OVS - Latest NewsOVS-Kerala News

മാര്‍ത്തോമന്‍ പൈതൃക സംഗമം ഞായറാഴ്ച

മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമം ഞായറാഴ്ച കോട്ടയത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം എം.ഡി സെമിനാരി മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ത്തോമ്മന്‍ പൈതൃക വിളംബര ഘോഷയാത്രയോടയാണ് തുടക്കം. ഘോഷയാത്രയ്ക്ക് കോട്ടയം എം. പി. തോമസ് ചാഴിക്കാടന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. മെത്രാപ്പോലീത്താമാരും സഭാസ്ഥാനികളും, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മുന്‍നിരയില്‍ അണിനിരക്കും. വാദ്യമേളങ്ങളും നസ്രാണി കലാരൂപങ്ങളും അണിചേരും.

എഴുപത്തയ്യായിരം പേര്‍ പങ്കെടുക്കുന്ന റാലി നെഹ്‌റു സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. കേരള ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗോവ ഗവര്‍ണര്‍ ശ്രീ. പി. എസ്. ശ്രീധരന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തും. മന്ത്രി വി. എന്‍. വാസവന്‍, മന്ത്രി വീണ ജോര്‍ജ്, ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ശ്രീ. ചാണ്ടി ഉമ്മന്‍ എം. എല്‍. എ, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധി മെത്രാപ്പോലീത്ത ആന്റണി, എത്യോപ്യന്‍ സഭയുടെ പ്രതിനിധി മെത്രാപ്പോലീത്ത അബ്ബാ മെല്‍കിദേക്ക് നുര്‍ബെഗന്‍ ഗെദ, ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി ശ്രീ. റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിക്കും.

കോട്ടയം എം. ഡി. സെമിനാരിയില്‍ എത്തിച്ചേരുന്ന വിശ്വാസികളെ ബസേലിയോസ് കോളേജ് മൈതാനിയിലും, മാര്‍ ഏലിയാ കത്തീഡ്രല്‍ മുറ്റത്തും ഭദ്രാസന അടിസ്ഥാനത്തില്‍ അണിനിരത്തും. മൂന്നു മണിക്ക് ഭദ്രാസന അടിസ്ഥാനത്തില്‍ റാലി കെ. കെ. റോഡിലൂടെ സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ശാസ്ത്രീ റോഡില്‍ പ്രവേശിച്ച്, കുര്യന്‍ ഉതുപ്പ് റോഡിലൂടെ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രവേശിക്കും. റാലി പോകുന്ന വീഥികളില്‍ മുഴുവന്‍ സമയവും നസ്രാണി കലാ പ്രകടനങ്ങളും ഉണ്ടാകും.

എഴുപത്തയ്യായിരം പേര്‍ പങ്കെടുക്കുന്നതിനാല്‍ വിപുലമായ സജീകരണങ്ങളാണ് ചെയ്തിട്ടുള്ളത്. എല്ലാവര്‍ക്കും കുടിവെള്ളവും ലഘുഭക്ഷണവും ക്രമീകരിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്ന വാഹനങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.

പാര്‍ക്കിംഗ്: സുല്‍ത്താന്‍ ബത്തേരി മുതല്‍ വടക്കുനിന്നു വരുന്ന വലിയ വാഹനങ്ങള്‍ (ആദ്യം വരുന്നവ) ബേക്കര്‍ ജംഗ്ഷനില്‍ ആളെ ഇറക്കി പഴയ സെമിനാരിയില്‍ പാര്‍ക്ക് ചെയ്യേണ്ടതും, തുടര്‍ന്നുള്ള വാഹനങ്ങള്‍, നാഗമ്പടത്ത് ആളെ ഇറക്കി നാഗമ്പടം ക്ഷേത്ര മൈതാനം, എസ് എച്ച് മൗണ്ട് സ്‌കൂള്‍ മൈതാനം, എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.

തെക്കുനിന്നു വരുന്ന വാഹനങ്ങള്‍ (ആദ്യം വരുന്നവ) മണിപ്പുഴ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ഈരയില്‍ കടവ് ബൈപ്പാസ് റോഡിലൂടെ ഈരയില്‍ കടവില്‍ ആളെ ഇറക്കി റോഡില്‍ പാര്‍ക്ക് ചെയ്യേണ്ടതും തുടര്‍ന്ന് വരുന്ന വാഹനങ്ങള്‍ കോടിമത മാര്‍ക്കറ്റ് റോഡില്‍ ആളെ ഇറക്കി പാര്‍ക്ക് ചെയ്യണം.

കിഴക്ക് നിന്ന് വരുന്ന വാഹനങ്ങള്‍ (ആദ്യം വരുന്നവ) ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എതിര്‍വശം ആളെ ഇറക്കി പാര്‍ക്ക് ചെയ്യണം. തുടര്‍ന്നുള്ള വാഹനങ്ങള്‍ കളക്ടറേറ്റിന് സമീപം ആളെ ഇറക്കി പോലീസ് പരേഡ് ഗ്രൗണ്ടില്‍ സമീപത്തു കൂടി കഞ്ഞിക്കുഴിയില്‍ എത്തി ദേവലോകം മാര്‍ ബസേലിയോസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് പാര്‍ക്ക് ചെയ്യണം.

തുടര്‍ന്ന് വരുന്ന വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ ആളെ ഇറക്കണം. ചെറു വാഹനങ്ങള്‍ കോട്ടയം കുര്യന്‍ ഉതുപ്പ് റോഡില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും, സ്വര്‍ഗീയ വിരുന്ന് മൈതാനിയിലും കോട്ടയം എം ടി സെമിനാരി, എം.ഡി സെമിനാരി മൈതാനിയിലും പാര്‍ക്കിംഗ് ക്രമീകരിച്ചിട്ടുണ്ട്.

ഗായകസംഘം: 300 പേരടങ്ങുന്ന ഗായകസംഘം ഫാ. എം. പി. ജോര്‍ജ് കോര്‍ എപ്പിസ്‌കോപ്പായുടെ നേതൃത്വത്തില്‍ ഗാനാലാപനം നടത്തും. ഫാ. അനൂപ് രാജു, ഫാ. ജിബി കെ. പോള്‍, ഫാ. ഡോ. വര്‍ഗീസ് പി വര്‍ഗീസ് എന്നിവര്‍ ഗാന പരിശീലനത്തിന് നേതൃത്വം നല്‍കും. വൈദീകരും വൈദീക വിദ്യാര്‍ത്ഥികളും അല്‍മായരും ഉള്‍പ്പെടുന്നതാണ് ഗായകസംഘം.

പോലീസ് ഉദ്യോഗസ്ഥരെക്കൂടാതെ 700 പേര്‍ അടങ്ങുന്ന വോളന്റീയര്‍ സംഘവും 100 സെക്യൂരിറ്റി ഉദ്യോഗസ്ഥരും ക്രമീകരണത്തിനു നേതൃത്വം നല്‍കും. മന്ത്രി ശ്രീ. വി. എന്‍. വാസവന്‍ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍, പോലീസ് മേധാവി എന്നിവര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി.

കോട്ടയം മുനിസിപ്പാലിറ്റിയുടെ ഹരിത കര്‍മ്മ സേന വേസ്റ്റ് മാനേജ്‌മെന്റിന് നേതൃത്വം നല്‍കും. ആരോഗ്യവകുപ്പിന്റെ ക്രമീകരണങ്ങള്‍ കൂടാതെ എം. ഡി. സെമിനാരി പരിസരത്തും നെഹ്‌റു സ്റ്റേഡിയത്തിലും അടിയന്തിര മെഡിക്കല്‍ സംവിധാനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. 25 ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്.

പത്രസമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, പ. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ, മാധ്യമവിഭാഗം അദ്ധ്യക്ഷന്‍ ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, വൈദീക ട്രസ്റ്റി ശ്രീ. റോണി വര്‍ഗീസ് ഏബ്രഹാം, അല്‍മായ ട്രസ്റ്റി, അഡ്വ. ബിജു ഉമ്മന്‍, അസോസിയേഷന്‍ സെക്രട്ടറി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, സഭാ വക്താവ് ഫാ. മോഹന്‍ ജോസഫ്, പി. ആര്‍. ഒ. എന്നിവർ പങ്കെടുത്തു.

error: Thank you for visiting : www.ovsonline.in