HH Catholicos Paulose IIOVS - Latest NewsOVS-Kerala News

പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവായുടെ കാഴ്ചപ്പാട് പ്രാര്‍ത്ഥനയില്‍ അടിസ്ഥാനപ്പെട്ടത് – പി.എസ് ശ്രീധരന്‍ പിളള

കോട്ടയം: എല്ലാ മതങ്ങളുടെയും അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യനെ മനുഷ്യനായി കണ്ട് സ്‌നേഹിക്കുവാനും കരുതുവാനും ചേര്‍ത്തുനിര്‍ത്തുവാനും പ്രത്യേകം ശ്രദ്ധിച്ചിരുന്ന മനുഷ്യസ്‌നേഹിയായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിളള. പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്മരണാര്‍ത്ഥം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന ‘സ്മൃതി സുകൃതം’ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. പ്രാര്‍ത്ഥനയില്‍ അടിയുറച്ച വിശാലമായ കാഴചപ്പാടാണ് പരിശുദ്ധ ബാവായുടേതെന്നും അദ്ദേഹം പറഞ്ഞു. അഭി. കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു.

ദൈവസ്‌നേഹത്തെ പ്രതി ഈ ലോകത്ത് എല്ലാവരെയും സ്‌നേഹിക്കുകയും കരുതുകയും ചെയ്ത ഒരു ദൈവീക പുരുഷനായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവായെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ആദ്ധ്യാത്മിക രംഗത്തും സാമൂഹിക പ്രതിബദ്ധതയുളള പ്രവര്‍ത്തനരംഗത്തും മാതൃകയായിരുന്നു പരിശുദ്ധ ബാവായെന്ന് ഉമ്മന്‍ ചാണ്ടി. ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മന്ത്രി വീണാ ജോര്‍ജ്, ജോസഫ് മാര്‍ ബാര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, സി.എസ്.ഐ മധ്യകേരളാ മഹാ ഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, മലയാള മനോരമ മാനേജിംഗ് എഡിറ്റര്‍ ജേക്കബ് മാത്യൂ, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബഹു. ഗവര്‍ണര്‍ പരിശുദ്ധ ബാവായുടെ കബറിടം സന്ദര്‍ശിച്ച് പുഷ്പചക്രം സമര്‍പ്പിച്ചു.

error: Thank you for visiting : www.ovsonline.in