സെബാസ്റ്റിയന്‍ പോളിന്റെ പ്രസ്താവന അപലപനീയം – ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: സുപ്രീം കോടതി വിധിയെ പരിഹാസത്തോടെ പരാമര്‍ശിക്കുകയും ഒരു വിഭാഗത്തിന്റെ വക്താവായി മാത്രം അധഃപതിക്കുകയും ചെയ്യുന്ന ഡോ. സെബാസ്റ്റിയന്‍ പോളിന്റെ ശൈലി നീതിന്യായ വ്യവസ്ഥിതിയെ തകിടം മറിക്കുന്നതാണെന്ന് ഓര്‍ത്തഡോക്‌സ് സഭ. മൂന്ന് പതിറ്റാണ്ടുകള്‍ ഇരു കൂട്ടരും കേസ് നടത്തി ഒരുമിച്ച് പോകുവാന്‍ സാഹചര്യം ഉണ്ടാകണമെന്ന സുപ്രീം കോടതിയുടെ കണ്ടെത്തലാണ് 2017 ജൂലൈ 3-ലെ കോടതി ഉത്തരവില്‍ പ്രകടമാകുന്നത്. രണ്ട് കൂട്ടര്‍ക്കും സ്വീകാര്യനായ ഒരു മദ്ധ്യസ്ഥനെ വച്ച് 2002-ല്‍ അസോസിയേഷന്‍ കൂടി ഒന്നിച്ചു പോകുവാനുളള സാഹചര്യം കോടതി തന്നെ രൂപപ്പെടുത്തിതാണ്. എന്നാല്‍ ഏകപക്ഷീയമായി അതില്‍ നിന്നും പിന്‍മാറി വീണ്ടും കേസുമായി മുന്നോട്ടു പോയതിനുളള തിരിച്ചടിയാണ് ഈ കോടതി വിധി. കോടതി വിധിയെ പഠിക്കാതെയും കോടതിയുടെ നിലപാടുകളും ഉദ്ദേശശുദ്ധിയും മനസ്സിലാക്കാതെയും സെബാസ്റ്റിയന്‍ പോള്‍ നടത്തിയ പ്രസ്താവ അപലപനീയമാണെന്ന് മാധ്യമവിഭാഗം അദ്ധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു. രാഷ്ട്രീയ സാമുദായിക നേതാക്കന്മാര്‍ കാര്യങ്ങള്‍ പഠിച്ചതിന് ശേഷം പ്രതികരിക്കുന്നതായിരിക്കും സമൂഹത്തിന് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സര്‍ക്കാരിന്റെ പുതിയ ബില്ല് കേരളത്തിലെ മറ്റു സമുദായങ്ങളിലേക്കും ബാധമാക്കിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും നിയമനിര്‍മ്മാതാക്കള്‍ ബോധവാന്മാരാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫാ. മോഹന്‍ ജോസഫ് (പി.ആര്‍.ഒ)