ചെറായി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ ഗൂഢശ്രമമെന്നു പരാതി
വൈപ്പിൻ :- ചെറായി സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ ഗൂഢശ്രമമെന്നു പരാതി. ഇതിനായി വ്യാജപേരിൽ കരം അടയ്ക്കുകയും സ്ഥലത്തിന്റെ കൈവശാവകാശം ചക്കരക്കടവ് വലിയപള്ളി ട്രസ്റ്റിനാണെന്ന പേരിൽ വില്ലേജ് അധികൃതർ നിയമവിരുദ്ധമായി രേഖ നൽകുകയും ചെയ്തതായി പള്ളി വികാരി ഫാ.ഗിവർഗീസ് ബേബി തഹസിൽദാർക്ക് പരാതി നൽകി. വിവരാവകാശ നിയമപ്രകാരമാണ് ഇതു സംബന്ധിച്ച രേഖകൾ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പള്ളി വളപ്പിലുള്ള എൻ.പി. കുര്യൻ മെമ്മോറിയൽ ഹാളിന് ചക്കരക്കടവ് വലിയപള്ളി ട്രസ്റ്റിന്റെ പേരിലാണ് പഞ്ചായത്ത് നമ്പർ നൽകിയിരിക്കുന്നതെന്നും ഈ പേരിൽ കരമടച്ചതിന്റെ രസീതിന്റെ കോപ്പി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മഹാരാജാവായിരുന്ന ശക്തൻ തമ്പുരാൻ ചെറായി പുത്തൻകൂറ്റു നസ്രാണികൾക്ക് നൽകിയതാണ് പള്ളിഭൂമി. ഈ സ്ഥലത്ത് ഒരു സ്വകാര്യവ്യക്തി സംഭാവനയായി നൽകിയ പണം ഉപയോഗിച്ചാണു ഹാൾ നിർമിച്ചിട്ടുള്ളത്.
2011–ലാണ് ചക്കരക്കടവ് വലിയപള്ളി ട്രസ്റ്റ് എന്ന പേരിൽ കരം തീർത്തിരിക്കുന്നതിന്റെ രസീതും മറ്റും പള്ളിപ്പുറം വില്ലേജ് ഓഫിസിൽ നിന്നു നൽകിയിരിക്കുന്നതെന്നു വികാരി പറഞ്ഞു. എന്നാൽ, ഈ സർവേ നമ്പറിലുള്ള രേഖയിലോ കൈവശാവകാശ രേഖയിൽ കാണുന്ന നമ്പറിലോ അല്ല കെട്ടിടം നിർമിച്ചിരിക്കുന്നത്. ഇത്തരത്തിൽ ട്രസ്റ്റ് രൂപീകരിച്ചത് ആരാണെന്ന് അറിയില്ലെന്നും വികാരി പറഞ്ഞു. നാലുവർഷം മുമ്പ് പള്ളി മാനേജിങ് കമ്മിറ്റി എന്ന വ്യാജേന ചെറായി സെന്റ് മേരീസ് ജാക്കബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റ് എന്ന പേരിൽ ട്രസ്റ്റ് രൂപീകരിക്കുകയും പള്ളിയുടെ അക്കൗണ്ട് അതിലേക്ക് മാറ്റുകയും ചെയ്ത സംഭവം ഉണ്ടായതായി വികാരി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ടു കേസ് കോടതിയിലെത്തുകയും 11 പേർ പ്രതികളാകുകയും ചെയ്തു. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്. വില്ലേജ്-പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ നീക്കങ്ങളെല്ലാം നടന്നിരിക്കുന്നതെന്നാണ് സൂചനയെന്നും ഈ സാഹചര്യത്തിലാണു തഹസിൽദാർക്കു പരാതി നൽകിയതെന്നും ഫാ.ഗിവർഗീസ് ബേബി അറിയിച്ചു.