കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ പരിഗണിക്കേണ്ട വിഷയങ്ങൾ
ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താനും ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക ക്ഷേമപദ്ധതികൾ രൂപീകരിച്ച് സർക്കാരിന് സമർപ്പിക്കാനും രൂപീകരിച്ചിരിക്കുന്ന സമിതിയാണ് സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ. ന്യൂനപക്ഷക്ഷേമ പദ്ധതികളിൽ സംസ്ഥാനത്തെ ക്രൈസ്തവരെ അവഗണിക്കുന്നുവെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുസ്ലീം ക്ഷേമവകുപ്പായാണ് പ്രവർത്തിക്കുന്നതെന്നും ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് ആക്ഷേപം ഉയരുവാൻ തുടങ്ങിയിട്ട് നാളുകളായി. സച്ചാർ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ പാലൊളി മുഹമ്മദ് കമ്മിറ്റി നടത്തിയ പഠനത്തിൻ്റെ വെളിച്ചത്തിലാണ് ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ എൺപതു ശതമാനം വിഹിതവും മുസ്ലീം വിഭാഗത്തിനു നൽകുന്നത് എന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ മാറി മാറി വന്ന സർക്കാരുകൾ ഒന്നും തന്നെ ക്രൈസ്തവരുടെ സാമൂഹിക അവസ്ഥയെപ്പറ്റി പഠിക്കാൻ തയ്യാറായിട്ടുമില്ല. പാലൊളി മുഹമ്മദ് കമ്മിറ്റിയെ നിയോഗിച്ച് മുസ്ളീം വിഭാഗത്തിൻ്റെ പിന്നോക്കാവസ്ഥ പഠിച്ചതുപോലെ ക്രിസ്ത്യാനികളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും ന്യൂനപക്ഷക്ഷേമപദ്ധതികളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നൽകണമെന്നും ക്രൈസ്തവസമൂഹം കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം സർക്കാരിനു മുന്നിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ വിവിധ ജില്ലകളിൽ സിറ്റിംഗ് നടത്തുന്നുണ്ട്. ന്യൂനപക്ഷ സമുദായാംഗങ്ങൾക്കും സംഘടനാപ്രതിനിധികൾക്കും കമ്മീഷൻ സിറ്റിംഗിൽ പങ്കെടുത്ത് തങ്ങളുടെ നിർദേശങ്ങൾ സമർപ്പിക്കാവുന്നതാണ്. എന്നാൽ ഇതുവരെ നടന്ന സിറ്റിംഗുകളിൽ പലതിലും ക്രൈസ്തവ പ്രാതിനിധ്യം വളരെ ശുഷ്കമായിരുന്നു. ക്രൈസ്തവ സമൂഹത്തിനും സമുദായ സംഘടനാ നേതൃത്വത്തിനും ഈ വിഷയത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഈ താല്പര്യക്കുറവിനു പിന്നിൽ എന്നാണ് മനസ്സിലാക്കുന്നത്. തങ്ങളുടെ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും അവ പ്രയോജനപെടുത്തുന്നതിനും ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണം. പലരും കരുതുന്നതുപോലെയുള്ള ‘മുന്നോക്കാവസ്ഥ’ ക്രൈസ്തവ സമൂഹത്തിന് ഇല്ല എന്നതാണ് വാസ്തവം.
ക്രിസ്ത്യാനികളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ
ക്രിസ്ത്യാനികളിൽ വളരെ വലിയ ഒരു വിഭാഗം കർഷകരും മത്സ്യതൊഴിലാളികളുമാണ്. കാർഷിക വിളകളുടെ വിലത്തകർച്ച, പ്രകൃതി ക്ഷോഭം മൂലം കൃഷി നശിക്കുന്ന അവസ്ഥ എന്നിവമൂലം കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. കാർഷിക വായ്പ എടുത്ത് കടക്കെണിയിലായ ഒട്ടേറെപ്പേർ ക്രൈസ്തവ സമുദായത്തിലുണ്ട്. മത്സ്യതൊഴിലാളികളുടെ അവസ്ഥയും വിഭിന്നമല്ല. കടൽ ക്ഷോഭവും വറുതിയും മൂലം പരമ്പരാഗത തൊഴിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പലരും. വള്ളവും വലയും വാങ്ങാൻ വായ്പ എടുത്തവർ കടക്കെണിയിലായിരിക്കുന്നു. കടലാക്രമണത്തിൽ കയറിക്കിടക്കാനുള്ള വീടുപോലും നഷ്ടപ്പെട്ടവർ ഒട്ടേറെയാണ്.
പട്ടിണി കിടന്നാണെങ്കിലും കിടപ്പാടം പണയപ്പെടുത്തിയാണെങ്കിലും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നത് ക്രൈസ്തവ സമൂഹത്തിൻ്റെ സംസ്കാരത്തിൻ്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ മറ്റു ചില ന്യൂനപക്ഷ വിഭാഗങ്ങളുടേതുപോലെ ക്രൈസ്തവ സമൂഹത്തിൽ കാണാൻ സാധിക്കില്ല, എന്നാൽ വിദ്യാഭ്യാസ വായ്പ എടുത്തവർ പലരും അത് തിരിച്ചടയ്ക്കാൻ പണം ലഭിക്കുന്ന വിധത്തിലുള്ള ഒരു ജോലി ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. തൊഴിൽ രഹിതരുടെ എണ്ണം ക്രൈസ്തവ സമൂഹത്തിൽ വർധിച്ചിട്ടുണ്ട് എന്നത് ആശങ്ക ഉളവാക്കുന്നു. രാജ്യത്ത് എറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള വിഭാഗം ക്രൈസ്തവരാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ശ്രീ മുഖ്താർ അബ്ബാസ് നഖ്‌വി അടുത്തിടെ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ അവർക്കിടയിൽ സംരംഭകത്വം വളർത്താൻ ഉതകുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ന്യൂനപക്ഷ കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്യണം.
മുപ്പതു വയസിനു മുകളിൽ പ്രായമുള്ള അവിവാഹിതരായ യുവാക്കന്മാരുടെ എണ്ണം ക്രൈസ്തവ സമൂഹത്തിൽ അനുദിനം വർധിച്ചു വരുന്നു എന്നത് സിബിസിഐ ലെയ്റ്റി കൗൺസിൽ നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. സാമ്പത്തികമായ പിന്നോക്കാവസ്ഥയാണ് ഈ പ്രവണതയുടെ കാരണമെന്ന് കൗൺസിൽ വിലയിരുത്തിയിട്ടുണ്ട്, ഈ വിഷയം കമ്മീഷൻ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്. വിവാഹിതരായവർക്കിടയിൽ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട് എന്നതും ലെയ്റ്റി കൌൺസിലിൻ്റെ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയിരിക്കുന്ന റിപ്പോർട്ടിലെ വിവരങ്ങൾ ഈ കണ്ടെത്തൽ ശരിവയ്ക്കുന്നതാണ്. ജീവിത ചിലവ് വർധിച്ചു വരുന്നതും സാമ്പത്തിക പിന്നോക്കാവസ്ഥയുമാണ് കുട്ടികളുടെ എണ്ണം കുറയ്ക്കാൻ ഭൂരിപക്ഷം ക്രൈസ്തവ മാതാപിതാക്കളെയും പ്രേരിപ്പിക്കുന്ന ഘടകം എന്നാണ് ലെയ്റ്റി കൌൺസിൽ നടത്തിയ പഠനങ്ങളിൽനിന്ന് മനസ്സിലാകുന്നത്. ഈ വിഷയത്തിലും ന്യൂനപക്ഷ കമ്മീഷന്റെയും സർക്കാരിന്റെയും അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ട്.
സാമൂഹിക പിന്നോക്കാവസ്ഥ
സർക്കാർ സർവീസിലുള്ള പ്രതിനിധ്യക്കുറവ് സാമൂഹിക പിന്നോക്കാവസ്ഥയായാണല്ലോ പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തെ പിഎസ്‌സി നിയമനങ്ങൾ പരിശോധിച്ചാൽ ക്രൈസ്തവ സമുദായത്തിൽ നിന്നുള്ളവർ കുറവാണെന്ന് കാണാം. നാട്ടിൽ തൊഴിൽ ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് പ്രവാസികളാകാൻ വിധിക്കപ്പെടുന്നവരിൽ ഏറിയ പങ്കും ക്രൈസ്തവ സമുദായത്തിൽനിന്നാണ്. കുടുംബങ്ങളിൽ വൃദ്ധരായ മാതാപിതാക്കൾ മാത്രമാവുന്ന സാഹചര്യം തന്മൂലം സൃഷ്ടിക്കപ്പെടുന്നു. സമുദായത്തിലെ വലിയൊരു വിഭാഗത്തെ ഇത് സാമൂഹികമായ അരക്ഷിതാവസ്ഥയിലേക്കും പിന്നോക്കാവസ്ഥയിലേക്കും എത്തിച്ചിരിക്കുന്നു.
ജിന്‍സ് നല്ലേപ്പറമ്പില്‍
ന്യൂനപക്ഷ അവകാശങ്ങൾ ക്രൈസ്തവ സമുദായത്തിന് നിഷേധിക്കപ്പെടുന്നു