OVS - Latest NewsOVS-Kerala News

പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു; നിയുക്ത കാതോലിക്കായെ തിരഞ്ഞെടുക്കുന്നതിന് നടപടി ആരംഭിച്ചു.

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു.  പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പൊലീത്തയുടെയും പിൻഗാമിയെ തിരഞ്ഞെടുക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ സിനഡിനെ അറിയിച്ചതിനെത്തുടർന്ന് സഭയിൽ നിയുക്ത കാതോലിക്കായെ തിരഞ്ഞെടുക്കുന്നതിന് നടപടികൾ ആരംഭിച്ചു. ഉചിതമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ സിനഡ് ബാവായോടു ശുപാർശ ചെയ്തു.

ഇനി സഭയുടെ വർക്കിങ് കമ്മിറ്റി ചേർന്ന് ഇതുസംബന്ധിച്ച നിർദേശം മാനേജിങ് കമ്മിറ്റിക്കു സമർപ്പിക്കുകയും മാനേജിങ് കമ്മിറ്റി അസോസിയേഷനുള്ള തീയതിയും സ്ഥലവും തീരുമാനിച്ചശേഷം മലങ്കര മെത്രാപ്പൊലീത്ത നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്യും. ഒന്നിലേറെ പേരുകൾ വന്നാൽ അസോസിയേഷനിൽ വോട്ടെടുപ്പു വേണ്ടിവരും.

സഭയുടെ സ്ഥാപനങ്ങളും അതിലെ പ്രവർത്തകരും ആരാധനാലയങ്ങളും കോവിഡ് വ്യാപനം തടയുന്നതിനുള്ള കരുതൽ നടപടി സ്വീകരിക്കേണ്ടതാണെന്ന് സുന്നഹദോസ് ആഹ്വാനം ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി സുന്നഹദോസ് പ്രത്യേകം പ്രാര്‍ത്ഥന നടത്തി. നിര്‍മ്മിത ബുദ്ധിയുടെ (artificial intelligence) നല്ല വശങ്ങള്‍ പൊതുസമൂഹമത്തിന് പ്രയോജനകരമാക്കി മാറ്റുന്നതിനുളള നടപടികള്‍ നിര്‍ണ്ണയിക്കുന്നതിനും അതോടൊപ്പം അതിന്റെ ദോഷവശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. പരിശുദ്ധ സഭയിലെ വിവിധ ആദ്ധ്യാത്മിഷക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള നടപടിക്രമങ്ങള്‍ അംഗീകരിച്ചു.

പരുമല സെമിനാരി, പരുമല ആശുപത്രി, കോട്ടയം പഴയ സെമിനാരി, നാഗപൂര്‍ സെമിനാരി, എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും റിപ്പോര്‍ട്ടുകളും ബി-ഷെഡ്യൂളില്‍ പ്പെട്ട സ്ഥാപനങ്ങളുടെ ബജറ്റും അംഗീകരിച്ചു. കോട്ടയം വൈദിക സെമിനാരിയോടനുബന്ധിച്ച് സംസ്കൃതം, സുറിയാനി, ഗ്രീക്ക്, ജർമൻ, ഫ്രഞ്ച്, ഇംഗ്ലിഷ് ഭാഷകൾ പഠിപ്പിക്കുന്നതിനു ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ തീരുമാനിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് റിപ്പോർട്ട് അവതരിപ്പിച്ചു.

കാതോലിക്കാ ബാവായുടെ ചികിത്സ തുടരുന്നു.
പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് കോവിഡിനെത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ചികിത്സ പുരോഗമിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സൂം കോൺഫറൻസിലൂടെ നടത്തിയ എപ്പിസ്കോപ്പൽ സുന്നഹദോസിൽ മുഴുവൻ സമയവും ബാവാ അധ്യക്ഷത വഹിച്ചു.

error: Thank you for visiting : www.ovsonline.in