കോവിഡ് കാലത്ത് സവിശേഷ മാതൃകയായി വെട്ടിക്കുന്നേൽ പള്ളി.
കോവിഡ് കാലത്തെ ദുരിതത്തിൽ സവിശേഷ മാതൃകയാവുകയാണ് കോട്ടയം ഭദ്രാസനത്തിലെ വാകത്താനം വെട്ടിക്കുന്നേൽ സെൻറ്. ജോർജ് ഓർത്തഡോക്സ് പള്ളി. ഇടവകയിലെ എല്ലാ അംഗങ്ങൾക്കുമായി കൂപ്പൺ നൽകുകയാണ് ഇടവക ചെയ്തത്. എഴുന്നൂറ് രൂപയുടെ കുപ്പണാണ് ആദ്യഘട്ടമായി ഇടവകയിലെ 125-ഓളം കുടുംബങ്ങൾക്ക് നൽകിയത്. ഈ കൂപ്പൺ ഉപയോഗിച്ച് സൂപ്പർ മാർക്കറ്റ് ഉൾപ്പെടെയുള്ള കടകളിൽ നിന്ന് ആവശ്യമുള്ള സാധനങ്ങൾ ഇടവകാംഗങ്ങൾക്ക് വാങ്ങാവുന്നതാണ്. ആർക്കെങ്കിലും കൂപ്പൺ നിലവിൽ ആവശ്യമില്ലായെങ്കിൽ തങ്ങളുടെ സമീപത്ത് പ്രയാസപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഈ കൂപ്പൺ നൽകുകയും ചെയ്യാവുന്നതാണ്.
നമ്മുടെ പല ഇടവകകളിലും ഇത്തരം കൈത്താങ്ങലുകൾ ആവശ്യമാണ്. ഇടത്തരക്കാരായ ഇടവകാംഗങ്ങളാണ് നമ്മുടെ പളളികളിൽ ബഹു ഭൂരിഭാഗവും ഉള്ളത്. അവർക്ക് കൃത്യസമയത്ത് സർക്കാർ സഹായങ്ങൾ ലഭ്യമാകുകയില്ല. മാത്രമല്ല, മറ്റുള്ളവരോട് സഹായം അഭ്യർഥിക്കുവാനും സാധിക്കാറില്ല. അങ്ങനെയുള്ള ഭവനങ്ങളെ സഹായിക്കേണ്ട ബാധ്യത നമ്മുടെ ഇടവകകൾക്ക് ഉണ്ട്. അവിടെയാണ് ഈ മാതൃക പ്രസക്തമാകുന്നത്. നമ്മുടെ പല ഇടവകകളിലും പ്രാവർത്തികമാക്കാവുന്ന ഒരു അനുകരണീയ മാതൃകയാണിത്. പദ്ധതിക്കു നേതൃത്വം നൽകിയ ഇടവക വികാരിയെയും മാനേജിംഗ് കമ്മറ്റിയെയും അഭിനന്ദിക്കുന്നു.