OVS - Latest NewsOVS-Pravasi News

മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അഭിമാനമായി മെല്‍ബണില്‍ രണ്ടാമത്തെ ദേവാലയം…

മെല്‍ബണ്‍ ∙ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മെല്‍ബണിലെ വിശ്വാസി സമൂഹത്തിന് ഇതു അഭിമാനത്തിന്‍റെ സുവര്‍ണ്ണ നിമിഷങ്ങള്‍. ദൈവകൃപയുടെയും വിശ്വാസികളുടെ ഒരു മനസ്സോടെയുളള അദ്ധ്വാനത്തിന്‍റെയും ഫലമായി സഭയുടെ രണ്ടാമത്തെ ദേവാലയം പണി പൂര്‍ത്തിയായി കൂദാശയ്ക്കായി ഒരുങ്ങുന്നു.

മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചാപ്പല്‍ 2015 നവംബര്‍ 20, 21 തീയതികളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനുമായ അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, കൊച്ചി ഭദ്രാസനാധിപന്‍ അഭി. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് എന്നീ മെത്രാപ്പോലീത്തമാരുടെ സഹകാര്‍മ്മികത്വത്തിലും കൂദാശ ചെയ്യപ്പെടും. 1970-കളില്‍ മെല്‍ബണിലേക്കു കുടിയേറിയ ഒരുപറ്റം വിശ്വാസികളുടെ ശ്രമഫലമായും സ്ഥാപക വികാരി യശ്ശഃശരീരനായ ഫാ. പി. കെ. സ്കറിയായുടെ പ്രാര്‍ഥനാ പൂര്‍വ്വമായ നേതൃത്വത്തിന്‍റെയും ഫലമായി മെല്‍ബണ്‍ സിറ്റിയില്‍ നിന്നു 7 കിലോമീറ്റര്‍ തെക്ക് കോര്‍ബര്‍ഗീല്‍ 1994 ഡിസംബറില്‍ സഭയ്ക്ക് വിശുദ്ധ ദൈവ മാതാവിന്‍റെ നാമത്തില്‍, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്ന പേരില്‍ ആദ്യ ദേവാലയം സ്വന്തമായി. 2011 മെയ് മാസത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ ഇടവകയെ കത്തീഡ്രല്‍ ആയി ഉയര്‍ത്തി. വിശ്വാസികളുടെ അംഗ സംഖ്യ ഗണ്യമായി വര്‍ദ്ധിച്ചതിന്‍റെ ഫലമായി കോബര്‍ഗ് സെന്റ് മേരീസ് കത്തീഡ്രലിന്‍റെ സ്ഥല പരിമിതിയും മെല്‍ബണിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരാനുളള ദൂര ദൈര്‍ഘ്യവും, ആരാധനാ സൗകര്യത്തെ സാരമായി ബാധിച്ചു. മെല്‍ബണിന്‍റെ തെക്ക് – കിഴക്കന്‍ പ്രവിശ്യകളില്‍ താമസിക്കുന്ന വിശ്വാസികള്‍ക്കായി ആ പ്രദേശത്ത് ഒരു ആരാധനാ സൗകര്യം വേണമെന്ന് ചിന്ത പ്രബലമായി.

2011 ഒക്ടോബറില്‍ ഇടവക പൊതുയോഗത്തിന്‍റെ തീരുമാനപ്രകാരം, ഇടവക മെത്രാപ്പോലീത്തയുടെ അനുമതിയോടെ സെന്റ് ഗ്രീഗോറിയോസ് ചാപ്പല്‍ രൂപീകരിച്ച് ഡാന്‍ഡിനോങ്ങ് കേന്ദ്രീകരിച്ച് വി. കുര്‍ബാന ആരംഭിച്ചു. 2011 -ല്‍ രൂപീകരിക്കപ്പെട്ട ഡെവലപ്മെന്റ് കമ്മിറ്റി ഇടവകയുടെ മൂന്ന് പ്രധാന ആവശ്യങ്ങള്‍ ക്രോഡീകരിച്ചു പൊതുയോഗത്തിന് സമര്‍പ്പിച്ചു. (1) സ്ഥല പരിമിതിയുളള കോബര്‍ഗ് സെന്റ് മേരീസ് കത്തീഡ്രലിന്‍റെ വിപുലീകരണം. (2) തെക്ക് – കിഴക്കന്‍ പ്രവിശ്യകളില്‍ എവിടെയെങ്കിലും ഒരു ദേവാലയം നിര്‍മ്മിക്കാനുളള ഭൂമി സ്വന്തമാക്കുക (3) പ്രസ്തുത സ്ഥലത്തു ഒരു ആരാധനാലയം നിര്‍മ്മിക്കുക. ഇടവക പൊതുയോഗം അംഗീകരിച്ച ഈ ത്രിതല പദ്ധതി സമയബന്ധിതമായി നടപ്പാക്കുക എന്ന കടുത്ത വെല്ലുവിളി വിശ്വാസി സമൂഹം സന്തോഷത്തോടെ ഏറ്റെടുത്തു. ശ്രദ്ധാപൂര്‍വവും സൂക്ഷ്മവുമായ അന്വേഷണത്തിന്‍റെ ഫലമായി 2012 ഡിസംബറില്‍ സൗത്ത് ക്ലെയ്റ്റണിലെ ഹെതര്‍റ്റണ്‍ റോഡില്‍ പുതിയ ചാപ്പലിന് അനുയോജ്യമായ ഒരേക്കര്‍ ഭൂമിയും അതിലുളള ഇരുനില വീടും വിലയ്ക്കു വാങ്ങി. 2015 ജനുവരിയില്‍ ക്ലെയ്റ്റണില്‍ പുതിയ ചാപ്പലിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ലളിതമായി, പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ബാഹ്യരൂപവും ഓര്‍ത്തഡോക്സ് ആരാധന പാരമ്പര്യത്തിന് അനുയോജ്യമായ ഉള്‍ഭാഗവുമാണ് രൂപകല്പന ചെയ്തത്. 2015 ഒക്ടോബറില്‍ ദേവാലയ നിര്‍മാണം പൂര്‍ത്തീകരിക്കപ്പെട്ട് കൂദാശയ്ക്കായി ഒരുങ്ങി നില്‍ക്കുന്നു.

2011 മുതല്‍ ത്രിതല പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന ഇടവക ഡെവലപ്മെന്റ് കമ്മിറ്റി പ്രസിഡന്റ് വികാരി റവ. ഫാ. ഷിനു കെ. തോമസ്, അസി. വികാരി റവ. ഫാ. ഫെര്‍ഡിനാന്റ് പത്രോസ്, കണ്‍വീനര്‍ സി. ഒ. തോമസ്, ട്രഷറര്‍ സക്കറിയ ചെറിയാന്‍, സെക്രട്ടറി അനൂപ് ഇടിച്ചാണ്ടി, ചാപ്പല്‍ നിര്‍മ്മാണ കോര്‍ഡിനേറ്റര്‍ ഷാജു സൈമണ്‍, മെമ്പര്‍ അലക്സാണ്ടര്‍ ജോണ്‍ എന്നിവര്‍ പ്രത്യേക കൃതജ്ഞത അര്‍ഹിക്കുന്നു. അതാത് സമയങ്ങളിലെ മാനേജിംഗ് കമ്മിറ്റികള്‍ ഈ പദ്ധതികള്‍ക്ക് നിസ്വാര്‍ത്ഥമായ പിന്തുണ നല്‍കി. 2.5 മില്യണില്‍ പരം ഡോളര്‍ ചെലവില്‍ പൂര്‍ത്തിയാക്കപ്പെട്ട ഈ പദ്ധതികള്‍ക്ക് സ്വപ്ന സമാനമായ പരിസമാപ്തിയുണ്ടായത് ദൈവകൃപ ഒന്നു കൊണ്ട് മാത്രമാണ്. എല്ലാ വിശ്വാസികളെയും കൂദാശ കര്‍മ്മങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 03 9383 7944…

error: Thank you for visiting : www.ovsonline.in