OVS - Latest NewsOVS-Kerala News

ചർച് ബിൽ വഴി മലങ്കര സഭയുടെ അസ്തിവാരം ഇളക്കാമെന്നു വിചാരിക്കുന്നവർ മൂഢസ്വർഗത്തിലാണ്: പരിശുദ്ധ കാതോലിക്ക ബാവ.

കോട്ടയം: സുപ്രീംകോടതി വിധികളെയും സഭാ ഭരണഘടനയെയും മറികടന്ന് ഒരു ഒത്തുതീർപ്പിനും ഓർ‌ത്തഡോക്സ് സഭ തയാറല്ലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ചർച് ബില്ലു വഴി മലങ്കര സഭയുടെ അസ്ഥിവാരം ഇളക്കാമെന്നു വിചാരിക്കുന്നത് വെറും ദിവാസ്വപ്‌നം മാത്രമാണെന്നും അങ്ങനെയൊന്നുണ്ടായാൽ അത് നിയമപരമായി തന്നെ സഭ നേരിടുമെന്നും മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിച്ച മാർത്തോമ്മൻ പൈതൃക സംഗമത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ടു ബാവ പ്രഖ്യാപിച്ചു.

‘‘2017 ലെ സുപ്രീംകോടതി വിധിപ്രകാരം മലങ്കരയിലെ 1662 പള്ളികളും ഓർത്തഡോക്സ് സഭയുടെ 1934 ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ടതാണ്. അത് നടപ്പിലാക്കാൻ മലങ്കര സഭയുടെ മക്കൾ പ്രതിജ്‍ഞാബദ്ധമാണ് എന്നതിൽ ആർക്കും സംശയം വേണ്ട. സുപ്രീംകോടതിയുടെ വിധി ഈ നാടിന്റെ നിയമമാണ്. ഈ നിയമത്തെ മറികടക്കാൻ ചർച്ച് ബിൽ വരുമെന്ന് പലരും പറഞ്ഞുകേൾക്കുന്നുണ്ട്. മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി 2017 -ലുണ്ടായ സുപ്രീംകോടതി വിധിയെ അവഗണിച്ച് സംസ്ഥാന സർക്കാർ നിയമമോ ഓർ‌ഡിനൻസോ അംഗീകാരത്തിനായി സമർപ്പിച്ചാൽ ഓർത്തഡോക്സ് സഭയ്ക്ക് നീതി ഉറപ്പാക്കാൻ സംസ്ഥാന ഗവർണർ തന്റെ വിവേചനാധികാരം ഉപയോഗിക്കുമെന്നാണ് ഉറച്ചവിശ്വാസം. അനേകം പേർ ഈ സഭയ്ക്കു വേണ്ടി രക്തസാക്ഷികളായി. മുൻഗാമികളുടെ നിലപാടുകൾ‌ തന്നെയാണ് എന്റെയും നിലപാട്. കോടതിവിധികൾക്കും സഭാ ഭരണഘടനയ്ക്കും വിധേയമായുള്ള സമാധാനശ്രമങ്ങൾക്ക് ഓർത്തഡോക്സ് സഭ എന്നും തയാറായിട്ടുണ്ട്, ഇനിയും തയാറാണ്. സഭയുടെ അസ്തിവാരം തകർക്കുന്ന ഒരു സമാധാന ശ്രമങ്ങൾക്കും കൂട്ടുനിൽക്കില്ല. ചർച്ച് ബിൽ‌ കൊണ്ടുവന്ന് സഭയുടെ സ്വാതന്ത്ര്യവും തനിമയും നഷ്ടപ്പെടുത്താമെന്ന് വിചാരിക്കുന്നവർ മൂഢസ്വർഗത്തിലാണ്’’ – പരിശുദ്ധ കാതോലിക്കാ ബാവാ വ്യക്തമാക്കി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, റഷ്യൻ ഓർത്തഡോക്സ് സഭയുടെ ബാഹ്യസഭാ ബന്ധങ്ങളുടെ തലവൻ ബിഷപ് ആന്റണി, ഇത്യോപ്യൻ സഭയുടെ ബിഷപ് അബ്ബാ മെൽക്കിദേക്ക് നൂർബെഗൻ ഗെദ, മന്ത്രിമാരായ വി.എന്‍.വാസവന്‍, വീണാ ജോര്‍ജ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍, ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവർ പ്രസംഗിച്ചു. സഭയിലെ ബിഷപ്പുമാർക്കു പുറമേ എംപിമാർ, എംഎൽഎമാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.

ചർച് ബിൽ വഴി മലങ്കര സഭയുടെ അസ്തിവാരം ഇളക്കാമെന്നു വിചാരിക്കുന്നവർ മൂഢസ്വർഗത്തിലാണ്: പരിശുദ്ധ കാതോലിക്ക ബാവ.സംഗമത്തിനു മുന്നോടിയായി സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വിശ്വാസികൾ‌ അണിനിരന്ന പ്രൗഢഗംഭീരമായ വിളംബര ഘോഷയാത്ര നടന്നു. എംഡി സെമിനാരി മൈതാനിയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര കെകെ റോഡിലൂടെ സെൻട്രൽ ജംക്‌ഷനിൽ നിന്നു തിരിഞ്ഞ്, ശാസ്ത്രി റോഡ് – കുര്യൻ ഉതുപ്പ് റോഡ് വഴി നെഹ്റു സ്റ്റേഡിയത്തിൽ പ്രവേശിച്ചതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. വൈദികരും വൈദിക വിദ്യാര്‍ഥികളും അല്‍മായരും ഉള്‍പ്പെടുന്ന 300 പേരടങ്ങുന്ന ഗായകസംഘം ഗാനാലാപനം നടത്തി. പൊലീസ് ഉദ്യോഗസ്ഥരെക്കൂടാതെ 700 പേര്‍ അടങ്ങുന്ന വൊളന്റിയര്‍ സംഘവും 100 സെക്യൂരിറ്റി ഉദ്യോഗസ്ഥരും ക്രമീകരണത്തിനു നേതൃത്വം നൽകി.

error: Thank you for visiting : www.ovsonline.in