എന്താണ് ഈ റീത്തുകള്‍. ആരാണ് ഈ റീത്തുകള്‍ സ്ഥാപിച്ചത്.
24 റീത്തുകളുടെ കൂട്ടായ്മയാണ് കത്തോലിക്ക സഭ എന്ന ഒരു അവകാശവാദം പലപ്പോളായി നമ്മള്‍ കേള്‍ക്കാറുണ്ട്. എന്താണ് ഈ റീത്തുകള്‍. ആരാണ് ഈ റീത്തുകള്‍ സ്ഥാപിച്ചത്. റീത്ത് പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവ ചരിത്രം വിശദമായി ഒന്നു പരിശോധിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. അല്‍പം ദൈര്‍ഖ്യം ഉള്ള ലേഖനമാണെങ്കിലും ദയവായി മുഴുവന്‍ വായിക്കാന്‍ ശ്രമിക്കുക.
ക്രൈസ്തവ സഭയുടെ ആവിര്‍ഭാവ കാലത്ത് നിലവിലുണ്ടായിരുന്ന സാമ്രാജ്യങ്ങളുടെ ഭൂമിശാസ്ത്രം പരിശോധിച്ചാല്‍ ഇന്നത്തെ ഏഷ്യ വന്‍കരയുടെ ഒരു ഭാഗവും പാശ്ചാത്യ നാടുകളും ഉള്‍പെടുന്ന റോമന്‍ സാമ്രാജ്യവും റോമാ സാമ്രാജ്യത്തിന്റെ കിഴക്കായി വരുന്ന പേര്‍ഷ്യന്‍ സാമ്രാജ്യവും സാമ്രാജ്യങ്ങളുടെ ഒന്നും ഭാഗമല്ലായിരുന്ന ആഫ്രിക്കന്‍, സിന്ധ് പ്രവിശ്യകളും ചേര്‍ന്ന ഒരു ഭൂപ്രകൃതിയായിരുന്നു അന്നുണ്ടായിരുന്നത്. റോമാ സാമ്രാജ്യം ആയിരുന്നു ഏറ്റവും പ്രബലമായ കേന്ദ്രം.
റോമാ സാമ്രാജ്യത്തിലെ കിഴക്കന്‍ പ്രവിശ്യയായിരുന്ന ഇസ്രായേല്‍, പാലസ്തീന്‍, ദമാസ്കസ് എന്നീ പ്രദേശങ്ങളിലാണ് ക്രിസ്തുമതത്തിന്റെ ഉല്‍ഭവവും പ്രാരംഭ വളര്‍ച്ചയും സംഭവിക്കുന്നത്. പിന്നീട് ക്രിസ്തു ശിഷ്യന്മാരുടെ മതപ്രചരണ പ്രവര്‍ത്തനങ്ങളാല്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലേക്കും ആഫ്രിക്കന്‍ സിന്ധ് പ്രവിശ്യകളിലേക്കും ദ്രാവിഡ ഭൂമിയായ മലങ്കരയിലേക്കും അതേപോലെ റോമാ സാമ്രാജ്യത്തിന്റെ തന്നെ പാശ്ചാത്യ പ്രവിശ്യകളിലേക്കും ക്രിസ്തുമതം വ്യാപിക്കപ്പെട്ടു.
അപ്രകാരം ക്രിസ്തുവിന്റെ അപോസ്തോലന്മാരാല്‍ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കപ്പെട്ട ക്രൈസ്തവ സഭാ സമൂഹങ്ങളെയാണ് അപോസ്തോലിക സഭകള്‍ എന്ന് വിളിക്കുന്നത്. പരിശുദ്ധ പത്രോസ് സ്ളീഹായുടെ പ്രവര്‍ത്തനങ്ങളാല്‍ അന്ത്യോഖ്യയില്‍ സഭ ആരംഭിക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്ന റോമിലും പത്രോസ് സ്ളീഹാ ക്രൈസ്തവ മതപ്രചരണം നടത്തി എന്ന് വിശ്വസിക്കപ്പെടുന്നു. റോമാ സാമ്രാജ്യത്തിന്റെ ബൈസാന്റിയന്‍ പ്രവിശ്യകളില്‍ അന്ത്രയോസ് സ്ളീഹായും, റോമാ സാമ്രാജ്യത്തിലെ തന്നെ അലക്സാന്ത്യന്‍ പ്രവിശ്യയില്‍ സുവിശേഷകനായ വി. മര്‍കോസും സഭ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. റോമാ സാമ്രാജ്യത്തിനു പുറത്തുള്ള പേര്‍ഷന്‍ സാമ്രാജ്യത്തിലും സിന്ധ് പ്രവിശ്യകളിലും ദ്രാവിഡ പ്രവിശ്യയായിരുന്ന മലങ്കരയിലും മാര്‍ത്തോമാ സ്ളീഹ സഭ സ്ഥാപിച്ചു എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. ആഫ്രിക്കന്‍ പ്രവിശ്യയായിരുന്ന എത്യോപ്യയില്‍ സംവിശേഷകനായ പീലിപ്പോസ് ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ച് സഭ സ്ഥാപിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. അപ്രകാരം 9 അപോസ്തോലിക സഭകള്‍ ലോകത്ത് സ്ഥാപിതമായി.
1). റോമന്‍ സഭ
2). അലക്സാന്ത്യന്‍ സഭ
3). ബൈസാന്റിയന്‍ സഭ (ഗ്രീക്ക് സഭ )
4). അന്ത്യോഖ്യന്‍ സഭ
5). ജെറുസലേം സഭ (മാതൃസഭ )
6). പേര്‍ഷ്യന്‍ സഭ
7). മലങ്കര സഭ
8). എത്യോപ്യന്‍ സഭ
9). അര്‍മീനിയന്‍ സഭ
റോമന്‍, അലക്സാന്ത്യന്‍, ബൈസാന്റിയന്‍, അന്ത്യോഖ്യന്‍, ജെറുസലേം സഭകള്‍ റോമാ സാമ്രാജ്യത്തിനകത്തും മറ്റു സഭകള്‍ റോമാ സാമ്രാജ്യത്തിന് പുറത്തും ആണ് ഉള്ളത്. റോമാ സാമ്രാജ്യത്തിലെ സഭകള്‍ ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ ഒരു കേന്ദ്രീകൃത അധികാര സംവിധാനം നടപ്പാക്കുകയുണ്ടായി. ഈ അധികാര കേന്ദ്രം ആണ് പാത്രിയര്‍കീസ് എന്ന സംവിധാനം. എന്നാല്‍ റോമാ സാമ്രാജ്യത്തിനു പുറത്തുള്ള സഭകള്‍ ഈ കേന്ദ്രീകൃത അധികാര സംവിധാനം ആദ്യ നൂറ്റാണ്ടുകളില്‍ സ്വീകരിച്ചിരുന്നില്ല. ഓരോ സഭാ സമൂഹങ്ങള്‍ക്കും അവരുടെ തലവന്‍ അല്ലെങ്കില്‍ മൂപ്പന്‍ എന്ന സംവിധാനം ആയിരുന്നു റോമാ സാമ്രാജ്യത്തിന് പുറത്തുള്ള അപോസ്തോലിക സഭകളുടേത്. റോമാ സാമ്രാജ്യത്തിലെ സഭകള്‍ക്കുള്ളത് പോലെ പൊതുവായ ഒരു തലവന്‍ അല്ലെങ്കില്‍ പാത്രിയര്‍കീസ് എന്നു പറയുന്ന സംവിധാനം മറ്റു സഭകള്‍ക്കില്ലായിരുന്നു. ആ കാരണങ്ങളാല്‍ തന്നെ ഈ സഭകള്‍ പാത്രിയാര്‍കല്‍ സഭകളുടെ അധിനിവേശത്തിന് കാലാകാലങ്ങളില്‍ ഇരയാക്കപ്പെട്ടിട്ടുണ്ട്. റോമാ സാമ്രാജ്യത്തിലെ അപോസ്തോലിക സഭകളുടെ മാത്രം പങ്കാളിത്തത്തില്‍ കൂടിയ നിഖ്യാ സുന്നഹദോസിന്റെ ചില തീരുമാനങ്ങളും ഈ പാത്രിയാര്‍കല്‍ അധിനിവേശത്തിന് ആക്കം കൂട്ടിയതായി കാണാം. നിഖ്യാ സുന്നഹദോസില്‍ റോമാസാമ്രാജ്യത്തിനു കിഴക്കുള്ള പേര്‍ഷ്യയുടെ ചുമതല അന്ത്യോഖ്യ പാത്രികീസിനും എത്യോപ്യ അടങ്ങുന്ന ആഫ്രിക്കയുടെ ചുമതല അലക്സാന്ത്യന്‍ പാത്രികീസിനും ഭരമേല്‍പിച്ചു കൊടുത്തിരുന്നു.
എന്നാല്‍ പേര്‍ഷ്യന്‍ സഭ അന്ത്യോഖ്യ പാത്രികീസിന്റെ അധിനിവേശ ശ്രമത്തെ ചെറുക്കുകയും ചിതറിക്കിടന്ന പേര്‍ഷ്യയിലെ സഭാസമൂഹങ്ങളെ ഒന്നിച്ച് കൂട്ടി കാതോലിക്ക എന്ന അധികാര കേന്ദ്രം സൃഷ്ടിച്ചതോടെ പേര്‍ഷ്യന്‍ സഭയുടെ മേലുള്ള അന്ത്യോഖ്യന്‍ ഇടപെടല്‍ അവസാനിച്ചു. 424 -ല്‍ കൂടിയ മര്‍ക്കബ്താ സുന്നഹദോസില്‍ കിഴക്കിന്റെ മേല്‍ അധികാരം ഉള്ളവനായി കിഴക്കിന്റെ കാതോലിക്ക എന്ന സ്ഥാനം സൃഷ്ടിച്ച് അന്ത്യോഖ്യ പാത്രികീസിന് ഇനി കിഴക്കിന്റെ അധികാരം ഇല്ല അതിനിവിടെ തങ്ങളുടെ കാതോലിക്ക ഉണ്ട് എന്ന് പ്രഖ്യാപിച്ച് അന്ത്യോഖ്യന്‍ അധിനിവേശത്തെ പേര്‍ഷ്യന്‍ സഭ ചെറുത്തു. അങ്ങനെ റോമാ സാമ്രാജ്യത്തിലുണ്ടായിരുന്ന പാത്രിയര്‍കീസ് കേന്ദ്രീകൃത അധികാര സംവിധാനം റോമന്‍ സാമ്രാജ്യത്തിന് പുറത്തുള്ള പേര്‍ഷ്യന്‍ സഭയിലും ആരംഭിച്ചു.
എന്നാല്‍ അലക്സാന്ത്യന്‍ സഭ എത്യോപ്യന്‍ സഭയില്‍ ഇടപെടല്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. എത്യോപ്യന്‍ സഭയില്‍ പേര്‍ഷ്യന്‍ സഭയിലുണ്ടാക്കിയത് പോലെ ഒരു പൊതുതലവന്‍ എന്ന സംവിധാനം ഉണ്ടാക്കിയിരുന്നെങ്കില്‍ ഈ അധിനിവേശത്തെ ചെറുക്കാമായിരുന്നു. എന്നാല്‍ അവര്‍ ആ അധിനിവേശത്തിന് വഴങ്ങിക്കൊടുക്കുകയാണ് ചെയ്തത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ എത്യോപ്യന്‍ സഭയിലും പാത്രികീസ്/ കാതോലിക്ക എന്നൊരു പൊതുഅധികാര കേന്ദ്രം സൃഷ്ടിച്ച് അലക്സാന്ത്യന്‍ അധിനിവേശത്തിന് അന്ത്യം കുറിച്ചിട്ടുണ്ട്.
മലങ്കര സഭയെ സംബന്ധിച്ചിടത്തോളം മലങ്കര സഭയില്‍ പേര്‍ഷ്യന്‍ എത്യോപ്യന്‍ സഭകള്‍ക്ക് നേരേ ഉണ്ടായത് പോലുള്ള ഒരു അധിനിവേശ ശ്രമം പതിനഞ്ചാം നൂറ്റാണ്ട് വരെ ഉണ്ടായിട്ടില്ല എന്നതിനാല്‍ തന്നെ പാത്രിയര്‍കീസ്/ കാതോലിക്ക പോലുള്ള ഒരു പൗരോഹിത്യ കേന്ദ്രീകൃത അധികാര സ്ഥാനം സൃഷ്ടിക്കേണ്ട സാഹചര്യം പതിനഞ്ചാം നൂറ്റാണ്ട് വരെയെങ്കിലും മലങ്കര സഭയില്‍ ഇല്ലായിരുന്നു.
അപോസ്തോലിക സഭകളുടെ സ്ഥാപനത്തെ കുറിച്ചും അപോസ്തോലിക സഭകളില്‍ പാത്രിയര്‍കീസ് / കാതോലിക്ക സ്ഥാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനെ കുറിച്ചും ഏകദേശ ഒരു ധാരണ വായനക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടാവും എന്നു കരുതുന്നു.
നമ്മുടെ വിഷയം റീത്തുകളുടെ സ്ഥാപനത്തെ കുറിച്ചായതിനാല്‍ നമുക്ക് ആ വിഷയത്തിലേക്ക് വരാം. ആദിമ കാലത്ത് എല്ലാ അപോസ്തോലിക സഭകളും ഒരേ വിശ്വാസത്തിലും കൂട്ടായ്മയിലും പരസ്പര ആരാധനാ സംസര്‍ഗത്തിലും ആണ് നിലനിന്നിരുന്നത്. വിശ്വാസകാര്യങ്ങള്‍ പൊതുസുന്നഹദോസുകളില്‍ കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുത്ത് കൂട്ടായ്മയായി മുന്നോട്ടു പോകുകയായിരുന്നു. റോമാ സാമ്രാജ്യത്തിലെ അപോസ്തോലിക സഭകള്‍ തമ്മില്‍ സുദൃഢമായ കൂട്ടായ്മ തന്നെ നിലനിന്നിരുന്നു. സാമ്യാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ വിലങ്ങുതടിയായി നില്‍ക്കുമ്പോളും റോമാസാമ്രാജ്യത്തിന് പുറത്തുള്ള സഭകളും ഈ കൂട്ടായ്‌മയോട് പൂര്‍ണമായി സഹകരിച്ചിരുന്നു.
ക്രൈസ്തവ സഭയുടെ ആദ്യത്തെ സുന്നഹദോസ് ആയ നിഖ്യാ സുന്നഹദോസ് വിളിച്ചു കൂട്ടിയത് റോമാ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായിരുന്ന കുസ്തന്തീനോസ് ചക്രവര്‍ത്തി ആയിരുന്നു എന്നത് എല്ലാവര്‍ക്കും അറിയാമല്ലോ. ചക്രവര്‍ത്തി വിളിച്ചു കൂട്ടിയ സുന്നഹദോസ് ആയതിനാല്‍ തന്നെ സാമ്രാജ്യത്തിന്റെ രാഷ്ട്രീയ പ്രോട്ടോകോള്‍ തന്നെയാണ് ചക്രവര്‍ത്തി നിഖ്യാ സുന്നഹദോസിലും അവലംബിച്ചത്. തലസ്ഥാന നഗരമായ റോമിലെ ബിഷപിന് പ്രഥമ സ്ഥാനവും രണ്ടാമത്തെ നഗരമായ അലക്സാന്ത്യയിലെ ബിഷപിന് രണ്ടാമത്തെ സ്ഥാനവും അന്ത്യോഖ്യ ബിഷപിന് മൂന്നാം സ്ഥാനവും നല്‍കി. ചക്രവര്‍ത്തിയുടെ സ്ഥാനത്ത് സഭയായിരുന്നു സുന്നഹദോസ് വിളിച്ചു കൂട്ടിയിരുന്നതെങ്കില്‍ ജെറുസലേമിലെ ബിഷപിന് തന്നെ ഒന്നാം സ്ഥാനം നല്‍കുമായിരുന്നു കാരണം മാതൃസഭ ജെറുസലേം ആണല്ലോ.
കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തി സ്വീകരിച്ച റോമാ സാമ്രാജ്യത്തിന്റെ രാഷ്ട്രീയ പ്രോട്ടോകോള്‍ അങ്ങനെ സഭയുടെയും പ്രോട്ടോകോള്‍ ആയി മാറി. അങ്ങനെ സമന്മാരില്‍ ഒന്നാമന്‍ ആയി റോമിലെ ബിഷപ് അറിയപ്പെട്ടു. സമന്മാരില്‍ ഒന്നാമന്‍ എന്നാല്‍ ആ വാക്ക് അര്‍ത്ഥമാക്കുന്നത് പോലെ തന്നെ ഒന്നാമനു തുല്യന്‍ തന്നെയാണ് രണ്ടാമനും മൂന്നാമനും നാലാമനും എല്ലാം. ഒന്നാമന് സഭയിലുളള എല്ലാ അധികാരങ്ങളും നാലാമനും അഞ്ചാമനും ഉണ്ട്. ഒന്നാമന് രണ്ടാമന് മുകളിലോ രണ്ടാമന് മൂന്നാമന് മുകളിലോ യാതൊരു അധികാരവും ഇല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ അവരെ തുല്യര്‍ (equals) എന്ന് വിളിക്കാന്‍ കഴിയില്ലല്ലോ. റോമാ സാമ്രാജ്യത്തില്‍ ഉണ്ടായ രാഷ്ട്രീയ ചലനങ്ങള്‍ എല്ലാം തന്നെ ക്രൈസ്തവ സഭയിലും ചലനങ്ങള്‍ ഉണ്ടാക്കിയതായി ചരിത്രം പരിശോധിച്ചാല്‍ കാണാം. ഉദാഹരണം പറഞ്ഞാല്‍ റോം, അലക്സാന്ത്യ, കോണ്‍സ്റ്റാന്റിനോപ്പിള്‍, അന്ത്യോഖ്യ എന്ന പ്രോട്ടോകോള്‍ ഏതാണ്ട് അഞ്ചാം നൂറ്റാണ്ടോടെ മാറി. റോം കഴിഞ്ഞാല്‍ രണ്ടാമത്തെ നഗരമായി കോണ്‍സ്റ്റാന്റിനോപ്പിള്‍ മാറിയതോടെ ക്രൈസ്തവ സഭയിലും റോം കഴിഞ്ഞുള്ള സ്ഥാനം പിടിച്ചെടുക്കാനും അലക്സാന്ത്യന്‍ ബിഷപിനെ തരംതാഴ്ത്താനും റോം, കോണ്‍സ്റ്റാന്റിനോപ്പിള്‍ ബിഷപുമാര്‍ ഗൂഢാലോചന നടത്തി. കല്‍കദൂന്‍ സുന്നഹദോസില്‍ അലക്സാന്ത്യന്‍ ബിഷപിനെ വേദവിപരീതി എന്ന് മുദ്രകുത്തി പുറത്താക്കി കോണ്‍സ്റ്റാന്റിനോപ്പിള്‍ ബിഷപ് ആ സ്ഥാനം പിടിച്ചടക്കുന്നതായി കാണാം. അതേപോലെ പത്താം നൂറ്റാണ്ടോടെ റോമിനേക്കാള്‍ വലിയ നഗരമായി കോണ്‍സ്റ്റാന്റിനോപ്പിള്‍ മാറിയതോടെ തങ്ങളുടെ ഒന്നാം സ്ഥാനം നഷടപ്പെടുമോ എന്ന ഭയത്തില്‍ റോമിലെ ബിഷപ് തന്റെ ഒന്നാം സ്ഥാനത്തിന് വേദശാസ്ത്രൊരമായ ഒരു ദുര്‍വ്യാഖ്യാനം കൂടെനല്‍കാന്‍ ശ്രമിക്കുന്നതായി കാണാം. പത്രോസിന്റെപരമാധികാരം എന്ന സിദ്ധാന്തം അങ്ങനെയാണ് വരുന്നത്. റോമാസാമ്രാജ്യത്തിന്റെ പ്രോട്ടോകോള്‍ പ്രകാരം മാത്രമല്ല പത്രോസിന്റെ പിന്‍ഗാമി ആയതുകൊണ്ടാണ് തനിക്ക് ഒന്നാം സ്ഥാനം എന്ന് റോം അന്നുമുതലാണ് അവകാശപ്പെട്ടു തുടങ്ങുന്നത്. പത്രോസിന്റെ പിന്‍ഗാമിക്ക് ഒന്നാം സ്ഥാനം ലഭിക്കുമെങ്കില്‍ പത്രോസിന്റെ തന്നെ പിന്‍ഗാമി ആയ അന്ത്യോഖ്യ പാത്രികീസിനും ഒന്നാം സ്ഥാനം ലഭിക്കണ്ടേ. കുറഞ്ഞത് രണ്ടാം സ്ഥാനത്തെങ്കിലും അന്ത്യോഖ്യ വരേണ്ടതല്ലേ. മര്‍കോസിന്റെ സിംഹാസനസ്ഥനായ അലക്സാന്ത്യന്‍ ബിഷപിനും അന്ത്രയോസിന്റെ സിംഹാസനസ്ഥനായ കോണ്‍സ്റ്റാന്റിനോപ്പിള്‍ (ബൈസാന്റിയന്‍) ബിഷപിനും ശേഷം അന്ത്യോഖ്യാ ബിഷപ് വരുമ്പോള്‍ സാമാന്യ ബുദ്ധിയില്‍ ചിന്തിച്ചാല്‍ റോമിന്റെ പ്രോട്ടോകോള്‍ അല്ലാതെ റോമിലെ ബിഷിപിനെ സമന്മാരില്‍ ഒന്നാമനായി കാണുന്നതിന് പത്രോസിന്റെ പിന്‍ഗാമിത്വം മാനദണ്ഠം ആയിട്ടേ ഇല്ല എന്ന് മനസിലാക്കാന്‍ കഴിയും.
പത്രോസിന്റെ പരമാധികാരം വേദവിപരീതം ആണ്. പത്രോസിന് അങ്ങനെ യാതൊരു പ്രത്യേകാധികാരവും ഉള്ളതായി വേദശാസ്ത്രാടിസ്ഥാനത്തില്‍ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ പത്രോസിന്റെ പരമാധികാരം എന്ന വാദം വേദവിപരീതം ആണെന്ന് പറഞ്ഞുകൊണ്ട് പാശ്ചാത്യ സഭയുമായുള്ള ആരാധനാ സംസര്‍ഗം പൗരസ്ത്യ സഭ അവസാനിപ്പിച്ചു. 1054 -ല്‍ ആണ് ഈ പാശ്ചാത്യ പൗരസ്ത്യ ഭിന്നത ഉണ്ടാവുന്നത്.
ഇനിയാണ് റീത്തുകളുടെ സ്ഥാപന ചരിത്രം ആരംഭിക്കുന്നത്. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഗ്രീക്ക് പാത്രിയർകീസിനു കീഴില്‍ നിലനിന്നിരുന്ന ബൈസാന്റിയന്‍ സഭ പിന്നീട് ഓരോരാജ്യങ്ങളില്‍ ഓട്ടോണമസ് അധികാരങ്ങളുള്ള പ്രാദേശിക പാത്രിയർകീസുമാരുടെ കീഴില്‍ പലതായി വിഭജിക്കപ്പെടുകയും കോണ്‍സ്റ്റാന്റിനോപ്പിള്‍ പൗരാണിക പാത്രിയർകീസിനെ എക്യുമെനിക്കല്‍ പാത്രിയർകീസ് ആയി കണക്കാക്കിക്കൊണ്ട് ഒരു കൂട്ടായ്മയായി രൂപപ്പെടുകയും ചെയ്തു. ഈ കൂട്ടായ്മയാണ് ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭകള്‍ അല്ലെങ്കില്‍ ബൈസാന്റിയന്‍ ഓര്‍ത്തഡോക്സ് സഭകള്‍ എന്നറിയപ്പെടുന്നത്. പഴയ ബൈസാന്റിയം പ്രവിശ്യയുടെ ഭാഗമായിരുന്ന റൊമേനിയ, സെര്‍ബിയ, അല്‍ബേനിയ, യുക്രെയിന്‍, റഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലായാണ് ഈ സഭയുള്ളത്. തുര്‍ക്കിയിലെ കോണ്‍സ്റ്റാന്റിനോപ്പിള്‍ സിംഹാസനത്തെ ഇപ്പോളും മാതൃസിംഹാസനം ആയി ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ അംഗീകരിച്ചുപോരുന്നു.
1054 -ലെ ഭിന്നതക്ക് ശേഷം പൗരസ്ത്യ സഭകളൊന്നും പാശ്ചാത്യ സഭയുമായി യാതൊരു സംസര്‍ഗത്തിനും പോയിട്ടില്ല. എന്നാല്‍ പാശ്ചാത്യ സഭ പൗരസ്ത്യ സഭയിലേക്ക് അധിനിവേശം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ പതിനഞ്ചാം നൂറ്റാണ്ടോടെ ആരംഭിച്ചു. പോര്‍ചുഗല്‍ രാജാവിന്റെ സഹായവും ഇതിനുണ്ടായിരുന്നു. പോര്‍ചുഗല്‍ രാജാവില്‍ നിന്ന് പാദുവാദോ അധികാരം നേടികൊണ്ട് ലോകം കീഴടക്കാന്‍ ഇറങ്ങിയ പറങ്കികള്‍ അവര്‍ അധിനിവേശം നടത്തിയ രാജ്യങ്ങളില്‍ അവരുടെ മതവും പ്രചരിപ്പിച്ചു. ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭകളിലെ ഭാഗ്യാന്വേഷികളായ ബിഷപുമാരെ തങ്ങളുടെ പാളയത്തില്‍ എത്തിച്ച് റീത്ത് സഭകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. പതിനഞ്ചാം നൂറ്റാണ്ടില്‍ പറങ്കികള്‍ കേരളത്തില്‍ വന്നു ചെയ്തതും ഇത് തന്നെയാണ്. ഉദയംപേരൂര്‍ സുന്നഹദോസ് കൂടി ഇവിടുത്തെ പൗരണിക സഭയെയും ഹൈജാക്ക് ചെയ്ത് പാശ്ചാത്യ സഭയുടെ ഭാഗമാക്കാന്‍ ശ്രമിച്ചു എങ്കിലും മലങ്കര നസ്രാണികള്‍ ആ നീക്കത്തെ പരാജയപ്പെടുത്തി. എന്നാല്‍ പാദുവാദോ നിയമം വച്ച് ഒരു റീത്ത് പ്രസ്ഥാനം ഇവിടെയും ആരംഭിക്കാന്‍ (പറങ്കികള്‍ റീത്ത് ഉണ്ടാക്കി എന്ന് പറയാന്‍ പറ്റില്ല കാരണം അവര്‍ മലങ്കര നസ്രാണികളില്‍ ഒരു ന്യൂനപക്ഷത്തെ റോമാ സഭയിലേക്ക് ചേര്‍ക്കുകയാണ് ചെയ്തത്. ഈ പക്ഷം റോമന്‍ കത്തോലിക്ക സഭയുടെ ഭാഗമായി തന്നെയാണ് 1887 വരെ നിന്നത്. 1887 ലാണ് ഇതൊരു റീത്തായി മാറുന്നത് ) ഇടയാവുകയും ചെയ്തു.
1930 -ല്‍ മറ്റൊരു റീത്തും മലങ്കരയില്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെ കേരളത്തില്‍ മാത്രം 2 യൂണിയേറ്റ് റീത്തുകള്‍ ഉണ്ട്. എല്ലാ ബൈസാന്റിയന്‍ ഓര്‍ത്തഡോക്സ് സഭകളുടെയും വിഘടിത വിഭാഗങ്ങള്‍ ആയി റീത്തുകള്‍ സ്ഥപിക്കപ്പെട്ടിട്ടുണ്ട്. റീത്തുകള്‍ അവയുടെ മാതൃസഭയുടെ പേരും റീത്തുകള്‍ സ്ഥാപിതമായ വര്‍ഷവും താഴെ കൊടുത്തിട്ടുണ്ട്.
23 റീത്തുകളാണ് ഇന്നുവരെ റോമിലെ വിവിധ മാര്‍പാപ്പമാര്‍ സ്ഥാപിച്ചിട്ടുള്ളത്. 23 എന്ന സംഖ്യ നാളെ ചിലപ്പോള്‍ കൂടിയേക്കാം. ഇനി കൗതുകകരമായ വസ്തുത ഈ 23 റീത്തുകളായി പൗരസ്ത്യ സഭകളില്‍ നിന്ന് വിഘടിച്ചു പോയവര്‍ കേവലം 5% -ല്‍ താഴെയാണെന്നുള്ളതാണ്. പ്രലോഭനങ്ങളും ആക്രമണങ്ങളും എല്ലാം ഉണ്ടായിട്ടും പൗരസ്ത്യ സഭകളിലെ 95% -വും റോമിനൊപ്പം ചേരാതെ അവരുടെ മാതൃസഭകളില്‍ അടിയുറച്ച് നില്‍ക്കുന്നു. അതില്‍ എത്യോപ്യന്‍ സഭയുടെ കാര്യം എടുത്ത് പറയേണ്ടതാണ്. വലിയ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ജനമായിട്ടു പോലും അവരില്‍ 99% -വും മാതൃസഭയിലും മാതൃസഭയുടെ സത്യവിശ്വാസത്തിലും അടിയുറച്ച് നില്‍ക്കുന്നു. 5 കോടിയോളം ഓര്‍ത്തഡോക്സ് വിശ്വാസികളാണ് എത്യോപ്യന്‍ സഭയിലുള്ളത്. എത്യോപ്യയിലെ യൂണിയേറ്റ് റീത്തില്‍ ചേര്‍ന്നത് കേവലം 10 ലക്ഷത്തില്‍ താഴെ അംഗങ്ങള്‍ മാത്രം. തീവ്രവാദികള്‍ തലകണ്ടിച്ചിട്ട് അവര്‍ അവരുടെ വിശ്വാസം തള്ളിപ്പറഞ്ഞിട്ടില്ല പിന്നെയാണ് പറങ്കികളുടെ പ്രലോഭനത്തിനും ഭീഷണിക്കും മുന്നില്‍. 23 യൂണിയേറ്റ് റീത്തുകളിലും കൂടെ ആകെയുള്ളത് ഒരു കോടി തൊണ്ണൂറുലക്ഷം വിശ്വാസികള്‍ മാത്രമണ്. അതിന്റെ രണ്ടിരട്ടിയോളം വിശ്വാസികള്‍ എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ മാത്രം ഉണ്ട് എന്നതു തന്നെ ഒരു പ്രതസന്ധിക്കും പൗരസ്ത്യരുടെ നിശ്ചയദാര്‍ഢ്യത്തെ മറികടക്കാന്‍ കഴിയില്ല എന്നതിന്റെ പ്രത്യക്ഷ തെളിവുകളാണ്.
നിർമൽ സാം