മൈലപ്ര മാത്യൂസ് റമ്പാൻ അസാദ്ധ്യകളെ സാധ്യമാക്കിതീർത്ത പിതാവ്: ഡോ. മാത്യൂസ് മാർ സേവേറിയോസ്
മൈലപ്ര:അസാധ്യതകളെ പ്രാർത്ഥനാപൂർണമായ ത്യാഗജീവിതത്തിലൂടെ സാധ്യമാക്കിത്തീർത്ത പരിവ്രാജകനായിരുന്നു മാത്യൂസ് റമ്പാച്ചനെന്ന് ഡോ. മാത്യുസ് മാർ സേവേറിയോസ്. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ തുമ്പമൺ – നിലയ്ക്കൽ – അടൂർ കടമ്പനാട് മേഖലാതല അനുമോദന സമ്മേളനവും മൈലപ്ര മാത്യൂസ് റമ്പാന്റെ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മൗനമായുള്ള ദൈവസംസർഗം വഴി അദ്ദേഹത്തിന് ആത്മസംതൃപ്തിയും എല്ലാ സമയത്തും പുഞ്ചിരിക്കാനുള്ള മനസും ലഭിച്ചു. സകലത്തോടുമുള്ള പ്രത്യേക മമതകൾ വിട്ടൊഴിഞ്ഞ് എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചും പ്രവർത്തിച്ചും ജീവിച്ച വ്യക്തിയായിരുന്നു മാത്യൂസ് റമ്പാച്ചനെന്നും അദ്ദേഹം പറഞ്ഞു.
ശ്രീമതി വീണാ ജോർജ് എം.എൽ. എ. മുഖ്യപ്രഭാഷണം നിർവഹിച്ചു. മേഖലാ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സെറ്റുകളും ടാബ് ഫോണുകളും സമ്മേളനത്തിൽ വിതരണം ചെയ്തു. ബിരുദ, ബിരുദാനന്തര ബിരുദ തലങ്ങളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ സമ്മേളനത്തിൽ അനുമോദിച്ചു. താരങ്ങളായ നിയ ശങ്കരത്തിൽ സജിൻ ജോൺ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ആശ്രമ അഡ്മിനിസ്ട്രേറ്റർ നഥാനിയേൽ റമ്പാൻ , വൈസ്- അഡ്മിനിസ്ട്രേറ്റർ ഫാ. പി. വൈ. ജെസൻ, യുവജന പ്രസ്ഥാനം മേഖലാ സെക്രട്ടറി സോഹിൽ വി. സൈമൺ, കേന്ദ്ര കമ്മറ്റി അംഗം ഫിന്നി മുള്ളനിക്കാട്, ഗീവർഗീസ് ബിജി, ബിജോ ബാബു, ലിഡാ ഗ്രിഗറി, സജിനി ഷാജി എന്നിവർ പ്രസംഗിച്ചു. വി. കുർബ്ബാനയ്ക്ക് ഡോ. മാത്യൂസ് മാർ സേവേറിയോസ് മുഖ്യകാർമികത്വം വഹിച്ചു.