സഹോദരൻ പദ്ധതി മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക; പൂയം തിരുനാൾ ഗൗരി പാർവതി ബായി തമ്പുരാട്ടി
പരുമല : രണ്ടു വർഷംകൊണ്ട് 12 കോടി രൂപയിൽ ലധികം ചിലവഴിച്ച, ജാതിമത ഭേദമന്യേ ദുരിതബാധിതർക്ക് സഹായം നൽകുന്ന ‘സഹോദരൻ പദ്ധതി’, മനുഷ്യസ്നേഹത്തിന്റെ ഉദാത്ത ഭാവമാണെന്ന് പൂയം തിരുനാൾ ഗൗരി പാർവതി ബായി തമ്പുരാട്ടി പ്രസ്താവിച്ചു. പരുമല സെമിനാരിയിൽ സഹോദരൻ പദ്ധതിയുടെ രണ്ടാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തമ്പുരാട്ടി. ഭൂരഹിതർക്ക് വേണ്ടി നിർമ്മിച്ച പത്ത് ഭവനങ്ങളുടെ താക്കോൽദാനവും തമ്പുരാട്ടി നിർവഹിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. നൂതന പദ്ധതികളായ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ പ്രോജക്ട്, മൊബൈൽ പാലിയേറ്റീവ് കെയർ യൂണിറ്റ്, പരസ്പര സഹകരണത്തോടെ നിർമ്മിക്കുന്ന 100 ഭവനങ്ങളുടെ നിർമ്മാണം എന്നിവ യഥാക്രമം കോട്ടയം അതിരൂപത സഹായമെത്രാപ്പോലീത്ത ഗീവർഗീസ് മാർ അപ്രേം, ഡോ. യുഹാനോൻ മാർ ദിയസ്ക്കോറസ്, ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമികൾ എന്നിവർ ഉദ്ഘാടനം ചെയ്തു. ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി.
സഭാംഗമായ ശ്രീ. ജേക്കബ് സ്കറിയ ദാനമായി നൽകിയ സ്ഥലത്താണ് സഭാ ഭേദമില്ലാതെ നിർദ്ധനരായവർക്ക് 10 ഭവനങ്ങൾ നൽകുന്നത്.
പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, കോട്ടയം അതിരൂപത സഹായമെത്രാപ്പോലീത്ത ഗീവർഗീസ് മാർ അപ്രേം, ബിഷപ്പ് ഉമ്മൻ ജോർജ് (സി. എസ്. ഐ. കൊല്ലം കൊട്ടാരക്കര ഡയോസിസ്), ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമികൾ, കെ. സഹലബത്ത് ദാരിമി (ചീഫ് ഇമാം മാന്നാർ ജുമാ മസ്ജിദ് ) അല്മായ ട്രസ്റ്റി ശ്രീ. റോണി വർഗീസ് എന്നിവർ പ്രസംഗിച്ചു. കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണയിൽ 2022 ഫെബ്രുവരി 12നാണ് സഹോദരൻ പദ്ധതി ആരംഭിച്ചത്.