OVS - Latest NewsOVS-Pravasi News

കുരിശടികളും കൊടിമരങ്ങളും നിർമിക്കുന്നതിന് പകരം സാധുക്കളെ സഹായിക്കണം

ദുബായ് :- സമൂഹത്തിന്റെ ആവശ്യങ്ങൾക്കു നേരെ കണ്ണു തുറന്നുപിടിക്കാൻ സഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും നേർച്ചപ്പണം കൊണ്ട് മനുഷ്യരെയെല്ലാം സഹായിക്കാൻ കഴിയണമെന്നും ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.

ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമാകാൻ സഭയ്ക്ക് ഉത്തരവാദിത്തമുണ്ട്. നാട്ടിൽ വീടില്ലാതെ വലയുന്നവർക്ക് വീടുവച്ചു കൊടുക്കാൻ പദ്ധതിയിടണം. വലിയ കുരിശടികളും കൊടിമരങ്ങളും നിർമിക്കുന്നതിനു പകരം സാധുക്കളെ സഹായിക്കണം.

കണ്ണിൽപ്പൊടിയിടാൻ വെറും തുച്ഛമായ തുക നൽകി ദാനധർമം നടത്തുകയല്ല വേണ്ടത്. അധ്വാനത്തിന്റെ വിഹിതം നൽകണം. പുതിയ ദിശാബോധത്തോടെ പ്രവർത്തിക്കണം. സാമൂഹിക പ്രതിബദ്ധത വാക്കിൽ ഒതുക്കാതെ കണ്ണുകൾ തുറന്നുപിടിച്ചു സമൂഹത്തിലേക്കു നോക്കി കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്നും ബാവാ പറഞ്ഞു. ടി.എൻ. പ്രതാപൻ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാട്ടികയിലെ സ്വീകരണ ചടങ്ങിനു പുറമേ ഇവിടെയും സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് താനും ബാവായും തമ്മിലുള്ള ഏതോ നക്ഷത്രരാശി അടുപ്പം കൊണ്ടാണെന്നും പ്രതാപൻ പറഞ്ഞു. ഡൽഹി ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിമിത്രിയോസ് അധ്യക്ഷത വഹിച്ചു.

വികാരി ഫിലിപ്പ് എം.സാമുവൽ കോർ എപ്പിസ്കോപ്പ, ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ജിദേന്ദർ സിങ് നേഗി, അർമേനിയൻ ഓർത്തഡോക്സ് ബിഷപ് സർക്കിസിയൻ, ആർച്ചി മൻഡ്രൈർ അലക്സാണ്ടർ, റവ. മാത്യു ഏബ്രഹാം, ഫാ.സി.കുര്യാക്കോസ്, സഹവികാരി ഫാ.ജോയ്സൺ തോമസ്, റവ. ഡ്ര്യൂ വെയ്ൻ ഷ്മോത്സർ, മാനേജിങ് കമ്മിറ്റിയംഗം കെ.ജി നൈനാൻ, ഇ.പി ജോൺസൺ, ബിനോ സാമുവൽ, ജോൺ മത്തായി, ബിനു മാത്യു എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബാവായ്ക്ക് ഉപഹാരം സമ്മാനിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in