OVS - Latest NewsOVS-Kerala News

മണര്‍കാട് പള്ളിക്കേസിലെ മുന്‍സിഫ്‌ കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ മണര്‍കാട് സെന്റ് മേരീസ് പള്ളിയെ സംബന്ധിച്ച് കഴിഞ്ഞ എട്ടാം തീയതി പ്രസ്താവിച്ച കോട്ടയം മുന്‍സിഫ് കോടതിയുടെ വിധി പാത്രിയര്‍ക്കീസ് വിഭാഗം ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ഖേദകരമാണെന്ന് മലങ്കര സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത.

ഹര്‍ജി തള്ളുന്നതിന് കോടതി പറഞ്ഞിരിക്കുന്ന രണ്ടു കാരണങ്ങള്‍, സി. പി. സി. 92 പ്രകാരം പ്രത്യേക അനുവാദം ലഭിക്കാതെ കേസ് ഫയല്‍ ചെയ്തു എന്നതും, സമാനമായ കേസില്‍ മുന്‍പ് കോട്ടയം സബ്‌ കോടതി തീര്‍പ്പ് കല്‍പ്പിച്ച ഒ. എസ് 7/2019 -ൻ്റെ വിധി നിലനില്‍ക്കുന്നു എന്നതും മാത്രമാണ്. മണര്‍കാട് പള്ളി മലങ്കര സഭയുടെ ഭാഗമാണെന്നും, 1934 -ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും സബ്‌ കോടതി നേരത്തെതന്നെ കണ്ടെത്തിയതിനാല്‍ ഈ കേസ് ഫലശൂന്യമായിത്തീര്‍ന്നു എന്ന് കോടതി വിധിച്ചു. മുന്‍ ഒ. എസ് 7/2019 -ല്‍ ആവശ്യപ്പെട്ടിരിക്കുന്ന നിവര്‍ത്തികളും, ഇപ്പോള്‍ ഈ കേസില്‍ ആവശ്യപ്പെട്ടിരിക്കുന്ന നിവര്‍ത്തികളും ഒന്നുതന്നെ ആകയാല്‍ ഈ കേസിൻ്റെ പ്രസക്തി നഷ്ടപ്പെട്ടതായി മുന്‍സിഫ് കോടതി കണ്ടെത്തി.

എന്നാല്‍ പ്രസ്തുത പള്ളി മലങ്കര സഭയുടെ ഭഗമല്ലെന്നും, സഭാ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടേണ്ടതല്ല എന്നും വിധിന്യായത്തില്‍ ചില നിരീക്ഷണങ്ങള്‍ കാണുന്നുണ്ട്. ഈ നിരീക്ഷണങ്ങള്‍ 2017 -ലെ സുപ്രീംകോടതി വിധിക്കും അതേത്തുടര്‍ന്നുണ്ടായ ഹൈക്കോടതി വിധികള്‍ക്കും എതിരാണ്. തന്നെയുമല്ല ഏതൊരു കേസിലെയും നിരീക്ഷണങ്ങള്‍ക്കല്ല, കണ്ടെത്തലുകള്‍ക്കാണ് പ്രാധാന്യം. നിരീക്ഷണങ്ങള്‍ക്ക് നിയമപരമായ പ്രാബല്യമില്ല. ഈ നിരീക്ഷണങ്ങള്‍ നടത്തിയ കോടതി 2017 -ലെ വിധി മലങ്കര സഭയിലെ എല്ലാ പള്ളികള്‍ക്കും ബാധകമാണ് എന്ന സുപ്രീംകോടതി വിധിയും ആ വിധിക്കെതിരായി ഒരു കീഴ്‌ക്കോടതിയും പ്രവൃത്തിക്കരുത് എന്ന നിബന്ധനയും കണ്ടില്ല എന്നു നടിക്കുകയായിരുന്നു. സഭാകേസില്‍ ഹാജരാക്കിയിട്ടുള്ള എല്ലാ ലിസ്റ്റുകളിലും മണര്‍കാട് പള്ളിയുടെ പേരുണ്ട് എന്ന വസ്തുതയും ഗൗരവമായി പരിഗണിച്ചിട്ടില്ല. പള്ളിക്കേസുകളില്‍ ഇന്‍ജെക്ഷന്‍ നിവര്‍ത്തിമാത്രം ചോദിക്കുമ്പോള്‍ സി. പി. സി. 92 പ്രകാരമുള്ള അനുവാദം ആവശ്യമില്ല എന്നുള്ള മേല്‍ക്കോടതികളുടെ നിരവധി വിധികള്‍ മുന്‍സിഫ് കോടതി പരിഗണിച്ചിട്ടില്ല.

എല്ലാ കാര്യങ്ങളും വ്യക്തമായി പ്രസ്താവിച്ചിരിക്കുന്ന കോട്ടയം സബ്‌ക്കോടതിയുടെ വിധി അഗീകരിക്കുന്നു എന്നു പറയുന്ന മുന്‍സിഫ് കോടതി അതേ വിധിക്കെതിരായി മേല്‍പറഞ്ഞ നിരീക്ഷണങ്ങള്‍ നടത്തുവാന്‍ കാരണമെന്ത് എന്ന് വ്യക്തമല്ല. നിയമോപദേശം സ്വീകരിച്ചശേഷം ആവശ്യമെങ്കില്‍ മേല്‍പ്പറഞ്ഞ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടുവാന്‍ അപ്പീല്‍ നല്‍കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് * (പി ആർ. ഒ)

2017-ലെ വിധിക്ക്‌ വിരുദ്ധമായ ഉത്തരവു നൽകരുത്: കേസുകൾ വേഗത്തിൽ തീർപ്പാക്കണം

error: Thank you for visiting : www.ovsonline.in