പരുമല ഭക്തിസാന്ദ്രം
പരുമല: വിശ്വാസ തീഷ്ണതയോടെ എത്തിയ തീര്‍ത്ഥാടക സംഗമത്തില്‍ പരുമല ഭക്തിസാന്ദ്രമായി. നോമ്പും പ്രര്‍ത്ഥനയുമായി ദൂരത്തിന്‍റെ പാതകള്‍ താണ്ടിയെത്തിയ ആയിരകണക്കിന് പദയാത്രസംഘങ്ങള്‍ പരുമലയില്‍ വിശ്വാസത്തിന്‍റെ ആഴക്കടല്‍ തീര്‍ത്തു. പ്രധാന പെരുന്നാള്‍ ദിനങ്ങളില്‍ ഒന്നായ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ ചെറുതും വലുതുമായ പദയാത്ര സംഘങ്ങള്‍ പരുമല കബര്‍ ലക്ഷ്യമാക്കി പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് എത്തി.
ഞായറാഴ്ച രാവിലെ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് എന്നീ മെത്രാപ്പോലീത്താമാരുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിവാഹ ധനസഹായ വിതരണം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉത്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞ് ചേര്‍ന്ന തീര്‍ത്ഥാടക സംഗമവും കാതോലിക്കാ ബാവ ഉത്ഘാടനം ചെയ്തു.
ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷനായിരുന്നു. പെരുന്നാള്‍ കൊടിയേറ്റ് ദിനത്തില്‍ പരുമല തിരുമേനിയുടെ ആദ്യകാല വസതിയായ അഴിപ്പുരയില്‍ ആരംഭിച്ച 144 മണിയ്ക്കൂര്‍ അഖണ്ഡ പ്രാര്‍ത്ഥന ഞായറാഴ്ച വൈകുന്നേരം അഞ്ചിന് സമാപിച്ചു. രാത്രിയില്‍ കാതോലിക്കാ ബാവ പള്ളിയുടെ മുകള്‍ വശത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നിന്ന് വിശ്വാസികള്‍ക്ക് വാഴ്വ് നല്‍കി.
നൂറ് കണക്കിന് വിശ്വാസികളാണ് ശ്ലൈഹീക വാഴ്വില്‍ പങ്കെടുത്തത്. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ പള്ളിയില്‍ നിന്നിറങ്ങി പടിഞ്ഞാറെ കുരിശ്ശടി ചുറ്റി പ്രധാന റോഡില്‍ പ്രവേശിച്ചു. തുടര്‍ന്ന് +കല്‍കുരിശ്ശടിയില്‍ എത്തി ധൂപ പ്രാര്‍ത്ഥന നടത്തിയശേഷം പള്ളിയില്‍ പ്രവേശിച്ചു. നൂറ് കണക്കിന് വിശ്വാസികള്‍ കത്തിച്ച മെഴുകുതിരിയും മുത്തികുടകളും കുരിശുകളും ഏന്തി റാസയില്‍ പങ്കെടുത്തു.
അവസാന ദിനമായ നവംബര്‍ 2ന് പുലര്‍ച്ചെ മൂന്നിന് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, ആറിന് ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് എന്നീ മെത്രാപ്പോലീത്താ മാരുടെ മുഖ്യകാര്‍മ്മികത്വങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന. 8.30-ന് കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന അര്‍പ്പിക്കും. 11ന് വിശ്വാസികള്‍ക്ക് ശ്ലൈഹീക വാഴ്വ് നല്‍കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഭക്തിനിര്‍ഭരമായ സമാപന റാസ നടക്കും. റാസ പള്ളയില്‍ എത്തിയശേഷം നടക്കുന്ന ധൂപപ്രാര്‍ത്ഥയോടും ആശിര്‍വാദത്തോടും പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ 113-ാം ഓര്‍മ്മ പെരുന്നാളിന് കൊടിയിറങ്ങും.