OVS - ArticlesOVS - Latest News

സ്വത്വപ്രതിസന്ധിയെ മഹത്വവല്‍ക്കരിക്കാന്‍ ഒരു മഹാ സമ്മേളനമോ?

സ്വയം മഹത്വവല്‍ക്കരിക്കുക എന്നത് ഇന്ത്യയൊട്ടാകെ കാണുന്ന ഒരു പ്രതിഭാസമാണ്. മലയാളികള്‍ പരക്കെ – വിശിഷ്യാ നസ്രാണികള്‍ – ഇതിൻ്റെ ആശാന്മാരുമാണ്. ഇതിൻ്റെ ഒരു വകഭേദത്തിനെയാണ് സംസ്‌കൃതവല്‍ക്കരണം (Sanskritisation) എന്നു സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ വിവക്ഷിക്കുന്നത്. നസ്രാണിയുടെ നമ്പൂതിരി പാരമ്പര്യവും, സമീപ കാലത്ത് ഉയര്‍ന്നു വരുന്ന യഹൂദ ഉത്ഭവകഥയുമൊക്കെ ഇത്തരം സംസ്‌കൃതവല്‍ക്കരണ ത്വരയുടെ ഉല്‍പ്പന്നങ്ങളാണ്. അത്തരമൊരു സംസ്‌കൃതവല്‍ക്കരണ ശ്രമമാണ് 2019 സെപ്റ്റംബര്‍ 1-ന് കുറവലിങ്ങാട് ചേരുന്നതായി വിളബരം ചെയ്ത നസ്രാണി സംഗമം. ഇവിടെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ഒരു സമൂഹത്തിൻ്റെ സ്വത്വപ്രതിസന്ധിയെ ആണെന്നു മാത്രം.

കേരളത്തിലെ നസ്രാണി പാരമ്പര്യമുള്ള എല്ലാവരുടേയും സംഗമം എന്നു അവകാശപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ കുറവലിങ്ങാട് യോഗത്തിൻ്റെ സൂത്രധാരകരും ഫലകാംക്ഷികളും സീറോ-മലബാര്‍ റോമന്‍ കത്തോലിക്കാ വിഭാഗമാണ്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, ആ വിഭാഗത്തിനുള്ളിലെ കല്‍ദായ വാദികള്‍ എന്നറിയപ്പെടുന്ന – മുഖ്യമായും ചെങ്ങനാശ്ശേരി അതിരൂപതയില്‍ പെട്ടവര്‍. യോഗത്തിൻ്റെ യഥാര്‍ത്ഥ ലക്ഷ്യം, തങ്ങളുടെ രൂക്ഷമായ സ്വത്വ പ്രതിസന്ധി മറച്ചു വയ്ക്കാനും, സ്വയം മഹത്വവല്‍ക്കരിച്ച് എന്തൊക്കയോ നേടിയെടുക്കാമെന്ന വ്യാമോഹവും.

2019 മെയ് 1-ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അയച്ച സര്‍ക്കുലര്‍ വരികള്‍ക്കിടയില്‍ വായിച്ചാല്‍ മതി നസ്രാണി സംഗമത്തിൻ്റെ യഥാര്‍ത്ഥ ഉദ്ദേശവും ലക്ഷ്യവും മനസിലാക്കാന്‍. (സര്‍ക്കുലര്‍ >>) മെയ് 19-ന് പള്ളികളിലും മഠങ്ങളിലും വായിക്കണമെന്ന നിര്‍ദ്ദേശത്തോടെ അയച്ച ദീര്‍ഘമായ ലേഖനത്തില്‍ കുറവലിങ്ങാടിൻ്റെ പൈതൃകം അവകാശപ്പടുന്നവരായി അവിടെ ജനിച്ചു വളര്‍ന്നവരും, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ കടിയേറിയവരുമായവരുടെ സംഗമം എന്നീ യോഗത്തെ വിശേഷിപ്പിക്കുന്നു. വിചിത്രമായ കുറെ നവ ചരിത്രങ്ങളും അദ്ദേഹം ഇതില്‍ വിവരിക്കുന്നുണ്ട്.

അവയെ ഇപ്രകാരം സംഗ്രഹിക്കാം.
1. മട്ടാഞ്ചേരിയിലും പാലയൂരും കുടിയിരുന്ന യഹൂദര്‍ യേശുക്രിസ്തുവിൻ്റെ കാലത്ത് കുറവലിങ്ങാട്ട് എത്തിയിരുന്നു.
2. ക്രിസ്തുവിൻ്റെ കഷ്ടാനുഭവ സമയത്തും പെന്തിക്കോസ്തിയുടെ സമയത്തും യെറുശലേമില്‍ ഉണ്ടായിരുന്ന ഇവരില്‍ പലരും ക്രിസ്തുമതം സ്വീകരിച്ചു.
3. ക്രിസ്തുവര്‍ഷം 105-ല്‍ വി. ദൈവമാതാവിൻ്റെ നാമത്തില്‍ കുറവലിങ്ങാട്ട് പള്ളി സ്ഥാപിച്ചു. ഇത് ദൈവമാതാവിൻ്റെ നാമത്തിലുള്ള ലോകത്തിലെ ആദ്യത്തെ പള്ളിയാണ്.
4. ഇന്ത്യാക്കാരനായ ആദ്യ മെത്രാന്‍ പറമ്പില്‍ ചാണ്ടിയാണ്.
ഇതിനൊക്കെ രേഖാ പിന്‍ബലം ഉണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ചരിത്ര രേഖകളും ചരിത്രസ്മാരകങ്ങളും പടച്ചുണ്ടാക്കുന്നതില്‍ റോമന്‍ കത്തോലിക്കാ സഭയുടെ പാടവം ചില്ലറയല്ല. പക്ഷേ പണ്ഡിതനെന്നു ജനം കരുതിയിരുന്ന മാര്‍ കല്ലറങ്ങാട്ടിൻ്റെ ഈ കണ്ടെത്തലുകള്‍ അതിലും കടന്ന കൈയ്യായിപ്പോയി എന്നു പറയാതിരിക്കാന്‍ തരമില്ല.

ഓരോന്നായി പരിശോധിക്കാം. യേശുക്രിസ്തുവിൻ്റെ കാലത്തോ അതിനു മുമ്പോതന്നെ യഹൂദന്മാര്‍ കേരളത്തിലെത്തി എന്ന് ചിന്തിക്കുന്നതില്‍ അസാംഗത്യമൊന്നുമില്ല. ദക്ഷിണേന്ത്യന്‍, വിശിഷ്യാ കേരള തുറമുഖങ്ങളിലെ, വന്‍പിച്ച വ്യാപാര സാദ്ധ്യതകള്‍ അതിനുള്ള ചാലക ശക്തിയുമാണ്. എന്നാല്‍ കേരളത്തില്‍ അവശേഷിക്കുന്ന ഏക യഹൂദ ആവാസഭൂമിയായ മട്ടാഞ്ചേരി രൂപമെടുക്കുന്നത് 1345-ല്‍ പെരിയാറ്റില്‍ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കം മൂലമാണ്. അതിൻ്റെ ഫലമായി കൊടുങ്ങല്ലൂര്‍ അഴിമുഖം അടഞ്ഞു അവിടുത്തെ വ്യാപാരവും തകര്‍ന്നു. ഇതേ വെള്ളപ്പൊക്കം പുതുതായി തുറന്ന കൊച്ചി അഴിമുഖത്തേയ്ക്ക് കൊടുങ്ങല്ലൂരെ അന്തര്‍ദേശീയ വ്യാപാരം പറിച്ചുനടാന്‍ നിര്‍ബന്ധിതമായി. അതേത്തുടര്‍ന്നാണ് മട്ടാഞ്ചേരി പ്രസക്തമാകുന്നതും അവിടെ യഹൂദ സാന്നദ്ധ്യം ഉണ്ടാകുന്നതും!

പാലയൂരിൻ്റെ കാര്യവും സംശയാസ്പദമാണ്. മാര്‍ത്തോമ്മാ ശ്ലീഹാ സ്ഥാപിച്ചതായി ഇന്നു ചിലര്‍ പരിഗണിക്കുന്ന പാലയൂര്‍ സഭയുടെ ആസ്ഥാനം ഇതാണന്നു സമ്മതിക്കാത്തവര്‍ അനേകരുണ്ട്. പാലയൂര്‍ പള്ളിതന്നെ ആര്‍ത്താറ്റ്-കുന്നംകുളം പള്ളിയുടെ കുരിശുപള്ളിയാണന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പതിനാറാം നൂറ്റാണ്ടിൻ്റെ പ്രാരംഭത്തില്‍ ജേക്കബ് ഫെനീഷ്യോ എന്ന ജസ്യൂട്ട് പുരോഹിതന്‍ പാലയൂര്‍ പള്ളി പൊളിച്ചു പണിയുമ്പോള്‍ അത് കുറിയാക്കോസ് സഹദായുടെ നാമത്തിലുള്ള തുലോം ചെറുതായ ഒരു പള്ളിയായിരുന്നു.

ഇനി പാലയൂര്‍ മഹത്വവല്‍ക്കരണത്തില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന യൂദക്കുന്ന് എന്തെന്നു പരിശോധിക്കാം. പാലയൂര്‍ പള്ളിച്ചരിത്രത്തിലല്ലാതെ പ്രാദേശിക സ്ഥലനാമ ചരിത്രത്തില്‍ യുദക്കുന്ന്, യൂദക്കുളം എന്നീ സ്ഥാനങ്ങള്‍ ഒരിക്കലും ഇടംപിടിച്ചിട്ടില്ല. ക്രിസ്തുവര്‍ഷം 1750-നടുത്ത് എസക്കിയേല്‍ റാബി എന്നൊരു ധനികനായ യഹൂദ വ്യാപാരി കൊച്ചിയില്‍ താമസിച്ചിരുന്നു. പാലയൂരില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അതിവിശാലമായ ഒരു തെങ്ങിന്‍തോപ്പിൻ്റെ സംരക്ഷണത്തിനായി ഏഴ് യഹൂദരെ അദ്ദേഹം അവിടെ താമസിപ്പിച്ചിരുന്നു. (യഹൂദന്മാരുടെ ശാബത്പരമായ ആവശ്യത്തിന് ഏഴ് പുരുഷന്മാര്‍ ആവശ്യമുണ്ട്.) ഈ സ്ഥലം മാത്രമാണ് പാലയൂരില്‍ യഹൂദ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഒരേയൊരിടം. അവിടെ സമീപകാലത്ത് റോമന്‍ കത്തോലിക്കര്‍ ആ സ്ഥാനത്ത് ഒരു കപ്പേള സ്ഥാപിച്ചു. താമസിയാതെ അവിടം യൂദക്കുന്ന് ആയി അടയാപ്പെടുത്താനും സാദ്ധ്യതയുണ്ട്.

പെന്തിക്കോസ്തിയുടെ സമയത്ത് കേരളത്തില്‍ അധിവസിച്ചിരുന്ന യഹൂദരില്‍ ചിലര്‍ യെറുശലേമിലുണ്ടായിരിക്കാനുള്ളതും, അവരില്‍ ചിലര്‍ ക്രിസ്തുമാര്‍ഗ്ഗത്തില്‍ ആകൃഷ്ടരാവാനുമുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. പക്ഷേ അവരാണ് കുറവലിങ്ങാട്ട് ക്രിസ്തുമാര്‍ഗ്ഗം പ്രചരിപ്പിച്ചതെന്ന പരോക്ഷ പരാമര്‍ശം അംഗീകരിച്ചാല്‍, …മാര്‍ത്തോമ്മാ ക്രിസ്ത്യാനികളായ നമ്മുടെ വിശ്വാസ പൈതൃകം നമ്മുടെ പിതാവായ, ഭാരതത്തിൻ്റെ അപ്പോസ്‌തോലന്‍, ക്രിസ്തു ശിഷ്യനായ വി. തോമ്മാ ശ്ലീഹായില്‍നിന്നും ലഭിച്ചതാണ്… എന്ന മാര്‍ കല്ലറങ്ങാട്ടിൻ്റെ സര്‍ക്കുലറിലെ പ്രാരംഭ വചനത്തിനു വിരുദ്ധമാകും! ഈ പ്രാരംഭ വാചകമാകട്ടെ, ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പായുടെ തിരുവചനത്തിനും എം.ജി.എസ്. നാരായണൻ്റെ താല്‍പ്പര്യങ്ങള്‍ക്കും പ്രതിലോമവും!

അടുത്തതായി കുറവലിങ്ങാട് പള്ളിയുടെ കാലനിര്‍ണ്ണയമാണ്. പള്ളികളുടെ സ്ഥാപനകാലം പുറകോട്ടു മാറ്റുന്ന പ്രവണത സമീപകാലത്ത് കേരളത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. മണര്‍കാട് പള്ളിയുടെ സ്ഥാപനം അഞ്ച് ശതവര്‍ഷം പുറകോട്ടു മാറ്റിയതും. പിറവം മര്‍ത്തമറിയം പള്ളിയുടെ സ്ഥാപനവര്‍ഷം ക്രിസ്തുവര്‍ഷം രണ്ട് എന്നു തട്ടിവിടുന്നതും ഇതിൻ്റെ വര്‍ത്തമാന കാല ഉദാഹരണങ്ങളാണ്. കുറവലങ്ങാട് പള്ളിസ്ഥാപനം ക്രിസ്തുവര്‍ഷം 105-ല്‍ എന്നത് മാര്‍ കല്ലറങ്ങാട്ടിന് എവിടെനിന്നു ലഭിച്ചു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്. കാരണം അത്തരമൊരു കാലഗണന ഇതഃപര്യന്തം ഈ ലേഖകൻ്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. മറിച്ചുള്ളവ ഉണ്ടുതാനും.

കുറവലിങ്ങാട് സ്വദേശിയും അറിയപ്പെടുന്ന ഗ്രന്ഥകാരനുമായ ഷെവലിയാര്‍ വി. സി. ജോര്‍ജ്ജ് 1973-ല്‍ രചിച്ച ഗ്രന്ഥമാണ് കുറവലിങ്ങാട് മര്‍ത്തമറിയം പള്ളിയും മലങ്കര നസ്രാണികളും. മാര്‍ കല്ലറങ്ങാട്ട് സൂചിപ്പക്കുന്ന ദൈവമാതാവുമായി ബന്ധപ്പെട്ട ഐതീഹ്യവുമായി ബന്ധപ്പെടുത്തി കുറവലിങ്ങാട് പള്ളിസ്ഥാപനവര്‍ഷമായി അദ്ദേഹം കണക്കാക്കുന്നത് ക്രിസ്തു വര്‍ഷം 345 ആണ്! (പേജുകള്‍ 19 – 22) ഇത് ക്രിസ്തു വര്‍ഷമല്ല കൊല്ലവര്‍ഷം 345 ആണെന്ന് പിന്നാലെ പ്രതിപാദിക്കാം. കുറവലിങ്ങാടുപള്ളിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചാണ് ഗ്രന്ഥരചന നിര്‍വഹിച്ചതെന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്ന ഈ കൃതിക്ക് അഭിനന്ദനം രേഖപ്പെടുത്തിയിരിക്കുന്നത് മാര്‍ കല്ലറങ്ങാട്ടിൻ്റെ മുന്‍ഗാമിയും പാലാ രൂപതയുടെ മെത്രാനുമായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ആണ്! 1973-നു ശേഷം ക്രിസ്തുവര്‍ഷം 105 എന്നു സ്ഥാപക വര്‍ഷം നിര്‍ണ്ണയിക്കാന്‍ എന്തു പുതിയ തെളിവാണ് മാര്‍ കല്ലറങ്ങാട്ടിൻ്റെ കൈവശമെത്തിയത് എന്നറിയാന്‍ താല്‍പര്യമുണ്ട്.

സഭ എന്ന വിശാലമായ അര്‍ത്ഥത്തിലും പള്ളി എന്ന പദം പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അന്ത്യം വരയും ഉപയോഗിച്ചിരുന്നു. ഈ അര്‍ത്ഥത്തില്‍ മാര്‍ത്തോമ്മാശ്ലീഹാ സ്ഥാപിച്ച പള്ളി എന്നതിന് പ്രാദേശിക സഭ എന്നു മാത്രമാണ് അര്‍ത്ഥമാക്കേണ്ടത്. അവയാകട്ടെ, കേരളത്തിലെ മാത്രമല്ല, ദക്ഷിണേന്ത്യയിലെ അന്തര്‍ദേശീയ തുറമുഖങ്ങളില്‍ ഒതുങ്ങിനിന്നു. അതിനു വ്യക്തമായ നരവംശ – ഭൂമിശാത്രപരമായ കാരണങ്ങള്‍ ഉണ്ട്. അവിടെനിന്നും ഉള്‍നാടുകളിലേയ്ക്കു സാവധാനം നടന്ന വ്യാപനത്തിനും വ്യക്തമായ ഒരു മാതൃക (Pattern) ഉണ്ട്. അതിൻ്റെ അടിസ്ഥാനമാകട്ടെ സാമ്പത്തിക – രാഷ്ട്രീയ കാരണങ്ങളും.

ഒരു വര്‍ത്തക സമൂഹമെന്ന രീതിയിലാണ് ആദിമ കേരള ക്രൈസ്തവര്‍ വേരുറപ്പിച്ചത്. അതാകട്ടെ മുകളില്‍ പറഞ്ഞ അന്തര്‍ദേശീയ തുറമുഖങ്ങളിലും. രാഷ്ട്രീയമായ പിന്തണയോ പീഡയോ അനുഭവിക്കാത്ത ഈ സമൂഹത്തിന് ദ്രുത വികസനമോ പാലായനങ്ങളോ ഉണ്ടായില്ല. ആദ്യ സഹസ്രാബ്ദത്തില്‍ ക്രിസ്തുമാര്‍ഗ്ഗക്കാര്‍ കേരളത്തിൻ്റെ ഉള്‍നാടുകളിലേയ്ക്ക് വ്യാപിച്ചത് മതഭേദം കൊണ്ടല്ല, മറിച്ച് തികച്ചും സാമ്പത്തികമായ കാരണങ്ങളാലായിരുന്നു. മലനാട്ടില്‍ വിളയുന്ന കുരുമുളകു പോലുള്ള സുഗന്ധവിളകളുടെ കയറ്റുമതിയായിരുന്നു കേരളീയ തുറമുഖങ്ങളിലെ വ്യാപാരത്തിൻ്റെ അസ്ഥിവാരം. ഈ വിളകളെ തുറമുഖങ്ങളിലെത്തിക്കുന്ന ചെട്ടികുലങ്ങളില്‍ ചിലതിൻ്റെ ക്രിസ്തുമാര്‍ഗ്ഗ പ്രവേശനമോ, തുറമുഖങ്ങളിലെ ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ച ചെട്ടി കുലങ്ങളുടെ കിഴക്കോട്ടുള്ള വ്യപാര വികസനമോ ആണ് കേരളത്തിൻ്റെ ഉള്‍നാടുകളിലേയ്ക്കുള്ള ക്രിസ്തുമാര്‍ഗ്ഗ പ്രചരണത്തിനുള്ള അടിസ്ഥാന കാരണം. അതാകട്ടെ പരമ്പരാഗതമായ ജല-കര വ്യാപാര പാതകളുടെ ഓരം പിടിച്ചു മാത്രവും.

ഇതൊരു ഊഹാപോഹമൊന്നുമല്ല. മാര്‍ത്തോമ്മന്‍ പാരമ്പര്യമുള്ള തുറമുഖ നഗരസഭകളായ മുസിരിസ്, നിരണം, കൊല്ലം എന്നിവിടങ്ങളില്‍നിന്നും കിഴക്കോട്ടു പോകുന്ന വ്യക്തമായും തെളിച്ചെടുക്കാവുന്ന വ്യാപാര പാതകളിലാണ് അതേ ക്രമത്തില്‍ നസ്രാണി ആവാസ ഭൂമികള്‍ വികസിച്ചത്. നസ്രാണി കുടിയേറ്റം – അങ്ങാടി – പള്ളി എന്ന ക്രമത്തിലാണ് നസ്‌റാണി കേന്ദ്രങ്ങള്‍ എപ്പോഴും വികസിച്ചിട്ടുള്ളത്. ഉദാഹരണത്തിന് നിരണത്തുനിന്നും ചെങ്ങന്നൂരും, കൊല്ലത്തുനിന്നും കുണ്ടറ, കൊട്ടാരക്കര എന്നിവയും സ്ഥാപിക്കപ്പെട്ടത് നൂറ്റാണ്ടുകളിലൂടെയാണ്. ഇവ വ്യക്തമായും വ്യാപാര പാതകളിലുമാണ്. ഇത്തരം വ്യാപനത്തിൻ്റെ അടിസ്ഥാന കാരണം വിശ്വാസമൊന്നുമല്ല; മറിച്ച് വികസിക്കുന്ന വ്യാപാര മേഖലയും സാമ്പത്തിക ഭദ്രതയുമാണ്. കുറവലിങ്ങാടിന് അത്തരം മേന്മകളൊന്നുമില്ല. അറിയപ്പെടുന്ന പുരാതനകാലത്തെ അറിയപ്പെടുന്ന വാണിജ്യ ഇടനാഴിയിലുമല്ല.

ക്രിസ്തുവര്‍ഷം പത്താം ശതകത്തിനു ശേഷം പുതിയ നസ്രാണി അങ്ങാടികളുടെ സ്ഥാപനം ത്വരിതഗതിയിലായി. കുലശേഖര സാമ്രാജ്യത്തിൻ്റെ പതനവും നാട്ടു രാജ്യങ്ങളുടെ ആവിര്‍ഭാവവുമായിരുന്നു കാരണം. ഓരോ നാട്ടു രാജാക്കന്മാരും പരമാവധി ചുങ്കം ലഭ്യമാക്കാന്‍ തങ്ങളുടെ രാജ്യത്തെ വ്യാപരത്തെ മത്സരബുദ്ധിയോടെ പ്രോല്‍സാഹിപ്പിച്ചു. അപ്പോഴേയ്ക്കും നമ്പൂതിരി കേന്ദ്രീകൃത സാമൂഹിക വ്യവസ്ഥിതി ഉറച്ചതിനാല്‍ വ്യാപാരം കുലധര്‍മ്മമായ ജാതികള്‍ക്കു മാത്രമായിരുന്നു വാണിജ്യപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുവാന്‍ സാദ്ധ്യമായിരുന്നത്. കുന്നംകുളത്തിനു തെക്ക് വൈശ്യ ജാതി നസ്രാണികള്‍ മാത്രവും. സ്വാഭാവികമായും നാട്ടുരാജക്കന്മാര്‍ നസ്രാണി കുടിയേറ്റത്തെ പ്രോല്‍സാഹിപ്പിച്ചു. അങ്ങാടിയും പള്ളിയും വെച്ചു കുടിയിരിക്കാന്‍ പ്രേരിപ്പിച്ചു.

ഇവിടെയാണ് കുറവലിങ്ങാട് പ്രസക്തമാകുന്നത്. തെക്കുംകൂറിൻ്റെ ആസ്ഥാനങ്ങളിലൊന്നായിരുന്നു കടുത്തുരുത്തി. കുറവലിങ്ങാടാകട്ടെ അവിടെനിന്നും ഏതാനും കിലോമീറ്ററുകള്‍ക്കുള്ളിലും. ആദ്യകാലത്ത് ഒരു തളിയും അതുവഴി നമ്പൂതിരി സങ്കേതവുമായിരുന്ന കടുത്തുരുത്തിയില്‍ വിവിധ ജാതികള്‍ ഇടപഴകുന്ന ഒരു അങ്ങാടി സ്ഥാപിക്കുക പ്രായേണ അസാദ്ധ്യമായിരുന്നു. സ്വാഭാവികമായും കുടിയേറിയ നസ്രാണികള്‍ സമീപസ്ഥമായ കുറവലിങ്ങാട്ടും പരിസരങ്ങളിലും ആവാസമുറപ്പിച്ചിരിക്കാം. കടുത്തുരുത്തി വലിയ പള്ളിക്ക് അഞ്ചാം നൂറ്റാണ്ടു വരെ പഴക്കം ചിലര്‍ അവകാശപ്പെടുന്നു എന്ന വസ്തുത അവഗണിച്ചുകൊണ്ടല്ല ഈ പരാമര്‍ശനം നടത്തുന്നത്. അതിനുള്ള സാദ്ധ്യത വിരളമായിരുന്നതിനാലാണ്.

ഷെവലിയാര്‍ വി. സി. ജോര്‍ജ് പ്രതിപാദിക്കുന്ന 345 എന്ന കുറവലിങ്ങാടുപള്ളിയുടെ സ്ഥാപനവര്‍ഷം കൊല്ലവര്‍ഷമാണന്നു മുകളില്‍ പറയാനുള്ള കാരണം ഇതാണ്. ക്രിസ്തുവര്‍ഷം 1170 (825+345= 1170) ചരിത്രയാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ട്. മാത്രമല്ല പോര്‍ട്ടുഗീസ് കാലഘട്ടത്തില്‍ മാത്രമെത്തിയ റോമന്‍ കാലഗണനയില്‍ (ജൂലിയന്‍/ ഗ്രീഗോറിയന്‍) അതിനു മുമ്പുള്ള ഒരു ചരിത്ര വസ്തുത രേഖപ്പെടുത്തി എന്നത് യുക്തിക്കു നിരക്കുന്നതല്ല.

നസ്രാണി ചരിത്രത്തില്‍ പകലോമറ്റം കുടുംബത്തിനുള്ള സ്ഥാനം അദ്വിതീയമാണ്. 1816-ല്‍ മാര്‍ത്തോമ്മാ എട്ടാമന്‍ കാലം ചെയ്യുന്നതുവരെ നൂറ്റാണ്ടുകളോളം നസ്രാണികളുടെ ജാതിക്കുതലവന്മാര്‍ ആ കുടുംബത്തില്‍നിന്നുള്ളവരായിരുന്നു. ഒരു കാലത്ത് അവരുടെ തറവാട് കുറവലിങ്ങാട് ആയിരുന്നു എന്നതും സംശയരഹിതമാണ്. പക്ഷേ അര്‍ക്കദയക്കോന്മാരുടെ ആസ്ഥാനം അങ്കമാലി ആയിരുന്നു. മഹാനായ മാര്‍ത്തോമ്മാ ഒന്നാമനോടുള്ള പക തീര്‍ക്കുവാന്‍ ബിഷപ്പ് ജോസഫ് സെബസ്ത്യാനി അങ്കമാലിയിലെ അദ്ദേഹത്തിൻ്റെ അരമന കൈവശപ്പെടുത്തി കത്തിച്ചുകളഞ്ഞതോടെയാണ് ആ ആസ്ഥാനം ഇല്ലാതായത്. പിന്നീട് നിരണം, കണ്ടനാട്, ചെങ്ങന്നൂര്‍, പഴയ സെമിനാരി ഒക്കെയായിരുന്നു ജാതിക്കു തലവൻ്റെ ആസ്ഥാനങ്ങള്‍. ഇതു വ്യക്തമാക്കുന്നത് മലങ്കരസഭാ ഭരണചരിത്രത്തില്‍ കുറവലിങ്ങാടിന് ഒരു സവിശേഷ സ്ഥാനവും ഇല്ലന്നുതന്നെ.

മാര്‍ കല്ലറങ്ങാട്ടിൻ്റെ അടുത്തവാദം ഇന്ത്യാക്കാരനായ ആദ്യ മെത്രാന്‍ പറമ്പില്‍ ചാണ്ടിയാണന്നാണ്. ചാണ്ടിയെ മെത്രാനാക്കിയ സാഹചര്യം മനസിലാക്കണം. 1663-ല്‍ പോര്‍ട്ടുഗീസുകാരെ തോല്‍പ്പിച്ച് ഡച്ചുകാര്‍ കൊച്ചീക്കോട്ട പിടിച്ചു. മാര്‍ത്തോമ്മാ ഒന്നാമനെ വേട്ടയാടാന്‍ പ്രത്യേകം നിയുക്തനായ ബിഷപ്പ് ജോസഫ് സെബസ്ത്യാനിയോട് പത്തു ദിവസത്തിനുള്ളില്‍ നാടുവിടാന്‍ അവര്‍ കല്പിച്ചു. തങ്കക്കാശുവെച്ച കൊഴുക്കട്ടയും മറ്റും നല്‍കി സ്വാധീനിച്ച് റോമന്‍ കത്തോലിക്കരാക്കിയ ഒരുപിടി നസ്രാണികള്‍ക്ക് നാഥനില്ലാതാവുന്ന അവസ്ഥയില്‍ കടുത്തുരുത്തിക്കാരന്‍ കടവില്‍ ചാണ്ടി എന്ന ക്‌നാനായ കത്തനാര്‍വഴി കുറവലിങ്ങാട് പറമ്പില്‍ ചാണ്ടി കത്തനാരെ സ്വാധീനിച്ചു മെത്രാനാക്കി. പറമ്പില്‍ ചാണ്ടിയുടെ പകലോമറ്റം പാരമ്പര്യം മുതലാക്കാമെന്നും സെബസ്ത്യാനി കരുതിക്കാണും. ഏതായാലും പില്‍ക്കാലത്ത് നസ്രാണികളില്‍ ഒരു വിഭാഗത്തെ റോമന്‍ കത്തോലിക്കരാക്കാന്‍ ഈ നടപടിമൂലം സാധിച്ചു എന്നതു സത്യമാണ്.

പറമ്പില്‍ ചാണ്ടിയെ മിര്‍ജാഫര്‍ എന്നു ചിലര്‍ വിശേഷിപ്പിക്കുന്നുണ്ട്. ഇന്ത്യാ ചരിത്രത്തില്‍ ചതിയുടെ പര്യായമാണ് മിര്‍ ജാഫര്‍. ഈ കച്ചവടത്തില്‍ പറമ്പില്‍ ചാണ്ടിക്കു നഷ്ടം മാത്രമാണ് ഉണ്ടായത് താന്‍ പിന്‍ഗാമിയായി കണ്ട കുഞ്ഞുവര്‍ക്കി കത്തനാരാകട്ടെ, ഏതെങ്കിലും ഒരു നസ്രാണിയാകട്ടെ അദ്ദേഹത്തിൻ്റെ പിഗാമിയായില്ല. അതിലും ഉപരി, സ്വന്തം അനന്തരവന്‍ കുഞ്ഞുവര്‍ക്കി കത്തനാര്‍ക്കു താന്‍ കൊടുത്ത അര്‍ക്കദയക്കോന്‍ സ്ഥാനം പോലും റോം അംഗീകരിച്ചില്ല.

മഹാനായ മാര്‍ത്തോമ്മന്‍ ഒന്നാമന്‍ മെത്രാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട് വാഴിക്കപ്പെട്ടത് 1653-ല്‍ ആയിരിക്കെ അതിനുപത്ത് വര്‍ഷത്തിനു ശേഷം 1663-ല്‍ വാഴിക്കപ്പെട്ട പറമ്പില്‍ ചാണ്ടി എപ്രകാരം പ്രഥമ തദ്ദേശീയ മെത്രാനാകും? ഒരു മെത്രാൻ്റെ പോലും സാന്നിദ്ധ്യം കൂടാതെ പന്ത്രണ്ടു പട്ടക്കാര്‍ കൂടി മാത്രം നടത്തിയ 1653-ലെ മെത്രാന്‍ വാഴ്ച സാധുവല്ലന്നും, 1665-ല്‍ യെറുശലേമിലെ സുറിയാനി പാത്രിയര്‍ക്കീസായ മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ ജലീദ് ക്രമപ്പെടുത്തിയപ്പോള്‍ മാത്രമാണ് മാര്‍ത്തോമ്മാ ഒന്നാമന്‍ സാധുവായ മേല്പട്ടക്കാരനായത് എന്നും ദുര്‍ബലമായ ഒരു എതിര്‍വാദം ഉയര്‍ത്തുന്നുണ്ട്. പക്ഷേ റോമന്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിലപാടനുസരിച്ച് ഈ വാദത്തിനു നിലനില്‍പ്പില്ല. അതിനു വ്യക്തമായ ഉദാഹരണം മുമ്പിലുണ്ട്.

1967-ല്‍ മെത്രാനായ മലബാര്‍ സ്വതന്ത്ര സുറിയാനിസഭയുടെ (തൊഴിയൂര്‍) പൗലൂസ് മാര്‍ പീലക്‌സീനോസ് 1977-ല്‍ സീറോ-മലങ്കര റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. തൊഴിയൂര്‍ സഭയുടെ പട്ടം ഒരു കാനോനിക സഭയും അംഗീകരിക്കത്തതിനാല്‍ ശെമ്മാശപട്ടം മുതല്‍ മെത്രാന്‍ പട്ടം വരെ മുഴുവന്‍ സ്ഥാനങ്ങളും വീണ്ടും കൊടുത്താണ് അദ്ദേഹത്ത റോമാ സഭയില്‍ ചേര്‍ത്തത്. പക്ഷേ റോമന്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക രേഖകള്‍ പ്രകാരം അദ്ദേഹം 1967 മുതല്‍ മെത്രാനാണ്! (Reference >>) ഇത് അംഗീകൃതമാണങ്കില്‍ 1653 മുതല്‍ മാര്‍ത്തോമ്മാ ഒന്നാമന്‍ മെത്രാനാണ്. അപ്രകാരം ആദ്യ നസ്രാണി മെത്രാനും അദ്ദേഹം തന്നെയാണ്.

റോമിൻ്റെ ആത്യന്തിക ലക്ഷ്യം ലത്തീന്‍ വല്‍ക്കരണമാണങ്കിലും പൗരസ്ത്യ സഭകളില്‍നിന്നും റോമന്‍ കത്തോലിക്കാ സഭയിലേയ്ക്കു ചേര്‍ന്ന വിഭാഗങ്ങള്‍ക്ക് ഉപരിപ്ലവമായങ്കിലും തങ്ങളുടെ പഴയ സംസ്‌കാരം അനുവര്‍ത്തിക്കാന്‍ അനുവാദം നല്‍കും. അവര്‍ വരത്തര്‍ (Uniats) എന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ടാം തരം റോമന്‍ കത്തോലിക്കര്‍ ആയിരിക്കുമെന്നു മാത്രം. ഇത് ഒരു അജമോഷണ തന്ത്രമാണ്. പക്ഷേ സീറോ-മലബാര്‍ വിഭാഗത്തിന് അതുണ്ടായില്ല. പതിനാറാം നൂറ്റാണ്ടിലെ റോമന്‍ കത്തോക്കോലിക്കാ സഹവാസവും പിന്നീടുള്ള അരനൂറ്റാണ്ട് അടിമത്വവും നസ്രാണിത്വത്തിൻ്റെ അടിവേരിളക്കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ 1653-ലെ കൂനന്‍ കുരിശു സത്യത്തില്‍ ഉറച്ചു നിന്ന നസ്രാണികള്‍ തദ്ദേശീയ മെത്രാന്മാരുടെ കീഴില്‍ തങ്ങളുടെ സ്വത്വം സംരക്ഷിക്കുന്നതില്‍ വിജയിച്ചു അതിനിടയില്‍ പൗരസ്ത്യ സുറിയാനി പാരമ്പര്യം പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിനു വഴിമാറി എന്നു മാത്രം.

പക്ഷേ 1663-ല്‍ ചാണ്ടിമാര്‍ഗ്ഗത്തില്‍ ചേര്‍ന്ന് സത്യലംഘനം നടത്തിയവര്‍ക്ക് ഈ സൗഭാഗ്യം ലഭിച്ചില്ല. തുടര്‍ന്ന് മൂന്നര നൂറ്റാണ്ടിലെ റോമന്‍ കത്തോലിക്കാ ഭരണം, അവരുടെ തദ്ദേശീയവും പൗരസ്ത്യവുമായ അംശങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതാക്കി. ഈ സാഹചര്യത്തിലാണ് പുതിയൊരു സ്വത്വം സൃഷ്ടിക്കാന്‍ അവരില്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങിയത്. തങ്ങളുടെ സ്വത്വം കല്‍ദായമാണ് എന്നു പ്രഖ്യാപിച്ച് അത് പുനഃസ്ഥാപിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഏതാനും ദശകങ്ങള്‍ മുമ്പ് ആരംഭിച്ചു. പടിപടിയായി നടത്തിവരുന്ന ഈ പ്രക്രിയയുടെ ഭാഗമായാണ് മാര്‍ കല്ലറങ്ങാട്ട് കറുത്ത കുപ്പായവും ആര്‍ച്ച് മാണ്ഡ്രിയേറ്റ് തൊപ്പിയും കൈ സ്ലീവായും ആയി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ പ്രക്രിയകള്‍ക്കെതിരെ അതിശകത്മായ പ്രതിഷേധവും നിലവിലുണ്ട്.

ഈ പ്രക്രിയയിലെ അടുത്ത ലക്ഷ്യം എറണാകുളം – അങ്കമാലി മേജര്‍ ആര്‍ച്ചുബിഷപ്പിനെ പാത്രിയര്‍ക്കീസ് ആയി അവരോധിക്കുക എന്നതാണ്. എന്നു മാത്രമല്ല, കേരളത്തിലെ എല്ലാ സഭകളിലെ മെത്രാന്മാരേക്കാളും ഉന്നത സ്ഥാനിയാണ് അദ്ദേഹം എന്നും സ്ഥാപിക്കണം. ബാവാ എന്നു അദ്ദേഹത്തെ സംബോധന ചെയ്യുന്നതും നസ്രാണികളുടെ ജാതിക്കു തലവനുമാത്രം അര്‍ഹതപ്പെട്ടതുമായ ഇന്ത്യയൊക്കെയും വാതില്‍ (തറവോദ് കോല്‍ ഹിന്ദോ) ചിലര്‍ ചാര്‍ത്തിക്കൊടുക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്. മേജര്‍ ആര്‍ച്ചു ബിഷപ്പ് സ്ഥാനം ലഭിച്ചപ്പോള്‍ ചിലർ സ്വയം കാതോലിക്കാ എന്നു വിശേഷിപ്പച്ചതുപോലെ റോം കൊടുക്കാതെ പാത്രിയര്‍ക്കീസ് എന്നു വിശേഷിപ്പിക്കാന്‍ അദ്ദേഹത്തിൻ്റെ മാന്യത അനുവദിക്കുന്നില്ലന്നുമാത്രം.

സത്യത്തില്‍ കുറവലിങ്ങാട് മഹാ സംഗമം റോമാ-സുറിയാനിക്കാരിലെ കല്‍ദായ വാദികളുടെ ശക്തി പ്രകടനമാണ്. സഭയ്ക്കുള്ളില്‍ ഒരു വിഭാഗീയ സമ്മേളനം വിമര്‍ശന വിധേയമാകും എന്നതിനാല്‍ ഇതര സഭാവിഭാഗങ്ങളെ കൂട്ടു പിടിച്ചെന്നു മാത്രം. കൂട്ടത്തില്‍ കേരളത്തിലെ വിവിധ സഭാദ്ധ്യക്ഷന്മാരെ അണിനിരത്തി അവരേക്കാള്‍ ഉന്നതനാണ് നിയുക്ത പാത്രിയര്‍ക്കീസായ മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്നു സ്ഥാപിക്കുക എന്ന ഗൂഡലക്ഷ്യവും. പാത്രിയര്‍ക്കേറ്റിൻ്റെ ആസ്ഥാനമാക്കുവാന്‍ കുറവലിങ്ങാടിനെ ഒന്നു മഹത്വല്‍ക്കരിക്കുകയും ആകാം. ഇതില്‍ എത്ര സഭാദ്ധ്യക്ഷന്മാര്‍ വീഴുമെന്ന് കണ്ടറിയണം.

ഡോ. എം. കുര്യന്‍ തോമസ്
(ജോര്‍ജിയന്‍ മിറര്‍, സെപ്റ്റംബര്‍ 2019)

https://ovsonline.in/articles/kuruvilangadu-sangamam/

error: Thank you for visiting : www.ovsonline.in