പൗരോഹിത്യം അലങ്കാരമാകരുത്: പരിശുദ്ധ കാതോലിക്കാ ബാവാ
ബെംഗളൂരു :- പൗരോഹിത്യം അലങ്കാരമാകരുതെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് സഭ ബാഹ്യകേരള വൈദികസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദികർ എല്ലാവരെയും തുല്യമായി കാണുകയും പ്രാർഥന ജീവിതത്തിന്റെ ഭാഗമാക്കുകയും വേണം. മലങ്കരസഭയ്ക്കായി ഉത്തരവാദിത്തങ്ങൾ സ്വീകരിക്കാനും വെല്ലുവിളികൾ ഏറ്റെടുക്കാനും അദ്ദേഹം വൈദികരെ ആഹ്വാനം ചെയ്തു. മനസ്സിന്റെ വളർച്ച പരിമിതപ്പെടുമ്പോൾ അതിർവരമ്പുകൾ ലംഘിക്കാൻ പ്രയാസം നേരിടുമെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ജോൺ വർഗീസ് പറഞ്ഞു.
രാവിലെ നടന്ന പ്രതിനിധി സമ്മേളനം മുംബൈ ഭദ്രാസനാധ്യക്ഷൻ ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. ഫാ. ഫിലിപ് കുരുവിള ക്ലാസുകൾക്കു നേതൃത്വം നൽകി. കാതോലിക്കാ ബാവായുടെ എഴുപതാം ജന്മദിനവും ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ഏഴു ഭദ്രാസനങ്ങളിലെ മെത്രാപ്പൊലീത്തമാർ അർബുദ രോഗികൾക്കു ചികിൽസാ സഹായം വിതരണം ചെയ്തു. കോറമംഗല സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മൂന്നു ദിവസത്തെ വൈദിക സംഗമത്തിൽ വിവിധ ഭദ്രാസനങ്ങളിൽ നിന്നായി ഇരുനൂറ്റൻപതിലേറെ വൈദികർ പങ്കെടുക്കുന്നു.
രണ്ടാം ദിവസമായ ഇന്നു സൗഖ്യ ആശുപത്രി ഡയറക്ടർ ഡോ. ഐസക് മത്തായി നൂറനാൽ, മദ്രാസ് ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമത്രിയോസ്, കൊൽക്കത്ത ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ബ്രഹ്മോർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്, ഫാ. ഏബ്രഹാം തോമസ്, ജയകുമാർ ജെറോം എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.