യുവജനപ്രസ്ഥാനം 80-മത് അന്തര്‍ദ്ദേശീയ സമ്മേളനം അഹമ്മദാബാദില്‍
ഗുജറാത്ത്/കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ യുവജന ആത്മീയ സംഘടനയായ പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്‍റെ 80-മത് അന്തര്‍ദ്ദേശീയ വാര്‍ഷിക സമ്മേളനം അഹമ്മദാബാദില്‍ നടക്കും. അഹമ്മദാബാദ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ ആഥിധേയത്വത്തില്‍ ഭദ്രാസന ആസ്ഥാനമായ നറോഡയിലെ സഭാ ജ്യോതിസ് പുലിക്കോട്ടില്‍ മാര്‍ ദിവാന്നാസ്യോസ് ഒന്നാമന്‍ നഗറില്‍ ആരംഭിക്കുന്ന ത്രിദിന സമ്മേളനത്തിന് സെപ്റ്റംബര്‍ 30-ന് തിരിതെളിയും.’നിശ്ശബ്ദതയുടെ സൗന്ദര്യം’എന്നതാണ് ഈ വര്‍ഷത്തെ സമ്മേളന ചിന്താവിഷയം.
ഒക്ടോബര്‍ 2-ന് വരെ നടത്തപ്പെടുന്ന സമ്മേളനത്തില്‍ പരിശുദ്ധ സഭയുടെ മെത്രാപ്പോലീത്തമാര്‍, സാമൂഹിക-സംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ക്ലാസുകളും മറ്റു പരിപാടികളും നയിക്കും.യുവജപ്രസ്ഥാനം അധ്യക്ഷന്‍ യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത, ഉപാദ്ധ്യക്ഷന്‍ ഫാ.ഫിലിപ്പ് തരകന്‍, എക്സിക്യൂട്ടീവ്-കേന്ദ്ര കമ്മിറ്റി എന്നിവർ ഏകോപിപ്പിക്കുന്ന സമ്മേളനത്തിന്‍റെ വിജയത്തിനായി അഹമ്മദാബാദ് ഭദ്രാസന അധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.