ചെന്നൈ മേഖലകളിലെ ദേവാലയങ്ങളില്‍ ഓര്‍മ്മപ്പെരുന്നാൾ
പുഴുതിവാക്കം സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളി
ചെന്നൈ:- പുഴുതിവാക്കം സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാൾ കൊടിയേറ്റ് വികാരി ഫാ. എം.പി.ജേക്കബ് നിർവഹിച്ചു. പെരുന്നാളിന്‍റെ ആദ്യ ദിനമായ രണ്ടിന് വൈകിട്ട് 5.30-ന് സന്ധ്യാ നമസ്കാരം, ഏഴിന് കീഴ്ക്കട്ടലൈ കുരിശടിയിൽ നിന്നു പള്ളിയിലേക്കു റാസ ആരംഭിക്കും. 8.30-ന് വാഴ്‌വ്, കൈമുത്ത്, സ്നേഹ വിരുന്ന് എന്നിവ നടക്കും. മൂന്നിന് രാവിലെ ഏഴിന് പ്രഭാത നമസ്കാരം.എട്ടിന് നടക്കുന്ന കുർബാനയ്ക്കു കോട്ടയം പഴയ സെമിനാരിയിലെ യൂഹാനോൻ റമ്പാൻ മുഖ്യകാർമിത്വം വഹിക്കും. കുർബാനയ്ക്കു ശേഷം പ്രദക്ഷിണം, വാഴ്‌വ്, കൈമുത്ത്, നേർച്ച വിളമ്പ്, വിദ്യാർഥികൾക്കുളള പുരസ്കാര ദാനം, 11.30-ന് ആദ്യഫല ലേലം, ഒന്നിന് സ്നേഹ വിരുന്ന് തുടങ്ങിയവ നടക്കും. വികാരിയെ കൂടാതെ പെരുന്നാൾ കൺവീനർ പി.എം. ജോൺ, ഇടവക സെക്രട്ടറി കെ. എം മാത്യു, കൈസ്ഥാനികളായ ജോളി പീറ്റർ, പി.ഒ.ജോൺ എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.
ബ്രോഡ്‌വേ സെന്‍റ് തോമസ് കത്തീഡ്രലിൽ ഓർമപ്പെരുന്നാൾ
ചെന്നൈ :- ബ്രോഡ്‌വേ സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ മാർത്തോമ്മാ ശ്ലീഹായുടെ ഓർമപ്പെരുന്നാൾ കൊടിയേറി. രണ്ട്, മൂന്ന് തീയതികളിലെ പെരുന്നാൾ ചടങ്ങുകൾക്കു കണ്ടനാട് ഇൗസ്റ്റ് ഭദ്രാസനാധ്യക്ഷൻ ഡോ. തോമസ് മാർ അത്തനാസിയോസ് നേതൃത്വം നൽകും. രണ്ടിനു വൈകിട്ട് ആറിനു മാർ അത്തനാസിയോസിനു സ്വീകരണം, 6.30നു സന്ധ്യാപ്രാർഥന, 7.30നു സുവിശേഷ പ്രസംഗം, എട്ടിനു പെരുന്നാൾ റാസ, ശ്ലൈഹിക വാഴ്‌വ്, കൈമുത്ത്, അത്താഴസദ്യ എന്നിവ നടക്കും.മൂന്നിന് രാവിലെ ഏഴിനു പ്രഭാത നമസ്കാരം, എട്ടിനു മാർ അത്തനാസിയോസിന്റെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്‌വ് എന്നിവ നടക്കും. തുടർന്നു പൊതുസമ്മേളനത്തിൽ പത്ത്, 12 ക്ലാസുകളിൽ ഉയർന്ന മാർക്കു വാങ്ങിയ വിദ്യാർഥികളെ ആദരിക്കും. നേർച്ചവിളമ്പും കൊടിയിറക്കും നടക്കും. വികാരി ഫാ. അജി കെ.വർഗീസ്, സഹവികാരിമാരായ ഫാ. ബിജു മാത്യൂസ്, ഫാ. പി.ജെ.മാത്യു, കൈക്കാരന്മാരായ പി.എം.ജോർജ്കുട്ടി, മോഹൻ ഫിലിപ്, സെക്രട്ടറി രാജീവ് ജോർജ് എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.
കോയമ്പേട് സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് പള്ളി പെരുന്നാൾ
ചെന്നൈ :- കോയമ്പേട് സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ പത്രോസ്–പൗലോസ് ശ്ലീഹമാരുടെയും മാർത്തോമ്മാ ശ്ലീഹായുടെയും സംയുക്ത പെരുന്നാൾ കൊടിയേറി. ഇതോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന കൺവൻഷൻ 30ന് വൈകിട്ട് 6.15ന് ഫാ.വർഗീസ് ജോൺ ഉദ്ഘാടനം ചെയ്യും. സെലക്സ്റ്റിയൽ വോയ്സസ് ഗായക സംഘം ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകും. ഫാ. സി.ടി.രാജൻ നല്ലില വചനശുശ്രൂഷ നിർവഹിക്കും. ഒന്നിനു വൈകിട്ട് 6.15നു സന്ധ്യാനമസ്കാരവും തുടർന്നു കൺവൻഷൻ പ്രസംഗവും. രണ്ടിന് വൈകിട്ട് 5.30നു തിരുവനന്തപുരം ഭദ്രാസനാധ്യക്ഷൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന് സ്വീകരണം നൽകും. തുടർന്നു സന്ധ്യാനമസ്കാരവും മാർ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിൽ വചന ശുശ്രൂഷയും. റാസ, ശ്ലൈഹീക വാഴ്‌വ്, കൈമുത്ത്, നേർച്ച വിളമ്പ് എന്നിവയുമുണ്ടാകും. മൂന്നിനു രാവിലെ 6.30നു പ്രഭാത നമസ്കാരം, മാർ ഗ്രിഗോറിയോസിന്റെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. തുടർന്നുള്ള യോഗത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാര ദാനം, ഭവന നിർമാണ പദ്ധതി പ്രകാരമുളള താക്കോൽ ദാനം, കൈമുത്ത്, നേർച്ചവിളമ്പ്. പെരുന്നാൾ നടത്തിപ്പിനു വികാരി ഫാ. ഏബ്രഹാം ജേക്കബ്, അസി. വികാരി ഫാ. അജി മാത്യു, ട്രസ്റ്റി സി.എസ്.ജോൺ, സെക്രട്ടറി സജി വർഗീസ് എന്നിവർ നേതൃത്വം നൽകും.