ശാസ്ത്രം – ദൈവവിശ്വാസം: Part – 2
“യഹോവയായ ദൈവം നിലത്തെ പൊടി കൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവൻ്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായിതീർന്നു.” (ഉല്പത്തി 2:7)
പരിണാമ വാദ അധിഷ്ഠിതമായ പാഠ പുസ്തകങ്ങളുടെ (School, College) അവകാശവാദമനുസരിച്ച് ലോകത്തെമ്പാടും കാണുന്ന മനോഹരമായ വൈവിധ്യമായ ജീവി വർഗ്ഗങ്ങൾ മുഴുവനും “ആകസ്മികമായ” പ്രക്രിയകളാൽ ഉരുത്തിരിഞ്ഞു വന്നവയാണ്. പരിണാമവാദികളുടെ നിഗമനങ്ങൾ അനുസരിച്ച് 60 ലക്ഷം വർഷം മുമ്പ് കുരങ്ങ് വർഗ്ഗങ്ങളിലുണ്ടായ പരിണാമത്തിൻ്റെ ഒരു ശാഖ ഇന്നത്തെ ചിമ്പാൻസിയിലേയ്ക്കും മറ്റൊന്ന് മനുഷ്യനിലേക്കും നയിച്ചുവെന്നാണ്.
നിരീശ്വര പരിണാമ വാദികൾ പറയുന്നു – “To be human means you are the only animal to realize that there is no objective meaning or purpose in this pointless life.” അപ്പോൾ ചോദ്യം ഇതാണ്….
മനുഷ്യൻ ദൈവത്തിൻ്റെ സൃഷ്ടിയോ ?
വെറും ആകസ്മികമായ പരിണാമത്തിൻ്റെ ഉല്പ്പന്നമോ ?
ഈ ജീവിതത്തിന് എന്തെങ്കിലും ലക്ഷ്യമോ ഉദ്ദേശ്ശമോ ഉണ്ടോ ?
പരിണാമസിദ്ധാന്തം
1859-ൽ ‘ജീവജാതികളുടെ ഉത്ഭവം’ (The Origin of Species ) എന്ന പുസ്തകത്തിലൂടെ തൻ്റെ ‘പ്രകൃതി നിർദ്ധാരണം ( Natural selection) മുഖേനയുള്ള ജീവികളുടെ പരിണാമം’ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ചാൾസ് ഡാർവിൻ ആണ്.
ഇതിൽ പ്രധാനമായും ദൈവ വചനത്തിലെ “മനുഷ്യോല്പ്പത്തിയെ” ചോദ്യം ചെയ്യുന്ന “രണ്ട് തത്ത്വങ്ങൾ” അടങ്ങിയിരിക്കുന്നു. ഒന്നാമതായി “നിർജ്ജീവമായ വസ്തുവിന് സ്വയമേവ ജീവൻ പ്രാപിക്കാൻ കഴിയും“. രണ്ടാമതായി “അധമ വർഗ്ഗത്തിൽ നിന്നും ഉത്തമമായ അവസ്ഥയിലേക്ക് മനുഷ്യൻ പരിണമിച്ചിരിക്കുന്നു“.
നാളിതുവരെയുള്ള കാലങ്ങളിൽ നടത്തിയിട്ടുളള എല്ലാ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ജീവനിൽ നിന്ന് മാത്രമേ ജീവൻ ഉത്ഭവിക്കുകയുളളു എന്ന വസ്തുത തെളിയിച്ചിരിക്കുന്നു.
Lord Kelvin പറയുന്നു – “ചില നിർജ്ജീവ വസ്തുക്കളുടെ സംയോഗംമൂലം ഒരു ജീവപ്രാണി ഉല്പാദിപ്പിക്കപെടുമെന്ന് ചിന്തിക്കുന്നതുപോലെ ഭോഷത്വം മറ്റൊന്നില്ല.”
Sir Olivier Lodge പറയുന്നു – “ജീവസമ്പർക്കം കൂടാതെ സ്വയമേവ ജീവൻ പ്രാപിക്കാമെന്ന് തെളിയിക്കാൻ വേണ്ടി നടത്തിയിട്ടുള്ള എല്ലാ പരീക്ഷണങ്ങളും പരിതാപകരമാംവണ്ണം പരാജയപ്പെടുകയാണ് ഉണ്ടായത്.”
എന്തിനേറെ പറയുന്നു പരിണാമ സിദ്ധാന്തതിൻ്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ്റെ പുത്രൻ Sir ജോർജ് ഡാർവിൻ 1905 – ൽ ബ്രിട്ടീഷ് സയൻസ് അസോസിയേഷൻ ഉത്ഘാടനം ചെയ്തുകൊണ്ട് പ്രസ്താവിച്ചു – “ജീവൻ്റെ മർമ്മം എന്നും ദുർഗ്രഹമായിത്തന്നെ സ്ഥിതി ചെയ്യുന്നു.”
സ്മിത്ത് സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അറിയപ്പെട്ട ജന്തുശാസ്ത്രജ്ഞനായ Dr. ആസ്റ്റിൻ. H. ക്ലാർക്കിൻ്റെ പറയുന്നു – “മനുഷ്യന് താണജാതിയിലുളള ജീവജാലങ്ങളിൽ നിന്ന് പടിപടിയായി പരിണമിച്ചുണ്ടായി എന്നതിന് ഒരു തെളിവും ഇല്ല…. മനുഷ്യൻ പെട്ടെന്നാണ്പ്രത്യക്ഷപെട്ടത്…. മിക്കവാറും ഇന്നുള്ള മനുഷ്യനെപോലെ തന്നെയാണ് മനുഷ്യൻ പ്രത്യക്ഷനായത്…….” ജന്തു ലോകത്തെ സംബന്ധിച്ചടത്തോളം സൃഷ്ടി വാദക്കാർക്ക് ഏറ്റവും നല്ല വാദഗതികൾ ഉള്ളതായി കാണപ്പെടുന്നു. ജന്തുക്കളിലെ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിൽ നിന്ന് പരിണമിച്ച് ഉണ്ടായി എന്നതിന് യാതൊരു തെളിവുമില്ല.”
നിർജ്ജീവ വസ്തു ജൈവ വസ്തുവായത് എങ്ങിനെയെന്നോ, അപ്രകാരമുണ്ടായ ഏകകോശാണു പ്രാണി മനുഷ്യനായി പരിണമിച്ചതെങ്ങനെയെന്നോ പരിണാമമെന്ന മാറ്റങ്ങളുടെ ഇടയില് ആ ഏകകോശാണു പ്രാണി ആ മാറ്റങ്ങളെ അതിജീവിച്ചത് എങ്ങിനെയെന്നോ ശാസ്ത്രീയമായി ഒരു തെളിവും ഇതുവരെ നല്കപ്പെട്ടിട്ടില്ല.
മനുഷ്യൻ ദൈവത്താൽ പൂർണ്ണ നിലയിൽ നിര്മ്മിക്കപ്പെട്ടിട്ടില്ല; അവൻ അധമ വർഗ്ഗത്തിൽ നിന്നും പരിണമിച്ചതാണ്. പരിണാമ സിദ്ധാന്തത്തിലെ രണ്ടാം തത്ത്വമാണിത്. എന്നാൽ ഒരു വസ്തുവിനോ ജീവിക്കോ ഒരു വർഗ്ഗത്തിൽ നിന്നും മറ്റൊന്നിലേക്ക് പരിണമിക്കുവാൻ സാധിക്കുമെന്ന് പരീക്ഷണങ്ങളാൽ തെളിയിക്കുവാൻ പരിണാമ വാദികൾക്ക് കഴിഞ്ഞിട്ടില്ല. “മനുഷ്യൻ്റെ പരിണാമത്തെക്കുറിച്ചുളള പരാമർശങ്ങളിൽ ഭൂരിഭാഗവും ‘ആയിരിക്കാം (May be)‘ എന്ന അടിസ്ഥാനത്തിലാണ് കെട്ടിപ്പടുത്തിരിക്കുന്നത് . ‘ആയിരിക്കാം‘ എന്നതിന് ശാസ്ത്രത്തിൽ സ്ഥാനമില്ല.”
Dr. Ray Lankester പറയുന്നു – “മനുഷ്യൻ കുരങ്ങിനെപ്പോലുളള (പരിണാമ സിദ്ധാന്തം പറയുന്ന കുരങ്ങിൻ്റെയും മനുഷ്യൻ്റെയും പൊതു പൂർവ്വികൻ) ഒരു ജീവിയിൽ നിന്ന് പരിണാമിച്ചതാണെങ്കിൽ ഇതിൻ്റെ മധ്യവർത്തിയായ ഒരു ജീവിയുടെ അവശിഷ്ടങ്ങൾ ഭൂമിയിൽ കണ്ടെത്താൻ കഴിയുമായിരുന്നു.“
ഒരിക്കൽ സിറിയാക്കാരനായ പ്രൊഫസർ പോസ്റ്റ് ബ്രിട്ടീഷ് മ്യൂസിയത്തിലെ പ്രകൃതി ചരിത്ര വിഭാഗം സന്ദർശിച്ചപ്പോൾ ഡാർവിൻ്റെ പരിണാമ സിദ്ധാന്തത്തെ സ്ഥിരീകരിക്കുന്ന ചില തെളിവുകൾ കാണുന്നതിനായി ആ മ്യൂസിയത്തിലെ മഹാ പണ്ഡിതന്മാരിൽ ഒരാളായിരുന്ന Etheredge-നെ സമീപിച്ചു. ഇതിന് Etheredge നല്കിയ മറുപടി തന്നെ അല്ഭുതപ്പെടുത്തി. Etheredge പറഞ്ഞു – “ഒരു വർഗത്തിൽ നിന്ന് മറ്റൊരു വർഗ്ഗത്തിലേക്ക് പരിണാമം നടക്കുമെന്ന് തെളിയിക്കുന്ന ഒരു ചെറിയ വസ്തു പോലും ഈ മഹാ മ്യൂസിയത്തിലില്ല. പ്രസ്തുത പരിണാമ സിദ്ധാന്തം യാഥാർത്ഥ്യങ്ങളിലും നിരീക്ഷണങ്ങളിലും അടിസ്ഥാനപ്പെട്ടതല്ല… ഈ വമ്പിച്ച മ്യൂസിയം പരിണാമ സിദ്ധാന്തത്തിൻ്റെ നിരർത്ഥകതയെ തെളിയിക്കുകയാണ് ചെയ്യുന്നത്.”
കേംബ്രിയൻ സ്ഫോടനം
വാസ്തവത്തിൽ, പടിപടിയായുള്ള പരിണാമത്തിൻ്റെ തെളിവുകളൊന്നും ഡാർവിൻ്റെ കാലത്തെയും ഇക്കാലത്തെയും ഭൂഗർഭ ശാസ്ത്രജ്ഞർക്കു കണ്ടെത്താനായിട്ടില്ല; ക്രമ രഹിതമായ, ഇടമുറിഞ്ഞ രേഖകളാണ് അവർക്കു ലഭിച്ചിട്ടുള്ളത്; അതായത് ജീവി വർഗങ്ങൾ പെട്ടെന്നു പ്രത്യക്ഷമാകുകയും മാറ്റമൊന്നുമില്ലാതെ തുടരുകയും പിന്നീട് രേഖകളിൽ നിന്ന് ഒറ്റയടിക്ക് അപ്രത്യക്ഷമാകുകയും ചെയ്യുന്നതായി കാണുന്നു. ശരീരഘടനയിലെ തനതു സവിശേഷതകളോടെ ജീവജാലങ്ങൾ പെട്ടെന്നു പ്രത്യക്ഷപ്പെടുന്നതിൻ്റെ സൂചനകളാണ് അവ നൽകുന്നത്. പുതിയതും തനതു സവിശേഷതകളോടു കൂടിയതുമായ അനേകം ജീവിവർഗങ്ങൾ ഫോസിൽ രേഖകളിൽ വളരെപ്പെട്ടെന്ന് രംഗപ്രവേശം ചെയ്യുന്നതിനാൽ അതിനെ ‘കേംബ്രിയൻ സ്ഫോടനം’ എന്നാണ് പുരാജീവിശാസ്ത്രജ്ഞർ പരാമർശിക്കുന്നത് . ‘കേംബ്രിയൻ സ്ഫോടനം’ പരിണാമ സിദ്ധാന്തക്കാർക്ക് കടുത്ത വെല്ലുവിളിയാണ്.
“യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ച” (ഉല്പത്തി 2:7) എന്നത് മോശയുടെ വെറും പ്രഖ്യാപനം അല്ല. ഈ മണ്ണിലുളള എല്ലാ ധാതു പദാർത്ഥങ്ങളും മനുഷ്യ ശരീരത്തിലുണ്ടെന്നും ആ ധാതുക്കളാലാണ് മനുഷ്യശരീരം നിർമ്മിക്കപ്പെട്ടിട്ടുളളതെന്നും ആധുനിക ശാസ്ത്രജ്ഞർ സൂക്ഷ്മ പരീക്ഷണങ്ങളാൽ തെളിയിച്ചു കഴിഞ്ഞു. നമ്മുടെ പാഠ പുസ്തകങ്ങളിൽ എല്ലാം പഠിപ്പിക്കപെടുന്ന സ്റ്റാൻലി മില്ലറുടെ പരീക്ഷണം യഥാർത്ഥത്തിൽ ഒരു വിജയം ആയിരുന്നില്ല. മറിച്ച് ഒരു വൻ പരാജയം ആയിരുന്നു. എന്നിട്ടും ഇന്നും പാഠ പുസ്തകങ്ങളിൽ പഠിപ്പിക്കപെടുന്നു.
ഫോസ്സിൽ തട്ടിപ്പുകൾ
പല പരിണാമ വാദികളായ ശാസ്ത്രജ്ഞന്മാരും പരിണാമത്തെ തെളിയിക്കാൻ വേണ്ടി കൃത്രിമമായി തെളിവുകള് ഉണ്ടാക്കി ശാസ്ത്ര ലോകത്തെ വഞ്ചിച്ചിട്ടുണ്ട്. യഥാര്ത്ഥ ശാസ്ത്രത്തിൻ്റെ പ്രത്യേകത, അത് എപ്പോഴും സത്യം പുറത്തു കൊണ്ടുവരും എന്നുള്ളതാണ്. അതുകൊണ്ടു തന്നെ, ശാസ്ത്രലോകത്തെ കരിമ്പുള്ളികളായ ഈ പരിണാമ വാദികളുടെ തട്ടിപ്പുകൾ ശാസ്ത്ര ലോകം തന്നെ പിന്നീട് തുറന്നു കാട്ടിയിട്ടുണ്ട്. രാമാപിത്തിക്കസ്, ആസ്ട്രാലോപിത്തിക്കസ്, ജോണ്സൻ്റെ ലൂസിയും, ലീക്കിയുടെ ഫോസ്സിലുകളും, ഹോമോ ഇറക്ടസ്, ജാവാ മനുഷ്യൻ, പീക്കിംഗ്മനുഷ്യൻ നെബ്രസ്കാ മനുഷ്യൻ, പില്റ്റ്ഡൌണ് മനുഷ്യൻ തുടങ്ങിയ ഫോസ്സിൽ തട്ടിപ്പുകൾ നല്ല ഉദാഹരണങ്ങളാണ്. എന്നിട്ടും ഇവയും ഇന്നും പാഠ പുസ്തകങ്ങളിൽ പഠിപ്പിക്കപെടുന്നു.
കൂട്ട വംശനാശം
ഭൂമിയിലെ 99.5 ശതമാനം ജീവവർഗ്ഗങ്ങളും കൂട്ട വംശനാശം നേരിട്ടതായിട്ടാണ് ഫോസ്സിൽ തെളിവുകളും തെളിയിക്കുന്നത്. പലതരം ‘തിയറികൾ‘ അവതരിപ്പിച്ചു എങ്കിലും പരിണാമ സിദ്ധാന്തക്കാരുടെ വിശദീകരണങ്ങൾ പര്യാപ്തമായവ അല്ല. നോഹയുടെ കാലത്തെ മഹാപ്രളയം എന്ന ചരിത്ര യാഥാർത്ഥ്യം… ദൈവ വചനത്തിൻ്റെ ചരിത്ര സത്യതയുടെ തെളിവായി ഭൂമി മുഴുവനും നമ്മുടെ കണ്ണുകൾക്ക് മുന്പിൽ ഫോസ്സിലുകളുടെ രൂപത്തില്.
ജീവിക്കുന്ന ഫോസ്സിലുകൾ
പരിണാമ ചരിത്രത്തിലെ “മുൻ കണ്ണികളും ഇടക്കണ്ണികളുമായി (Missing Links)” ലക്ഷോപലക്ഷം വർഷങ്ങൾ മുമ്പ് വംശനാശം സംഭവിച്ചു എന്ന് കൊട്ടിഘോഷിക്കപ്പെടുകയും പിൽക്കാലത്ത് ജീവനോടെ തന്നെ കണ്ടെത്തപ്പെടുകയും ചെയ്ത അനേകം ജീവി വര്‍ഗ്ഗങ്ങളുണ്ട്. ഇന്നും നമുക്ക് ജീവനോടെ തന്നെ അവയെ കാണാം- അതും തെല്ലും മാറ്റമില്ലാതെ. വിസ്താര ഭയത്താൽ ഒന്നിനെ മാത്രം ചൂണ്ടിക്കാട്ടാം– “സീലാ കാന്ത് മത്സ്യം”.
ഡി. എൻ. എ (D. N. A)
ഡിഎൻഎ-യുടെ കണ്ടെത്തൽ പരിണാമ സിദ്ധാന്തത്തിൻ്റെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു. അങ്ങേയറ്റം സങ്കീർണവും അതേസമയം ഏറ്റവും കൃത്യതയോടെ പ്രവർത്തിക്കുന്നതുമായ ഡിഎൻഎ പരിണാമം അസാധ്യമാക്കുന്നു.
ശാസ്ത്രജ്ഞർ ആ നിർദ്ദേശങ്ങളെ ‘ബുക്ക് ഓഫ്മാൻ’ എന്ന് വിളിക്കുന്നു. ശരീരത്തിൻ്റെ ഘടനാപരമായും ധർമ്മപരമായും ജീവൻ്റെ അടിസ്ഥാന ഘടകമാണ് കോശം. ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയം വിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ് കോശം. ഈ എല്ലാ കോശങ്ങൾകും നടുക്ക്ഡിഎൻഎ അടങ്ങിയിരിക്കുന്നു. അത് അവയവങ്ങളുടെ നിര്മ്മാണനിർദ്ദേശങ്ങൾ ആണ്. അവ വാചകങ്ങളും ഖണ്ഡികകളും അദ്ധ്യായങ്ങളും ആയി സജ്ജമാക്കിയിരിക്കുന്നു. അവ നിങ്ങളുടെ ഹൃദയം, രക്താണുക്കൾ, കുടൽ, കരൾ, വൃക്ക, ഗ്രന്ഥികൾ, കണ്ണു, തലച്ചോറ്, അസ്ഥികൾ, പേശികൾ, തുടങ്ങിയവ നിർമ്മിക്കാനും അവ ഓരോന്നും ശരീരത്തിൻ്റെ ഏതൊക്കെ ഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കപെടണം എന്നും ഉള്ള നിർദ്ദേശങ്ങൾ ആണ്. ദൈവത്തിൽ നിന്നുള്ള ഒരു പുസ്തകത്തിൽ നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ രൂപീകരണത്തെക്കുറിച്ചും അവ രൂപീകൃതമാകുന്ന സമയത്തെക്കുറിച്ചു പോലും രേഖപ്പെടുത്തിയിട്ടുള്ളതായി ബൈബിൾ വ്യക്തമാക്കുന്നു . ദൈവ നിശ്വസ്തതയിൽ ദാവീദ് രാജാവ് അതേക്കുറച്ച് ഇങ്ങനെ പറയുകയുണ്ടായി: “നീയല്ലോ എൻ്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എൻ്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിൻ്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എൻ്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എൻ്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിൻ്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിൻ്റെ പുസ്തകത്തിൽ എഴുതിയിരുന്നു; ദൈവമേ, നിൻ്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയതു!” (സങ്കീർത്തനം 139:13 – 17)
പരിണാമ സിദ്ധാന്തം യാഥാര്ത്ഥ്യങ്ങളിൽ അടിസ്ഥാനപ്പെട്ടതല്ല…. അത് പലതരം ഊഹാപോഹങ്ങളിലും കെട്ടുകഥകളിലും വഞ്ചനകളിലും മാത്രം അടിസ്ഥാനപ്പെട്ടിരിക്കുന്നു… പത്രോസ് അപ്പോസ്തോലൻ്റെ വാക്കുകൾ ഈ സിദ്ധാന്തക്കരേകുറിച്ചുള്ള പ്രവചന വാക്യങ്ങൾ തന്നെ….. പിതാക്കന്മാർ നിദ്രകൊണ്ട ശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്ത മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്ത് വരുമെന്ന് വിശേഷാൽ അറിഞ്ഞു കൊൾവിൻ. ആകാശവും വെള്ളത്തിൽ നിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിൻ്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങിനശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്ക് കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നു കളയുന്നു. (2 പത്രൊസ്. 3:4-7)
ബിജി ചെറി