ശാസ്ത്രം – ദൈവ വിശ്വാസം: Part – 6
ദൈവവും ശാസ്ത്രവും – രണ്ടും ചേരുമോ..? ചേർക്കാൻ പറ്റുമോ..?
കുറച്ച് നാൾ മുന്‍പ് ഒരു പ്രശസ്തമായ ക്രൈസ്തവ മാധ്യമത്തില്‍ വന്ന ലേഖനത്തില്‍ പറയുന്നത് “ദൈവത്തെ ദൈവത്തിൻ്റെ വഴിക്കും ശാസ്ത്രത്തെ ശാസ്ത്രത്തിൻ്റെ വഴിക്കും വിടാം രണ്ടും ചേരില്ല ചേർക്കാൻ പറ്റുകയുമില്ല” എന്നാണ്. അതിനാല്‍ നമുക്ക് ഈ വിഷയത്തെ ഒന്ന് പരിശോധിക്കാം. ഈ ലേഖനത്തിൻ്റെ ഉള്ളടക്കം സംബന്ധിച്ച് പ്രസ്തുത മാധ്യമത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല എന്ന് ആമുഖമായി പ്രസ്താവിക്കുന്നു എങ്കിലും വിശ്വാസികള്‍ക്കിടയിൽ തെറ്റിദ്ധാരണ ഉളവാക്കാൻ ഇടയാക്കും. ഈ ലേഖനത്തിലെ ചില പോയിന്റുകൾ താഴെ കൊടുക്കുന്നു.
1). പ്രപഞ്ച രഹസ്യങ്ങൾ കൂടുതൽ അറിവാകുംതോറും വിശദീകരണത്തിനു ദൈവത്തിൻ്റെ സാന്നിധ്യം ആവശ്യം ഇല്ലാതെവരും.
2). ശാസ്ത്രതത്വങ്ങളും ആത്മീയതയും രണ്ടു പാതയിൽ ആണു നീങ്ങുന്നത്. എങ്കിലും ശാസ്ത്രത്തിനു നിർവ്വചിക്കാൻ പറ്റാത്ത കാര്യങ്ങൾ ഉള്ളിടത്തോളം കാലം ദൈവത്തിനു ശാസ്ത്രത്തിൽ പ്രാമുഖ്യമായ ഒരു ഇടം ഉണ്ടായിരിക്കും.
3). പ്രപഞ്ചത്തിൻ്റെ ഉല്പത്തിയെപ്പറ്റി വിശ്വാസയോഗ്യമായ തെളിവുകൾ നിരത്തുമ്പോൾ ദൈവത്തിൻ്റെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല.
4). 2014 ആയപ്പോഴേയ്ക്കും സ്റ്റീഫൻ ഹോക്കിങ്ങിൻ്റെ അഭിപ്രായത്തില്‍ ശാസ്ത്രത്തിനു ദൈവം ആവശ്യം ഇല്ല എന്ന നിഗമനത്തിൽ എത്തിനിൽക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെ ആണ്.
ഈ ലേഖനകാരന്‍ പറഞ്ഞു വെക്കുന്നത് ദൈവം ഉണ്ട് എന്നത് നമ്മുടെ അറിവിൻ്റെ പരിമിതിയിൽ ഉണ്ടാകുന്ന ഒരു ചിന്ത മാത്രമാണ്. ഈ ശാസ്ത്ര സാങ്കേതിക കാലഘട്ടത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് ദൈവം എന്ന ഒരു ചിന്തയുടെ പോലും ആവശ്യം ഇല്ലാ എന്നാണ്… കാരണം “അങ്ങിനെ ഒരു ദൈവം ഇല്ല“.
സര്‍വ്വത്തിൻ്റെയും സൃഷ്ടിതാവായ ഒരു ദൈവം ഉണ്ട് എന്നും ദൈവത്തെ കൂടാതെ ഈ പ്രപഞ്ചത്തിന് ഒരു അസ്തിത്വവുമില്ലായെന്നും ശാസ്ത്രം അനിഷേധ്യമായ തെളിവുകള്‍ നല്‍കുന്നു എന്ന് നമ്മൾ മുന്‍ ലേഖനങ്ങളിൽ (ശാസ്ത്രം – ദൈവ വിശ്വാസം – Part – 1 – 5) കണ്ടു കഴിഞ്ഞതാണ്. ഈ ലേഖനത്തില്‍ നമുക്ക് തിരുവെഴുത്തുകളിൽ പരിശുദ്ധാത്മാവിനാൽ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ചില ശാസ്ത്രീയ സത്യങ്ങളെ കുറിച്ച് പഠിക്കാം. സകലത്തിൻ്റെയും സൃഷ്ടാവായ ദൈവം തന്നെ ആണ് തിരുവെഴുത്തുകൾ നമുക്ക് നല്‍കിയിരുന്നത് എങ്കിൽ തിരുവെഴുത്തുകളും ശാസ്ത്രവും പരസ്പര വിരുദ്ധമാകുവാൻ സാധ്യമല്ലല്ലോ. ശാസ്ത്ര സത്യങ്ങള്‍ എന്ന് വിചാരിച്ചിരുന്ന പലതും ശാസ്ത്രീയമായിരുന്നില്ല എന്ന് ശാസ്ത്രത്തിന്‍റെ വളര്‍ച്ചയാല്‍ തെളിയിക്കപ്പെട്ടു. തത്വചിന്തകളുടെ നിരര്‍ത്ഥകതയും പൊള്ളത്തരങ്ങളും തുറന്നു കാണിക്കപ്പെട്ടു. നിരവധി തിയറികൾ ഹൈപൊതിസീസുകൾ കാലഹരണപ്പെട്ടു. ശാസ്ത്രം വളര്‍ന്ന് കൊണ്ട് ഇരിക്കുന്നതെ ഉള്ളു. മുന്‍പ് ഉണ്ടായിരുന്ന ധാരണ ശാസ്ത്രം കൂടുതല്‍ വളര്‍ച്ച നേടുമ്പോൾ എല്ലാ വസ്തുതക്കളും അറിയാൻ സാധിക്കും എന്നായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മറിച്ച് ആണ് എന്ന് ശാസ്ത്രഞ്ഞർ വിലയിരുത്തുന്നു. കാരണം അറിയും തോറും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ് കാര്യങ്ങള്‍. ഒരു ഉദാഹരണം: പരിണാമ വാദികള്‍ ആദ്യം വിശ്വസിച്ചിരുന്നത് “കോശം” എന്നത് വളരെ നിസാരമായ ഒന്ന് ആണ് എന്നായിരുന്നു. എന്നാല്‍ ഈ അടിസ്ഥാന കോശം പോലും എത്രമാത്രം സങ്കീര്‍ണ്ണവും ഇന്നും പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്നും ഇന്ന് ശാസ്ത്രത്തിന് അറിയാം.
ശാസ്ത്രം ഈ ആധുനിക കാലത്ത് മാത്രം കണ്ടെത്തിയ അനേകം വസ്തുതകള്‍, തിരുവെഴുത്തുകൾ സഹസ്രാബ്ദങ്ങൾക്ക് മുന്‍പ് തന്നെ വെളിപ്പെടുത്തിയിരുന്നു എന്നത് അവിശ്വാസികളുടെ കണ്ണുകളെ തുറപ്പിക്കാൻ മതിയായതാണ്. ഇന്ന് വിരുദ്ധമായി തോന്നുന്നവ നാളെ ശാസ്ത്രം കൂടുതല്‍ വളർച്ച കൈവരിക്കുമ്പോൾ തിരുവെഴുത്തുകളുടെ സത്യത വെളിപ്പെടുത്തി തരും എന്നത് ഇന്ന് വരെ ഉള്ള അനേകം തെളിവുകള്‍ സാക്ഷി ആണ്. തിരുവെഴുത്തുകൾ മാറ്റമില്ലാത്ത ദൈവ വചനം ആണ്, എന്നാൽ ശാസ്ത്രം നിരന്തരം “പുതുക്കപ്പെടുന്ന”, “മാറ്റി എഴുതപ്പെടുന്ന” ഒന്നാണ്.
തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന ചില ശാസ്ത്രീയ വസ്തുതകൾ
1. ഭൂമി
പാഴും ശൂന്യമായിരുന്ന ഭൂമിയെ ദൈവം ഉദ്ധരിക്കുമ്പോൾ അത് ഒറ്റ ഒരു ഭൂഖണ്ഡമായി വെള്ളത്താൽ ചുറ്റപ്പെട്ടു കിടന്നിരുന്നുവെന്ന് ഉല്പത്തി പുസ്തകത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. നോഹൈക ജലപ്രളയാനന്തരമാണ് ഭൂമി ഇന്നത്തെ നിലയിൽ പിരിഞ്ഞു പോയതെന്ന് തിരുവെഴുത്തുകളും ശാസ്ത്രവും – സമ്മതിക്കുന്നു (ഉല്പത്തി. 1: 1,2,9,10, 6:13, 7:11,12,17,18,19, 20, 24, 8:2,3,5, 10:25, 1 ദിനവൃത്താന്തം 1:19) ജലപ്രളയം ഭൂമിയുടെ ആകൃതിക്കും പ്രകൃതിക്കുമെല്ലാം സാരമായ വ്യതിയാനം വരുത്തി എന്നതാണ് സത്യം. ഭൂഗർഭ പുരാവസ്തു ഗവേഷകരുടെ അഭിപ്രായപ്രകാരം പ്രളയാനന്തരമുള്ള അനേക രൂപ പരിണാമത്താലാണ് ഭൂമി ഇന്നത്തെ വിവിധ വൻകരകളും ദ്വീപുകളും ഉപദ്വീപുകളും എല്ലാമായി തീർന്നത്. ഈ പ്രതിഭാസത്തെ തിരുവെഴുത്തുകൾ പൊതുവായി വിലയിരുത്തിയിരിക്കുന്നത് ഇങ്ങനെയാണ് – “നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.” (സങ്കീ 104:30) ഭൂമി മാറ്റങ്ങൾക്കു വിധേയമാണ്.
2. ഭൂമിയുടെ നിലനിൽപ്
ഭൂമിയുടെ നിലനില്പിനെപ്പറ്റി വിചിത്രങ്ങളായ വിശ്വാസങ്ങൾ പ്രചരിച്ചിരുന്ന കാലത്ത് ഇയ്യോബ് എഴുതി, “ഉത്തര ദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു. ഭൂമിയെ നാസ്തിത്വത്തിന്മേൽ (ഒന്നുമില്ലായ്മയിൽ) തുക്കുന്നു” (ഇയ്യോബ്. 26:7). ഭൂമിയും ഇതര ജ്യോതിർഗോളങ്ങളും ഒന്നുമില്ലായ്മയിൽ (നാസ്തിത്വം) നിലകൊള്ളുകയാണെന്നും ആകർഷണ നിയമമാണ് അപ്രകാരമാവയെ നിലനിർത്തിപ്പോരുന്നതെന്നും സർ ഐസക് ന്യൂട്ടൺ ലോകത്തിനു തെളിയിച്ചു കൊടുത്തു. എന്നാൽ ഈ തത്വം 4000 വർഷം മുമ്പ് ഇയ്യോബ് പ്രസ്താവിച്ചു. തിരുവെഴുത്തിലെ ശാസ്ത്ര സത്യം ആധുനിക സയൻസ് ഇന്ന് ശരിവച്ചിരിക്കുന്നു.
3. ഭൂമിയുടെ ആകൃതി
ഭൂമി പരന്നതാണ് എന്നതായിരുന്നു തലമുറകളായി വിശ്വസിച്ചിരുന്നത്. പ്ലേറ്റോ, അരിസ്റ്റോട്ടിൽ, ടോളമി, ഹിപ്പാർക്കസ് ആദിയായ തത്വജ്ഞാനികളും. ജ്യോതിശാസ്ത്രജ്ഞന്മാരും ഭൂമി പരന്നതാണന്നും, ഏതോ സുസ്ഥിരാടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കയാണെന്നും വിശ്വസിച്ചിരുന്നു. എന്നാല്‍ തിരുവെഴുത്തുകൾ ഒരിക്കലും ഇതുപോലെയുള്ള അബദ്ധങ്ങൾ പഠിപ്പിക്കുന്നില്ല. ഭൂമിയുടെ ആകൃതിയെപ്പറ്റി യെശയ്യാ പ്രവാചകൻ പ്രസ്താവിച്ചത് ശ്രദ്ധിക്കുക….“അവൻ (ദൈവം) ഭൂമിയുടെ വൃത്താകാരത്തിൻ (ഭൂമണ്ഡലം) മീതെ അധിവസിക്കുന്നു” (യെശ. 40:22 – upon the circle of the earth ഇംഗ്ലീഷ് തർജ്ജിമ നോക്കുക). യെശയ്യാവു 40:22-ൽ “ഭൂമണ്ഡലം” എന്ന് കൊടുത്തിരിക്കുന്നതിൽ നിന്ന് അതിൻ്റെ രൂപം മനസിലാക്കുവാൻ സാധിക്കും. എബ്രായ പദമായ chug (חוּג) ആണ് ഇതിന് ഉപയോഗിച്ചിരുന്നത്. ഇതിൻ്റെ അർത്ഥം ഉരുണ്ട രൂപം (ഗോളാകൃതി) എന്നാണ്. കൂടാതെ ജ്ഞാനിയായ ശലോമോൻ പ്രസ്താവിച്ചത് ശ്രദ്ധിക്കു ….“അവൻ ആഴത്തിൻ്റെ ഉപരിഭാഗത്തു വൃത്തം (chug – חוּג) വരെച്ചപ്പോഴും (സദൃശ്യവാക്യങ്ങൾ 8:27 – when he set a compass upon the face of the depth). ഈ പ്രവാചകാഭിപ്രായങ്ങളേ തെളിയിക്കുന്ന ഒരു പ്രസ്താവന ക്രിസ്തുവിൻ്റെതായി പിന്നീടുണ്ടായിട്ടുണ്ട് “ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കമേൽ ആയിരിക്കും. ഒരുത്തനെ കൈകൊള്ളും, മറ്റവനെ ഉപേക്ഷിക്കും രണ്ടു പേർ ഒരുമിച്ചു പൊടിച്ചുകൊണ്ടിരിക്കും, ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും. രണ്ടുപേർ വയലിൽ ഇരിക്കും, ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും (ലൂക്കോ. 17:34 -36) ക്രിസ്തുവിൻ്റെ പുനരാഗമനത്തെപ്പറ്റി അവിടുന്നുതന്നെ പ്രസ്താവിക്കുന്ന ഭാഗമാണിത്. മൂന്നു നിലയിലുള്ളവർ ഒരേ സമയത്ത് ഭൂമിയിൽ ഉണ്ടാവും എന്ന് ഇവിടെ കർത്താവു പറയുന്നു. ഒന്നാമതത് കിടക്കയിൽ ആയിരിക്കുന്നവർ. നിദ്ര ചെയ്യുന്നതു് സാധാരണ രാത്രിയിലാണല്ലോ. ആകയാൽ ക്രിസ്തുവിൻ്റെ വരവിങ്കൽ ഭൂമിയുടെ ഒരു ഭാഗത്തു രാത്രിയായിരിക്കും. രണ്ടാമത് തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കുന്നവർ. തിരികല്ലിൽ ധാന്യം പൊടിക്കുന്നത് ചില രാജ്യങ്ങളിൽ സന്ധ്യയ്ക്കും മറ്റും ചിലയിടത്ത് പ്രഭാതത്തിലുമാണ്. കർത്താവിൻ്റെ പുനരാഗമനത്തിൽ ഭൂമിയുടെ ഒരു ഭാഗത്ത് പ്രഭാതവും മറുഭാഗത്ത് സന്ധ്യയുമായിരിക്കുമെന്നതേ ഇതിൽ നിന്നും മനസ്സിലാക്കാവുന്നതു. മൂന്നാമത് വയലിൽ ആയിരിക്കുന്നവർ. വയലിൽ ജോലി ചെയ്യുന്നത് സാധാരണ പകൽക്കാലത്താണല്ലോ. അതിനാൽ ക്രിസ്തുവിൻ്റെ വരവിങ്കൽ ഭൂമിയുടെ ഒരു ഭാഗത്ത് പകലായിരിക്കും. ഇങ്ങനെ ഒരേ സമയത്തു രാത്രിയും പകലും സന്ധ്യയും ഉഷസും ഭൂമിയിലുണ്ടായിരിക്കണമെങ്കിൽ ഭൂമി വൃത്താകാരത്തിലായിരിക്കാതെ സാദ്ധ്യമല്ല. ഭൂമിയുടെ വൃത്താകൃതി മൂലം അതിൻ്റെ ഒരു വശത്തുമാത്രമേ ഒരവസരത്തിൽ സൂര്യപ്രകാശം ലഭിക്കുന്നുള്ളൂ എന്നതാണ് ഇതിൻ്റെ കാരണം. ഈ വസ്തുത ക്രിസ്തുവിൻ്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.
4. ഭൂമിയുടെ ഭ്രമണം
മൂവായിരത്തഞ്ഞൂറു വർഷങ്ങൾക്കുമുമ്പ് ഭൂമിയുടെ ഭ്രമണത്തെപ്പറ്റി വിശുദ്ധ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരുന്നു. “അതു (ഭൂമി) (കുശവൻ്റെ) അച്ചിലെ കള്ളിമണ്ണുപോലെ കറങ്ങുന്നു” (ഇയ്യോ . 38:14). “It is turned as clay to the seal” എന്നാണ് പ്രസ്തുത വാക്യം ഇംഗ്ലീഷിൽ വിവർത്തനം ചെയ്തിരിക്കുന്നത്. അതാണ് ശരിയായ തർജ്ജമ. “അതു മുദ്രയ്ക്ക് കീഴിലെ അരക്കുപോലെ മാറുന്നു” എന്ന മലയാള വിവർത്തനം ശരിയല്ല.
5. ഭൂഫലകങ്ങൾ
സമുദ്രങ്ങളോടൊപ്പവും സമുദ്രങ്ങൾക്ക് മീതെയും കരകൾ ഉയർന്നു കിടക്കത്തക്കവിധം കരയ്ക്ക് ഫലകങ്ങൾ (Plates) ഉണ്ടെന്ന വസ്തുത തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു എന്നത് എത്രയോ അത്ഭുതാവഹമാണ്. “സമുദ്രങ്ങളുടെമേൽ അവൻ അതിനെ സ്ഥാപിച്ചു” (സങ്കീ. 24:2). ശാസ്ത്രീയമായി ഈ വസ്തുത മനുഷ്യൻ അറിയും മുൻപ് തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.
6. ആദിയിൽ ഭൂമി പാന്‍ജിയ എന്ന ഒറ്റ വന്‍കര
ഈ ഭൂഗോളം ഏഴ് വൻകരകളും ആയിരത്തോളം വലിയ ദ്വീപുകളാലും നാല് സമുദ്രങ്ങൾ, അനവധി നദികൾ, പോഷകനദികൾ മറ്റ് ജലപാതങ്ങൾ എന്നിവയാലും നിറയപ്പെട്ടതാണെന്ന് നമുക്ക് അറിയാം. എന്നാൽ ഭൂമിയുടെ ആരംഭ കാലത്ത് അങ്ങിനെ അല്ലായിരുന്നു എന്നു; എല്ലാ കരകളും ഒന്നായിരുന്നെന്നുമാണ് ആധുനിക ശാസ്ത്രം സിദ്ധാന്തിക്കുന്നത്.
1912-ൽ ജിയോഫിസിസിസ്റ്റും കാലാവസ്ഥാ നിരീക്ഷകനുമായിരുന്ന ആൽഫ്രഡ് വെഗനർ ആണ് ഈ സിദ്ധാന്തത്തെ മുന്നോട്ടു വച്ചത്. ജർമ്മൻ ശാസ്ത്രജ്ഞനായ ആൽഫ്രഡ് വെഗനർ (ALFRED LOTHER WEGENER) പറയുന്നത് എല്ലാ ഭൂഖണ്ഡങ്ങളും ആദ്യം ഒന്നായിരുന്നു. പിന്നീടുണ്ടായ സംഭവവികാസങ്ങളാൽ (Continental drift) ഭൂഖണ്ഡങ്ങൾ ഇന്നത്തെ നിലയിൽ വേർതിരിഞ്ഞു. അങ്ങനെ ഭൂതലം പലഭാഗങ്ങളിലേക്കായി വലിച്ചുനീട്ടപ്പെടുകയോ ചുരുങ്ങുകയോ ചെയ്തു. തൽഫലമായി ഇന്നത്തെ രൂപത്തിൽ മലയും താഴ്വരയും കടലും കായലും നദിയുമെല്ലാമായി ഭൂമി രൂപാന്തരപ്പെട്ടു. മാത്രവുമല്ല കടലിൻ്റെ അടിത്തട്ടിൽ ഇപ്പോഴും ഇതുപോലെയുള്ള വലിച്ചുനീട്ടലും, പിളർപ്പുകളുമെല്ലാം നടക്കുന്നുമുണ്ട്. ഇന്ന് ഇവയെല്ലാം ശാസ്ത്രീയമായ കണ്ടെത്തലുകളായി തന്നെ എന്ന് പഠിപ്പിക്കപ്പെടുന്നു. എന്നാൽ, ഈ വസ്തുത നമുക്ക് വിശുദ്ധ തിരുവെഴുത്തുകളിൽ നിന്നും വളരെ ലളിതമായിത്തന്നെ മനസ്സിലാക്കാൻ കഴിയും. എങ്ങനെയെന്നാൽ; ഇന്നേക്ക് മൂവായിരത്തി അഞ്ഞൂറോളം വര്‍ഷം മുമ്പ് എഴുതപ്പെട്ട ഉല്‍പ്പത്തി പുസ്തകത്തില്‍ നമ്മൾ വായിക്കുന്നു – “ദൈവം ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിൻ്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.” (ഉല്പ. 1:9, 10). അതുപോലെ തന്നെ അവ പിരിഞ്ഞു പോയത് എന്ന് എന്നും നമ്മൾ തിരുവെഴുത്തുകളിൽ വായിക്കുന്നു – “ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേർ; അവൻ്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവൻ്റെ സഹോദരന്നു യൊക്താൻ എന്നു പേർ. (ഉല്പത്തി 10:25, 1 ദിനവൃത്താന്തം 1:19) ഇവിടെ “ഭൂവാസികൾ” എന്നുള്ള മലയാളത്തിലെ ഭാഷാന്തരം പിശകാണ്. ഇംഗ്ലീഷിൽ “Peleg; for in his days was the earth divided” എന്നാണ്. ‘ഭൂമി’ എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം הָאָ֔רֶץ (erets) ആണ്, ഈ വാക്കിൻ്റെ അർത്ഥം ഭൂമി, വയൽ, നിലം, ലോകം (earth, field, ground, land and world) എന്നൊക്കെയാണ്.
7. ഭൂമിയുടെ അന്തർഭാഗം
ഭൂമിയുടെ അന്തർഭാഗം തിളച്ചു മറിയുന്ന ദ്രാവകാവസ്ഥയിലാണ് എന്ന് ആധുനിക ശാസ്ത്രം പറയുന്നു. എന്നാൽ ഇയ്യോബിൻ്റെ കാലത്ത് (ബി. സി 2,200) ജീവിച്ചിരുന്ന ആളുകൾക്ക് ഇത് സങ്കല്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. പക്ഷേ ഇയ്യോബ് ദൈവാത്മ പ്രേരിതനായി എഴുതുമ്പോള്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു – “ഭൂമിയുടെ അധോഭാഗം തീ കൊണ്ടെന്നപോലെ മറിയുന്നു” (ഇയ്യോ 28:5). ഉരുകി മറിയുന്ന വസ്തുക്കൾ ഉള്ള അതിസങ്കീർണ്ണമായ ഭൂമിയുടെ ഈ ആന്തരിക ഘടന അടുത്തകാലത്ത് മാത്രമാണ് മനുഷ്യര്‍ കണ്ടെത്തിയത്.
8. കാർത്തികയുടെ ചങ്ങല അഥവാ സൗരയൂഥത്തെ ആകർഷിച്ചു നിർത്തിയിരിക്കുന്ന ആൽസിയോൺ (Alcyone) നക്ഷത്രം
കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിൻ്റെ ബന്ധനങ്ങൾ അഴിക്കാമോ? ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിർണ്ണയിക്കാമോ? (ഇയ്യോബ്. 38:31, 33) “Can you bind the cluster of the Pleiades, Or loose the belt of Orion? Do you know the laws of the heavens? Can you set their dominion over the earth?” (Job. 38:31, 33)
ഇന്ന് ജ്യോതിശാസ്ത്രജ്ഞർക്ക് കാർത്തിക (Pleiades star cluster) ഗുരുത്വാകർഷണബലം ഉള്ള ഒരു നക്ഷത്ര ക്ലസ്റ്ററാണെന്ന് അറിയാം (gravitation-ally – bound star cluster). കാർത്തികയിലെ എല്ലാ നക്ഷത്രങ്ങളും ഒരേ വേഗതയിൽ ആകാശത്തിന് കുറുകെ ഒരേ ദിശയിലേക്ക് നീങ്ങുന്നു. ഇതിനു വിപരീതമായി, മകയിരത്തിൻ്റെ നക്ഷത്രങ്ങൾ (Orion belt) ഗുരുത്വാകർഷണബലമുള്ളവയല്ല (not gravitationally-bound); അവ ക്രമേണ പരസ്പരം അകന്നു പോകുന്നു.
കാർത്തികയുടെയും മകയിരത്തിൻ്റെയും ഈ ഗുരുത്വാകർഷണബലം / ഗുരുത്വാകർഷണ ബലമില്ലായ്‌മ (bound/unbound) സ്വഭാവം ഇയ്യോബിൻ്റെ നാളിൽ അറിയപ്പെട്ടിരുന്നോ? തീർച്ചയായും സാധ്യതയില്ല! കാർത്തിക പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും എന്നാൽ മകയിരത്തിൻ്റെ നക്ഷത്രങ്ങൾ “അഴിഞ്ഞ” (ബന്ധിക്കപ്പെട്ടിട്ടില്ല – “loosed” (not bound) എന്നുമുള്ള ഈ “ഉള്ളിലുള്ള വിവരങ്ങൾ” നാല്‍പ്പതു നൂറ്റാണ്ടുകൾക്കു മുന്‍പ് സ്രഷ്ടാവിന് മാത്രമേ ഇയ്യോബിനോടു സൂചിപ്പിക്കാൻ കഴിയൂ, തിരുവെഴുത്തുകളുടെ ദൈവിക ഉത്ഭവത്തെ ഇത് സാക്ഷ്യപ്പെടുത്തുന്നു.
നിനക്കു രാശിചക്രത്തെ അതിൻ്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിർണ്ണയിക്കാമോ? (ഇയ്യോബ്. 38:32, 33) “Can you bring forth the constellations in their seasons or lead out the Bear with its cubs? Do you know the laws of the heavens? Can you set their dominion over the earth?” (Job. 38:32, 33)
അൽസിയോൺ (Alcyone) നക്ഷത്രത്തിൽനിന്ന് 30,000 ലക്ഷം കോടി മൈലുകൾ അകന്ന് സ്ഥിതി ചെയ്യുന്ന സൂര്യൻ അതിൻ്റെ ഗ്രഹങ്ങളുമായി പ്രതിവർഷം 15 കോടി മൈൽ എന്ന കണക്കിൽ സ്വയംഭ്രമണ (rotation) അനുഭ്രമണ (revolution) ചലനാർദ്രതയിൽ നിലകൊണ്ട് അൽസിയോണിനെ ഒരു പ്രാവശ്യം ചുറ്റുവാൻ ആയിരക്കണക്കിനു വർഷങ്ങൾ വേണ്ടിവരും. ഭൂമി ഉൾപ്പെടുന്ന ഗ്രഹങ്ങളുമായി നീങ്ങുന്ന സൂര്യൻ അൽസിയോൺ നക്ഷത്രത്തിൽനിന്നും ഇത്രമാത്രം അകലെയാണെങ്കിലും ഇന്നും അൽസിയോൺ അതിൻ്റെ കാണാച്ചങ്ങലയാൽ (ഗുരുത്വാകർഷണ ബലം) സൗരയൂഥം (സോളാർ സിസ്റ്റം) കാർത്തികയിൽ ബന്ധിതമായി നിർത്തിയിരിക്കുന്നു. എന്നാൽ ഈ കാണാച്ചങ്ങലയെ നിയന്ത്രിക്കാനോ അതിൻ്റെ ആകർഷണ ബലത്തെ ബന്ധിക്കാനോ കഴിയുമോ എന്ന് ദൈവം ഇയ്യോബിനോടു ചോദിക്കുന്നു. അതേ; മനുഷ്യനാൽ കഴിയാത്ത ആകർഷണച്ചങ്ങലയാൽ സൗരയൂഥവും മറ്റും കാർത്തികയിൽ ബന്ധിതമായി നീങ്ങുന്നു. നാല്‍പ്പതു നൂറ്റാണ്ടുകൾക്കു മുമ്പേ വിശുദ്ധ ഗ്രന്ഥത്തിൽ ഇതു വിരചിതമായിരിക്കുന്നത് അത്ഭുതമായിരിക്കുന്നു.. അതിൽ ഉപരി മനുഷ്യൻ, എല്ലാ ജ്ഞാനത്തിൻ്റെയും ഉറവിടമായ സത്യദൈവത്തിൻ്റെ പാദത്തിൽ നമിക്കേണ്ടതാണ് എന്നത്രേ ഈ ശാസ്ത്ര സത്യം മനുഷ്യനോട് ഉൽബോധിപ്പിക്കുന്നത്.
9. തമോഗർത്തങ്ങൾ
ഒരു നക്ഷത്രത്തിലെ ന്യൂക്ലിയർ ഫ്യൂഷൻ നിലയ്ക്കുമ്പോൾ നക്ഷത്രത്തിന് സ്വന്തം ഗുരുത്വമണ്ഡല ഞെരുക്കം താങ്ങാനാവാതെ ഉൾത്തകർന്ന് അതിസാന്ദ്രമായ ഒരു വസ്തുവായി മാറുന്നു. അതിൻ്റെ ഉപരിതല മണ്ഡലത്തിൻ്റെ ബലം കൂടുന്നതനുസരിച്ച് അതിൻ്റെ പ്രകാശകണങ്ങളുടെ (ഫോട്ടോണുകൾ) പാത കൂടുതൽ കൂടുതൽ വളയുന്നു. ഇവ്വിധം ഒരു പരിധി കഴിയുമ്പോൾ പ്രകാശങ്ങൾ വളഞ്ഞ് ആ നക്ഷത്രത്തിലേക്കു തന്നെ തിരിച്ചുപോകുന്ന അവസ്ഥയിലെത്തുമ്പോഴാണ് അത് ഒരു കറുത്ത ദ്വാരമായി (Black Hole) തീരുന്നത്. ഈ കറുത്ത ദ്വാരങ്ങൾക്ക് ന്യൂട്രൽ സ്ഥിതിക രൂപങ്ങളായോ ഭ്രമണ ഗോളങ്ങളായോ കാണപ്പെടാം.
1967-ലാണ് ന്യൂട്രോൺ നക്ഷത്രങ്ങളെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്. എന്നാൽ എന്നേ തമോഗർത്തങ്ങളെക്കുറിച്ചുള്ള വിശദീകരണം തിരുവെഴുത്തുകളിൽ പ്രതിപാദിക്കുന്നു. (യൂദാ. 13). കറുത്ത ദ്വാരം (Black Hole) എന്ന വാക്കുതന്നെ ശാസ്ത്രലോകത്തിൽ ആദ്യം ഉപയോഗിക്കപ്പെട്ടത് 1969-ൽ ജോൺ ഏ. വീലർ എന്ന അമേരിക്കൻ ഊർജതന്ത്രജ്ഞനാലാണ്. പക്ഷേ, അത്ഭുതമെന്നു പറയട്ടെ വിശുദ്ധ തിരുവെഴുത്തിൽ യൂദാ തൻ്റെ ലേഖനത്തിൽ സദാ കാലത്തേക്കും അന്ധതമസ്സ് സൂക്ഷിച്ചു വച്ചിരിക്കുന്ന “വക്രഗതിയുള്ള‘ നക്ഷതങ്ങൾ’ എന്ന് എ.ഡി. 65-ൽ രേഖപ്പെടുത്തിയിരിക്കുന്നു. അതായത് ഏകദേശം 1935 വർഷങ്ങൾക്കുമുൻപേ. എന്നാൽ മനുഷ്യൻ പരാമർശിച്ചിട്ട് കേവലം 51 വർഷം മാത്രം. അതേ, പ്രകാശം തന്നിലേക്കുതന്നെ വളച്ചെടുത്ത് (വക്രഗതി) ഇരുട്ട് സൂക്ഷിച്ചുവച്ചിരിക്കുന്നതും പെയ്സ് -ടൈമിൻ്റെ വൈകൃതത്താലും എക്സറേകിരണങ്ങളാലും അനുഭവപ്പെട്ടതുമായ തമോഗർത്തങ്ങൾ. ഒരു തമോഗർത്തത്തെ ബാക്കി പ്രപഞ്ചത്തിൽ നിന്നും വേർതിരിക്കുന്ന സാങ്കല്പിക ഗോളത്തിൻ്റെ വക്കായ സംഭവചക്രവാളത്തിൽപ്പെടുന്ന ഏതൊരു വസ്തുവിനേയും അത് തന്നിലേക്കാകർഷിച്ചെടുക്കുന്നു. അത് ഒരു പെയിസിലെ യാത്രികനെയോ വസ്തുവിനെയോ അനന്തമായ നീളവും ഘനക്കുറവുമുള്ള ഒന്നായി വലിച്ചുനീട്ടി കറുത്ത ദ്വാരത്തിൻ്റെ (Black Hole) കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഇതിനെക്കുറിച്ചതേ 4000 വർഷങ്ങൾക്ക് മുൻപേ തിരുവെഴുത്തുകളിൽ “അന്ധതമസ്സിൻ്റെ വാതിലുകളെ (even thorizon) നീ കണ്ടിട്ടുണ്ടോ?” (ഇയ്യോ. 38:17) എന്നും “അന്ധതമസ്സിൻ്റെ ഘോരത്വങ്ങൾ...” (ഇയ്യോ.24:17) എന്നു വ്യക്തമായി എഴുതിയിരിക്കുന്നത്.
യൂദാ ഈ തമോഗർത്തത്തെ പരാമർശിക്കുന്നത് “തന്നോടൊപ്പം വിരുന്നുകഴിച്ചിട്ടും ഭയം കൂടാതെ സഹസ്നേഹിതരെ ഉപദ്രവിക്കുന്ന ചില ദുഷ്പ്രവണതക്കാരോട് ഉപമിച്ചുകൊണ്ടാണ്’ (യൂദാ. 12).
1965-ൽ ഒരു റോക്കറ്റ് വിക്ഷേപണസമയത്തു കണ്ടെത്തിയ സെഗ്നസ്സ് ‘X-1 എന്ന നക്ഷത്രം ഒരു കറുത്തദ്വാരമായി മാറാൻ ഇടയുള്ള ഒന്നാണെന്നു തിരിച്ചറിഞ്ഞു. ആദ്യമായി കണ്ടെത്തിയ എക്സറേ സ്രോതസ്സുകളില്‍ ഒന്നായ ഇതിൻ്റെ സ്പെക്ട്രത്തിൽ നിന്നും ഇത് ഒരു നീല രാക്ഷസ നക്ഷത്രമാണെന്നു കാണാം. എക്സറേ ഉറവിടം വളരെ ഞെരുങ്ങിയിരിക്കുന്നതാണെന്നു സൂചിപ്പിച്ചുകൊണ്ട് വിറയ്ക്കുന്ന രശ്മികളാണ് അത് പുറത്തുവിടുന്നതെന്ന് ഒരു ജാപ്പനീസ് സംഘം 1971-ൽ കണ്ടെത്തി. അടുത്ത വർഷം നടത്തിയ പ്രകാശനിരീക്ഷണങ്ങൾ സുചിപ്പിച്ചത് ഈ ഭീമരാക്ഷസന് അതിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന ദ്രവ്യത്തിൽ ഒരു പങ്ക് വിഴുങ്ങുന്ന ഒരു കറുത്ത ദ്വാരമായ ഒരു കൂട്ടുകാരൻ ഉണ്ടെന്നാണ്.
ഒരു ദ്വിനക്ഷത്ര സംവിധാനത്തിലെ കറുത്ത ദ്വാരത്തിലേക്ക് അതിൻ്റെ കൂട്ടുകാരനിൽ നിന്ന് ദ്രവ്യം അപഹരിക്കപ്പെടുന്നു എന്നതിനെ ഉദാഹരിച്ച് ഒരുമിച്ചിരിക്കെ വിനയായി മാറുന്ന സ്നേഹസദ്യകളിലെ അപായക്കാരെന്ന് തുലനം ചെയ്യാനുള്ള ശാസ്ത്രദൃഷ്ടി യൂദ എന്ന ക്രിസ്തുശിഷ്യനുണ്ടായി – ദൈവാത്മാവിനാൽ. എന്നാൽ ഇപ്പോൾ കേവലം 48 വർഷത്തെ മാത്രം ശാസ്ത്രപുരോഗതിയിൽ ഊറ്റം കൊണ്ട് നാസ്തികനായ നില്ക്കുന്ന അഹമ്മതി സർവനാസ്തികരും ഇതിനാൽത്തന്നെ ഉപേക്ഷിക്കേണ്ടതാണ്. ഒരു കറുത്ത ദ്വാരം അതിൻ്റെ ദൃശ്യ സഹചാരി നക്ഷത്രത്തിൽ നിന്നുള്ള വാതകദ്രവ്യത്തെ ഉൾവലിക്കുന്നു.
കിപ് എസ്. തോൺ, വൈ.വി. സെൽ ഡോവിച്ച്, ഒ, ഗസ്റ്റ് നോവ് തുടങ്ങിയ ശാസ്ത്രജ്ഞരുടെയും മറ്റും പരിശ്രമങ്ങളാൽ ഏകദേശം 48 വർഷത്തിനുമുന് ( 1972) മനസ്സിലാക്കപ്പെട്ട ഈ വസ്തുത വിശുദ്ധ തിരുവെഴുത്തുകളിൽ 19 നൂറ്റാണ്ടുകൾ മുമ്പ് രേഖപ്പെടുത്തപ്പെട്ടതിനെ മാത്രം മുൻനിർത്തിയാൽ സകല ഭൗതികവാദികളും തങ്ങളുടെ മൂടുപടങ്ങൾ ഊരിമാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 1974-ൽ ഹോക്കിങ് എഴുതിയ തമാഗർത്തത്തിൻ്റെ സ്ഫോടനം (Black Hole Explosion) എന്ന പ്രബന്ധം തമോഗർത്തങ്ങളെ സംബന്ധിച്ച അത്യാധുനിക സിദ്ധാന്തമത്രേ. സ്വന്തം പ്രകാശം പോലും വളച്ചെടുക്കുകയും തുടർന്ന് തൻ്റെ സംഭവ ചക്രവാളത്തിൽപ്പെട്ടു പോകുന്ന ഏതൊരു വസ്തുവിനെപ്പോലും – പ്രകാശവും – ആവാഹിച്ചെടുക്കുകയും ഒരു നക്ഷത്രത്തിൻ്റെ ധർമ്മമെന്തെന്നറിയാതെ – പ്രകാശം നല്കാതെ, സ്പെയിസും ടൈമും വക്രമാക്കി അവസാനം ഒരു സ്ഫോടനം തന്നെ സൃഷ്ടിക്കുന്ന “വക്രമായ ഗതി (ലക്ഷ്യം) ഉള്ള’ (Bad Aim) നക്ഷത്രങ്ങൾ. ഇതത്ര “അവൻ അഗാധകാര്യങ്ങളെ അന്ധകാരത്തിൽ നിന്നു വെളിച്ചത്താക്കുന്നു; അന്ധതമസിനെ പ്രകാശത്തിൽ വരുത്തുന്നു” (ഇയ്യോ.12:22). ഇത് എ.ഡി. 65-ൽ യൂദാ എഴുതുന്നു (യൂദാ 13). (E. J. തിരുവല്ല – കര്‍മ്മ നിരതനായ ദൈവം – P. 51 – 55)
10. പ്രപഞ്ചമാതൃക
സ്റ്റീഫൻ ഹോക്കിങ്ങ് അവതരിപ്പിക്കുന്ന ഇനിയും നിരീക്ഷണത്തെളിവ് ലഭിച്ചിട്ടില്ലാത്ത പ്രപഞ്ചമാതൃകയിൽ ഒരു ഒറ്റ ബിന്ദുവിൽ നിന്നെന്നപോലെ പ്രപഞ്ചം ഉത്തരധ്രുവത്തിൽ തുടങ്ങുന്നു. അത് ദക്ഷിണധ്രുവത്തിലേക്ക് സഞ്ചരിച്ച് വികാസം പ്രാപിക്കുന്നു. (A Brief History of Time. P-145). തിരുവെഴുത്തിൽ നമ്മൾ വായിക്കുന്നു: വടക്ക് (ഉത്തരധ്രുവം) അവൻ പ്രവർത്തിക്കയിൽ നോക്കീട്ട് അവനെ കാണുന്നില്ല; തെക്കോട്ട് (ദക്ഷിണ ധ്രുവം) അവൻ തിരിയുന്നു; അവനെ കാണുന്നില്ലതാനും (ഇയ്യോ.23:9, 9:9, 37:9)”. തെക്കെ (ദക്ഷിണ) നക്ഷത മണ്ഡലത്തെയും (ഗാലക്സികൾ,വടക്കിൻ്റെ (ഉത്തരധ്രുവം) പാർശ്വങ്ങളിലും സമീപത്തും ആകാവുന്ന കിഴക്കോ പടിഞ്ഞാറോ കാണിക്കാതെ അവൻ തെക്കെ നക്ഷത്രമണ്ഡലത്തേയും ഉണ്ടാക്കുന്നു’ എന്ന്. അതായത് ദക്ഷിണ തലങ്ങളിലേക്ക് നീളുന്ന ദൈവകരം. അതുപോലെ ഹോക്കിങ്ങിൻ്റെ മാതൃകയിൽ ഉത്തരധ്രുവത്തിന് വടക്ക് ഒന്നുമില്ല. അതിനർത്ഥം സ്ഥലത്തിന് അറ്റം ഉണ്ടെന്നും അല്ലത്രേ. വീണ്ടും തിരുവെഴുത്തുകൾ നോക്കുക; “ഉത്തരധ്രുവത്തിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു” (ഇയ്യോ.26:7). എന്നാൽ ഹോക്കിങ്ങിൻ്റെ മാതൃക്രപ്രകാരം ഉത്തരധ്രുവത്തിനപ്പുറം ശൂന്യമെങ്കിൽ അവിടെ ദൈവത്തിൻ്റെ സിംഹാസനം എന്ന് വിശുദ്ധ തിരുവെഴുത്തുകൾ പറയുന്നു. അവിടെ നിന്നു തന്നെ ദൈവകല്പനയാൽ പ്രപഞ്ചം ആരംഭിക്കുന്നു (E. J. തിരുവല്ല – കര്‍മ്മ നിരതനായ ദൈവം – P 58 – 59). ആ ദൈവ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി എന്ന് നമ്മള്‍ വെളിപ്പാടു പുസ്തകത്തില്‍ വായിക്കുന്നു – “ഞാൻ വലിയൊരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവൻ്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.” (വെളിപ്പാടു. 20:11). ജോർജ്ജ്സ് ലെമാട്രെയും എഡ്വിൻ ഹബ്ളും സിദ്ധാന്തിക്കുന്ന പ്രപഞ്ചം ആദിയിൽ ഒരു കേന്ദ്രത്തില്‍ നിന്ന് ആരംഭിച്ച് അതിവേഗം പരസ്പരം അകന്ന് കൊണ്ട് ഇരിക്കുന്നു (വികസിച്ചു കൊണ്ടിരിക്കുന്ന – Metric expansion of space) എന്ന ആശയത്തിൽ നിന്നുമാണ് ‘ബിഗ് ബാംഗ്‘ അഥവാ മഹാവിസ്ഫോടന സിദ്ധാന്തം ആവിഷ്ക്കരിക്കപ്പെട്ടത്. ഇത് ഈ വെളിപ്പാടു പുസ്തക വാക്യവുമായി ചേര്‍ത്തു മനസ്സിലാക്കപ്പെടണം. മാത്രമല്ല ഇത് ഒരു സൃഷ്ടിതാവ് ഇല്ലാതെ താനെ ഉടലെടുത്തത് എന്ന മഹാവിസ്ഫോടന സിദ്ധാന്തിന് എതിരായ മറ്റൊരു തെളിവും കൂടിയാണ്.
അനേകം തെളിവുകള്‍ ഇനിയും ചൂണ്ടിക്കാട്ടാനുണ്ട് പക്ഷെ വിസ്താര ഭയത്താല്‍ നിര്‍ത്തുന്നു. ദൈവവും ശാസ്ത്രവും എന്നത് വ്യത്യസ്ഥ വഴികളിൽ ഉള്ളതോ പരസ്പര വിരുദ്ധമോ അല്ലാ എന്ന് പകല്‍ പോലെ വ്യക്തമാണ്.