പരുമല പെരുന്നാൾ സമാപിച്ചു
പരുമല: ഭക്തിനിർഭരമായ റാസയോടെ പരുമല പെരുന്നാൾ സമാപിച്ചു. പള്ളിയിലെ പ്രത്യേക പ്രാർഥനകൾക്ക് ശേഷം വർണകുടകളും കത്തിച്ച് മെഴുകുതിരികളും തലയിൽ കുരിശുകളും ഏന്തി ഗീതങ്ങളും ആലപിച്ച് വിശ്വാസികൾ റാസയിൽ അണിനിരന്നു. പള്ളിയുടെ പടിഞ്ഞാറുള്ള പ്രധാന കവാടത്തിലൂടെ പമ്പാ നദിക്കരയിലേക്ക് റാസ നീങ്ങി. ഏററവും പിന്നിലായി വിശ്വാസികൾക്ക് ആശിർവാദം നൽകി വൈദികരും അണിനിരന്നു.
പമ്പാ നദിക്കരയിലെ കുരിശടിയിൽ ധൂപ പ്രാർഥന നടത്തിയശേഷം പ്രധാന റോഡിലൂടെ എത്തി പള്ളിക്ക് കിഴക്ക് വശത്തുള്ള പ്രധാന കൽകുരിശ്ശടിയിലും ധൂപ പ്രാർഥന നടത്തി പള്ളിക്ക് വലം വച്ച് പള്ളിയിലേക്ക് പ്രവേശിച്ചു. തുടർന്ന് നിരണം ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സമാപന പ്രാർഥനകളും ആശിർവാദവും നൽകിയതോടെ പരുമല തിരുമേനിയുടെ 116-ാം ഓർമപെരുന്നാളിന് സമാപനമായി.
വെള്ളിയാഴ്ച പുലർച്ചേ മുതൽ വൻ ഭക്തജന തിരക്കാണ് പള്ളിയിൽ അനുഭവപ്പെട്ടത്. പുലർച്ചേ മൂന്നിന് ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് സമാപന ദിനത്തിലെ തിരുകർമ്മങ്ങൾ ആരംഭിച്ചത്. തുടർന്ന് ഡോ.യൂഹാനോൻ മാർ ദിയാസ്‌കോറോസ് മെത്രാപ്പോലീത്താ കുർബ്ബാന അർപ്പിച്ചു.
ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധമൂന്നിന്മേൽ കുർബാനയും തുടർന്ന് നടന്ന വാഴ്‌വിലും നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മൂല്യാധിഷ്ഠിതമായ ജീവിതം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. തീര്‍ത്ഥാടകര്‍ക്കായി ശ്രാദ്ധസദ്യയും ക്രമീകരിച്ചിരുന്നു.
https://ovsonline.in/latest-news/parumala-perunnal-6/