1 കോടിരൂപയും ; 100 പുടവയും : വിവാഹ സഹായഹസ്തവുമായി ഓർത്തഡോക്സ് സഭ
വിവാഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 100 സഹോദരിമാർക്ക് ‘സഹോദരൻ’ കൈത്താങ്ങാകും.ലഭിച്ച അപേക്ഷകളിൽ നിന്ന് അർഹരായ നൂറ് പേർക്ക് ഒരുലക്ഷം രൂപ വീതം നൽകുന്ന പദ്ധതി ഗവർണർ ഉദ്ഘാടനം ചെയ്തു . അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രവർത്തകരാണ് ‘സഹോദരിക്ക് ഒരു തരി പൊന്ന്’ എന്ന ക്യാംപെയിനിലൂടെ ഈ തുക സമാഹരിച്ചത്. ഇതിന് പുറമേ സഭയുടെ സേവന വിഭാഗമായ ആർദ്ര ചാരിറ്റബിൾ ട്രസ്റ്റ് 100 വിവാഹ സാരികളും നൽകും.’മണവാട്ടിക്കൊരു പുടവ’ എന്ന പേരിലാണ് സഹോദരൻ പദ്ധതിയിലൂടെ ഈ വിവാഹ സമ്മാനം വിതരണം ചെയ്യുന്നത്.
തന്റെ മുൻഗാമി ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ സ്മരണക്കായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ തുടക്കം കുറിച്ച ജീവകാരുണ്യപദ്ധതിയാണ് ‘സഹോദരൻ’. 2022 ഫെബ്രുവരിയിൽ തുടക്കം കുറിച്ച പദ്ധതി വഴി ഇതിനോടകം 16 കോടി രൂപയുടെ സഹായം ജാതി-മത ഭേദമെന്യേ ക്ലേശമനുഭവിക്കുന്നവരിലേക്ക് എത്തിച്ചു.
സഹോദരന്റെ സ്നേഹസ്പർശം ഇതുവരെ
ചികിത്സാ സഹായം : 1850 പേർക്ക് 5.16 കോടി രൂപ
വിദ്യാഭ്യാസ സഹായം : 721 പേർക്ക് 4 കോടി
വീട് നിർമ്മാണം : 313 പേർക്ക് 5.14 കോടി
വിവാഹം : 191 പേരുടെ വിവാഹം നടത്തി
കൃഷിനാശം,ഇതരസഹായം : 62ലക്ഷം