OVS - ArticlesTrue Faith

വിശുദ്ധ കുര്‍ബാന

വിശുദ്ധ കുര്‍ബാനയുടെ ഒരുക്കം
ഓര്‍ത്തഡോക്‍സ്‌ വിശ്വാസത്തില്‍ഒരു ദിനം ആരംഭിക്കുന്നത് രാത്രി മുതല്‍ അല്ല, പ്രത്യുത സന്ധ്യ മുതല്‍ ആണ് (സന്ധ്യ മുതല്‍ സന്ധ്യ വരെ). അപ്രകാരം വി. കുര്‍ബാനയുടെ ഒരുക്കവും സന്ധ്യ മുതല്‍ ആരംഭിക്കുന്നു. വി. കുമ്പസാരവും ഏഴു നേരത്തെ യാമപ്രാര്‍ഥനകളും കല്പിക്കപെട്ട പ്രാര്‍ത്ഥനകളും നടത്തിയിട്ട് വേണം വിശ്വാസികള്‍ വി. കുര്‍ബാനയില്‍ സംബന്‍ധിക്കാവൂ എന്ന് പരിശുദ്ധസഭ നിഷ്കര്‍ശിക്കുന്നു. പൌരസ്ത്യ ഓര്‍ത്തഡോക്‍സ്‌ ആശ്രമങ്ങളില്‍ സന്‍ധ്യാനമാസ്കാരത്തിന്‍ ശേഷം ആരും പരസ്പരം സംസാരിക്കുക കൂടി ഇല്ല. അത്രയേറെ പ്രാധാന്യത്തോടെ ആണ് വി.കുര്‍ബാനയ്ക്ക് ഒരുങ്ങേണ്ടത്. ഇത്രയും ഒരുക്കത്തിന്‍ ശേഷം പട്ടക്കാരന്‍റെ കരങ്ങളാല്‍ “ഹൂസോയോ” എന്ന പാപപരിഹാര പ്രാര്‍ത്ഥനയും കുര്‍ബാന സ്വീകരിക്കുന്ന വിശ്വാസികള്‍ പ്രാപിക്കേണ്ടതാകുന്നു. നമസ്കാരങ്ങള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം വചനശ്രുശ്രൂഷയും സുദീര്‍ഘമായ അനുതാപപ്രാര്‍ഥനകള്‍ക്കും (പ്രോമിയോന്‍, ഹൂസോയോ, സെദറാ) ശേഷം മാത്രമാണ് വി. കുര്‍ബാന ആരംഭിക്കുന്നത്.

പൌരസ്ത്യ ഓര്‍ത്തഡോക്‍സ്‌ സഭകളിലെ വി. കുര്‍ബാനയെ മൂന്നുഭാഗങ്ങളായി തിരിക്കാം: തൂയോബോ (ഒരുക്ക ശ്രുശ്രൂഷ – Prothesis), പരസ്യ ശ്രുശ്രൂഷ, കൃതജ്ഞതാ ശ്രുശ്രൂഷ (post communion).

തൂയോബോ (ഒരുക്ക ശ്രുശ്രൂഷ) – Prothesis
വിശ്വാസികള്‍ പള്ളിയകത്തെ പ്രാകാരത്തില്‍നിന്നു നമസ്കരിക്കുമ്പോള്‍ പുരോഹിതസ്ഥാനി വി.മദ്ബഹായില്‍ കയറി നടത്തുന്ന ശ്രുശ്രൂഷ ആണ് തൂയോബോ. ഈ സമയം മദ്ബഹ തിരശീലയിട്ട് മൂടിയിരിക്കും. യേശുവിന്‍റെ ജനനത്തിനായി പ്രാര്‍ഥനയോടെ കാത്തിരുന്ന യഹൂദരേപോലെയാണ് വിശ്വാസികള്‍ പുറത്തു നിന്ന് പ്രാര്‍ത്ഥിക്കുന്നതും പുരോഹിതനകത്ത് ഒരുങ്ങുന്നതും. തൂയോബൊക്ക്‌ രണ്ടുക്രമം ഉണ്ട്:

1. മലക്കിസദേക്കിന്‍റെ ക്രമം. ഇവിടെ പുരോഹിതന്‍ ചിട്ടയായ പ്രാര്‍ഥനകളിലൂടെ അപ്പവീഞ്ഞുകളെ ത്രോണോസ്സിന്‍മേലായി (ബലിപീഠം) ക്രമപെടുത്തുന്നു. ഇവിടെ മാതാവിനോടും പരിശുധന്‍മാരോടും ഉള്ള മധ്യസ്ഥപ്രാര്‍ത്ഥനകളും അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും കുര്‍ബാനയില്‍ ഓര്‍ക്കേണ്ട ആളുകളെയും സര്‍വജനതക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ പ്രാര്‍ത്ഥനകളെല്ലാം പാപമോചനം യാചിക്കുന്നവയും അനുതാപപൂരിതവും ആണ്.

2. അഹരോന്‍റെ ക്രമം പുരോഹിതൻ അംശവസ്ത്രങ്ങൾ ധരിച്ചുകൊണ്ട് പഴയ നിയമ യാഗങ്ങളുടെ പൂര്‍ത്തീകരണം ആണ് വിശുദ്ധ കുര്‍ബാന എന്നതിന്‍റെ സൂചകമായി ഈ ശുശ്രൂഷ നടത്തുന്നു.

തൂയോബോക്ക് ശേഷം വി. കുര്‍ബാന പരസ്യമായി ആരംഭിക്കുന്നതിനു മുന്നമായി പഴയനിയമ വായന ക്രമീകരിച്ചിരിക്കുന്നു. ഇത് പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണം ആണ് പുതിയനിയമം എന്നും, പഴയനിയമം ഇല്ലാതെ പുതിയനിയമം ഇല്ലെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം ക്രിസ്തുവിന്‍റെ ജനനം കാത്തിരുന്ന യിസ്രായേലുകാരുടെ അവസ്ഥയും നമ്മെ ധ്യാനിപ്പിക്കുന്നു.

പരസ്യാരധന (The Public Rite)
പരസ്യാരധന എന്ന വി. കുര്‍ബാനയുടെ രണ്ടാം ഭാഗത്തെ വീണ്ടും രണ്ടു ഭാഗങ്ങള്‍ ആയി തിരിക്കാം: പൊതുവായുള്ള പരസ്യാരാധനയും അനഫോറയും. പരസ്യാരാധന ആരംഭിക്കുന്നത് “നിന്നെ പ്രസവിച്ച മറിയാമും….” എന്നാണ്, അപ്പോള്‍ മറ നീക്കുന്നു. ഇതിനു ഒരു അര്‍ഥം ഉണ്ട്. വി.മര്‍ത്തമറിയം അമ്മയുടെ ഉദരം ആകുന്ന മറവിടത്തില്‍നിന്നും ലോകത്തിലേക്ക്‌ (പുല്‍കുടിലില്‍) യേശു ജനിച്ചു വീണു. ആ സമയം മദ്ബഹ പുല്‍കൂടിനെയും ത്രോണോസില്‍ ജാതംചെയ്ത ക്രിസ്തുവിന്‍റെ സാന്നധ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അതിനാല്‍, കാഴ്ചകള്‍ അര്‍പ്പിച്ചു വണങ്ങിയ വിദ്വാന്‍മാരെ പോലെ പുരോഹിതന്‍ ധൂപം അര്‍പ്പിച്ചു ബലിപീഠം ചുറ്റി നാല്കോണുകളും ചുംബിക്കുന്നു. പുരോഹിതന്‍റെ മുന്നിലും പുറകിലും ചിറകടിക്കുന്ന മാലാഖമാരെ പോലെ മരുവഹ്സാകള്‍ (ഓര്‍ത്തഡോക്‍സ്‌ ആരാധനയില്‍ ഉപയോഗിക്കുന്ന മാലാഖമാരുടെ രൂപം കൊത്തിയ മണികളോട് കൂടിയ കിലുക്കുന്ന ഒരു ഉപകരണം) പറന്നു ശബ്ദം ഉണ്ടാക്കുന്നു. പുരോഹിതന്‍റെ മുന്നില്‍ കത്തിയ മെഴുകുതിരി പിടിച്ചുകൊണ്ട് പോകുന്നു. അത് ഇടയരെ വഴികാണിച്ച വാനിലെതാരത്തെ സൂചിപ്പിക്കുന്നു. ഈ സമയം “നിന്‍ മാതാവ് വിശുദ്ധന്‍മാർ…..”എന്ന ഗാനം ആലപിക്കുന്നു. ഈ ഗാനത്തില്‍ യേശു ആരാണെന്നും എന്താണെന്നും എന്തിനുവേണ്ടി മനുഷ്യനായി എന്നുള്ളതും ഓര്‍ത്തു ധ്യാനിച്ച്‌ കൊണ്ട് ദൈവത്തോട് കൃപ യാചിക്കുന്നു. യേശുവിന്‍റെ ജനനം സര്‍വജനത്തിനും ആണെന്നുള്ളത്‌കൊണ്ട് എല്ലാവര്‍ക്കും ധൂപംവീശിയിട്ട് പുരോഹിതന്‍ ത്രൈശുദ്ധകീര്‍ത്തനത്തിലേക്ക് കടക്കുന്നു. ഇത് കര്‍ത്താവ്‌ ശുദ്ധനും ശക്തിമാനും മരണം ഇല്ലാത്തവനും ആണെന്ന എടുത്തുപറഞ്ഞു ദൈവത്തെ സ്തുതിക്കയും നമുക്കായി ക്രിസ്തു സഹിച്ച കഷ്ടതയും ക്രൂശുമരണവും ഓര്‍ത്തു ദൈവത്തോട് കരുണ യാചിക്കുകയും ചെയ്യുന്നു.

പൊതുവായുള്ള പരസ്യാരാധന (Rite of Catechumens)

ആദ്യം അപ്പോസ്തോലപ്രവര്‍ത്തികളില് നിന്നോ പൊതു ലേഖനത്തില്‍ നിന്നോ വായിക്കുന്നു. ഇത് ആദ്യം വചനം യഹൂദരോടരിയിച്ചതിനെ സൂചിപ്പിക്കുന്നു. പിന്നീട് പൌലോസ് ശ്ലീഹ എഴുതിയ ലേഖനം വായിക്കുന്നു. ഇത് ജാതികളോടു സുവിശേഷം അറിയിച്ചതിനെ ഒര്‍പ്പിക്കുന്നു. ശേഷം പുരോഹിതന്‍ ഏവന്‍ഗെലിയോന്‍ (സുവിശേഷം) വായിക്കുന്നു. സഭ ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ച് ക്രിസ്തുവിന്‍റെ ജീവിതത്തെ ആധാരമാക്കി ഓരോ ദിവസ്സവും വായിക്കേണ്ട വേദഭാഗങ്ങളെ വളരെ ചിട്ടയോടും ചേര്‍ച്ചയോടും കൂടെ ക്രമീകരിച്ചിരിക്കുന്നു. അതോടെ വചനശ്രുശ്രൂഷ അവസാനിക്കുന്നു. ശേഷം അനഫോറ ആരംഭിക്കുന്നതിനു മുന്‍പേ അവസാനഘട്ട ഒരുക്കം എന്നതുപോലെ പ്രോമിയോന്‍ (preface) വായിച്ച് ഹൂസോയോ (പാപപരിഹാര പ്രാര്‍ത്ഥന) ചൊല്ലി സെദറാ വായിക്കുന്നു. വളരെ ആഴമേറിയ അര്‍ത്ഥങ്ങളെ വഹിക്കുന്ന ഈ പ്രാര്‍ത്ഥനകള്‍ കരുണയും പാപമോചനവും നിത്യജീവനും യാചിക്കുന്നതും വാങ്ങിപോയവരെ ഓര്‍ക്കുന്നതും ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങളെ ചോദിച്ചുവാങ്ങുന്നതും ആകുന്നു. നിരയായുള്ള ഈ പ്രാര്‍ഥനകളുടെ അവസാനത്തിലായി ധൂപകുറ്റിവാഴ്വു (കര്‍ത്താവിന്‍റെ മാമൂദീസ). ഇവിടെ പിതാവിനെയും പുത്രനെയും പരിശുധാത്മാവിനെയും സ്തുതിക്കയും അവര്‍ മൂന്നു വ്യക്തികളും ഏകസാരാംശം ആണെന്നും നമ്മെ ചൂണ്ടികാണിക്കുകയും ചെയ്യുന്നു (ധൂപകുറ്റിയില്‍ പലതായി വെവേറെ ഉള്ള ചങ്ങലകളെ ക്രമമായി ചേര്‍ത്ത് പിടിച്ചു ഒന്നാക്കുന്നത് മൂലം ഇത് സാധിക്കുന്നു). ഒരേ സമയത്തുള്ള ത്രിത്വത്തിന്‍റെ സാന്നിധ്യത്തെ കാരണം ഇത് നമ്മെ കര്‍ത്താവിന്‍റെ മാമോദീസയെ ഒര്‍പ്പിക്കുന്നു. അവിടെ എല്ലാവരും ചേര്‍ന്ന് വിശ്വാസപ്രമാണം ഏറ്റുചൊല്ലുന്നു. ഇനിയുള്ള ആരാധന വിശ്വാസികള്‍ക്ക് മാത്രമുള്ളതാണ് അതിനാല്‍ അന്യരും അവിശ്വാസികളും പുറത്തുപോകൂ എന്ന മൌന ആഹ്വാനവുമായി ശ്രുശ്രൂഷക്കാരന്‍ ധൂപം വീശി പള്ളിയുടെ പടിഞ്ഞാറേ നട വരെ വരുന്നു. ഈ സമയം “യാചിക്കെണ്ടും സമയമിത..”എന്ന ഗാനം പാടുന്നു. പാട്ടിനെ അര്‍ത്ഥവത്താക്കി കൊണ്ട് പുരോഹിതന്‍ പേരുകള്‍ ഓര്‍ത്തു എല്ലാവര്‍ക്കും ആയി കരുണകളും പാപമോചനവും യാചിക്കുന്നു. “സ്തൌമെന്‍കാലൊസ്” (Let us stand well): ശ്രുശ്രൂഷക്കരന്‍റെ നല്ലവണ്ണം നില്‍ക്കുക വി. കുര്‍ബാന ആരംഭിക്കുന്നു എന്ന ആഹ്വാനത്തോടെ അനഫോറ ആരംഭിക്കുന്നു.

അനഫോറ (Anaphora / Rite of the Faithful)

“അനഫോറ” എന്ന ഗ്രീക്ക് വാക്കിന്‍റെ അര്‍ഥം “ഉയര്‍ത്തുക” (To lift up) എന്നാണ്. ഇതുവരെ നടന്നത് വി. കുര്‍ബാനക്കുള്ള ഒരുക്കം ആയിരുന്നതിനാല്‍ ഇവിടെ ആണ് വി. കുര്‍ബാന ആരംഭിക്കുന്നത്. മത്തായി 5:23,24; 6:12 വചനങ്ങളെ ആധാരമാക്കി പരസ്പരമുള്ള സമാധാനയാചനയോടെ അനഫോറ ആരംഭിക്കുന്നു. ദൈവം തരുന്ന സ്വര്‍ഗീയ സമാധാനം പുരോഹിതനിലൂടെ ജനങ്ങളില്‍ എത്തുന്നു. തുടര്‍ന്ന് വിശുദ്ധ രഹസ്യങ്ങളെ മറച്ചിരിക്കുന്ന ശോശപ്പ എടുത്തു ആഘോഷിച്ചു മാറ്റുന്നു. ഇത് സ്വര്‍ഗീയരഹസ്യങ്ങള്‍ വി. കുര്‍ബാനയിലൂടെ ഭൂമിയില്‍ വെളിപെടുന്നു എന്ന് സൂചിപ്പിക്കുന്നു. പിന്നീടു ത്രിത്വനാമത്തില്‍ ആശീര്‍വദിക്കുന്നു. ഹൃദയവിചാരങ്ങളെ മഹോന്നതനായ ദൈവത്തിലേക്ക് കേന്‍ദ്രീകരിക്കുകയും മാലാഖമാരോട് ചേര്‍ന്ന് ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു (“നാം എല്ലാവരുടെയും ഹൃദയങ്ങളും…” ).

വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം (Words of Institution)

സെഹിയോന്‍ കോട്ടയില്‍ല്‍ല്‍ല്‍‍ വച്ച് നമ്മുടെ കര്‍ത്താവു അപ്പവും വീഞ്ഞും തന്‍റെ കരങ്ങളില്‍ എടുത്തു സ്വര്‍ഗത്തിലേക്ക് നോക്കി വാഴ്ത്തി തന്‍റെ ശരീരരക്തങ്ങളാക്കി ശിഷ്യര്‍ക്ക് കൊടുക്കുകയും നിത്യജീവനും പാപമോചനത്തിനുംവേണ്ടി ഇതില്‍ നിന്നും ഭക്ഷിക്കുകയും പാനം ചെയ്യുകയും വേണം എന്ന് പറയുകയും താന്‍ ഇനിയും വരുന്നതുവരെ (അന്‍ത്യ ന്യയവിധി നടത്താന്‍) ഓര്‍മ്മക്കായി ഇപ്രകാരം ചെയുവിന്‍ എന്ന് പറഞ്ഞു ശിഷ്യരെ ഭാരമെല്പ്പിച്ച വി. കുര്‍ബാനയുടെ സ്ഥാപനം വീണ്ടും അടിവരയിട്ടു നമ്മെ ഒര്‍പ്പിക്കുകയും, കര്‍ത്താവ്‌ ചെയ്തതുപോലെ അപ്പവീഞ്ഞുകള്‍ പുരോഹിതന്‍ തന്‍റെ കരങ്ങളില്‍ എടുത്തു വാഴ്ത്തി മുറിക്കുന്നു. ശേഷം കര്‍ത്താവിന്‍റെ രണ്ടാംവരവ് വരെ നാം ഇതുചെയ്യണം എന്ന് വൈദീകന്‍ നമ്മെ ഒര്‍പ്പിക്കുന്നു. അപ്പോള്‍ ജനം ക്രിസ്തുവിന്‍റെ മരണത്തിലും ഉയിര്‍തെഴുന്നെല്‍പ്പിലും രണ്ടാംവരവിലും വിശ്വസിക്കുകയും അതിനായി കാത്തിരിക്കയും ചെയ്യുന്നു എന്ന് ഏറ്റുപറയുന്നു (Anamnesis).

പരിശുധാത്മ ആഹ്വാനം (Epiclesis)

തുടര്‍ന്ന് അപ്പവീഞ്ഞുകളെയും ജനങ്ങളെയും രൂപാന്‍തരപെടുത്താന്‍ പരിശുദ്ധ രൂഹായുടെ ആവസത്തിനായി പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്നു. ഇതാണ് വി. കുര്‍ബാനയുടെ മര്‍മ്മപ്രധാനമായ ഭാഗം.

മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ (Dyphtics)

തുബ്ദേനെന്ന വി. കുര്‍ബാനയിലെ പ്രധാനപെട്ട പ്രാര്‍ത്ഥനകളാണ് ഈ മധ്യസ്ഥപ്രാര്‍ത്ഥനകള്‍. സഭക്ക് മുഴുവനും വേണ്ടിയുള്ള (ഭൂമിയിലുള്ളവര്‍ക്കും വാങ്ങിപോയവര്‍ക്കും) പ്രാര്‍ത്ഥനകളാണ് തുബ്ദേനുകള്‍. ഒന്നാം തുബ്ദേനിലായിട്ടു ജീവിച്ചിരിക്കുന്ന ആത്മീയപിതാക്കന്‍മാരുടെ പേരുകള്‍ ചൊല്ലി ഓര്‍ത്തുപ്രാര്‍ത്ഥന നടത്തുന്നു. രണ്ടാമതായി ജീവനോടെ ഇരിക്കുന്ന എല്ലാ സഹോദരങ്ങളെയും സഭവിശ്വാസികളെയും ഓര്‍ക്കുന്നു. മൂന്നാമതായി ജീവനോടെ ഇരിക്കുന്ന എല്ലാ ഭരണകര്‍ത്താക്കള്‍ക്ക്‌ വേണ്ടിയും നാം ഓര്‍ത്തുപ്രാര്‍ത്ഥിക്കുന്നു. നാലാമതായി ദൈവമാതാവിനെയും വാങ്ങിപോയ സകല പരിശുധന്‍മാരെയും ഓര്‍ത്തുപ്രാര്‍ത്ഥിക്കുന്നു. അഞ്ചാമതായി വാങ്ങിപോയ സകല പൂര്‍വപിതാക്കന്‍മാരെയും ഓര്‍ത്തു പ്രാര്‍ഥിക്കുന്നു. അവസാനമായി വാങ്ങിപോയ സകലരെയും വി. കുര്‍ബാനയില്‍ ഓര്‍ക്കുന്നു.

ഖണ്ഡനവും സമ്മേളനവും (Fraction and Commixture)

ശേഷം രണ്ടാമത്തെ ആശീര്‍വാദത്തിനുശേഷം പുരോഹിതന്‍ മറയിട്ടു രഹസ്യമായി തിരുശരീരത്തെ മുറിക്കുന്നു. തിരുശരീരവും രക്തവും തമ്മില്‍ കലര്‍ത്തുന്നു. ക്രിസ്തുവിന്‍റെ ക്രൂശീകരണത്തെ സൂചിപ്പിക്കുന്ന ഭാഗമായതുകൊണ്ട് ക്രൂശീകരണ സമയത്തെ അന്‍ധകാരത്തെ സൂചിപ്പിക്കാൻ ആണ് തിരശീല ഇടുന്നത്. വിശുദ്ധ രഹസ്യങ്ങള്‍ സ്വീകരിക്കുന്നതിനു മുന്‍പുള്ള ഒരുക്കം ആണ് ഈ സമയത്തുള്ള ഗീതങ്ങളിലായിട്ടു ആഹ്വാനം ചെയ്യുന്നത്. ശേഷം ലുത്തിനിയ (Litany) എന്ന ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും ചോദിച്ചുവാങ്ങുന്ന മധ്യസ്ഥപ്രാര്‍ത്ഥനകള്‍ നടത്തുന്നു.

കര്‍ത്തൃപ്രാര്‍ത്ഥന (Lord’s Prayer)

മത്തായി:6:9-13 നമ്മുടെ കര്‍ത്താവ്‌ നമ്മെ ചൊല്ലി പഠിപ്പിച്ച ഈ കര്‍ത്തൃപ്രാര്‍ത്ഥന എല്ലാവരും ഒരുമിച്ചു ഏറ്റുചൊല്ലുന്നു. ഇത് വി. കുര്‍ബാനയില്‍ കര്‍ത്തൃപ്രാര്‍ത്ഥനക്കുള്ള പ്രാധാന്യവും വി. കുര്‍ബാനക്കുള്ള ഒരുക്കത്തിന്‍റെ പ്രാധാന്യവും നമ്മെ ഓര്‍പ്പിക്കുന്നു.

ആഘോഷം (The Celebration)

ഇനി തിരുരക്തശരീരങ്ങളുടെ ആഘോഷം ആണ്. ഇവിടെ പുരോഹിതന്‍ വി. കുര്‍ബാന സ്വീകരിക്കെണ്ടവരുടെ യോഗ്യത നമ്മെ ഓര്‍മ്മപെടുത്തുന്നു. ഉടനെ നാം വിശ്വാസി ആണെന്നും ത്രിത്വം ഒപ്പം ഉള്ളതിനാല്‍ നാമും ശുദ്ധി ഉള്ളവര്‍ ആണെന്നും നാം ഏറ്റുപറയുന്നു (ഈ വിശുദ്ധതകള്‍ ….പരിശുദ്ധനായ………പിതാവ് നമ്മോടു കൂടെ ………..പുത്രന്‍ നമ്മോടു കൂടെ …….രൂഹ നമ്മോടുകൂടെ.). ആയതിനാല്‍ നമ്മുടെ മനസാക്ഷിയോടും ദൈവത്തോടും നാം പറയുകയാണ്‌ ഈ രഹസ്യങ്ങള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ യോഗ്യരാണ്‌ (യോഗ്യരാക്കണം എന്ന് പ്രാര്‍ഥിക്കുന്നു). യേശു ക്രിസ്തുവിന്‍റെ സ്വര്‍ഗാരോഹനത്തെ സൂചിപ്പിക്കുന്നു ഈ ദിവ്യരഹസ്യങ്ങളുടെ ആഘോഷം.

ധൂപപ്രാര്‍ത്ഥനകള്‍

തിരുശരീരര്‍ക്തങ്ങളെ സ്വീകരിക്കുന്നതിനു മുന്‍പേ നാം വാങ്ങിപോയ സകലരോടും നമുക്കായി പ്രാര്‍ത്ഥിക്കണം എന്നും നമ്മുടെ വാങ്ങിപോയവരോട് ദൈവം കരുണ കാണിക്കാനും നാം പ്രാര്‍ഥിക്കുന്നു. ഇത് ഒരു പ്രാര്‍ത്ഥനഗാന സഞ്ചയമാണ്. ഇതില്‍ വേദവചന ഉദ്ധരണികളും ഉള്‍പെടുത്തി ക്രമീകരിച്ചിരിക്കുന്നു. യഥാക്രമം ദൈവമാതാവ്, പരിശുധന്‍മാര്‍, വാങ്ങിപോയ ആചാര്‍യന്‍മാര്‍, വാങ്ങിപോയ വിശ്വാസികൾ, വിശുദ്ധ സ്ലീബ എന്നിങ്ങനെ നടത്തുന്നു.

നിന്നാല്‍ സ്തുതിയോ- സങ്കീ:45:9-11

നയവാന്‍ പനപോലെ – സങ്കീ:92:12-14

ചാര്‍ത്തും നീതിയെ – സങ്കീ:132:9-12

മക്കളിലപ്പന്‍ കൃപ- സങ്കീ:103:13-15

വെല്ലും ശത്രുക്കളെ – സങ്കീ:44:5-7

ധൂപപ്രാര്‍തനകൾക്കു ശേഷം വീണ്ടും മറ ഇടുന്നു. സ്വര്‍ഗാരോഹണം ചെയ്ത ക്രിസ്തുവിനെ നാം കാണുന്നില്ല എന്നതുകൊണ്ടാണ് മറ ഇട്ടു അവനെ കാത്തിരിക്കുന്ന സഭയുടെ അവസ്ഥയെ സൂചിപ്പിക്കുന്ന ഈ ഭാഗം നിവര്‍തിക്കുന്നത്.

പരസ്യമായ എഴുന്നള്ളിപ്പ് (Procession)

വളരെ പ്രാര്‍ത്ഥനയോടെ പടിഞ്ഞാറോട്ട് എഴുന്നള്ളിക്കുന്ന പ്രദക്ഷിണം കര്‍ത്താവിന്‍റെ രണ്ടാം വരവിനെ സൂചിപ്പിക്കയും ഒര്‍പ്പിക്കയും ചെയ്യുന്നു. ഇവിടെ മാലാഖമാരുടെ കൂട്ടങ്ങളോടൊപ്പം ക്രിസ്തു പെട്ടെന്ന് ആഗാതനാകും എന്നതിന്‍റെ സൂചനയായി പെട്ടെന്ന് ഒരു ആഹ്വാനവും (“നാം അട്ടഹസിച്ചു പറയണം ….”) അതെ തുടര്‍ന്ന് പെട്ടെന്ന് മറ വലിക്കുകയും ചെയ്യുന്നു. അപ്രകാരം തന്നെ വിശുദ്ധ രഹസ്യങ്ങളുടെ സ്വീകരണം മൂലം ലഭിക്കുന്ന രക്ഷ അന്‍ത്യന്യായദിവസം ലഭിക്കേണ്ട വലിയരക്ഷയെ ഓര്‍മ്മപെടുത്തുന്നു. അങ്ങനെ മദ്ബഹായുടെ വാതില്‍ക്കല്‍ എത്തി പുരോഹിതന്‍ വിശ്വാസികള്‍ക്ക് വി. കുര്‍ബാന നല്‍കുന്നു. (ഇപ്പോൾ സൌകര്‍യതെപ്രതി ചില പള്ളികളിൽ വി. ശരീരരക്തങ്ങളുടെ അനുഭവം പിന്നീടാക്കാറുണ്ട്.). ഇവിടെ അനഫോറ അവസാനിക്കുന്നു.

കൃതജ്ഞത ശ്രുശ്രൂഷ (Post Communion/ Thanks giving)
ഈ നിത്യരക്ഷക്കും ഒരു ദിനം കൂടി തിരുശരീരത്തിന്‍റെ പങ്കാളി ആകാന്‍ സാധിച്ചതിലും ദൈവം തരുന്ന സൗഭാഗ്യങ്ങള്‍ക്കും നന്ദിയോടെ ദൈവത്തെ സ്തുതിച്ചു കൃതഞ്ഞത അര്‍പ്പിക്കുന്നു. സമാപനഗാനം ആയ ഹൂത്തോമ്മോ ചൊല്ലി വിശുദ്ധബലിയില്‍ നിന്നും ലഭിച്ച സ്വര്‍ഗീയ സമാധാനത്തോടൊപ്പം വിശ്വാസികളെ ആശീര്‍വദിച്ചു യാത്ര അയക്കുന്നു. അപ്പോൾ മറ ഇടുന്നത് കർത്താവിനോടോത്തുള്ള സഭയുടെ നിത്യതയെ സൂചിപ്പിക്കുന്നു. ശേഷം വീണ്ടും പുരോഹിതൻ ത്രോണോസിന്‍ മുന്നില്‍ മുട്ടുകുത്തി വീണ്ടും എല്ലാവര്‍ക്കും ആയി പ്രാര്‍ത്ഥിക്കുന്‍. തനിക്കു ഒരു ബലി കൂടി അര്‍പ്പിക്കാന്‍ തന്ന യോഗ്യത ഓര്‍ത്തു പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്ന് പൂജപാത്രങ്ങള്‍ തുടച്ചു, അംശവസത്രങ്ങള്‍ മാറ്റി ഒരു കര്‍ത്തൃ ദിവസ്സത്തെ പൊതുവായ ആരാധന അവസാനിപ്പിക്കുന്നു. അല്ലെങ്കില്‍ ഒരു ദിവസം മുഴുവന്‍ ഒരുങ്ങി നാം അര്‍പ്പിച്ച വി. ബലി സമാപിപ്പിക്കുന്നു.

error: Thank you for visiting : www.ovsonline.in