ഒ വി എസിന്റെ ഭവന പദ്ധതിയായ ബസേലിയോസ് ഭവന്റെ കൂദാശ പരിശുദ്ധ കാതോലിക്ക ബാവ നിർവ്വഹിച്ചു.
മുള്ളരിങ്ങാട്/ഇടുക്കി: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം ഓർത്തഡോക്സ് വിശ്വാസ സംരക്ഷകന്റെ (ഒവിഎസ്) കാരുണ്യ ഭവന പദ്ധതി പരി. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കൂദാശ ചെയ്ത് ആശീർവദിച്ചു. 820 ചതുരശ്ര അടി വിസ്തീർണമുള്ള ഭവനം അങ്കമാലി ഭദ്രാസനത്തിലെ മുള്ളരിങ്ങാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിലെ ഒരു നിർധന കുടുംബത്തിലെ അംഗങ്ങൾക്കായാണ് പൂർത്തീകരിച്ചത്. മുള്ളരിങ്ങാട് സെന്റ് മേരീസ് പള്ളിയിൽ പരി. കാതോലിക്കാ ബാവയെ ആദ്യം സ്വീകരിച്ചു.
1970 കൾക്ക് ശേഷം ഇതാദ്യമായാണ് ഒരു കാതോലിക്ക ബാവ മുള്ളരിങ്ങാട് പള്ളിയിൽ പ്രവേശിക്കുന്നത്. പുതിയ വീടിന്റെ താക്കോൽ ഉടമകൾക്ക് പരി. ബാവ തിരുമേനി ഔദ്യോഗികമായി കൈമാറി. അർഹതപ്പെട്ട ഒരു കുടുംബത്തിന് ഇത്തരത്തിൽ ഒരു ഭവന പദ്ധതി പൂർത്തീകരിച്ചതിന് ഓർത്തഡോക്‌സ് വിശ്വാസ സംരക്ഷകൻ അംഗങ്ങളെ ബാവ തിരുമേനി അഭിനന്ദിക്കുകയും ദാരിദ്ര്യത്തിൽ കഴിയുന്ന ജനങ്ങൾക്ക് ഇത്തരത്തിലുള്ള കാരുണ്യ പ്രവൃത്തി ആവശ്യമാണെന്നും ഈ അവസരത്തിൽ ബാവ തിരുമേനി അഭിപ്രായപ്പെട്ടു.