മലബാർ ഭദ്രാസന ഓർത്തഡോക്സ് കണ്വൻഷൻ 15 മുതൽ
എടക്കര: അൻമ്പതാമത് മലങ്കര സുറിയാനി സഭ മലബാർ ഭദ്രാസന ഓർത്തഡോക്സ് ക്രിസ്ത്യൻ കണ്വൻഷൻ 15 മുതൽ 22 വരെ ചുങ്കത്തറയിൽ നടക്കുമെന്നു സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചുങ്കത്തറ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിക്കു സമീപം തയ്യാറാക്കിയ പന്തലിൽ വൈകിട്ട് 6.55ന് മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത കണ്വൻഷൻ ഉദ്ഘാടനം ചെയ്യും. കനക ജൂബിലി വർഷമായി ആഘോഷിക്കുന്നതിനാൽ ഇന്നു വിളംബര പതാക ജാഥ നടക്കും. ചുങ്കത്തറ പനമണ്ണ പള്ളിയിൽ നിന്നും കുന്നുമ്മൽപൊട്ടിയിൽ നിന്നും ആരംഭിക്കുന്ന വിളംബര ജാഥകൾ എരുമമുണ്ട പുളിയ്ക്കക്കാട് ഇടവകയിൽ സംഗമിക്കും. 15ന് കണ്വൻഷൻ പന്തലിലെത്തിച്ചാണ് പതാക ഉയർത്തുക.
16ന് കനകജൂബിലി അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ അഭി.ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 17ന് നടക്കുന്ന വൈദിക സംഗമത്തിന് അഖില മലങ്കര വൈദിക സംഘം പ്രസിഡന്റ് അഭി.ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത, കുന്നംകുളം ഭദ്രാസനാധിപൻ അഭി.ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി.ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത, ഡോ. സഖറിയാസ്മാർ അപ്രേം മെത്രാപ്പോലീത്ത, ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത എന്നിവർ നേതൃത്വം നൽകും. 18ന് ഫാ. ഡോ. റെജി മാത്യൂസ്, 19ന് സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത, 20ന് ഫാ. ടൈറ്റസ് ജോണ്‍ തലവൂർ എന്നിവർ വചനശുശ്രൂഷ നടത്തും. കണ്‍വൻഷന്റെ ഭാഗമായി വൈദീക കുടുംബ സംഗമം, സണ്‍ഡേ സ്കൂൾ അധ്യാപക സംഗമം, ഐനാംസ് കൂട്ടായ്മ, പ്രാർഥനാ യോഗം, സുവിശേഷ സംഘം, മോംസ് സമ്മേളനം, യുവജന സമ്മേളനം, കുടുംബസംഗമം, ശുശ്രൂഷക സംഗമം എന്നിവ നടക്കും. സമാപന ദിവസമായ 22ന് നടക്കുന്ന വിശുദ്ധ അഞ്ചിൻമേൽ കുർബാനക്ക് മലബാർ ഭദ്രാസനാധിപൻ മുഖ്യകാർമികത്വം വഹിക്കും. സണ്‍ഡേ സ്കൂൾ റാലിയോടെ കണ്വൻഷൻ സമാപിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കണ്‍വീനർ ഫാ. മാത്യു കോലമല, ചെയർമാൻ ഫാ. മാർക്കോസ് കളപ്പുരയിൽ, സെക്രട്ടറി മാത്യു മറുകുംമൂട്ടിൽ, ട്രസ്റ്റി സാം ഏബ്രഹാം, കണ്‍വീനർ വി.കെ. ബിജു എന്നിവർ പങ്കെടുത്തു.