Departed Spiritual FathersOVS - Latest NewsOVS-Kerala News

തെസ്സലോനിക്യായിലെ മാർ ദെമത്രിയോസ്: ക്രൈസ്തവ വിശ്വാസത്തിന്റെ ധീര പോരാളി

തെസ്സലോനിക്യായിൽ ഏ ഡി 270 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ധീര രക്തസാക്ഷിയും ക്രൈസ്തവ വിശ്വാസത്തിന്റെ ധീര പേരാളിയമാണ് മാർ ദെമത്രിയോസ്. തെസ്സലോനിക്യായിലെ ഒരു റോമൻ ഉപദേഷ്ടാവിന്റെ മകനായിരുന്നു ദെമത്രിയോസ്. അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ റോമൻ പുറജാതീയരായ ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും അവരുടെ ആത്മീയതയെ തകർക്കപ്പെടുകയും, അവരുടെ നീക്കങ്ങളെയും പ്രവർത്തനങ്ങളും പരാജയപ്പെടുകയും ചെയ്തിരുന്നു. ക്രൂരമായ പീഡനങ്ങൾ കാരണം പലരും മറ്റ് നാടുകളിലേക്ക് പാലായനം ചെയ്യുന്നതിനും കാരണമായി.വിശുദ്ധ ദെമത്രിയോസിന്റെ മാതാപിതാക്കൾ രഹസ്യമായി ക്രിസ്ത്യാനികളായിരുന്നു. പിതാവിന്റെ വീട്ടിലെ ഒരു രഹസ്യ പള്ളിയിൽ ക്രിസ്ത്യൻ വിശ്വാസത്തിൽ അദ്ദേഹം സ്നാനമേറ്റു എന്ന് കരുതപ്പെടുന്നു. ദെമത്രിയോസിന് തന്റെ കുടുംബത്തിൽ നിന്ന് ലഭിച്ച ആത്മീയമായ ദൈവീക മഹത്വത്തോടൊപ്പം, അവ്യക്തമായ സദ്‌ഗുണങ്ങളാലും വിവേകത്തോടെയും ബാല്യകാലം അലങ്കരിച്ചിരുന്നു.

ദെമത്രിയോസ് ദൈവിക വിശ്വാസത്തിൽ കൂടുതൽ ആകൃഷ്ടനാകുകയും, വിവേകവും പക്വത മനോഭാവവും ബാല്യത്തിൽ തന്നെ കൈവരിക്കുകയും ചെയ്തു. ദിമത്രിയോസിന്റെ പിതാവിൻ്റെ മരണശേഷം, ഏ ഡി 305ൽ ഗാലേരിയസ് മാക്സിമിയൻ ചക്രവർത്തി സിംഹാസനത്തിൽ ആരുഢ്യനായി. കഠിനഹൃദയനും രക്തദാഹിയുമായ ഒരു ചക്രവർത്തിയായിരുന്നു മാക്സിമിയൻ. ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിക്കുന്നതിലും അവരെ നാടുകടത്തുന്നതിനും അദ്ദേഹം സന്തോഷം കണ്ടെത്തിയിരുന്നു. മനുഷ്യരൂപത്തിലുള്ള മൃഗം എന്ന് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നു. വാള് കൊണ്ട് മാക്സിമിമൻ തൻ്റെ സാമ്രാജ്യത്തെ ഭരിച്ചു. ദെമത്രിയോസിൻ്റെ വിദ്യാഭ്യാസത്തിലും ഭരണപരവും സൈനികവുമായ കഴിവുകളിൽ ആത്മവിശ്വാസമുള്ള മാക്സിമിയൻ അദ്ദേഹത്തെ തെസ്സലോനിക്യായുടെ ഉപദേഷ്ടാവും സൈനിക മേധാവിക്കടുത്ത സ്ഥാനവും നൽകി പിതാവിന്റെ അതേ സ്ഥാനത്തേക്ക് നിയമിച്ചു. മാക്സിമിമൻ ചക്രവർത്തി മാർ ദെമത്രിയോസിന് പ്രധാന ചുമതലകളായി നൽകിയിരുന്നത് നഗരത്തെ ക്രൂരന്മാരിൽ നിന്ന് സംരക്ഷിക്കുക, ക്രിസ്തുമതം ഉന്മൂലനം ചെയ്യുക എന്നിവയായിരുന്നു എന്ന ദൗത്യമായിരുന്നു.

ക്രിസ്ത്യാനികളെ സംബന്ധിച്ച ചക്രവർത്തിയുടെ നയം ലളിതമായി പ്രകടിപ്പിച്ചത് “ക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരെ വധിക്കുക അഥവാ ക്രൂരമായി പീഡിപ്പിക്കുക” എന്നാണ്. ദെമെത്രിയോസിനെ നിയമിച്ചതിലൂടെ അനേകരെ ക്രിസ്തുവിലേക്കു നയിക്കാൻ തനിക്ക് ഒരു വഴി ഒരുക്കിയിട്ടുണ്ടെന്ന് ചക്രവർത്തി ഒരിക്കലും കരുതിയിരുന്നില്ല.

നിയമനം സ്വീകരിച്ച ദെമത്രിയോസ് തെസ്സലോനിക്യായിലേക്ക് മടങ്ങി.

കണ്ണുനീരുകൊണ്ട് ദെമെത്രിയോസ് കുറ്റസമ്മതം നടത്തി കർത്താവായ യേശുക്രിസ്തുവിനെ മഹത്വപ്പെടുത്തി. ക്രിസ്ത്യാനികളെ ഏതുവിധേനയും സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ദെമത്രിയോസിൻ്റെ മനസ്സിൽ ഉണ്ടായിരുന്നത്. ക്രിസ്ത്യാനികളെ ഉപദ്രവിക്കുകയും വധിക്കുകയും ചെയ്യുന്നതിനുപകരം, നഗരവാസികളോട് ക്രൈസ്തവ വിശ്വാസം പരസ്യമായി പഠിപ്പിക്കാനും പുറജാതീയ ആചാരങ്ങളെയും വിഗ്രഹാരാധനയെയും അട്ടിമറിക്കാനും ദെമത്രിയോസ് ജനങ്ങളെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ ക്രിസ്തീയ ജീവിതത്തിന്റെ മാഹാത്മ്യം മനസ്സിലാക്കിയ ജനങ്ങൾക്കിടയിൽ മാർ ദിമത്രിയോസ് തെസ്സലോനിക്കയുടെ “രണ്ടാമത്തെ അപ്പൊസ്തലനായ പൗലോസ് ” ആയിത്തീർന്നു. പിൽകാലങ്ങളിൽ പ്രത്യേകിച്ചും വിജാതീയരോടുള്ള അപ്പോസ്തലൻ എന്നും ദെമത്രിയോസിനെ അറിയപ്പെട്ടിരുന്നു.

വിശുദ്ധ അപ്പോസ്തലനായ പൗലോസിൻ്റെ രക്തസാക്ഷിത്വ പാത പിന്തുടരാൻ വിശുദ്ധ ദെമെത്രിയോസിനെ ദൈവം ദർശനത്തിലൂടെ നിയമിച്ചു. ദെമെത്രിയോസ് ക്രിസ്തീയ വിശ്വാസം കൂടുതലായി ജനങ്ങളിലേക്ക് പകർന്നു നൽകി. പുതുതായി നിയമിതനായ ഉപദേശകൻ ഒരു ക്രിസ്ത്യാനിയാണെന്നും പല റോമൻ പ്രജകളെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടെന്നും മാക്സിമിയൻ അറിഞ്ഞപ്പോൾ ചക്രവർത്തിയുടെ ദേഷ്യത്തിന് അതിരുകളില്ലാതായി. കരിക്കടലിൽ നടന്ന യുദ്ധത്തിനു ശേഷം മാക്സിമിയൻ മടങ്ങിയെത്തിയപ്പോൾ, വിഗ്രഹങ്ങൾക്ക് യാഗം അർപ്പിക്കാൻ അദ്ദേഹം തെസ്സലോനിക്യായിലെ ഉദ്യോഗസ്ഥരെ കൂട്ടി. ഇത് ദെമത്രിയോസിൻ്റെ വിശ്വാസത്തെ ചോദ്യം ചെയ്യുവാൻ മാക്സിമിയൻ ചെയ്ത ഒരു ഗൂഢ നീക്കമായിരുന്നു. എന്നാൽ, വിശുദ്ധ ദെമത്രിയോസ് താൻ ഒരു ക്രിസ്ത്യാനിയാണെന്നും വെട്ടിയ കല്ലുകളെ ദേവന്മാരായി അംഗീകരിക്കില്ലെന്നും ധൈര്യസമേധം വെളിപ്പെടുത്തി. ചക്രവർത്തി തന്റെ സൈന്യത്തെ തെസ്സലോനിക്യായിലേക്ക് നയിക്കുവാൻ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യാൻ തീരുമാനിച്ചു. ഇതറിഞ്ഞ വിശുദ്ധ ദെമേത്രിയസ് തന്റെ വിശ്വസ്ത ദാസനായ ലൂപസിനോട് തന്റെ സമ്പത്ത് ദരിദ്രർക്ക് വിതരണം ചെയ്യുവാൻ ആവശ്യപ്പെട്ടു, മാർ ദെമത്രിയോസ് ഇപ്രകാരം പറഞ്ഞു “എന്റെ ഭൗമിക സമ്പത്ത് അവർക്കിടയിൽ വിതരണം ചെയ്യുക, കാരണം ഞാൻ നമുക്കായി സ്വർഗ്ഗീയ സമ്പത്ത് അന്വേഷിക്കും.”

രക്തസാക്ഷിത്വത്തിനായി സ്വയം തയ്യാറായ മാർ ദെമത്രിയോസ് തൻ്റെ തുടർന്നുള്ള ജീവിതം പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി സമയം കണ്ടെത്തി.

ചക്രവർത്തി ക്രിസ്തീയ വിശ്വാസത്തിൽ നിന്നും പിന്തിരിയണമെന്നും അല്ലാത്തപക്ഷം ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുമെന്ന് കൽപ്പിക്കുകയും ചെയ്തു. എങ്കിലും, മാർ ദെമത്രിയോസ് ഞാൻ ഒരു ക്രിസ്ത്യാനിയാണെന്ന് ധൈര്യപൂർവ്വം ഏറ്റുപറഞ്ഞ്, റോമൻ ബഹുദൈവ വിശ്വാസത്തിന്റെ വ്യാജവും നിരർത്ഥകതയും അപലപിച്ചു. ദെമത്രിയോസിനെ തടവിലാക്കുവാൻ മാക്സിമിയൻ ഉത്തരവിട്ടു. കാരാഗൃഹത്തിൽ ഒരു ദൂതൻ ദെമത്രിയോസിന് പ്രത്യക്ഷനായി അവനെ ആശ്വസിപ്പിക്കുകയും ദൈവിക വിശ്വാസത്തിലേക്ക് കൂടുതൽ അവനെ അടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.

അതേസമയം, അഭ്യാസപ്രകടനങ്ങളിൽ ചില വിനോദങ്ങൾ നടത്തി ചക്രവർത്തി സ്വയം രസിപ്പിച്ചു. ലയൂസ് എന്ന ജർമ്മൻകാരനെ മുന്നിൽ നിറുത്തിയായിരുന്നു ചക്രവർത്തി പന്തയം വച്ചിരുന്നത്. വിജയികളായ സൈനികരുടെ കുതിച്ചുകയറിയ കുന്തങ്ങൾക്ക് മുകളിൽ പണിതിരിക്കുന്ന വേദിയിൽ തന്നോടൊപ്പം മല്ല് പിടിക്കാൻ അദ്ദേഹം ക്രിസ്ത്യാനികളെ വെല്ലുവിളിച്ചു. നെസ്റ്റർ എന്ന ധീരനായ ഒരു ക്രിസ്ത്യാനി തന്റെ അത്മീയ ഉപദേഷ്ടാവായ ദെമത്രിയോസിൻ്റെ അടുത്തേക്ക് ജയിലിൽ പോയി ലയൂസിനോട് മല്ല് പിടിച്ച് ജയിക്കുവാൻ അനുഗ്രഹം അഭ്യർത്ഥിച്ചു. ലയൂസിനെയും മാക്സിമിയനെയും അവരുടെ മതത്തെയും ലജ്ജിപ്പിക്കാൻ ദെമത്രിയോസ് പ്രാർത്ഥിക്കുകയും കുരിശിന്റെ അടയാളം നെസ്റ്ററിൻ്റെ മേൽ വരയ്ക്കുകയും ചെയ്തു. ഉടനെ നെസ്റ്റർ വേദിയിലേക്ക് ഓടിക്കയറി ആ ഭീമാകാരനായ ഭീമനുമായി മല്ല് പിടിച്ചു. നെസ്റ്റർ അവനെ താഴെയിറക്കി കൊന്നു. നെസ്റ്റർ ഒരു ക്രിസ്ത്യാനിയാണെന്നും വിശുദ്ധ ദെമത്രിമോസ് നെസ്റ്റെറിനെ അനുഗ്രഹിച്ചുവെന്നും അറിഞ്ഞ മാക്സിമിയൻ കോപാകുലനായിത്തീർന്നു. പടയാളികളോട് ഇരുവരെയും വധിക്കാൻ കൽപിച്ചു. നെസ്റ്ററിനെ പടയാളികൾ ശിരച്ഛേദന ചെയ്തു. ചക്രവർത്തി ദെമത്രിയോസിനെ കൊല്ലാൻ ജയിലിലേക്ക് പടയാളികളെ അയച്ചു.പടയാളികൾ ദെമത്രിയോസിനെ കുന്തങ്ങൾ കൊണ്ട് എറിഞ്ഞ് കൊല്ലുകയും ദേഹത്ത് തറച്ചു കയറിയ കുന്തങ്ങൾ കൊണ്ട് വിശുദ്ധനെ ഓടിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിശ്വസ്ത ദാസനായ വിശുദ്ധ ലൂപ്പസ് വിശുദ്ധ ദെമത്രിയോസിൻ്റെ രക്തത്തിൽ കുതിർന്ന വസ്ത്രം ശേഖരിച്ചു. തന്റെ ഉയർന്ന പദവിയുടെ പ്രതീകമായ വിരലിൽ നിന്ന് സാമ്രാജ്യത്വ മോതിരം എടുത്ത് രക്തത്തിൽ മുക്കി. വിശുദ്ധ ദെമത്രിയോസിൻ്റെ രക്തത്താൽ വിശുദ്ധീകരിക്കപ്പെട്ട മോതിരവും മറ്റ് വിശുദ്ധ വസ്തുക്കളും ഉപയോഗിച്ച് വിശുദ്ധ ലൂപ്പസ് ബലഹീനരെ സുഖപ്പെടുത്താൻ തുടങ്ങി. അത് എടുത്തു രഹസ്യമായും ഭൂമിയിൽ അടക്കം ചെയ്തു. പടനായകന്മാർ പുറത്ത് കൊണ്ട് പോയി ഉപേക്ഷിച്ച വിശുദ്ധൻ്റെ മൃതശരീരം ലൂപ്പസ് ആരുമറിയാതെ അത് സംസ്കരിച്ചു. വിശുദ്ധ കോൺസ്റ്റൻ്റിന്റെ (306-337) ഭരണകാലത്ത് വിശുദ്ധ ദിമത്രിയോസിൻ്റെ കല്ലറയ്ക്ക് മുകളിൽ ഒരു പള്ളി പണിതു. മരണ ശേഷം മാർ ദിമത്രിയോസിനെ മിറോവ്ലൈറ്റിസ് അല്ലെങ്കിൽ “ദി മൈർ ഗുഷർ”എന്ന് പേരിൽ അറിയപ്പെട്ടു.

ഒൻപതാം നൂറ്റാണ്ടിലാണ് മാർ ദിമത്രിയോസിൻ്റെ ജീവിതത്തെക്കുറിച്ചുള്ള ആദ്യകാല രേഖകൾ സമാഹരിച്ചത്. പരിശുദ്ധ സഭ ഈ വിശുദ്ധ രക്തസാക്ഷിയുടെ ഓർമ്മ ഓഗസ്റ്റ് ഏഴിന് ഭക്തി ആദരവോടെ കൊണ്ടാടപ്പെടുന്നു.

എഴുതിയത്:

വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ

അവലംബം:

1.യൂജീനിയ റസ്സൽ, തെസ്സലോനിക്കയിലെ വിശുദ്ധ ദെമത്രിയോസ്; സംസ്കാരവും ഭക്തിയും മധ്യകാലഘട്ടത്തിൽ , പീറ്റർ ലാംഗ്, ഓക്സ്ഫോർഡ്, 2010

2.ലാപിന, എലിസബത്ത് (2009). ” ദെമത്രിയോസ് ഓഫ് തെസ്സലോനികി: രക്ഷാധികാരി സെന്റ് ഓഫ് ക്രൂസേഡേഴ്സ്”

error: Thank you for visiting : www.ovsonline.in