OVS - Articles

യേശുക്രിസ്തുവിന്റെയും ശ്രീ ബുദ്ധന്റെയും ചരിത്രപരത – ഒരു താരതമ്യ പഠനം:

ലോകത്തിലെ ഏറ്റവും വലിയ രണ്ട് തത്വ ചിന്താ സരണികളുടെ സ്ഥാപകരാണ് യേശുക്രിസ്തുവും ശ്രീ ബുദ്ധനും. യേശുക്രിസ്തുവിനെ സംബന്ധിച്ച് ശുഷ്‌ക്കവും ശ്രീ ബുദ്ധനെ സംബന്ധിച്ച് അനേകം “ചരിത്ര തെളിവുകളും” എന്ന ഒരു മിഥ്യാ ധാരണ പൊതു ജനങ്ങൾക്ക് ഉണ്ട്.

മാത്രമല്ല ശ്രീ ബുദ്ധന്റെ കാലഘട്ടം ക്രിസ്താബ്ദത്തിന്ന് 400 കൊല്ലം മുൻപ് എന്ന കാരണത്താൽ ശ്രീ ബുദ്ധന്റെ ആശയങ്ങളിൽ നിന്നും കടം കൊണ്ടത് ആണ് യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ എന്ന ധാരണയും പ്രബലമാണ്. നിരീശ്വര വാദികളുടെയും മറ്റ് മതങ്ങളിൽ പെട്ടവരുടെയും വിമർശനങ്ങളിലും ക്രൈസ്തവ വിശ്വാസങ്ങൾ കടം കൊണ്ടത് ആണ് എന്ന പ്രചരണം ശക്തമാണ്.

ചരിത്രപരതാ താരതമ്യത്തിലേക്ക് കടക്കുന്നതിന് മുമ്പ്…
ഈ താരതമ്യത്തിലേക്ക് കടക്കുന്നതിന് മുമ്പ്, ഇവർ ചരിത്രത്തിൽ ജീവിച്ചാലും ഇല്ലകിലും ഈ വിശ്വാസങ്ങൾക്ക് എന്തെകിലും കോട്ടം തട്ടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും പ്രധാനമാണ്. യേശുവിന്റെ ചരിത്രപരത ക്രിസ്തുമതത്തിന് അത്യന്താപേക്ഷിതം ആണ്, എന്നാൽ ബുദ്ധ മതത്തിന് ചരിത്രപരമായ ബുദ്ധൻ പ്രാധാന്യമുള്ളതല്ല.

ബുദ്ധമതത്തിന്റെ സത്യം ബുദ്ധന്റെ ജീവിതത്തെ ആശ്രയിക്കുന്നില്ല (ബിസി 563-483). അദ്ദേഹം നിലവിലില്ലെങ്കിലും, ബുദ്ധമത ചിന്തകൾ അനുസരിച്ച്, ബുദ്ധമതം ഇപ്പോഴും സത്യമായിരിക്കും. ജ്ഞാനോദയത്തെക്കുറിച്ചുള്ള സത്യങ്ങൾ ആദ്യമായി കണ്ടെത്തി ലോകത്തോട് പ്രഖ്യാപിച്ചത് ഗൗതമ ബുദ്ധനാണ്, എന്നാൽ ഈ സത്യങ്ങൾ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെടുന്നില്ല.

എങ്കിലും ക്രിസ്ത്യാനിറ്റിയുടെ സത്യം യേശുവിന്റെ ജീവിതം, ശുശ്രൂഷ, മരണം, പുനരുത്ഥാനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ, ക്രിസ്തുമതം തെറ്റാണ് (1 കൊരി. 15:14, 17). പെന്തക്കോസ്‌തി ദിനത്തിലെ തന്റെ ആദ്യ പ്രസംഗത്തിൽ തന്നെ, ക്രിസ്‌തീയ സന്ദേശം ചരിത്രപരമായ യേശുവിനെയും അവൻ കുരിശിൽ പൂർത്തിയാക്കിയതിനെ കുറിച്ചുള്ളതാണെന്ന് പത്രോസ് വ്യക്തമാക്കുന്നു (പ്രവൃ. 2:22-24).

ഈ തത്വ ശാസ്ത്രങ്ങളിലെ ദൈവ സങ്കൽപ്പ വൈജാത്യങ്ങൾ
ബുദ്ധമതത്തിൽ ദൈവത്തെപ്പറ്റി സൂചനകളൊന്നുമില്ല. അതുപോലെ ബുദ്ധമതവിശ്വാസപ്രകാരം ബുദ്ധൻ ഒരു ദൈവവുമല്ല, മറിച്ച് ഒരു ആചാര്യനാണ്. എല്ലാത്തിന്റെയും മൂലകാരണം എന്താണ് എന്ന് അദ്ദേഹം അന്വേഷിച്ചില്ല. ദൈവത്തെപ്പറ്റി ചിന്തിക്കുകയോ ദൈവത്തെപ്പറ്റി പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. താൻ ഏതെങ്കിലും ഒരു ദൈവത്തിന്റെ പ്രവാചകനാണന്നോ തനിക്ക് ദൈവീക വെളിപാടു ഉണ്ടായിട്ടുണ്ട് എന്നോ അദ്ദേഹം ഒരിക്കലും അവകാശപ്പെട്ടില്ല.

എന്നാല് യേശുക്രിസ്തു താൻ ദൈവ പുത്രൻ ആണ് എന്നും (യോഹ.10:36) സർവ്വ പ്രപഞ്ചവും (ഉല്പ.1: 1) മനുഷ്യരുമെല്ലാം (മത്താ. 19: 4) ദൈവ സൃഷ്ടി ആണ് എന്നും ആ ദൈവം നമ്മുടെ സ്നേഹവാനായ് പിതാവ് ആണ് (മത്താ. 6: 9) എന്നും പഠിപ്പിച്ചു.

ബുദ്ധനെ കുറിച്ചുള്ള ചരിത്ര സ്രോതസ്സുകൾ
മൗര്യ സാമ്രാജ്യത്തിലെ അശോക ചക്രവർത്തിയുടെ (ബിസി 269-232) ഭരണകാലത്തെ ശാസനത്തിൽ നിന്നുള്ള ലിഖിതങ്ങളിൽ ആണ് ബുദ്ധനെ കുറിച്ചുള്ള ചരിത്രത്തിലെ ആദ്യത്തെ പരാമർശം കാണുന്നത്. ബുദ്ധന്റെ മരണത്തിനും അദ്ദേഹത്തെ പരാമർശിക്കുന്ന നമ്മുടെ ആദ്യകാല സ്രോതസ്സിനും ഇടയിൽ ഇരുനൂറിലധികം വർഷത്തെ ഇടവേളയാണ് ഉള്ളത്. ഇത് ജീവചരിത്രം അല്ല പരാമർശം മാത്രമാണ് താനും. ബുദ്ധന്റെ ജീവചരിത്രം എഡി ഒന്നാം നൂറ്റാണ്ട് വരെ എഴുതപ്പെട്ടിട്ടില്ല. അശ്വഘോഷൻ (80-150 A.D) എഴുതിയ ബുദ്ധചരിതം ആണ് ബുദ്ധന്റെ ജീവിതവും പഠിപ്പിക്കലുകളും പ്രതിപാദിക്കുന്ന ആദ്യ ജീവചരിത്രം. അത് ഏതാണ്ട് അഞ്ഞൂറ് വർഷത്തെ ഇടവേളയാണ്. ഈ വസ്തുത വിശ്വസനീയമായ സ്രോതസ്സുകൾക്കായുള്ള ഒരു ചരിത്രകാരന്റെ മാനദേണ്ടങ്ങൾക്ക് നേരെ വിപരീതമാണ്.

ആദ്യ കാല ബുദ്ധമത കൃതികൾ
ബുദ്ധമത കൃതികളായ “ത്രിപിടകങ്ങൾ’, ‘ലളിതവിസ്തരം’, ‘ധർമ്മപഥം’ തുടങ്ങിയവ പരിശോധിച്ചാൽ ക്രിസ്തു കഥ സമ്പൂർണമായിത്തന്നെ അതിൽ അടങ്ങിയിരിക്കുന്നതായി കാണാം എന്നും ഇവയിൽ നിന്നും കടം കൊണ്ടത് ആണ് ക്രൈസ്തവ വിശ്വാസങ്ങൾ എന്നും നിരീശ്വര വാദിയായ ജോസഫ് ഇടമറുക് തന്റെ പുസ്തക്തിൽ എഴുതിയിരിക്കുന്നു (ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല – ജോസഫ് ഇടമറുക്. പേജ് 39-52).

അശോക രാജാവിന്റെ കാലത്ത് ശ്രീലങ്കയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ത്രിപിടക 29 BC -യില് നാലാമത്തെ ബുദ്ധമത സമ്മേളനത്തിൽ ഈന്തപ്പനയുടെ ഇലകളിൽ എഴുതപ്പെട്ടു. അതായത് ശ്രീ ബുദ്ധന്റെ മരണത്തിന് ഏകദേശം 454 വർഷങ്ങൾക്ക് ശേഷം.

ലളിതവിസ്തരം A.D മൂന്നാം നൂറ്റാണ്ടിലേതാണ്.

ശ്രീ ബുദ്ധന്റെ മരണശേഷം ഏതാനും നൂറ്റാണ്ടുകൾ വരെ ആദ്യകാല ബുദ്ധമത ഗ്രന്ഥങ്ങൾ എഴുതപ്പെട്ടിരുന്നില്ല. അഫ്ഗാനിസ്ഥാനിൽ നിന്ന് കണ്ടെത്തിയതും ഗാന്ധാരിയിൽ എഴുതിയതുമായ ബുദ്ധമത ഗ്രന്ഥങ്ങളാണ് അവശേഷിക്കുന്ന ഏറ്റവും പഴയ കൈയെഴുത്തുപ്രതികൾ, അവ B.C ഒന്നാം നൂറ്റാണ്ട് മുതൽ A.D മൂന്നാം നൂറ്റാണ്ട് വരെയുള്ളവയാണ്.

യേശു ക്രിസ്തുവിനെ കുറിച്ചുള്ള ചരിത്ര സ്രോതസ്സുകൾ
യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളെ നമുക്ക് രണ്ടായി തിരിക്കാം. അവ അക്രൈസ്തവ ചരിത്ര രേഖകളും, ക്രൈസ്തവ ചരിത്ര രേഖകളും ആണ്.

അക്രൈസ്തവ ചരിത്ര രേഖകള്‍, യഹൂദന്മാരാലും, റോമന്‍ ചരിത്രകാരന്‍മാരാലും, ഗ്രീക്ക് സാഹിത്യകാരന്മാരാലും രചിക്കപ്പെട്ടതാണ്. ഇവരാരും യേശുക്രിസ്തുവിനോടോ, ക്രിസ്തീയ വിശ്വാസത്തോടോ യോജിപ്പുള്ളവര്‍ ആയിരുന്നില്ല. ഇവരുടെ എഴുത്തുകള്‍ എല്ലാം അവരുടെ സ്വതന്ത്ര കണ്ടത്തെലുകളും അഭിപ്രായങ്ങളും ആണ്.

ക്രൈസ്തവ ചരിത്ര രേഖകള്‍
രണ്ട് പ്രധാനപ്പെട്ട ആദ്യകാല സ്രോതസ്സുകളെ നോക്കാം :

ഒന്നാമതായി, 1 കൊരിന്ത്യർ 15: 1-8 -ലെ വിശ്വാസപ്രമാണം. ആദിമ സഭയുടെ അടിസ്ഥാന വിശ്വാസങ്ങളെ ഉൾക്കൊള്ളുന്ന ഈ ഹ്രസ്വ വിശ്വാസപ്രമാണം, യേശുവിന്റെ മരണത്തിന് 3-5 വർഷത്തിനുള്ളിൽ എഴുതപ്പെട്ടതായി കണക്കാക്കുന്നു : “എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു. ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ. അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാർക്കും എല്ലാവർക്കും പ്രത്യക്ഷനായി. എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി”

രണ്ടാമതായി, നാല് സുവിശേഷങ്ങൾ. യേശു ജീവിച്ച നൂറ്റാണ്ടിനുള്ളിൽ നിന്നു തന്നെ ഉള്ള അദ്ദേഹത്തിന്റെ ജീവചരിത്രത്തിന്റെ നാല് സുവിശേഷങ്ങൾ നമുക്കുണ്ട്. അവയെല്ലാം ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ എഴുതിയതാണെന്ന് ഫലത്തിൽ എല്ലാ പണ്ഡിതന്മാരും സമ്മതിക്കുന്നു.

തീർച്ചയായും, വിമർശനാത്മക പണ്ഡിതന്മാർ അംഗീകരിക്കുന്ന പൗലോസിന്റെ ഏഴ് കത്തുകൾ, പുതിയ നിയമത്തിലെ മറ്റ് രചനകൾ, ആദ്യകാല സഭാപിതാക്കന്മാർ, കൂടാതെ ബൈബിളിന് പുറത്തുള്ള സ്രോതസ്സുകൾ നമുക്കുണ്ട്.

അക്രൈസ്തവ ചരിത്ര രേഖകള്‍

1. ജോസെഫസ്
ആദ്യമായി നമുക്ക് യഹൂദ ചരിത്രകാരന്‍ ആയിരുന്ന ജോസെഫസിന്റെ (Josephus) ചരിത്ര പുസ്തകത്തിലേക്ക് നോക്കാം. അദ്ദേഹം AD 37 നും 100 നും ഇടയില്‍ ജീവിച്ചിരുന്നു എന്നു കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പിതാവ് മത്ഥിയാസ് (Matthias) വളരെ ആദരിക്കപ്പെട്ടിരുന്ന ഒരു യഹൂദ പുരോഹിതന്‍ ആയിരുന്നു. യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിന് തൊട്ട് ശേഷം ആണ് ജോസെഫസ് ജനിച്ചത്. തന്റെ പിതാവിനു ശേഷം അദ്ദേഹവും ഒരു പുരോഹിതന്‍ ആയി ദൈവാലയത്തില്‍ സേവനം അനുഷ്ഠിച്ചിരുന്നിരിക്കേണം. അതിനാല്‍ യേശുക്രിസ്തുവിനെ കുറിച്ചും അവന്റെ ക്രൂശ് മരണത്തെക്കുറിച്ചും, പിന്നീട് സഭയ്ക്ക് ഉണ്ടായ വളര്‍ച്ചയെക്കുറിച്ചും ജോസെഫസിന് നല്ല അറിവ് ഉണ്ടായിരുന്നു. ഒരു പക്ഷേ, അദ്ദേഹം പിന്നീട് റോമന്‍ കാരാഗൃഹത്തില്‍ ആയപ്പോള്‍, അവിടെ ഉണ്ടായിരുന്ന അപ്പോസ്തലന്മാരുടെ പ്രസംഗങ്ങളും ജോസെഫസ് കേട്ടിരുന്നിരിക്കാം. എന്നാല്‍ ജോസെഫസിനെ പോലെ ഉള്ള അന്നത്തെ യഹൂദന്മാര്‍, യഹൂദ മതത്തിന് നേരെയുള്ള ഒരു ഭീഷിണി ആയാണ് ക്രിസ്തീയ വിശ്വാസത്തെ കണ്ടിരുന്നത്.

അദ്ദേഹം എഴുതിയ ചരിത്ര പുസ്തകത്തില്‍, മഹാപുരോഹിതന്മാര്‍ ആയിരുന്ന ഹന്നാ, കൈയ്യഫാ, യഹൂദ ദേശത്തിലെ റോമന്‍ ഗവര്‍ണര്‍ ആയിരുന്ന പീലാത്തൊസ്, ഹെരോദാ രാജാവ്, സ്നാപക യോഹന്നാന്‍, യേശുക്രിസ്തു എന്നിവരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്.

അദ്ദേഹത്തിന്റെ രണ്ടു ചരിത്ര പുസ്തകങ്ങള്‍ ആണ് പ്രശസ്തമായിട്ടുള്ളത്. അവ, യഹൂദന്മാരുടെ യുദ്ധങ്ങള്‍ (The Jewish War), യഹൂദ പുരാതനത്വങ്ങള്‍ (Jewish Antiquities) എന്നീ ഗ്രന്ഥങ്ങള്‍ ആണ്. യഹൂദ പുരാതനത്വങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ച് വ്യക്തമായ രണ്ട് പരാമര്‍ശങ്ങള്‍ ഉണ്ട്. ഈ ഗ്രന്ഥം AD 93 മുതലുള്ള യഹൂദ ചരിത്രമാണ്. ഈ ഗ്രന്ഥത്തിലെ 18 ആം പുസ്തകം, 3 ആം അദ്ധ്യായം 3 ആം വാക്യത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ചുള്ള വിവരണം രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഭാഗത്തെ ടെസ്റ്റിമോണിയം ഫ്ലേവിയാനം (Testimonium Flavianum) അഥവാ “ഫ്ലേവിയസ് ജോസെഫസിന്‍റെ സാക്ഷ്യം” എന്നാണ് അറിയപ്പെടുന്നത്.

“അവനെ മനുഷ്യന്‍ എന്ന് വിളിക്കുന്നത് ന്യായമാണ് എങ്കില്‍, യേശു എന്നൊരു ബുദ്ധിമാനായ മനുഷ്യന്‍ അക്കാലത്ത് ജീവിച്ചിരുന്നു. അവന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍ ആയിരുന്നു. അവന്‍ പഠിപ്പിച്ച സത്യം അനേകര്‍ സന്തോഷത്തോടെ സ്വീകരിക്കുവാന്‍ തക്കവണ്ണം, അവയെ പഠിപ്പിക്കുവാന്‍ അവന് പ്രത്യേക കഴിവുണ്ടായിരുന്നു. അവന്‍ അനേകം യഹൂദന്മാരെയും ജാതികളെയും തന്നിലേക്ക് ആകര്‍ഷിച്ചു. അവന്‍ ക്രിസ്തു ആയിരുന്നു. നമ്മളുടെ ഇടയിലെ പ്രമുഖരായ വ്യക്തികളുടെ നിര്‍ദ്ദേശപ്രകാരം, പീലാത്തൊസ് അവനെ ക്രൂശിക്കുവാനായി വിധിച്ചു. അവനെ സ്നേഹിച്ചിരുന്നവര്‍ ആദ്യം അവനെ വിട്ടു പോയില്ല, അതിനാല്‍ അവന്‍ മരണത്തിന് ശേഷവും ജീവനോടെ, മൂന്നാം ദിവസം അവര്‍ക്ക് പ്രത്യക്ഷന്‍ ആയി. ഇത്, ദൈവീകരായ പ്രവാചകന്മാര്‍ മുങ്കൂട്ടി പറഞ്ഞിരുന്നു. അവനെക്കുറിച്ച് അവര്‍ പറഞ്ഞിരുന്ന പതിനായിരക്കണക്കിന് പ്രവാചനങ്ങളും നിവര്‍ത്തി ആയി. അവന്റെ പിന്‍ഗാമികള്‍ ആയ ക്രിസ്ത്യാനികള്‍ എന്ന ഗോത്രം ഇന്നും നശിച്ചു പോയിട്ടില്ല.”

ജോസെഫസിന്റെ പുസ്തകത്തിലെ ഈ ഭാഗത്തെ ചില വാക്കുകള്‍, പിന്നീട് ക്രിസ്തീയ വേദപണ്ഡിതന്‍ ആയ യൂസേബിയസ് (Eusebius) 4 -ആം നൂറ്റാണ്ടില്‍ കൂട്ടിചേര്‍ത്തതാണ് എന്നൊരു ആരോപണം ഉണ്ട് എങ്കിലും ഇതിലെ പ്രധാനപ്പെട്ട എല്ലാ വാചകങ്ങളും ജോസെഫസ് തന്നെ എഴുതിയാണ് എന്നാണ് ബഹുഭൂരിപക്ഷം ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. അതിനു അവര്‍ പറയുന്ന ന്യായങ്ങള്‍ ഇവയാണ്: ഈ ചരിത്ര ഭാഗത്ത്, ജോസെഫസ് യേശുവിനെ “ബുദ്ധിമാനായ ഒരു മനുഷ്യന്‍” എന്നാണ് വിളിച്ചിരിക്കുന്നത്. ജോസെഫസ് ഇതേ ഗ്രന്ഥത്തില്‍ ശലോമോന്‍, ദാവീദ്, സ്നാപക യോഹന്നാന്‍ എന്നിവരെക്കുറിച്ച് പറയുമ്പോഴും ഇതേ പദസമുച്ചയം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തീയ വിശ്വാസികള്‍ ഒരിയ്ക്കലും യേശുക്രിസ്തുവിനെ അങ്ങനെ വിളിക്കാറില്ല.

“അവന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍ ആയിരുന്നു” എന്ന ജോസെഫസിന്റെ അഭിപ്രായം യേശുവിനെ ഒരു മാന്ത്രികനെപ്പോലെ ചില അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിയായി മാത്രം കാണുന്നു. ഇവിടെയും ക്രിസ്തീയ വിശ്വാസികള്‍ ഒരിയ്ക്കലും അങ്ങനെ യേശുവിനെ കാണുന്നില്ല. യേശുക്രിസ്തു തനിക്കുണ്ടായിരുന്ന പ്രത്യേക കഴിവിനാല്‍ ഉപദേശങ്ങള്‍ പഠിപ്പിരുന്നു എന്ന ജോസെഫസിന്റെ അഭിപ്രായവും ക്രിസ്തീയം അല്ല. യേശുക്രിസ്തുവിനെ, ദൈവമായും, ദൈവ പുത്രന്‍ ആയും ദൈവത്തിന്റെ അഭിഷിക്തനായ മശിഹയും ആയാണ് ക്രിസ്ത്യാനികള്‍ കണ്ടിരുന്നത്. യേശുക്രിസ്തു യഹൂദന്മാരെയും ജാതികളെയും ഒരുപോലെ തന്നിലേക്ക് ആകര്‍ഷിച്ചു എന്നതും വേദപുസ്തകം പറയുന്ന കാര്യം അല്ല. യേശുക്രിസ്തു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ യഹൂദന്മാരുടെ ഇടയില്‍ ആണ് ശുശ്രൂഷ ചെയ്തിരുന്നത്. “അവനെ സ്നേഹിച്ചിരുന്നവര്‍ ആദ്യം അവനെ വിട്ടു പോയില്ല,” എന്ന വാചകത്തിന്റെ ഘടനയും ജോസെഫസിന്‍റേതാണ്. “ക്രിസ്ത്യാനികള്‍ എന്ന ഗോത്രം” എന്ന വാചകവും ക്രിസ്തീയ വിശ്വാസികള്‍ പറയുന്നതു അല്ല.

ഇതേ ഗ്രന്ഥത്തില്‍ തന്നെ രണ്ടാമതൊരു ഭാഗത്തു കൂടി യേശുക്രിസ്തുവിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അത് 20 ആമത്തെ പുസ്തകത്തില്‍ 9 ആമത്തെ അദ്ധ്യായത്തില്‍ ആണ്. ഇവിടെ, യഹൂദ മഹാപുരോഹിതന്‍ ആയ ഹന്നാവിന്‍റെ നിര്‍ബന്ധത്താല്‍ ആണ് യോക്കോബിനെ കൊന്നത് എന്നു പറയുന്നു. യാക്കോബ് എന്നു പേരുള്ള അനേകര്‍ അക്കാലത്ത് ഉണ്ടായിരുന്നു എന്നതിനാല്‍, കൊലചെയ്യപ്പെട്ട വ്യക്തി ഏത് യക്കോബ് ആണ് എന്നു വ്യക്തമാക്കുവാനായി, “ക്രിസ്തു എന്നു വിളിക്കപ്പെട്ടിരുന്ന യേശുവിന്‍റെ സഹോദരനായ യാക്കോബ്” എന്നാണ് ജോസെഫസ് എഴുതിയത്. ജോസെഫസ് രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രത്തില്‍, യോക്കോബിനെ കൊന്ന സമയവും രീതിയും, പുതിയനിയമത്തില്‍ പറയുന്നതിനോട് ചേരുന്നില്ല. അതിനാല്‍ തന്നെ ജോസെഫസിന്റെ ഗ്രന്ഥത്തിലെ രേഖപ്പെടുത്തല്‍ അദ്ദേഹം തന്നെ എഴുതിയതാണ് എന്നും എഴുത്തുകാരന്‍ ഒരു ക്രിസ്തീയ വിശ്വാസി അല്ല എന്നും നമുക്ക് തീര്‍ച്ചയാക്കാം.

2. റ്റാസിറ്റസ്
ജോസെഫസിന് ശേഷം ഏകദേശം 20 വര്‍ഷങ്ങള്‍ കഴിഞ്ഞ്, റ്റാസിറ്റസ് (Tacitus), പ്ലിനി (Pliny) എന്നീ റോമന്‍ ചരിത്രകാരന്മാരും അവരുടെ പുസ്തകങ്ങളില്‍ യേശുക്രിസ്തുവിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. AD 55 നും 118 നും ഇടയില്‍ ആണ് റ്റാസിറ്റസ് ജീവിച്ചിരുന്നത്. അദ്ദേഹം റോമന്‍ സെനറ്ററും, പ്രഗല്ഭനായ ഒരു വാഗ്മിയും, നരകുലശാസ്ത്രജ്ഞനും എല്ലാവരാലും അംഗീകരിക്കപ്പെട്ട ഒരു ചരിത്രകാരനും ആയിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥം ആയ അനല്‍സ് (Annals) AD 116 ലോ 117 ലോ ആണ് എഴുതപ്പെട്ടത്. ഇതില്‍ നീറോ ചക്രവര്‍ത്തിയുടെ ചരിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

AD 64 -ല്‍ റോമാ പട്ടണം അഗ്നിക്ക് ഇരയായി. നീറോ ചക്രവര്‍ത്തി തന്നെ ആ ഭാഗത്തെ കെട്ടിടങ്ങളെ അഗ്നിക്കിരയാക്കിയതാണ് എന്നൊരു ആരോപണം അക്കാലത്ത് ഉയര്‍ന്നു വന്നു. അദേഹത്തിന് അവിടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കേണം എന്നു ആഗ്രഹം ഉണ്ടായിരുന്നു.

ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടുവാനായി, പട്ടണത്തെ തീവച്ചത്, ക്രിസ്തീയ വിശ്വാസികള്‍ ആണ് എന്നു നീറോ കുറ്റം ആരോപിക്കുകയും ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് എഴുതുന്ന അവസരത്തിലാണ് റ്റാസിറ്റസ് ക്രിസ്തുവിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ക്രിസ്തുവിനെ പീലാത്തൊസ് ക്രൂശിച്ചുകൊന്നു എന്നും ക്രിസ്തു ആണ് ക്രിസ്തീയ വിശ്വസം സ്ഥാപിച്ചത് എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ക്രിസ്ത്യാനികളെ അസാധാരണവും നിന്ദ്യവുമായ ജീവിത രീതി ഉള്ളവര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. യേശുക്രിസ്തുവിനെ, റ്റൈബേരിയസ് ചക്രവര്‍ത്തിയുടെ കാലത്ത്, പീലാത്തൊസ് യഹൂദയുടെ ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ ആണ് ക്രൂശിക്കുന്നത് എന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരണം, യേശുക്രിസ്തുവിന്‍റെ ക്രൂശീകരണത്തെക്കുറിച്ചുള്ള പുതിയനിയമത്തിലെ വിവരണത്തോട് ഒക്കുന്നു. അപ്പോസ്തലപ്രവര്‍ത്തികളില്‍ പറയുന്നതുപോലെ, യേശുവിന്‍റെ ക്രൂശീകരണത്തിന് ശേഷം ക്രിസ്തീയ സഭ അതിവേഗം വളര്‍ന്നു എന്നും ആദ്യകാല വിശ്വാസികള്‍ ഒരു പ്രതികൂലത്തിലും തങ്ങളുടെ വിശ്വാസത്തെ ഉപേക്ഷിക്കാതെ നിന്നും എന്നും റ്റാസിറ്റസ് പറയുന്നുണ്ട്.

റോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും വിശ്വസനീയന്‍ ആയ ചരിത്രകാരന്‍ ആയിരുന്നു റ്റാസിറ്റസ്. വളരെ ശ്രദ്ധാപൂര്‍വ്വം ചരിത്രം രചിക്കുക അദ്ദേഹത്തിന്റെ രീതി ആയിരുന്നു. അദേഹത്തിന് ക്രിസ്തീയ വിശ്വാസത്തോട് യാതൊരു പ്രതിപത്തിയും ഇല്ലായിരുന്നു എന്നും നമുക്ക് മനസ്സിലാക്കാവുന്നതെ ഉള്ളൂ. അതിനാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ ചരിത്ര സത്യമായി തന്നെ നമുക്ക് സ്വീകരിക്കാം.

3. പ്ലിനി ദി യങ്ങര്‍
പ്ലിനി ദി യങ്ങര്‍ (Pliny the Younger) മറ്റൊരു റോമന്‍ ചരിത്രകാരനും രാജ്യതന്ത്രജ്ഞനും ആയിരുന്നു. റോമന്‍ പ്രവിശ്യ ആയിരുന്ന വടക്കന്‍ തുര്‍ക്കിയില്‍, ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്ത്, (Emperor Trajan) അദ്ദേഹം ഗവര്‍ണര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏകദേശം AD 112 -ല്‍, അദ്ദേഹം ചക്രവര്‍ത്തിക്ക് എഴുതിയ ഒരു കത്തില്‍ ആദ്യകാല ക്രിസ്ത്യാനികള്‍, “ദൈവത്തോട് എന്നപോലെ ക്രിസ്തുവിനോട് പാട്ടുകള്‍ പാടുമായിരുന്നു” എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അന്നത്തെ ക്രിസ്തീയ വിശ്വാസികള്‍ യേശുക്രിസ്തുവിനെ ദൈവമായി തന്നെ ആരാധിച്ചിരുന്നു എന്നതിന്റെ തെളിവാണ്. അദ്ദേഹം ഒരിയ്ക്കലും ക്രിസ്തീയ വിശ്വാസത്തോട് യോജിപ്പുള്ള വ്യക്തി ആയിരുന്നില്ല. ക്രിസ്ത്യാനികള്‍ പന്നികളെപ്പോലെ മര്‍ക്കടമുഷ്ടി ഉള്ളവരായിരുന്നു എന്നു അദ്ദേഹം എഴുതിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ 10 ആമത്തെ കത്തില്‍ 96 -ആം വാക്യം ഇവിടെ എടുത്തു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊരു സ്വതന്ത്ര പരിഭാഷ ആണ്, പദാനുപദ തര്‍ജ്ജമ അല്ല.

“അവര്‍ (ക്രിസ്ത്യാനികള്‍) അതിരാവിലെ സൂര്യപ്രകാശം പരക്കുന്നതിന് മുമ്പായിതന്നെ, ഒരു നിശ്ചിത ദിവസത്തില്‍ ഒരു സ്ഥലത്തു ഒരുമിച്ചുകൂടുക പതിവായിരുന്നു. ദൈവത്തോട് എന്നപോലെ അവര്‍ ക്രിസ്തുവിനോട് പാട്ടുകള്‍ പാടുമായിരുന്നു. ദുഷ്ടത പ്രവര്‍ത്തിക്കുക ഇല്ല എന്നും, കളവ് കാണിക്കുക ഇല്ല എന്നും, പരസംഗം ചെയ്യുക ഇല്ലാ എന്നും, കള്ള സാക്ഷ്യം പറയുക ഇല്ലാ എന്നും, അവരെ വിചാരണയ്ക്കായി വിളിക്കപ്പെട്ടാല്‍ പോലും വിശ്വസം ത്യജിക്കുക ഇല്ല എന്നും അവര്‍ പ്രതിജ്ഞ എടുക്കും. അതിനുശേഷം പിരിഞ്ഞു പോകുക എന്നത് അവരുടെ രീതി ആയിരുന്നു. എന്നാല്‍ വളരെ ലളിതമായ ആഹാരം ഒരുമിച്ച് കഴിക്കുവാന്‍ അവര്‍ വീണ്ടും ഒത്തുചേരുകയും ചെയ്യും.”

ഇതാണ് പ്ലിനി അദ്ദേഹത്തിന്റെ ഒരു കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

4. സൂറ്റോണിയസ്
സൂറ്റോണിയസ് എന്ന റോമന്‍ ചരിത്രകാരന്‍, ക്ലോഡിയസ് ചക്രവര്‍ത്തി യഹൂദന്മാരെ റോമില്‍ നിന്നും പുറത്താക്കിയത്, “ക്രിസ്തുവിന്റെ പ്രേരണയാല്‍ അവര്‍ നിരന്തരമായി ശല്യം ഉണ്ടാക്കിയത്” കൊണ്ടാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

5. സമോസറ്റയിലെ ലൂഷിയന്‍
AD 115 നും 200 ഇടയില്‍ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ഹാസ്യ സാഹിത്യകാരന്‍ ആയിരുന്നു. AD 165 ല്‍ അദ്ദേഹം എഴുതിയ പ്രശസ്തമായ പെരെഗ്രിനസിന്‍റെ മരണം എന്ന കൃതി, ക്രിസ്ത്യാനികളെക്കുറിച്ച് അവമതിപ്പ് ഉളവാക്കുന്ന ഒരു രചന

ആണ്. ക്രിസ്ത്യാനികള്‍ ഒരു മനുഷ്യനെ ആരാധിച്ചിരുന്നു എന്നു അദ്ദേഹം എഴുതിയിട്ടുണ്ട്. ആ മനുഷ്യനാണ് അവരുടെ നവീനമായ ആചാര രീതികള്‍ കൊണ്ടുവന്നത് എന്നും അതുകാരണം അവനെ ക്രൂശില്‍ തറച്ചു കൊല്ലുക ആയിരുന്നു എന്നും അദ്ദേഹം എഴുതി. തങ്ങള്‍ അമര്‍ത്യര്‍ ആണ് എന്ന മൂഢ വിശ്വസം ഉള്ള വഴിതെറ്റിപ്പോയ ഒരു കൂട്ടര്‍ ആണ് ക്രിസ്ത്യാനികള്‍ എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

6. സെല്‍സസ്
ഗ്രീക്ക് തത്വ ചിന്തകന്‍ ആയിരുന്ന പ്ലേറ്റോയുടെ ആശയങ്ങളില്‍ വിശ്വസിച്ചിരുന്ന മറ്റൊരു തത്വ ചിന്തകന്‍ ആയിരുന്നു സെല്‍സസ്. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിന് എതിരായിരുന്നു. സത്യ പ്രമാണങ്ങളെ കുറിച്ച് (On the True Doctrine) എന്ന അദ്ദേഹത്തിന്റെ കൃതി AD 175 നും 177 നും ഇടയില്‍ രചിച്ചത് ആയിരിക്കേണം. ഈ കൃതി ഇപ്പോള്‍ നമുക്ക് ലഭ്യമല്ല. എന്നാല്‍ ഇതില്‍ പറഞ്ഞിരിക്കുന്ന ക്രിസ്തീയ വിരുദ്ധതയ്ക്ക് മറുപടി ആയി അലക്സാണ്ട്രിയയിലെ ഒറിഗെന്‍ എന്ന ക്രിസ്തീയ വേദ പണ്ഡിതന്‍, കോണ്ട്രാ സെല്‍സം (Contra Celsum) എന്നൊരു കൃതി രചിച്ചിട്ടുണ്ട്. ഇത് നമുക്ക് ഇന്നും ലഭ്യമാണ്. സെല്‍സസിന്റെ കൃതിയില്‍ നിന്നും ധാരാളം ഉദ്ദരിണികള്‍ ഒറിഗന്‍റെ പുസ്തകത്തില്‍ ഉണ്ട്. ഇതില്‍ നിന്നും സെല്‍സസ് എന്തായിരുന്നു എഴുതുയിരുന്നത് എന്നു നമുക്ക് മനസ്സിലാക്കാം. യേശുക്രിസ്തുവിന്റെ ജനനം വഴിപിഴച്ചതായിരുന്നു എന്നും അവന്‍ ചെയ്ത അത്ഭുതങ്ങള്‍ മന്ത്രവാദ ശക്തിയാല്‍ ചെയ്തതായിരുന്നു എന്നും സെല്‍സസ് പറഞ്ഞു. എന്നാല്‍ യേശുക്രിസ്തു ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതില്‍ അദ്ദേഹത്തിന് തര്‍ക്കമില്ല.

7. മാറാ ബാര്‍ സെറാപിയോണ്‍
റോമന്‍ പ്രവിശ്യ ആയിരുന്ന സിറിയയില്‍ ജീവിച്ചിരുന്ന ഒരു സ്റ്റോയിക് തത്ത്വചിന്തകന്‍ (Stoic philosopher) ആയിരുന്നു. അദ്ദേഹം AD 73 ല്‍ തന്റെ മകനായ സെറാപിയോണിന് (Serapion) എഴുതിയ ഒരു കത്ത് ചരിത്രകാരന്‍മാര്‍ക്കിടയില്‍ പ്രശസ്തമാണ്. യേശുക്രിസ്തുവിനെ കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള അക്രൈസ്തവ രേഖ ആണ് ഇത്. ഈ കത്തില്‍, മൂന്ന് ബുദ്ധിമാന്മാര്‍ക്കെതിരെ പ്രവര്‍ത്തിച്ച അനീതിയെക്കുറിച്ച് അദ്ദേഹം പറയുന്നു. അത്, സോക്രട്ടീസിന്‍റെ കൊലപാതകം, പൈതഗോറസിനെ അഗ്നിക്കിരയാക്കി കൊന്നത്, യഹൂദന്മാരുടെ ബുദ്ധിമാനായ രാജാവിന്‍റെ കൊലപാതകം എന്നിവ ആണ്. ഈ ബുദ്ധിമാന്മാരെ കൊന്നതിനുള്ള ശിക്ഷ ഭാവി തലമുറ അനുഭവിക്കും എന്നും, ഒടുവില്‍ അവരുടെ ജ്ഞാനം വിജയിക്കും എന്നും അവരുടെ പീഡകരെ ദൈവം ശിക്ഷിക്കും എന്നും അദ്ദേഹം ആ കത്തില്‍ പറയുന്നുണ്ട്.

8. യഹൂദ രചനകള്‍
യേശുക്രിസ്തു ജന്‍മനാല്‍ ഒരു യഹൂദന്‍ ആയിരുന്നു എങ്കിലും യഹൂദന്മാര്‍ അവനെ തള്ളിപ്പറയുകയും എതിര്‍ക്കുകയും ആയിരുന്നു. യഹൂദ റബ്ബിമാര്‍ യേശുവിന്റെ ശുഷ്യന്മാരോ അനുകൂലികളോ ആയിരുന്നില്ല. അവരുടെ രചനകളില്‍ യേശുക്രിസ്തുവിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. അത് അക്കാലത്ത് ജീവിച്ചിരുന്ന ഒരു യഥാര്‍ത്ഥ മനുഷ്യന്‍ എന്ന നിലയില്‍ തന്നെ ആണ്.

AD 70 -നും 500 -നും ഇടയില്‍ രചിക്കപ്പെട്ട, അവരുടെ ബാബിലോണിയന്‍ താല്‍മഡ് (Babylonian Talmud) എന്ന കൃതിയില്‍, “പെസഹയുടെ തലേ ദിവസം വൈകുന്നേരം യേശുവിനെ തൂക്കികൊന്നു” എന്നു പറയുന്നുണ്ട്. യേശു ഒരു വഴിപിഴച്ച ബന്ധത്തില്‍ ജനിച്ച സന്തതി ആണ് എന്നും, അവന്‍ മന്ത്രവാദ ശക്തിയാല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിരുന്നു എന്നും, അവന്‍ വേദ വിപരീതമായ ദൈവ ദൂഷണം പഠിപ്പിച്ചിരുന്നു എന്നും അതിനാല്‍ ന്യായമായി തന്നെ അവന്‍റെ പാപങ്ങള്‍ കാരണം അവനെ കൊല്ലുക ആയിരുന്നു എന്നും റബ്ബിമാര്‍ അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും അവരില്‍ ആരും യേശു ജീവിച്ചിരുന്നിട്ടില്ല എന്നു പറഞ്ഞിട്ടില്ല.

നമ്മള്‍ ഇതുവരെയും പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളില്‍ നിന്നും നമുക്ക് രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാം. ആദ്യ നൂറ്റാണ്ടിലെ ചരിത്രകാരന്‍മാര്‍ക്കും, സാഹിത്യകാരന്‍മാര്‍ക്കും യേശുക്രിസ്തുവിനെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നു. ആദ്യ നൂറ്റാണ്ടില്‍ ആരും യേശു ക്രിസ്തു ജീവിച്ചിരുന്നിട്ടില്ല എന്നോ അവനെക്കുറിച്ചുള്ള ക്രിസ്തീയരുടെ വിശ്വാസങ്ങള്‍ കെട്ടുകഥകള്‍ ആണ് എന്നോ അഭിപ്രായപ്പെട്ടിട്ടില്ല.

യേശുവിന്റെയും ബുദ്ധന്റെയും ചരിത്രപരമായ തെളിവുകൾ താരതമ്യം ചെയ്യുന്നത് ആനയെയും ഉറുമ്പിനെയും തമ്മിൽ താരതമ്യം ചെയ്യുന്നത് പോലെ ആണ്. മാത്രവും അല്ല ബുദ്ധന്റെ ആശയങ്ങൾ യേശു ക്രിസ്തു കടം എടുത്തു എന്ന് തെളിയിക്കുവാൻ തക്ക ബുദ്ധ മത ഗ്രന്ഥങ്ങൾ യേശുവിനു മുൻപ് രചിക്കപ്പെട്ടത് ഇല്ല എന്നും മാത്രമല്ല കാലനുക്രമണിക തെളിവുകൾ ചൂണ്ടി കാണിച്ചു തരുന്നത് ബുദ്ധ മത ഗ്രന്ഥങ്ങൾ യേശുവിൻ്റെ ആശയങ്ങളെ കടം കൊണ്ടിരിക്കാൻ ആണ് സാദ്ധ്യത എന്നും ആണ്.

error: Thank you for visiting : www.ovsonline.in