OVS - ArticlesOVS - Latest News

മെത്രാപ്പോലീത്തയുടെ കത്ത്: തിരിച്ചറിവുകൾ തിരുത്തലിലേക്ക് നയിക്കട്ടെ

അടുത്ത കാലത്ത് നടന്ന രണ്ട് സംഭവങ്ങൾ സഭാ സമാധാനം സംബന്ധിച്ച് വീണ്ടും ചില ചിന്തകൾ എന്നിൽ സൃഷ്ടിച്ചു. അതിൽ ഒന്ന്, കേരള മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയാണ്. രണ്ട്, ഓർത്തഡോക്സ് സഭയിലെ സമാധാനകാംക്ഷികളായ അത്മായക്കാരുടെ താത്പര്യത്തിൽ നടന്ന സമാധാന അന്വേഷണ ശ്രമം ആയിരുന്നു. ഇവയിൽ നിന്നും എനിക്ക് ബോധ്യപ്പെട്ട ചില കാര്യങ്ങൾ ആദ്യം തന്നെ കുറിക്കട്ടെ.

1). സഭാ ഐക്യം സമാധാനത്തിന് അനിവാര്യമാണ് എന്ന ചിന്ത ഇതുവരെ പാത്രിയർക്കീസ് കക്ഷിക്ക് ബോധ്യപ്പെട്ടിട്ടില്ല. എങ്ങനെ കോടതി വിധി അവഗണിച്ച് പള്ളി നഷ്ടപ്പെടാതെ പിരിയാം എന്നതാണ് അവർ ഇന്നും ചിന്തിക്കുന്നത്. അതിന് ഇടവകയിൽ ഹിതപരിശോധന നടത്തുകയാണ് മാർഗ്ഗം.

2). കോടതി വിധി പ്രകാരമല്ലാതെ ഭിന്നതയ്ക്ക് പരിഹാരം ഇല്ല എന്ന കോടതിയുടെ കല്പന അവർ ശ്രദ്ധിക്കുന്നില്ല. അതുപോലെ, കോടതി വിധിയുടെ നിർബന്ധിത സ്വഭാവം അവർ തിരിച്ചറിയുന്നുമില്ല. കോടതി വിധി നാടിൻ്റെ നിയമമാണ് എന്നും അത് അനുസരിക്കുകയാണ് പൗരബോധം ഉള്ളവർ ചെയ്യേണ്ടതും എന്ന ചിന്തയില്ല.

3). അവർ നിർദ്ദേശിക്കുന്ന മാർഗ്ഗത്തിലൂടെ പരിഹാരം ഉണ്ടാകുന്നില്ല എങ്കിൽ സർക്കാർ പള്ളികളിൽ കോടതി വിധി നിർവ്വീര്യമാക്കുന്ന ഓർഡിനൻസ് പുറപ്പെടുവിക്കണം. അതിനാണ് ഇപ്പോൾ സമരം ആരംഭിച്ചിരിക്കുന്നത്.

4). അന്ധമായി തങ്ങളെ വിശ്വസിച്ച പാത്രിയർക്കീസ് വിഭാഗത്തെ ജനങ്ങളുടെ ഭാവിയെപ്പറ്റി നേതൃത്വത്തിന് ലവലേശം ചിന്തയില്ല. അവരെക്കൊണ്ട് പുതിയ പള്ളികൾ സൃഷ്ടിച്ച് നേതാക്കൻമാരുടെ അംഗീകാരവും സുരക്ഷിതത്വവും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.

5). ഓർത്തഡോക്സ് സഭയോടുളള വിദ്വേഷം വിശ്വാസികളിൽ വർദ്ധിപ്പിച്ച് അവരെ അക്രമാസക്തരാക്കി സംഘബോധവും കക്ഷിവൈരവും വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിച്ച് ആത്യന്തികമായി ആ സമൂഹത്തെ ശിഥിലീകരണത്തിലേക്ക് നയിക്കുകയാണ്.

6). പരി. പാത്രിയർക്കീസ് ബാവ പാത്രിയർക്കീസ് കക്ഷിയിൽ തൻ്റെ നിയന്ത്രണശേഷി പ്രയോഗിക്കാതെയും വിഷയത്തിൽ ഇടപെടാതെയും മാറി നില്ക്കുന്നു. ഇത് മലങ്കര സഭയിലെ വിശ്വാസികൾ സൃഷ്ടിച്ച ഭിന്നതയാണ് എന്നും തനിക്ക് ഇതിൽ പങ്കും ഉത്തരവാദിത്വവും ഇല്ല എന്ന സമീപനമാണ് അദ്ദേഹം പുലർത്തുന്നത്.

ഈ പശ്ചാത്തലത്തിൽ പാത്രിയർക്കീസ് പക്ഷത്തെ വിശ്വാസികൾ തങ്ങളുടെ ഭാവിയെ പ്രതിയും സഭയുടെ നന്മയെപ്രതിയും ചിന്തിക്കേണ്ട സമയമാണ്. മലങ്കര സഭയിലെ ഭിന്നത ഓരോ കാലത്തും സൃഷ്ടിക്കപ്പെട്ടത് എങ്ങനെയാണ് എന്നാണ് ആദ്യം അന്വേഷിക്കേണ്ട വിഷയം. അതിനുത്തരം കിട്ടിയാൽ പാത്രിയർക്കീസ് കക്ഷിക്കാരായ വിശ്വാസികൾക്ക് പ്രശ്ന പരിഹാര മാർഗ്ഗം എളുപ്പമായി. അതുകൊണ്ട് മലങ്കര സഭയിലെ ഭിന്നതയ്ക്ക് അടിസ്ഥാന കാരണം എന്തെന്ന് വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ അന്വേഷണമാണ് നടക്കേണ്ടത്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലാണ് മലങ്കര സഭയിൽ ഭിന്നത ആരംഭിക്കുന്നത്. 1909-ൽ ഇവിടെ എത്തിയ അന്ത്യോഖ്യ പാത്രിയർക്കീസ് പരി. അബ്ദുള്ള ബാവ അന്നത്തെ മലങ്കര മെത്രാപ്പോലീത്ത മാർ ദിവന്നാസിയോസ് ആറാമനെ മുടക്കിയതാണ് സഭയിൽ ഭിന്നത സൃഷ്ടിച്ച സംഭവം. 1889-ലെ റോയൽ കോടതി അന്ത്യോഖ്യ പാത്രിയർക്കീസിന് മലങ്കര സഭയിൽ ഭൗതിക- ഭരണ കാര്യങ്ങളിൽ അധികാരം ഇല്ല എന്നും സഭയുടെ ആത്മിക മേലന്വേഷണാവകാശം മാത്രമാണ് ഉള്ളത് എന്നും വിധിച്ചിരുന്നു. തുടർന്ന് 1905 -ൽ ആർത്താറ്റ് പള്ളി കേസിലും സമാനമായ വിധി വന്നിരുന്നു. The church and its properties are subject to spiritual, temporal and ecclesiastial jurisdiction of the Malankara Metropolitan . ഈ കോടതി വിധി ദുർബലമാക്കി തനിക്ക് ഭൗതികവും ഭരണപരവുമായ അധികാരം മലങ്കര സഭയിൽ നേടുന്നതിനു വേണ്ടിയുള്ള തന്ത്രങ്ങൾ മെനയുന്നതിനുള്ള ശ്രമം ഇവിടെ എത്തിച്ചേർന്ന പാത്രിയർക്കീസ് ആരംഭിച്ചു. അതിനായി ഇടവക പള്ളികളിൽ നിന്നും പാത്രിയർക്കീസ് അദ്ദേഹത്തിന് വിധേയത്വം പ്രഖ്യാപിച്ച് ഉടമ്പടികൾ വാങ്ങിക്കുവാൻ തുടങ്ങി. കോടതി വിധി ദുർബലമാക്കി പാത്രിയർക്കീസ് അധികാര വർദ്ധനവിന് നടത്തിയ ഈ അനധികൃത നടപടി തടയാൻ ശ്രമിച്ചതു കൊണ്ട് മലങ്കര മെത്രാപ്പോലീത്തയെ പാത്രിയർക്കീസ് മുടക്കി. മലങ്കര സഭയിൽ ഭിന്നതയായി. തൻ്റെ മുടക്ക് കല്പനയ്ക്ക് നിയമപരമായ അംഗീകാരം കിട്ടുന്നതിനായി പാത്രിയർക്കീസ് കൊടുപ്പിച്ച കേസ് സംബന്ധിച്ച് 1958-ൽ അന്ത്യ വിധിയായി. അതിൻപ്രകാരം മുടക്ക് അസാധുവെന്നും മാർ ദിവന്നാസിയോസിൻ്റെ പിന്തുടർച്ച നിയമാനുസൃതമെന്നും 1912-ൽ ഇവിടെ സ്ഥാപിക്കപ്പെട്ട കാതോലിക്കേറ്റും 1934-ലെ സഭാഭരണഘടനയും സാധുവാണ് എന്നും കോടതി വിധിയായി. തുടർന്ന് പാത്രിയർക്കീസിൻ്റെയും കാതോലിക്കയുടെയും പരസ്പര സ്വീകരണത്തോടെ അരനൂറ്റാണ്ട് കാലം നീണ്ടു നിന്ന നിയമ യുദ്ധത്തിന് വിരാമമായി.

1970 -കളിൽ അടുത്ത ഭിന്നത ആരംഭിച്ചു. പാത്രിയർക്കീസ് ബാവ വാഴിച്ച അപ്രേം ആബൂദി തീമോത്തിയോസ് മെത്രാപ്പോലീത്ത കാതോലിക്കേറ്റിൽ പ്രവേശിച്ച് അനധികൃതമായി പട്ടം കൊടുക്കുവാൻ തുടങ്ങിയതാണ് ഇതിന് പ്രാരംഭം കുറിച്ചത്. അദ്ദേഹം വിസ നീട്ടിക്കിട്ടാതെ ഇവിടെ നിന്നും മടങ്ങിപ്പോയതിനെ തുടർന്ന് പാത്രിയർക്കീസ് ബാവ ഇന്ത്യയിൽ നിന്നുള്ള വൈദികർക്ക് മേല്പട്ടസ്ഥാനം നൽകി. 1975-ൽ സമാന്തര കാതോലിക്കേറ്റും സംവിധാനവും നിലവിൽ വന്നു. ഇത് 1958-ലെ കോടതി വിധിക്കും സഭാ ഭരണഘടനയ്ക്കും 1964-ൽ ഉണ്ടായ പാത്രിയർക്കീസ് – കാതോലിക്ക ഉഭയ ഉടമ്പടിക്കും വിരുദ്ധമായ നടപടി ആയിരുന്നു. കാതോലിക്കേറ്റിൽ നടന്ന പാത്രിയർക്കീസിൻ്റെ അനധികൃത ഇടപെടലായിരുന്നു രണ്ടാമത്തെ ഭിന്നതയ്ക്കും വഴിതെളിച്ചത്. ഭിന്നതയെ തുടർന്നുണ്ടായ വ്യവഹാരം സുപ്രീം കോടതിയിൽ എത്തി. 1995-ൽ കോടതി 1934 ഭരണഘടനയുടെ സാധുത ഒരിക്കൽ കൂടി ഉറപ്പാക്കി. കോടതി മലങ്കരസഭയിൽ പാത്രിയർക്കീസിന്റെ ഭരണഘടനാതീതമായ ഇടപെടലുകൾ തടഞ്ഞു. തുടർന്ന് മലങ്കര സഭയിൽ ഭാഗികമായ ഐക്യം നടന്നു. പൂർണ്ണമായ യോജിപ്പ് നടക്കാതിരിക്കുവാനായി പാത്രിയർക്കീസ് ഈ കോടതി വിധിയും ഭരണഘടനയും അവഗണിച്ച് ഇവിടെ വീണ്ടും ഒരു ബദൽ കാതോലിക്കേറ്റും സമാന്തര സംവിധാനവും സൃഷ്ടിച്ചു. നിയമവും കോടതി വിധിയും ധിക്കരിച്ചുകൊണ്ടുള്ള പാത്രിയർക്കീസ് ബാവായുടെ നടപടിക്കുണ്ടായ നിയമപരമായ പ്രതിരോധം ആയിരുന്നു സുപ്രീം കോടതിയിൽ നിന്നുള്ള 2017 ലെ വിധി. മലങ്കര സഭയിൽ നിയമം ധിക്കരിച്ച് ഭിന്നത സൃഷ്ടിക്കുന്നത് പ. അന്ത്യോഖ്യാ പാത്രിയർക്കീസ് ആണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

ഇതിൽ നിന്നും ചില അടിസ്ഥാന നിഗമനങ്ങളിൽ എത്താവുന്നതാണ്. മലങ്കര സഭയിലെ ഓരോ സമയത്തെയും ഭിന്നതയ്ക്ക് കാരണം പരി. അന്തോഖ്യ പാത്രിയർക്കീസിൻ്റെ അനധികൃതമായ ഇടപെടലാണ്. 1909-ൽ റോയൽ കോടതി വിധി ലംഘിച്ച് പാത്രിയർക്കീസ് അധികാര സ്ഥാപനത്തിന് ശ്രമിച്ചു. 1970 -കളിൽ കോടതിവിധിയും ഭരണഘടനയും ധിക്കരിച്ച് സമാന്തര ഭരണ സംവിധാനം സൃഷ്ടിച്ചു. 1995-ലെ കോടതി വിധി അനാദരിച്ചുകൊണ്ട് ബദൽ സംവിധാനവും ഭരണഘടനയും ഉണ്ടാക്കി. ഇന്ത്യയുടെ നിയമ സംവിധാനത്തോടും നിയമാനുസൃതമായ സഭയിലെ ഭരണ ക്രമത്തോടുമുള്ള പരി. പാത്രിയർക്കീസ് ബാവയുടെ അനാദരവും അനധികൃതമായ ഇടപെടലുമാണ് സഭയിൽ ഭിന്നത സൃഷ്ടിച്ചതും നിലനിർത്തുന്നതും. ഇത് പാത്രിയർക്കീസ് കക്ഷിക്കാർ തിരിച്ചറിയേണ്ട അടിസ്ഥാന വിഷയമാണ്.

ഇതൊക്കെ ആണെങ്കിലും അന്ത്യോഖ്യാ പാത്രിയർക്കേറ്റുമായി ഭരണഘടനാധിഷ്ഠിതമായ ബന്ധം നിലനിർത്തി സഭയിൽ സമാധാനം സംരക്ഷിക്കുന്നതിന് ഓർത്തഡോക്സ് സഭ എന്നും ഒരുക്കമായിരുന്നു. ഇന്നും അതേ നിലപാടാണ് സഭയ്ക്കുള്ളത്. പാത്രിയർക്കീസിനെ ഒഴിവാക്കാനല്ല ഓർത്തഡോക്സ് സഭ ആഗ്രഹിക്കുന്നത്. ആ ബന്ധം നിയന്ത്രിതവും നിയമാനുസൃതവും സഭാഭരണഘടന പ്രകാരവും ആയിരിക്കണം എന്ന കാര്യത്തിലാണ് മലങ്കര സഭയ്ക്ക് നിഷ്കർഷ ഉള്ളത്. ഇന്ന് ആ ബന്ധം സജീവമല്ല എന്നത് ശരിയാണ്. കാരണം, പാത്രിയർക്കീസ് ബാവ സഭയുടെ ഭരണഘടന അംഗീകരിക്കാതെ സഭയ്ക്ക് ബദൽ സംവിധാനം സൃഷ്ടിച്ച് ഭിന്നത നിലനിർത്തി വരികയാണ്. അതുകൊണ്ട് കോടതി വിധി അനുസരിച്ചും, ഭരണഘടന സ്വീകരിച്ചും, ബദൽ സംവിധാനങ്ങൾ നിറുത്തലാക്കുന്ന മുറയ്ക്ക് സഭാ ഭരണഘടന അനുസരിച്ചുള്ള ബന്ധം വീണ്ടും സജീവമാകും. അതിന് സഭയുടെ ഐക്യത്തെയും സമാധാനത്തെയും പ്രതി പാത്രിയർക്കീസ് ബാവ സന്നദ്ധനാകണം. ഐക്യചർച്ച ഫലപ്രദമാകണമെങ്കിൽ അദ്ദേഹം ആ തലത്തിലേക്ക് കാര്യങ്ങൾ എത്തിക്കണം. അല്ല എന്ന് വരികിൽ വിശ്വാസികൾ സഭാഭരണഘടന അംഗീകരിച്ച് മലങ്കര സഭയോട് ചേരണം. ചുരുക്കത്തിൽ മലങ്കര സഭയിലെ ഭിന്നത ഇവിടുത്തെ വിശ്വാസികൾ തമ്മിലുണ്ടായ ഒന്നല്ല. മറിച്ച്, പ. അന്തോഖ്യ പാത്രിയർക്കീസ് ബാവ മലങ്കരസഭയുടെ സ്വതന്ത്ര നിലനില്പ്, കോടതി വിധികൾ, സഭയുടെ ഭരണഘടന എന്നിവ ലംഘിച്ച് ഇവിടെ അനധികൃതമായും, സ്വേച്ഛാധിപത്യപരവുമായി ഇടപെട്ട് അധികാര സ്ഥാപനത്തിന് തുനിഞ്ഞത് കൊണ്ടുമാത്രം സംഭവിച്ചതാണ്. അധിനിവേശ ശ്രമത്തിൻ്റെ ഫലമായി ഇവിടെ സൃഷ്ടിക്കപ്പെട്ട ഒരു ഉപോൽപ്പന്നമാണ് പാത്രിയർക്കീസ് വിഭാഗം. നീതിബോധവും സ്വതന്ത്ര ചിന്തയും ഇല്ലാത്ത ഈ ആശ്രിത വിഭാഗത്തിന് സ്വയമായി പ്രശ്നം തീർക്കുവാൻ കഴിയില്ല. സമാധാനം സൃഷ്ടിക്കുവാനും ആവില്ല. കാരണം, തീരുമാന ശേഷിയുള്ള ഒരു വ്യക്തിഗത നേതൃത്വ (individual leadership) മോ, അധികാരമുള്ള ഒരു സ്ഥാപിത നേതൃത്വ (institutional leadership) മോ കാഴ്ചപ്പാടുള്ള ഒരു സഞ്ചിത നേതൃത്വ (collective leadership) മോ ഇല്ല. ഇതൊരു ഇരത്വ (victimised) സമൂഹമാണ്. മേല്പറഞ്ഞ കാര്യങ്ങൾ സഭാംഗങ്ങൾ മനസ്സിലാക്കണം. അതുകൊണ്ട് സമാധാനം ഇവരിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല.

അന്തോഖ്യാ പാത്രിയർക്കീസ് ബാവായുടെ അനധികൃതവും, അവ്യവസ്ഥാപിതവുമായ ഇടപെടലിനെപ്പറ്റി അറിയാത്തവരല്ല ഇവിടുത്തെ പാത്രിയർക്കീസ് കക്ഷിക്കാർ. അവർക്ക് അത് കൃത്യമായി അറിയാം. പരസ്പരം ഈ അറിവ് അവർ പങ്കിടുകയും ചെയ്യാറുണ്ട്. അതുപോലെ തങ്ങൾക്ക് ദുരനുഭവം ഉണ്ടെങ്കിലും അന്ത്യോഖ്യാ പാത്രിയർക്കേറ്റിനോട് ആദരവാണ് ഇന്നും ഒർത്തഡോക്സ് സഭയ്ക്ക് ഉള്ളത്. അന്തോഖ്യാ പാത്രിയർക്കീസ് ബാവ അനധികൃതമായി കാതോലിക്കേറ്റിൽ ഇടപെടുന്നതിൽ മാത്രമാണ് ഓർത്തഡോക്സ് സഭയ്ക്ക് എതിർപ്പ്. അധിനിവേശ സമീപനം അഭിമാനമുള്ള ആർക്കും ആസ്വാദ്യമാകില്ല. അതും പാത്രിയർക്കീസ് കക്ഷി മേലദ്ധ്യക്ഷന്മാർക്ക് അറിയാം. ഈ തിരിച്ചറിവുകൾ അവർക്കുണ്ടെങ്കിലും അവർ പരസ്യമായി പാത്രിയർക്കീസിനോട് കപട ആദരവ് പ്രകടിപ്പിക്കുകയും, ഓർത്തഡോക്സ് സഭാ നേതൃത്വത്തെ പാത്രിയർക്കാവിരുദ്ധരായി മുദ്രകുത്തുകയും ചെയ്യുന്നു. തിരിച്ചറിഞ്ഞ സത്യത്തെ മൂടിവച്ച് അസത്യം പ്രഖ്യാപിക്കുന്നതുകൊണ്ട് അവരുടെ സംവിധാനം തന്നെ ഇന്ന് പ്രതിസന്ധിയിലെത്തിയിരിക്കുകയാണ്. തിരിച്ചറിവുകളോട് സത്യസന്ധത പുലർത്താതെ സ്വയം തിരുത്താത്തിടത്തോളം കാലം ഈ സമൂഹത്തിന് ഭാവിയുണ്ടാവില്ല എന്ന് വിശ്വാസികൾ മനസ്സിലാക്കണം. പാത്രിയർക്കീസ് നേതൃത്വത്തിലുള്ള ആരും തന്നെ സത്യത്തിൽ അന്ത്യോഖ്യായോട് ആദരവുള്ളവരല്ല. കാര്യ സാധ്യത്തിനായി ഓരോ കാലത്തും പാത്രിയർക്കീസിൻ്റെ അനധികൃത നടപടികളെ പിന്തുണച്ച് തങ്ങളുടെ കാര്യം നേടുന്നതിന് മാത്രമായിരുന്നു അവർ ശ്രമിച്ചത്. കോനാട്ട് കോര മാത്തൻ മല്പാൻ മുതൽ ഇന്നത്തെ ശ്രേഷ്ഠ കാതോലിക്കാ വരെയുള്ളവരെ ഈ ഗണത്തിൽ പെടുത്താവുന്നതാണ്. തങ്ങളുടെ ഹീന ലക്ഷ്യങ്ങൾക്ക് വേണ്ടി സഭയെ പിളർത്താനും, നശിപ്പിക്കാനുമൊന്നും ഇവർക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല എന്നതിന് ചരിത്രം സാക്ഷി.

ഇവിടെ പ്രതിനായകരെയും വില്ലന്മാരെയും ഇവരുടെ പ്രാദേശിക നേതൃത്വത്തിൽ തന്നെ കണ്ടെത്താം. സത്യസന്ധതയില്ലാത്ത നേതാക്കന്മാരുടെ ഒരു നിര തന്നെ ഇന്ന് പാത്രിയർക്കീസ് കക്ഷിയിലുണ്ട്. ഇവരുമായി ചർച്ച ചെയ്തത് കൊണ്ട് കാര്യങ്ങൾ ഒരിടത്തും എത്തില്ല. ചർച്ചയ്ക്കുള്ള ഇവരുടെ അമിതാവേശവും സമാധാന ലക്ഷ്യത്തിനല്ല. അവരുടെ വിശ്വാസികളുടെയും പൊതു സമൂഹത്തിൻ്റെയും കണ്ണിൽ പൊടിയിടുക എന്നത് മാത്രമാണ് ലക്ഷ്യം. ഓർത്തഡോക്സ് സഭയോടുള്ള തങ്ങളുടെ പക തീർക്കുന്നതിനും സ്വന്തം ലാഭത്തിനും വേണ്ടി പാത്രിയർക്കീസുമായി സഹകരിക്കുന്നു എന്നു മാത്രം. സ്വാർത്ഥ ലക്ഷ്യത്തിന് സാധുക്കളായ വിശ്വാസികളുടെ പിന്തുണ കിട്ടുവാനായി പാത്രിയർക്കീസ് ബാവയെ ഓർത്തഡോക്സ്കാർ തള്ളിയെന്നു പറഞ്ഞ് അവരെ ചൂഷണം ചെയ്യുന്നു. പാത്രിയർക്കീസ് കക്ഷിയുടെ ഈ അടിസ്ഥാന സത്യസന്ധതയില്ലായ്മയാണ് ആ സമൂഹത്തെ ഇന്ന് ശരിക്കും വിഷമസന്ധിയിൽ എത്തിച്ചിരിക്കുന്നത്. ഇത് ഓർത്തഡോക്സ് സഭയും തിരിച്ചറിയേണ്ട കാര്യമാണ്. അധികാരത്തിനും സ്വാർത്ഥലാഭത്തിനും വേണ്ടിയാണ് പാത്രിയർക്കീസ് കക്ഷി നേതൃത്വം ആദിമുതൽ പാത്രിയർക്കീസിൻ്റെ അനീതിയ്ക്ക് കൂട്ട് നില്ക്കുന്നത്. നിയമം പാലിക്കുവാൻ പാത്രിയർക്കീസ് പക്ഷം തയ്യാറാവുന്നില്ല. പാത്രിയർക്കീസ് ബാവായ്ക്കും അതേ നിലപാടു തന്നെ. അതുകൊണ്ടാണ് സഭാസ്നേഹപ്രേരിതരായ ഓർത്തഡോക്സ് സഭയിലെ പ്രബുദ്ധരായ അത്മായ പ്രമുഖർ പ. അന്ത്യോഖ്യാ പാത്രിയർക്കീസിന് സഭാ സമാധാനം സംബന്ധിച്ച് സമർപ്പിച്ച നിവേദനത്തിന് മറുപടി അയയ്ക്കാൻ പോലും അദ്ദേഹം തയ്യാറാകാത്തത്. പാത്രിയർക്കീസ് പക്ഷ നേതൃത്വം തങ്ങളെ വിശ്വസിച്ച വിശ്വാസ സമൂഹത്തിന് നിയമപരമായി നിലനില്പ്പില്ലാതെ വന്ന സാഹചര്യത്തിൽ അതിൻ്റെ സംരക്ഷണത്തിന് തുറന്നു കിട്ടിയ സാധ്യതകൾ ഉപയോഗപ്പെടുത്താതെ സാമ്പത്തിക ബാധ്യതയിലേയ്ക്കും തകർച്ചയിലേയ്ക്കും അതിനെ നയിക്കുന്നു. അതുകൊണ്ട് യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ തിരുത്തലുകൾ നടത്തണ്ടത് പാത്രിയർക്കീസ് വിഭാഗത്തിലെ നേർബുദ്ധിയുള്ളവരാണ്. പാത്രിയർക്കീസു വിഭാഗത്തിൻ്റെ ജാതകദോഷം പരിഹരിക്കുന്നതിന് നേതൃനിരയിൽ ആരുമില്ലാത്ത അവസ്ഥയിൽ വിശ്വാസികൾ ഐക്യത്തിനും, സമാധാനത്തിനും രംഗത്ത് വരികയാണ് വേണ്ടത്. തങ്ങളുടെ നേതൃത്വവുമായി ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്വയം അപകടത്തിലാകാതിരിക്കുകയാണ് വിവേകം. കഴിഞ്ഞ കാലത്ത് പ്രശ്ന പരിഹാരത്തിനുള്ള ഒരു സാധ്യതയും – മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉണ്ടായ ചർച്ചയിലുൾപ്പെടെ – ഉപയോഗപ്പെടുത്താത്തത് പാത്രിയർക്കീസ് പക്ഷ നേതൃത്വമാണ് എന്ന അറിവ് ഉൾക്കൊണ്ട് ഐക്യവും സഭാ സമാധാനവും പ്രവൃത്തിപഥത്തിലാക്കുവാൻ പാത്രിയർക്കീസ് പക്ഷത്തെ സഭാംഗങ്ങളിൽ നിന്ന് ശ്രമം ഉണ്ടാകട്ടെ.

ചരിത്രം ഗൗരവമായി പഠിക്കുകയും അതുവഴി ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയിൽ നിന്നും അകന്നു നിന്നുകൊണ്ട് ഒരു പ്രസ്ഥാനത്തിന് അർത്ഥവത്തായി മുമ്പോട്ട് പോകാനാവില്ല എന്ന് മനസ്സിലാക്കണം. വികാരപരമായി വിഷയത്തെ സമീപിക്കുന്ന രീതിയിൽ നിന്നും മോചനം നേടി ഭാവിദർശനം സൃഷ്ടിക്കുന്നതുവഴിയാണ് തുടർ ചരിത്രത്തെ ശരിയായി രൂപപ്പെടുത്താനാകൂ. അന്ധമായ നേതൃത്വാനുസരണം ഒരു പ്രസ്ഥാനത്തിന് ശ്രേയസ്കരമാവില്ല. പലപ്പോഴും വിഭാഗീയ നിലപാടുകൾ വിമർശനമില്ലാതെ ഏറ്റെടുത്ത് അത് സംരക്ഷിക്കുന്നതിന് കാണിക്കുന്ന രീതിയാണ് സഭാ പിളർപ്പിലും നിരീക്ഷിക്കാനാവുന്നത്.

ക്രിസ്മസിൻ്റെയും പുതുവത്സരത്തിൻ്റെയും ആശംസകൾ.
സസ്നേഹം നിങ്ങളുടെ,
അത്താനാസിയോസ് തോമസ് മെത്രാപ്പോലീത്ത

error: Thank you for visiting : www.ovsonline.in