OVS - Latest NewsOVS-Kerala News

പള്ളികളില്‍ നിന്ന് വിശ്വാസികളെ പുറത്താക്കിയിട്ടില്ല: ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ്

കോട്ടയം: പള്ളികളില്‍ നിന്ന് വിശ്വാസികളെ പുറത്താക്കുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ്. സുപ്രീംകോടതി വിധിയിലൂടെ ഓര്‍ത്തഡോക്‌സ് സഭ ഒരു വിശ്വാസിയെയും അവരുടെ ദേവാലയങ്ങളില്‍ നിന്ന് പുറത്താക്കിയിട്ടില്ല എന്നത് വസ്തുതയായിരിക്കെ വിശ്വാസികള്‍ അവരുടെ ദേവാലയങ്ങളിലേക്ക് തിരികെ കയറണം എന്ന യാക്കോബായ നേതൃത്വത്തിൻ്റെ പ്രസ്താവനയ്ക്ക് പ്രസക്തിയില്ല. 1934 -ലെ ഭരണഘടനയ്ക്ക് വിധേയമായി സുപ്രീംകോടതി വിധി അംഗീകരിച്ച് ഇടവകാംഗങ്ങളായി തുടരുവാന്‍ ആഗ്രഹമില്ലാത്ത ഇടവകക്കാര്‍, ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് വിധേയമായി സ്വമേധയാ പുറത്താക്കപ്പെടുവാന്‍ അവരുടെ നേതൃത്വം നിര്‍ബന്ധിക്കുന്നു എന്നതാണ് വസ്തുതയെന്ന് അദ്ദേഹം പറഞ്ഞു.

തിരുവാര്‍പ്പ് പള്ളിയില്‍ 1958-ലെ സഭാ യോജിപ്പിന് ശേഷം വികാരിമാരെ നിയമിച്ചത് ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം മെത്രാസനത്തിൻ്റെ പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് ആയിരുന്നു എന്ന് രേഖകള്‍ സാക്ഷിക്കുന്നു. എല്ലാ രേഖകളും പരിശോധിച്ച് കോടതി വിധി പ്രഖ്യാപിച്ചുകഴിയുമ്പോള്‍ കൈയ്യൂക്കുപയോഗിച്ച് നീതിന്യായവ്യവസ്ഥയെ അട്ടിമറിക്കുവാനുള്ള പരിശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടതുകൊണ്ട് സമൂഹത്തിൻ്റെ സഹതാപം പിടിച്ചുപറ്റുവാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.

തിരുവാര്‍പ്പ് പള്ളി സംബന്ധിച്ച് ഇപ്പോള്‍ അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതവിരുദ്ധവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും തന്നെയാണ്. മലങ്കര നസ്രാണികളുടെ എല്ലാ ദേവാലയങ്ങളും സഭാ വിശ്വാസികള്‍ അവരുടെ അദ്ധ്വാനത്തില്‍ നിന്ന് നല്‍കിയ സംഭാവനകളും പിടിയരിയും പിരിച്ചുതന്നെയാണ് പണിതിട്ടുള്ളത്. ആയതിനാല്‍ നിയമവ്യവസ്ഥയ്ക്കും കോടതിവിധികള്‍ക്കും വിധേയമായി തിരുവാര്‍പ്പ് പള്ളിയില്‍ മാത്രമല്ല, മലങ്കര സഭയുടെ ഏത് ദേവാലയത്തിലും എല്ലാ അവകാശങ്ങളോടുംകൂടി ഇടവക ജനങ്ങള്‍ക്ക് ആരാധനയില്‍ പങ്കെടുക്കാവുന്നതാണ്. ഇടവകയുടെ ഭരണം 1934-ലെ ഭരണഘടനയ്ക്ക് വിധേയമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ നിയമിക്കുന്ന വികാരിമാരാല്‍ നടത്തപ്പെടുകയും ചെയ്യും.

മലങ്കരസഭയില്‍ ശാശ്വത സമാധാനം ഉണ്ടാകുവാന്‍ സുപ്രീംകോടതി നല്‍കിയിട്ടുള്ള തീര്‍പ്പ് ഉള്‍ക്കൊണ്ട്, സത്യം മനസ്സിലാക്കി വ്യവസ്ഥാപിത ഭരണക്രമം പാലിച്ചുകൊണ്ട് വിശ്വാസികള്‍ തുടര്‍ന്നും ഇടവകകളില്‍ നിലകൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി അനുസരിക്കാത്തവരുമായി ചർച്ച നടത്തുന്നത് വിഫലം: പരിശുദ്ധ കാതോലിക്കാ ബാവ

error: Thank you for visiting : www.ovsonline.in