന്ന ഒന്നാണ് മലങ്കര മെത്രാപ്പോലീത്താ വട്ടിപ്പണപ്പലിശ കൈപ്പറ്റുന്നതു തടയാന്‍ ഇറക്കിയ ‘സസ്പന്‍ഷന്‍ കേസ്’.

…ശക്തനും പ്രതാപവാനുമായിരുന്ന സി. ജെ. കുര്യന്റെയും, എന്തു ചെയ്യുന്നതിനും മടിക്കാത്ത കൂര്‍മ്മബുദ്ധിയായ കോനാട്ടു മാത്തന്‍ മല്പാന്റെയും വേര്‍പാടോടുകൂടെ ആ കക്ഷിയുടെ നേതൃത്വം നാസാഗ്രത്തിനപ്പുറത്തേക്കു നോക്കാന്‍ കഴിവില്ലാത്ത ചില വാമനന്മാരുടെ കൈയില്‍ ചെന്നു പെട്ടിരുന്നു. അവരുടെ ബുദ്ധി അതിവിശേഷം എന്ന് വിശ്വസിക്കുന്നതിനുള്ള കഴിവെ പാത്രിക്കീസിനും അദ്ദേഹത്തിന്റെ പ്രതിനിധി ആയി ഇവിടെ വിരാജിച്ചു കൊണ്ടിരുന്ന യൂലിയോസും മെത്രാനും ഉണ്ടായിരുന്നുള്ളു…‘ എന്ന ഇസഡ്. എം. പാറേട്ടിന്റെ നിഗമനം (മലങ്കര നസ്രാണികള്‍ ഭാഗം നാല്) വാസ്തവമെങ്കില്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ഈ നിസഹായാവസ്ഥ ഇട്ടിച്ചെറിയാ വക്കീല്‍ സ്വാര്‍ത്ഥ ലാഭത്തിനായി മുതലെടുത്തു എന്നു വരും. അതു ശരിവെക്കുന്നതാണ് സസ്‌പെന്‍ഷന്‍ കേസിന്റെ മേല്‍ഗതി.

വളരെ ലളിതമായിരുന്നു നടപടി ക്രമങ്ങള്‍. നിയമാനുസൃത മലങ്കര മെത്രാപ്പോലീത്താ ആണെന്നു അന്നത്തെ പരമോന്നത കോടതി അംഗീകരിച്ച മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്തായെ 1104 (1929) ചിങ്ങം 2-നു അന്ത്യോഖ്യാ പ്രതിനിധി എന്നവകാശപ്പെട്ടിരുന്ന മാര്‍ ഏലിയാസ് യൂലിയോസ്, ‘മലങ്കര യാക്കോബായ സുറിയാനിക്കാരുടെ വൈദീക മേലദ്ധ്യക്ഷന്‍’ എന്ന ഭാവേനെ, ‘ചുമ്മാ അങ്ങു‘ സസ്‌പെന്റു ചെയ്തു. എന്നിട്ട് സസ്‌പെന്റു ചെയ്യപ്പെട്ട മലങ്കര മെത്രാന്‍ വട്ടിപ്പണപ്പലിശ വാങ്ങുന്നതിനെതിരെ ചിങ്ങം 6-നു കേസ് കൊടുപ്പിച്ചു! ഒന്നിലധികം പ്രാവശ്യം കോടതിഫീസ് കെട്ടിവെക്കാതെ ഇരുന്നതിനാല്‍ അധികം മുമ്പോട്ടുപോവാതെ കേസും അതിന്മേലുള്ള അപ്പീലും തള്ളി എന്നതു വേറേ കാര്യം. പക്ഷേ ‘സസ്പന്‍ഷന്‍ കേസ്‘ സൃഷ്ടിക്കാന്‍ ഇട്ടിച്ചെറിയാ വക്കീല്‍ കളിച്ച കളി അന്ന് പൊതു സമൂഹത്തിലും എന്തിന്? ഈ കേസിന്റെ നടപടികളിലും ചര്‍ച്ചാവിഷയമായി. സസ്പന്‍ഷന്‍ കേസിന്റെ വിസ്താര വേളയില്‍ വാദിഭാഗത്തിനു വേണ്ടി ഹാജരായ ഇട്ടിച്ചെറിയാ വക്കീലിനോട് പ. വട്ടശ്ശേരില്‍ തിരുമേനി ഇത് തുറന്നടിക്കുന്നുണ്ട്. മാര്‍ത്തോമ്മാക്കാരന്‍ എന്ന നിലയില്‍ തനിക്ക് അര്‍ഹതയില്ലാതെ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ യോഗത്തില്‍ താന്‍ സന്നിഹിതനായിരുന്നു എന്നു പരോക്ഷമായി ഇട്ടിച്ചെറിയാ വക്കീലും ഈ വിസ്താരത്തിനിടെ സമ്മതിക്കുന്നുണ്ട്. വിസ്താരത്തില്‍നിന്ന്:

‘…ഈയിടെ ആലുവായില്‍ ഒരു യോഗം നടന്നതായി കേട്ടിട്ടുണ്ട്. അത് അത്താനാസ്യോസു മെത്രാന്‍ (കുറ്റിക്കാട്ടില്‍ പൗലൂസ് മാര്‍ അത്താനാസ്യോസ്) മുതല്‍ പേര്‍വിളിച്ചുകൂട്ടിയതായ ഒരു യോഗമായിരുന്നു. അത്താനാസ്യോസ് എന്നു പറഞ്ഞത് വട്ടിപ്പണക്കേസിലെ 42-ാംപ്രതിയും മേല്പറഞ്ഞ ആലുവായോഗത്തില്‍വച്ചു തനിക്കുണ്ടെന്നു ഭാവിച്ചുവന്ന മലങ്കര മെത്രാപ്പോലീത്താസ്ഥാനം ഒഴിഞ്ഞ ആളും ആണ്. യോഗം കൂടിയതും സ്ഥാനം ഒഴിഞ്ഞതും എല്ലാം കേട്ടറിവാണ്.
ചോ: അദ്ദേഹം ആ യോഗത്തില്‍ വെച്ച് സ്ഥാനം ഒഴിഞ്ഞില്ലെന്നു ഞാന്‍ പറയുന്നു. അവിടെ ഞാനും ഹാജരുണ്ടായിരുന്നു, ഒഴിഞ്ഞു എന്നു തിരുമേനി ഇനിയും പറയുന്നൊ.
ഉ. കക്ഷികളുടെ ഒരു വക്കീലെന്നുളള നിലയില്‍ ഇട്ടിച്ചെറിയ വക്കീല്‍ ഈ വിധം പറയുന്നു എന്ന് അല്ലാതെ വക്കീലിനെ ഒരു സാക്ഷിയായി വിളിച്ച് കോടതിയില്‍നിന്ന് വിസ്തരിക്കുന്ന പക്ഷം ഈ വിധം പറകയില്ലെന്നാണ് പല എഴുത്തുകള്‍ മൂലവും പത്രങ്ങള്‍ മൂലവും അവിടെ ആ യോഗത്തില്‍ ഹാജരുണ്ടായിരുന്നവര്‍ നേരിട്ടു എന്നോടു പറഞ്ഞും എനിക്കു കിട്ടിയിട്ടുളള അറിവ്.
ചോ: ആ യോഗത്തെപറ്റി തിരുമേനിക്ക് നല്ല അറിവുണ്ടല്ലൊ – ആ യോഗത്തിന്റെ ഉദ്ദേശമെന്താണ് എന്നറിയാമൊ?
ഉ. ഉദ്ദേശം എനിക്കറിവുണ്ടെന്നു ഞാന്‍ ബോധിപ്പിച്ചിട്ടില്ല അവിടെ നടന്ന സംഗതികള്‍ എനിക്കറിവുകിട്ടിയതു ഞാന്‍ പറഞ്ഞു എന്നേയുളളു.
ചോ: വട്ടിപ്പണകേസില്‍ കടശയില്‍ ഉണ്ടായ വിധിക്കുശേഷം തിരുമേനിയും അനുഗാമികളും വേദവിപരീതികളും ശീശ്മക്കാരും ആകുന്നു എന്നു വിശുദ്ധ അന്ത്യോഖ്യാ പാത്രിക്കീസില്‍ നിന്നും ഉണ്ടായിട്ടുളള തീരുമാനം പ്രസിദ്ധപ്പെടുത്തുന്നതിനായി കൂടിയ യോഗമാണ് അത് എന്ന് തിരുമേനിക്കറിവുണ്ടൊ?
ഉ. ഇട്ടിച്ചെറിയ വക്കീല്‍ കെട്ടി ഉണ്ടാക്കി ദുര്‍വ്വാശിക്കാരെ ചേര്‍ത്തു ഇപ്പോള്‍ നടത്തിവരുന്ന ഈ ഇന്‍ജംക്ഷന്‍ കേസിൻ്റെ നടത്തിപ്പിലേക്ക്, ഇതില്‍ സംബന്ധവും മനസ്സും ഇല്ലാത്തവരെയും കൂട്ടി തൻ്റെ പ്രസംഗവൈഭവത്താലും യുക്തികളാലും, വശീകരിക്കുന്നതിന് വേണ്ടി മാര്‍ തോമ്മാസഭയിലെ ഒരു മെമ്പറായ ഇട്ടിച്ചെറിയ വക്കീല്‍ കൂടി – ടി യോഗത്തിന് പോയിരുന്നതായും – യോഗാംഗങ്ങളില്‍ ടി വക്കീലിനെക്കുറിച്ചും ഉദ്ദേശത്തെക്കുറിച്ചും മനസ്സിലായിരുന്നവര്‍ വക്കീല്‍ പ്രസംഗിപ്പാന്‍ ആഗ്രഹിച്ചപ്പോള്‍ മാര്‍തോമ്മാക്കാരന് ഞങ്ങളുടെ യോഗത്തില്‍ യാതൊരു പങ്കും അര്‍ഹതയുമില്ലെന്നു പറഞ്ഞ് അദ്ദേഹത്തെ യോഗത്തില്‍ നിന്ന് പുറത്താക്കിയതായിട്ടുമാണ് എനിക്കു കിട്ടിയിട്ടുളള അറിവ്…’ എന്നാണ് പ. വട്ടശ്ശേരില്‍ തിരുമേനിയുടെ മൊഴിയിലെ പ്രസക്തഭാഗം.

വട്ടിപ്പണക്കേസ് വിധിയുടെ സമാന പ്രത്യാഘാതമാണ് 2017 ജൂലൈ 3-ലെ സുപ്രീം കോടതി വിധിയും തുടര്‍ വിധികളും സമ്മാനിച്ചത്. സമീപകാലത്തെ കട്ടച്ചിറ പള്ളി വിധി ‘മൗലികാവകാശം’ പോലെയുള്ള മുട്ടാപ്പോക്കു ന്യായങ്ങള്‍ ഉയര്‍ത്താനുള്ള അവസരവും ഇല്ലാതാക്കി. ഈ പശ്ചാത്തലത്തിലാണ് അഭിനവ ഇട്ടിച്ചെറിയാമാര്‍ പുതിയ നിയമ വീജ്ഞനീയ വ്യാഖ്യാനങ്ങളും ‘പ്രിന്റേഴ്‌സ് ആക്ട്‘ പോലുള്ള വകുപ്പുകളുമായി പുതിയ വ്യവഹാരങ്ങള്‍ സൃഷ്ടിക്കാന്‍ തുനിയുന്നത്.

ജ. കെ. റ്റി. തോമസിൻ്റെ മണര്‍കാട് പ്രസംഗവും അതിനെപ്പറ്റി അഡ്വ. സജി. കെ. ഇട്ടന്റെ പ്രതികരണവും തൊണ്ണൂറു വര്‍ഷം മുമ്പ് മറ്റൊരു മാര്‍ത്തോമ്മാക്കാരനായ വി.എം. ഇട്ടിച്ചെറിയ വക്കീല്‍ നടത്തിയ പരാക്രമങ്ങളേപ്പറ്റിയുള്ള ഇസഡ്. എം. പാറേട്ടിന്റെ ദൃക്‌സാക്ഷി വിവരണവും കൂട്ടി വായിക്കുമ്പോള്‍ ചരിത്രത്തിന്റെ ഒരു തനിയാവര്‍ത്തനം ദര്‍ശിക്കുന്നതില്‍ അസ്വഭാവികതയൊന്നുമില്ല. അന്ന് മൂവായിരം രൂപയോളം പാട്ടം ലഭിയ്ക്കുന്ന ഒരു ആനയടക്കം മുതലുകള്‍ സ്വന്തമായുണ്ടായിരുന്ന വല്യപാറേട്ട് കൊച്ചുമാത്തുവിൻ്റെ സീമന്തപുത്രന്‍ മാത്യൂസ് കത്തനാര്‍ കേവലം മൂന്നു രൂപ ആറു ചക്രം പുതുപ്പള്ളി പള്ളിയില്‍നിന്നു മോഷ്ടിച്ചു എന്ന് ചെങ്ങനാശ്ശേരി കോടതിയില്‍ നേരിട്ടു ഹാജരായി വാദിക്കുവേണ്ടി അന്യായം സമര്‍പ്പിച്ച ഇട്ടിച്ചെറിയാ വക്കിലീന്റെ പ്രാഥമികലക്ഷ്യം മനസിലാക്കാം. ധനതൃഷ്ണ. പക്ഷേ 1889-ല്‍ തിരുവിതാംകൂര്‍ റോയല്‍ കോടതി വിധിയോടെ മലങ്കര അടക്കി ഭരിക്കാമെന്ന മോഹം അസ്തമിച്ച പാലക്കുന്നത്തു തോമസ് മാര്‍ അത്താനാസ്യോസ് സ്ഥാപിച്ച നവീകരണ സുറിയാനി സഭ – പിന്നീട് മലങ്കര മാര്‍ത്തോമ്മാസഭ എന്നു പുനര്‍നാമകരണം ചെയ്തു. – യഥാര്‍ത്ഥ നസ്രാണി പരിഷയാണന്നു സ്ഥാപിക്കാനുള്ള വ്യഗ്രത ഇന്നും ആ സഭയില്‍പ്പെട്ട ചില വക്കീലന്മാര്‍ക്കു തുടരുന്നു എന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. കാക്ക, എത്ര കുളിച്ചാലും കൊക്കാകില്ലന്നു നിയമ വിജ്ഞാനനീയത്തിനു പുതിയ വ്യാഖ്യാനം നല്‍കുന്നവര്‍ക്ക് അറിയാത്തതൊന്നുമല്ല. നസ്രാണിയുടെ പണം ഒരുപക്ഷേ കനത്ത വക്കീല്‍/നിയമോപദേശ ഫീസായി കീശയില്‍ വീഴുമെങ്കിലും ‘ശത്രുവിന്റെ ശത്രുവിനെ‘ കൂട്ടുപിടിച്ച് നസ്രാണിയെ കൊമ്പുകുത്തിക്കാമെന്ന സ്വപ്നം വെറും വ്യാമോഹം മാത്രമാണ് എന്ന് കാലം തെളിയിച്ചതാണ്. ഇനിയും തെളിയിക്കും.

പരസ്യമായി എന്തു പറഞ്ഞാലും മലങ്കര മാര്‍ത്തോമ്മാ സഭ എന്നും പരോക്ഷമായി അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. 1889-ല്‍ തങ്ങളുടെ സഭാ സ്ഥാപകന്‍ പാലക്കുന്നത്ത് മാര്‍ തോമസ് അത്താനാസ്യോസിനെ കോടതിവഴി ‘വടിയും മുടിയും വെപ്പിച്ച്‘ കീഴടക്കിയ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ നിയമാനുസൃത പിന്‍ഗാമി പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുമാണന്ന സത്യം. അതുതന്നെയാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി തങ്ങളെ പുറംതള്ളിയ – തങ്ങള്‍ തള്ളിപ്പറഞ്ഞ – അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനോട് വിധേയത്വം പ്രഖ്യാപിച്ചുപോലും ഓര്‍ത്തഡോക്‌സ് സഭയെ തകര്‍ക്കാന്‍ അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്നതിന്റെ പിന്നിലെ ചേതോവികാരം. സ്ഥാപനകാലംമുതല്‍ സത്വപ്രതിസന്ധിയില്‍ ഉഴലുന്ന മലങ്കര മാര്‍ത്തോമ്മാ സഭയുടെ ആ പ്രതിസന്ധിക്ക് ആക്കം കൂട്ടാനല്ലാതെ മലങ്കര സഭയെ തകര്‍ക്കുക എന്ന ലക്ഷ്യപ്രാപ്തിക്ക് ഈ നവീന സഖ്യം ഉപകരിക്കുന്നില്ലന്നത് യാഥാര്‍ത്ഥ്യവും. ഒപ്പം സായിപ്പിന്റെയും പിന്നീട് ഇപ്പോള്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെയും വിധേയത്വം സ്വയം ഏറ്റുവാങ്ങിയവര്‍ക്ക് ‘ഇന്ത്യയുടെ ദേശീയസഭ‘ എന്ന അംഗീകീരം ലഭിക്കുമെന്നത് വെറും വ്യാമോഹവും.

ചര്‍ച്ച് ആക്ടും കുമ്പസാരവും കുര്‍ബാന സ്വീകരണവും ഒരുപക്ഷേ കേരളത്തിലെ ക്രിസ്ത്യാനി മറന്നേക്കും പക്ഷേ തലയ്ക്കു മുകളില്‍ വെള്ളം പൊങ്ങുമ്പോള്‍ നസ്രാണിയടക്കം മദ്ധ്യകേരളത്തിലെ ജനം മുഴുവന്‍ മുല്ലപ്പെരിയാര്‍ ഓർക്കും. ആ അന്ത്യനിമിഷത്തില്‍ അവന്‍ ശപിക്കുകയാണെങ്കില്‍ ആ ശാപം മുഴുവന്‍ ചെന്നുവീഴുക കേരളത്തെ ചതിച്ച തലയിലാണ്. ദൈവഭയം ഉള്ള ഒരു മനുഷ്യനും ആഗ്രഹിക്കാത്ത ഒന്ന്. അതും നസ്രാണി ചരിത്രത്തിന്റെ ഈ ചാക്രിക ചലനവുമായി ബന്ധമൊന്നുമില്ല.

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 26 October 2018)

ജ. കെ. റ്റി. തോമസിന്‍റെ ചര്‍ച്ച് ആക്ട് ലേഖനവും മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും

error: Thank you for visiting : www.ovsonline.in