അഖില മലങ്കര ബാലസമാജം ദക്ഷിണ മേഖല നേതൃത്വ പരിശീലന ക്യാമ്പ് ഏപ്രില്‍ 30-ന്
കോട്ടയം : മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ദക്ഷിണ മേഖല നേതൃത്വ പരിശീലന ക്യാമ്പ് ഏപ്രില്‍ 30-ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 3 മണി വരെ നിലയ്ക്കല്‍ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ കാട്ടൂർ സെന്‍റ് മേരീസ് വലിയപളളിയിൽ വച്ച് നടത്തപ്പെടും. അഖില മലങ്കര ബാലസമാജം പ്രസിഡന്‍റ് അഭി.ഡോ.ജോഷ്വാ മാർ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭി.ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. റവ.ഫാ.ഗീവര്‍ഗീസ് പൊന്നോല, അഡ്വ.ജെയ്സി കരിങ്ങാട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും. “ബാലസമാജത്തിന്‍റെ സ്വാധീനം എന്നിൽ” എന്ന വിഷയത്തിൽ ഡീക്കൻ ജിത്തു തോമസ്, ആഷ്ന അന്ന വർഗീസ് എന്നിവർ പ്രഭാഷണം നടത്തും. ദക്ഷിണ മേഖലയില്‍പ്പെടുന്ന തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര-പുനലൂർ , അടൂർ -കടമ്പനാട്, തുമ്പമണ്‍, നിലയ്ക്കൽ, ചെങ്ങന്നൂർ, മാവേലിക്കര, നിരണം എന്നീ ഭദ്രാസനങ്ങളിൽ നിന്നുളള സെക്രട്ടറിമാർ റിപ്പോർട്ട് അവതരിപ്പിക്കും. ഈ ഭദ്രാസനങ്ങളിൽ നിന്നും വൈസ് പ്രസിഡന്‍റുമാർ , ജനറൽ സെക്രട്ടറിമാർ, ജോയിന്‍റ് സെക്രട്ടറിമാർ , ഡിസ്ട്രിക്ട് ഓർഗനൈസർമാർ എന്നിവർ പങ്കെടുക്കും. പ്രസ്ഥാനം വൈസ് പ്രസിഡന്‍റ് റവ.ഫാ.ജെയിംസ് മർക്കോസ്, ജനറൽ സെക്രട്ടറി റവ.ഫാ.റിഞ്ചു പി.കോശി, ജോയിന്‍റ് സെക്രട്ടറിമാരായ ശ്രീ.ജേക്കബ് തോമസ്, ശ്രീമതി ആനി ജോണ്‍, ട്രഷറർ ശ്രീ.ഷൈജു ജോണ്‍ തുടങ്ങിയവർ നേതൃത്വം നല്‍കും. ഉത്തര മേഖലയില്‍പ്പെട്ട കോട്ടയം, കോട്ടയം സെന്‍ട്രൽ, ഇടുക്കി, അങ്കമാലി, കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, കൊച്ചി, തൃശ്ശൂർ , കുന്നംകുളം, മലബാർ , സുൽത്താൻ ബത്തേരി എന്നീ ഭദ്രാസനങ്ങളുടെ സമ്മേളനം മെയ് 21-ന് ശനിയാഴ്ച 9.30 മുതൽ 3 മണി വരെ അങ്കമാലി ഭദ്രാസനാസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ വച്ച് നടക്കും.