വെടക്കാക്കി തനിക്കാക്കുന്ന സർക്കാർ ; രാഷ്ട്രീയപരമായും നിയമപരമായും പ്രതികരിക്കും
കോടതി വിധികൾ നടപ്പിലാക്കാത്ത ഭരണസംവിധാനം നാടിനു ആപത്ത് എന്ന് കോട്ടയം ഭദ്രാസനധിപൻ ഡോ.യുഹാനോൻ മാർ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ കുറിപ്പിൽ വ്യക്തമാക്കി.മലങ്കര സഭാ തർക്കം പരിഹരിക്കാൻ ബഹു. സുപ്രീം കോടതി നൽകിയിരിക്കുന്ന വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ നീതിന്യായ കോടതികൾ നൽകുന്ന വിധി തീർപ്പുകൾ നടപ്പിലാക്കാൻ തങ്ങൾ ബാധ്യസ്ഥരല്ല എന്ന രീതിയിൽ പെരുമാറുന്ന സംസ്ഥാന സർക്കാർ നാടിനു നാണക്കേടായി മാറുന്നു. കോടതികൾ ആവർത്തിച്ചു പറഞ്ഞിട്ടും ക്രമസമാധാനപ്രശ്നം എന്ന ഓമനപ്പേരിൽ നടത്തുന്ന നാടകങ്ങൾ കേരള സമൂഹം തിരിച്ചറിഞ്ഞില്ലെങ്കിൽ നാടിനു ആപത്താകും എന്നതിൽ സംശയം വേണ്ട. നീതിന്യായ കോടതികളെ നോക്കുകുത്തികൾ ആക്കുന്ന കേരള സർക്കാർ നയം തിരുത്തിയില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകും. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തർക്കപരിഹാരത്തിനു വേണ്ടി സഭ മുന്നോട്ടു വച്ച നല്ല ശുപാർശകളെ അട്ടിമറിച്ചു പ്രശ്നം കൂടുതൽ വഷളാക്കി, വെടക്കാക്കി തനിക്കാക്കുന്ന സർക്കാർ പ്രവണതക്കെതിരെ സഭ ശക്തമായും നിയമവിധേയമായും പ്രതികരിക്കും. നിയമപാലനം നടത്താൻ ആവശ്യപ്പെട്ട കോടതിയോട് തങ്ങൾ അതിനു ബാധ്യസ്ഥരല്ല എന്ന് പറയുന്ന കേരള സർക്കാർ നാടിനെ ശാപത്തിൽ തള്ളിയിടരുതെന്നു അഭ്യർത്ഥിക്കുന്നു.