പരുമല പെരുന്നാൾ ഇന്ന്
പരുമല ∙ വിശ്വാസ സഹസ്രങ്ങൾ സംഗമിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ 115–ാം ഒാർമ പെരുന്നാൾ ഇന്ന്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ തീർഥാടകരുടെ സംഗമവും പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതി ആഘോഷത്തിന്‍റെ സമാപന സമ്മേളനവും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പ്രഭാഷണം നടത്തി. തീർഥാടകർക്ക് കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ ശ്ലൈഹിക വാഴ്‍വ് നൽകി. തുടർന്ന് ആയിരങ്ങൾ പങ്കെടുത്ത റാസയും നടന്നു.
പെരുന്നാൾ ദിനമായ ഇന്ന് 7.30-ന് കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന. 10.30-ന് കബറിങ്കൽ ധൂപപ്രാർത്ഥന, 11-ന് ശ്ലൈഹിക വാഴ്‍വ്, 11.30-ന് ശ്രാദ്ധസദ്യ. 12-ന് എം.ജി.ഒ.സി.എസ്എം സമ്മേളനം, രണ്ടിന് റാസ, മൂന്നിന് പെരുന്നാൾ കൊടിയിറങ്ങും.
നിത്യമായത് ഈശ്വരൻ മാത്രം: സ്വാമി ചിദാനന്ദപുരി
പരുമല ∙ നിത്യമായത് ഈശ്വരൻ മാത്രമാണെന്നും ഈശ്വര സാക്ഷാത്‍കാരം എന്ന ലക്ഷ്യത്തിൽ മറ്റെല്ലാം അപ്രസക്തമാകുന്നതാണ് സന്യാസമെന്നും സ്വാമി ചിദാനന്ദപുരി. സന്യാസ സമൂഹം സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ തേവോദോസിയോസ്, ജോഷ്വ മാർ നിക്കോദീമോസ്, സന്യാസ സമൂഹം വൈസ് പ്രസിഡന്റ് ഫാ. മത്തായി, ഫാ. എം.സി. കുര്യാക്കോസ്, ഔഗേൻ റമ്പാൻ എന്നിവർ പ്രസംഗിച്ചു.
പരുമലയെ ഭക്തസാഗരമാക്കി റാസ
പരുമല ∙ പൊൻവെള്ളിക്കുരിശും മുത്തുക്കുടയും കത്തിച്ച മെഴുകുതിരികളുമായി വ്രതശുദ്ധിയോടെ അണിനിരന്ന ആയിരങ്ങൾ പരുമലയെ ഭക്ത സാഗരമാക്കി. പരിശുദ്ധ പരുമല തിരുമേനിയുടെ 115–ാം ഒാർമപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ രാത്രി ശ്ലൈഹിക വാഴ്‍വിനെ തുടർന്നു നടന്ന റാസയിൽ മലങ്കരയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ പങ്കെടുത്തു. പള്ളിയിൽ നിന്നു പടഞ്ഞാറേ കുരിശടിയിലെത്തി ചെങ്ങന്നൂർ റോഡിലൂടെ വടക്കേ കുരിശടിയിലെത്തി തിരികെ പള്ളിയിൽ പ്രവേശിച്ചു. തുടർന്ന് പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തിൽ ധുപപ്രാർഥനയും സംഗീതാർച്ചനയും നടന്നു. പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ പരുമലയിൽ സംഗമിച്ച തീർഥാടകർക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ ശ്ലൈഹിക വാഴ്‍വ് നൽകി.
തീർഥാടക സംഗമവും സപ്തതി ആഘോഷ സമാപനവും
പരുമല ∙ പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ തീർഥാടക സംഗമം നടന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതി ആഘോഷങ്ങളുടെ സമാപനവും ഇതോടനുബന്ധിച്ചു നടന്നു. എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പ്രഭാഷണം നടത്തി. സമൂഹത്തിലെ പാവപ്പെട്ടവരെ കരുതുന്നതിനും സഹായിക്കുന്നതിനുമുള്ള സന്ദേശമാണ് പരുമല തിരുമേനിയുടെ ജീവിതം പകർന്നു നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘പരുമല തിരുമേനി ചരിത്രവും സാക്ഷ്യവും’ എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനം ഡോ. ബാബു സെബാസ്റ്റ്യന് ആദ്യ കോപ്പി നൽകി കാതോലിക്കാ ബാവാ നിർവഹിച്ചു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, അൽമായ ട്രസ്റ്റി ജോർജ് പോൾ, സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, സെമിനാരി മാനേജർ ഫാ. സി. കുര്യാക്കോസ്, ഡോ. എം. കുര്യൻ തോമസ്, ഫാ. കെ.ജി. ജോൺസൺ, ഫാ. ജോൺ മാത്യു, എ. തോമസ് ഉമ്മൻ അരികുപുറം, എ.പി. മാത്യു, യോഹന്നാൻ ഈശോ എന്നിവർ പ്രസംഗിച്ചു.
വെല്ലുവിളികളിൽ പതറരുത്: കാതോലിക്കാ ബാവാ
പരുമല ∙ വെല്ലുവിളികളിൽ പതറാതെ കഴിഞ്ഞ കാലങ്ങളിൽ നിന്നു പാഠം ഉൾക്കൊണ്ടു മുന്നേറാൻ സാധിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. കാതോലിക്കാ – മലങ്കര മെത്രാപ്പൊലീത്ത സ്ഥാനത്ത് ഏഴു വർഷം പൂർത്തീകരിച്ച ഇന്നലെ രാവിലെ പരുമല സെമിനാരി ചാപ്പലിൽ കുർബാന അർപ്പിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലങ്കര സഭാംഗങ്ങൾ എല്ലാവരും സഭയുടെ ഉടമസ്ഥരാണെന്നും ആ ബോധ്യത്തോടെ പ്രവർത്തിക്കാൻ എല്ലാവർക്കും കഴിയണമെന്നും ബാവാ പറഞ്ഞു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോൺ, സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എം.സി.കുര്യാക്കോസ്, സെന്റ് ഗ്രിഗോറിയോസ് ആശുപത്രി സിഇഒ ഫാ. എം.സി. പൗലോസ് എന്നിവർ പ്രസംഗിച്ചു.
→ മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)
https://ovsonline.in/latest-news/parumala_perunnal/