OVS - Latest NewsSAINTS

വി. നിനോ (ജോർജിയായുടെ ശ്ലീഹാ)

ഇന്ന് നാം പലപ്പോഴും ഇപ്പോൾ നിലനിൽക്കുന്ന രാജ്യങ്ങളെ അവയെ വിശ്വാസത്തിൽ ഉറപ്പിച്ച പിതാക്കന്മാരുടെ നാമത്തിൽ പറയാറുണ്ട്. (ഉദാ: പടിഞ്ഞാറൻ റോമാ സാമ്രാജ്യം മാർ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ പേരിലും, കിഴക്കൻ റോമാ സാമ്രാജ്യം മാർ അന്ത്രയോസ് – മാർ യോഹന്നാൻ ശ്ലീഹന്മാരുടെ പേരിൽ, മധ്യ പൗരസ്ത്യ ദേശവും നമ്മുടെ ഭാരതവും മാർതോമാ ശ്ലീഹായുടെ പേരിലും അറിയപ്പെടുന്നു) എന്നാൽ ഇവയിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു രാജ്യത്തിന്റെ ശ്ലീഹാ ആയി അറിയപ്പെടുന്ന ഒരു വനിതയാണ് മർത്ത നിനോ.

റോമൻ സാമ്രാജ്യത്തിലെ കപ്പദോക്യ പ്രവശ്യയിലായിരുന്നു ശുദ്ധിമതിയുടെ ജനനം. പിതാവിന്റെ പേര് സബുലോൺ, അദ്ദേഹം റോമൻ സാമ്രാജ്യത്തിന്റെ ജനറൽ ആയിരുന്നു അമ്മയുടെ പേര് സൂസന്ന. വിശുദ്ധനായ ഗീവർഗീസ് സഹദായും ഊർശലേമിന്റെ പാത്രിയർകിസായിരുന്ന ഹ്യൂബനാൽ ഒന്നാമനും വി. നിനോയുടെ കുടുംബത്തിലുള്ളവരായിരുന്നു. ബാല്യത്തിൽ തന്നെ നിനോ ദയറാ ജീവിതം പിന്തുടരുന്ന സാറയോടൊപ്പം തന്റെ മാതാവിന്റെ സഹോദരനായ ഹ്യൂബനാൽ ഒന്നാമൻ പത്രിയര്കിസിനെ സന്ദർശിക്കുകയും വിശുദ്ധ നഗരത്തിൽ താമസിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ സഹായത്തോടെ റോമിലേക്ക് പോവുകയും അവിടെ ശുദ്ധിമതികളായ 35 സ്ത്രീകളോടൊപ്പം സുവിശേഷവത്കരണത്തിൽ മുഴുകുകയും ചെയ്തു.

സഭാ പാരമ്പര്യ പ്രകാരം വി. നിനോയ്ക്ക് ദൈവമാതാവായ വിശുദ്ധ കന്യകമറിയാം അമ്മയുടെ ദർശനം ഉണ്ടാവുകയും മുന്തിരിവള്ളിയുടെ ഒരു സ്ലീബാ നിനോയ്ക്ക് കൊടുത്തുകൊണ്ട് ഇപ്രകാരം പറഞ്ഞു “ഐബീരിയയിലേക്ക് പോക യേശുമശിഹായുടെ മഹത്വമുള്ള സുവിശേഷം നീ അവിടെ അറിയിക്കുക ദൈവസന്നിധിയിൽ നീതിയുള്ളവളായി നീ തീരും. നിന്റെ രഹസ്യവും പരസ്യവുമായ എല്ലാ ശത്രുകളിൽ നിന്നും ഞാൻ ഒരു പരിച എന്ന പോലെ നിന്നെ രക്ഷിക്കും. ഈ സ്ലീബാ നാട്ടപ്പെടുന്ന ദേശം സത്യവിശ്വാസത്താൽ രക്ഷപ്രാപിക്കുകയും ചെയ്യും”. ഈ അരുളപ്പാടിന് ശേഷം വി. നിനോ തന്റെ 35 കന്യകളോടൊപ്പം വി. ഗയാനിന്റെ നേതൃത്വത്തിൽ യാത്ര പുറപ്പെട്ടു. ആ യാത്രയിൽ അർമേനിയയിൽ വെച് വി. ഗയാനും 35 കന്യകമാരും അർമേനിയൻ രാജാവായ ട്രിടെറ്റ് മൂന്നാമൻ രാജാവിനാൽ യേശുമശിഹായുടെ സുവിശേഷത്തെ പ്രതി അതിക്രൂരമായ പീഡനത്തിലൂടെ സഹദാ മരണം പ്രാപിച്ചു. ഏകയായി വി. നിനോ ഐബീരിയയുടെ (ഇന്നത്തെ ജോർജിയ) പടിഞ്ഞാറൻ അതിർത്തിയിൽ എത്തി. അകാൽകാൽകി എന്ന സ്ഥലത് സ്ലീബാ നാട്ടികൊണ്ട് നിനോ തന്റെ സുവിശേഷ പ്രവർത്തനം ആരംഭിച്ചു.

അകാൽകാൽകിയിൽ നിന്ന് ആരംഭിച്ച സുവിശേഷ പ്രവർത്തനം ഇന്നത്തെ ജോർജിയയുടെ തലസ്ഥാനമായ മ്റ്റിസ്ഖേറ്റ വരെ വ്യാപിച്ചു. ഐബീരിയൻ സാമ്രാജ്യം ആ കാലത്ത പേർഷ്യൻ സാമ്രാജ്യത്തിന്റെ സ്വാധീനം എല്ലാ മേഖലകളിലും ഉണ്ടായിരുന്നു. ആ കാലത് ഐബീരിയൻ സാമ്രാജ്യത്തിലെ ജനങ്ങളും അവരുടെ രാജാവായ മിറിയൻ മൂന്നാമനും പ്രകൃതി ശക്തികളെ ദൈവമായികണ്ട് ആരാധനകഴിച്ചിരുന്നു. മിറിയൻ മൂന്നാമാന്റെ രാഞ്ജിയായ നാന നിനോയുടെ പ്രഭാഷണങ്ങൾ കേൾക്കുവ്വാൻ ഇടയായി, കഠിനമായ രോഗപീഡകളിലൂടെയാണ് നാനാ രാഞ്ജി ജീവിച്ചിരുന്നത്. വി. നിനോയുടെ പ്രാർത്ഥനയാൽ ദൈവം കരുണ ചെയുകയും രാഞ്ജിയുടെ രോഗംപൂർണമായി മാറുകയുണ്ടായി, നാന രാഞ്ജിയുടെ നിരവധി ഭൃത്യന്മാർ സത്യദൈവത്തെയും തന്റെ പുത്രനായ മ്ശിഹാ തമ്പുരാനിൽ വിശ്വസിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ നാനാ രാഞ്ജിയും വി. നിനോയാൽ നിന്ന് മാമോദീസ സ്വീകരിച്ചു. തന്റെ രാഞ്ജിയുടെ സൗഖ്യത്തിൽ രാജാവ് സന്തോഷിച്ചെങ്കിലും ക്രൈസ്തവമാർഗത്തിൽ നിന്ന് രാഞ്ജിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു, എങ്കിലും അനുദിനം ക്രിസ്ത്യാനികളുടെ എണ്ണം ഐബീരിയയിൽ ഉയർന്നു വന്നു. ഒരിക്കൽ നായാട്ടിന്ന് പോയ മിറിയൻ മൂന്നാമൻ രാജാവ് വലിയ ഒരു പ്രകാശം ദർശിച്ച അന്ധനായി തീർന്നു. മിറിയാം രാജാവ് ഇപ്രകാരം പ്രാത്ഥിച്ചു “എന്റെ രഞ്ജിയുടെ രോഗം ഭേതമാക്കിയ നിനോയുടെ ദൈവമായ മശിഹാ സത്യാ ദൈവമെങ്കിൽ എന്നെ ബാധിച്ച ഈ അന്ധത മാറ്റുമെങ്കിൽ അവനെ ആരാധിക്കുന്നതിനായി മറ്റെല്ലാ ദൈവങ്ങളെയും ഞാൻ ഉപേക്ഷിക്കും” ഉടനെ ഒരു പ്രകാശം ഉദിക്കുകയും രാജാവിന്റെ അന്ധത നീങ്ങിപോവുകയും ചെയ്തു.

ഈ അത്ഭുതത്തിന് ശേഷം അദ്ദേഹം തിരികെ വരുകയും രാജ്യത്തിൽ നിന്ന് പൂർണമായും വിഗ്രഹ ആരാധനാ നിറുത്തൽ ചെയുകയും, അർമേനിയക്ക് ശേഷം ലോകത്തിൽ രണ്ടാമതായി ഔദ്യോഗിക മതമായി ക്രിസ്തീയത അംഗീകരിക്കുകയും ചെയ്ത രാജ്യമായി ഐബീരിയ (ഇന്നത്തെ ജോർജിയ) മാറി. ഐബീരിയൻ രാജാവ് തുടർന്ന് തന്റെ പ്രതിനിതി സംഘത്തെ മഹാനായ കുസ്തനത്തിനോസ് ചക്രവർത്തിയുടെ അടുത്ത് അയക്കുകയും തങ്ങൾക്ക് മാർഗ്ഗ നിർദേശങ്ങൾക്കായി മേല്പട്ടക്കാരെയും പട്ടക്കാരെയും അയക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. മിറിയൻ മൂന്നാമൻ രാജാവിന്റെ അപേക്ഷ കൈകൊണ്ട ചക്രവർത്തി അദ്ദേഹത്തിന്റെ ആവശ്യങ്ങൾ നിവർത്തിച്ച കൊടുത്തു. മിറിയൻ രാജാവ് ജോർജിയയുടെ ആദ്യ ദൈവാലയം തലസ്ഥാനമായ മ്റ്റിസ്ഖേറ്റയിൽ സ്ഥാപിച്ചു.

ഐബീരിയ ക്രിസ്തുവിനെ പുൽകിയ സന്തോഷത്തിൽ വി. നിനോ ഐബീരിയയുടെ കിഴക്കൻ മേഖലയിലേക്ക് പോവുകയും അവിടെ കാഖേറ്റി മലനിരകളിൽ ബോഡബി എന്ന സ്ഥലത് പ്രാർത്ഥനാനിരതയായി ജീവിച്ചു. അധികം വൈകാതെ തനിക്ക് നൽകപ്പെട്ട കർത്തവ്യം പൂർത്തിക്കരിച്ച വി. നിനോ താൻ പ്രത്യാശിച്ചിരുന്ന ക്രിസ്തുവിൽ നിദ്ര പ്രാപിച്ചു. മിറിയാം മൂന്നാമൻ രാജാവ് ആദര പൂർവം വി. നിനോയെ ബോഡബിയിൽ കബറടക്കുകയും അവിടെ ഒരു ദയറാ സ്ഥാപിക്കുകയും ചെയ്തു.

തങ്ങളുടെ രാജ്യത്തിന്റെ അപ്പോസ്തോലയായ ശുദ്ധിമതിയായ വി. നിനോയുടെ സ്നേഹ സ്മരണയെ നിലനിർത്താൻ ഇന്നും അവിടെ ജനിക്കുന്ന പെൺകുഞ്ഞുങ്ങൾക്ക് നിനോ എന്ന പേര് നൽകുന്നു. ജനുവരി 14 -ന് ശുദ്ധിമതിയായ നിനോയെ പൗരസ്ത്യ സഭ ഓർക്കുന്നു.

ശുദ്ധിമതിയായ വി. നിനോയുടെ പ്രാർത്ഥന എന്നാളും കാവലും കോട്ടയുമാകെട്ടെ.

എഴുതിയത്: ലിന്റോ കോശി ഏബ്രഹാം, Kuwait.
+91-9895865007

error: Thank you for visiting : www.ovsonline.in