OVS - Latest NewsOVS-Kerala News

ആരാധനാ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് അപലപനീയം: അഡ്വ. ബിജു ഉമ്മന്‍

കോട്ടയം: നിരോധനമുള്ള വൈദികര്‍ ഉള്‍പ്പെടെ സംഘംചേര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം അപലപനീയം എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ആരാധനയ്ക്ക് എത്തുന്ന വിശ്വാസികളെ തടയില്ലെന്ന നിലപാടില്‍ മാറ്റമില്ല, എന്നാല്‍ ആരാധനാസ്വാതന്ത്ര്യം സമരമുറയാക്കുന്നത് ക്രൈസ്തവ സാക്ഷ്യത്തിനു വിരുദ്ധവും നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്. ഒരേസമയം സമാധാന ചര്‍ച്ചകള്‍ തുടരണമെന്ന് ആവശ്യപ്പെടുകയും അക്രമമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. നിയമം അനുസരിക്കാന്‍ തയ്യാറായാല്‍ സമാധാനം സംജാതമാകും. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്ന ആസൂത്രിത പ്രചരണത്തിന്റെ മറവില്‍ പള്ളികള്‍ കൈയ്യേറുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിനോടകം മറനീക്കി പുറത്തുവന്നു കഴിഞ്ഞു.

പള്ളി പിടുത്തത്തിനും, ക്രമസമാധാന പ്രശ്‌നം സൃഷ്ടിച്ച് ആരാധനാലയങ്ങള്‍ പൂട്ടിക്കുന്നതിനും ഉള്ള നടപടിയാണ് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തില്‍നിന്നുള്ള വിധി രാജ്യത്തിന്റെ നിയമമാണ്. സംഘടിത ശ്രമത്തിലൂടെ നിയമം അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നത് ജനാധിപത്യ ധ്വംസനവും നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയുമാണ്. സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ നിയമനിര്‍മ്മാണത്തിന് സര്‍ക്കാരിനെ നിര്‍ബന്ധിക്കാമെന്ന് മനക്കോട്ട കെട്ടിക്കൊണ്ടാണ് ഈ സമരപരിപാടികളെങ്കില്‍, പ്രബുദ്ധതയുള്ള ഭരണകൂടവും, കേരള സമൂഹവും, അധികാരികളും ഈ നിലപാട് തിരിച്ചറിയും. രാജ്യത്തെ നീതിപീഠങ്ങളെ സമീപിച്ച് പ്രശ്‌നപരിഹാരം കൈവരുത്താമെന്ന് പ്രഖ്യാപിച്ച് അവസാനം വരെ കേസുകള്‍ ഫയല്‍ ചെയ്തിട്ടുള്ളത് പാത്രിയര്‍ക്കീസ് വിഭാഗം തന്നെയാണ്.

ഇപ്പോഴും തുടരെത്തുടരെ കേസുകള്‍ കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. വിധികള്‍ തങ്ങള്‍ക്കെതിരാകുന്നു എന്ന കാരണത്താല്‍ അവര്‍ കോടതി വിധികള്‍ക്കെതിരെ തിരിയുന്നതിലും, ന്യായാധിപന്മാരുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതിലും എന്ത് സാംഗത്യമാണുള്ളത്? വീണ്ടും വീണ്ടും കേസുകള്‍ നല്‍കുന്നത് എന്തിനാണ്? കലഹത്തിനുള്ള സാഹചര്യം തുടര്‍ച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കെത്തന്നെയാണ് തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ഓര്‍ത്തഡോക്‌സ് സഭ നിഷേധിക്കുന്നു എന്ന് പാത്രിയര്‍ക്കീസ് വിഭാഗം പ്രചരിപ്പിക്കുന്നത്. ഈ പ്രചരണം വസ്തുതാപരമാകുന്നത് എങ്ങനെയാണ്?

രാജ്യത്തെ നീതിപീഠത്തിന്റെ വിധിയിലൂടെയാണ് അമ്പതോളം വരുന്ന ദേവാലയങ്ങളില്‍ നിയമവിരുദ്ധമായ സമാന്തര ഭരണം അവസാനിപ്പിച്ചിട്ടുള്ളത്. പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ കൈയേറ്റം ഒഴിപ്പിച്ച് യഥാര്‍ത്ഥ ഉടമസ്ഥന് തിരികെ ഏല്പിക്കപ്പെട്ട പള്ളികള്‍ ഇനിയും തങ്ങളുടെ അനധികൃത നിയന്ത്രണത്തിന്‍ കീഴിലേക്ക് തിരികെയെത്തിക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ വാദഗതി അംഗീകരിക്കുവാന്‍ കഴിയുന്നതെങ്ങനെ? കേന്ദ്ര സേനയെ വിന്യസിച്ച് പോലും നിയമം നടപ്പാക്കും എന്ന് കോടതികള്‍ ശക്തമായ ഭാഷയില്‍ പരാമര്‍ശിക്കുന്നത് പാത്രിയര്‍ക്കീസ് വിഭാഗം ഇനിയെങ്കിലും നിയമം അനുസരിക്കുവാന്‍ തയ്യാറാകണം എന്നതിന്റെ സൂചനയാണ്.

ഇച്ഛാശക്തിയുള്ള ഭരണകൂടം കോടതിവിധി കര്‍ശനമായി നടപ്പാക്കുവാന്‍ തുനിയുന്ന പക്ഷം സഭാ തര്‍ക്കത്തിന് സമ്പൂര്‍ണ്ണ പരിഹാരവും ശാശ്വത സമാധാനവും ഉണ്ടാകും എന്നത് സുവ്യക്തമാണ്. ഇപ്രകാരമൊരു പരിഹാരമാണ് ശക്തമായ ഭരണഘടനയും, ജനാധിപത്യവും നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തിന് ആവശ്യം. തങ്ങള്‍ക്കറിയാവുന്ന സത്യങ്ങള്‍ പോലും തമസ്‌കരിച്ചു കൊണ്ട് ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കൂദാശാസംസര്‍ഗ്ഗം വിച്ഛേദിക്കുകയും, ‘മുടക്കപ്പെട്ടവര്‍’ എന്ന് മടികൂടാതെ ആക്ഷേപിക്കുകയും ചെയ്യുന്നവര്‍ ഒരു സുപ്രഭാതത്തില്‍ ‘ആരാധനയ്ക്ക്’ എന്ന പേരില്‍ സന്നാഹങ്ങളൊരുക്കി സമരം ചെയ്യുന്നത് അര്‍ഹിക്കുന്ന അവജ്ഞയോടെ പൊതുസമൂഹം തള്ളിക്കളയണമെന്നും, തെരഞ്ഞെടുപ്പ് കാലത്ത് സംഘര്‍ഷ സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടോ എന്ന് പരിശോധിച്ച് നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമാധാനത്തിന്റെ സന്ദേശം പകരുന്ന ക്രിസ്തുമസ് കാലം, ശാശ്വത സമാധാനത്തിന് അവസരമൊരുക്കട്ടെയെന്നും, ഭിന്നതകള്‍ പരിഹരിച്ച് നിയമാനുസൃതമുള്ള ഏക ആരാധനാ സമൂഹമായി നിലനിന്നുകൊണ്ട് ക്രിസ്തീയ സാക്ഷ്യം നിറവേറ്റുവാന്‍ സാദ്ധ്യമാകട്ടെയെന്നും അദ്ദേഹം പ്രസ്താവിച്ചു

error: Thank you for visiting : www.ovsonline.in