മാർ പീലക്സിനോസിന്റെ ഓർമപ്പെരുന്നാളും എട്ടാം മാർത്തോമ്മയുടെ ചരമ ദ്വിശതാബ്‌ദി ഉദ്ഘാടനവും
ചെങ്ങന്നൂർ:- പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന കാതോലിക്കേറ്റ് രത്നദീപം പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസിന്റെ 65–ാം ഓർമപ്പെരുന്നാളും ആറാം മാർത്തോമ്മായുടെ 208 ഓർമപ്പെരുന്നാളും എട്ടാം മാർത്തോമ്മായുടെ ചരമദ്വിശതാബ്‌ദിയും പുത്തൻകാവ് കത്തീഡ്രലിൽ സംയുക്തമായി ആചരിക്കും. പതിനാറിന് സന്ധ്യാ നമസ്‌കാരത്തിനു ശേഷം കബറിങ്കൽ അഖണ്ഡപ്രാർഥന. 17ന് രാവിലെ കൊൽക്കത്ത ഭദ്രാസനാധിപൻ ജോസഫ് മാർ ദിവന്നാസിയോസ് കുർബാന അർപ്പിക്കും. വൈകിട്ട് നാലിന് ബഥേൽ മാർ ഗ്രീഗോറിയോസ് അരമന പള്ളിയിൽ നിന്നു റാസ ആരംഭിച്ച് പുത്തൻകാവ് കത്തീഡ്രലിൽ എത്തിച്ചേരും.
തുടർന്ന് തീർഥാടക സംഗമം തോമസ് മാർ അത്തനാസിയോസ് ഉദ്‌ഘാടനം ചെയ്യും. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഡോ. പോൾ മണലിൽ അനുസ്‌മരണ പ്രഭാഷണം നടത്തും. 18ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10.30ന് എട്ടാം മാർത്തോമ്മ ചരമ ദ്വിശതാബ്‌ദി സമ്മേളനം കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്യും. തോമസ് മാർ അത്തനാസിയോസ് അധ്യക്ഷത വഹിക്കും. ഫാ. ഡോ. കെ.എം. ജോർജ് പ്രഭാഷണം നടത്തും. ആറാം മാർത്തോമ്മാ അവാർഡ് ഡോ. മാത്യൂസ് മാർ സേവേറിയോസിന് ബാവാ സമ്മാനിക്കും. മാത്യൂസ് മാർ സേവേറിയോസ് നടപ്പാക്കുന്ന വൃക്ക രോഗികളെ ഡയാലിസിന് സഹായിക്കുന്ന ‘പ്രവാഹം’ പദ്ധതിയുടെ ഉദ്‌ഘാടനവും ബാവാ നിർവഹിക്കും. സമൂഹസദ്യയോടെ പെരുന്നാൾ സമാപിക്കും.