മത്തായിയുടെ മരണം: വനം വകുപ്പ് ഒളിച്ചുകളിക്കുന്നു – അഡ്വ. ബിജു ഉമ്മന്‍
ചിറ്റാറില്‍ വനം വകുപ്പിൻ്റെ കസ്റ്റഡിയില്‍ ശ്രീ പി.പി മത്തായി ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ വനം വകുപ്പ് നടത്തുന്ന ഒളിച്ചുകളി കൂടുതല്‍ വ്യക്തമായിരിക്കുന്നു എന്ന് മലങ്കര ഓര്‍ത്തഡോക്‌സ്് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുളള ഉന്നതതല നീക്കത്തിന് മന്ത്രിതല മൗനാനുവാദം ഉണ്ടെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. മത്തായിയുടെ കുടുംബാംഗങ്ങളും പ്രദേശവാസികളും തുടക്കം മുതലേ ഇത്തരം സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. പ്രതികളെ രക്ഷപെടുത്താന്‍ നീക്കം നടക്കുന്നുവെന്ന ബോധ്യം കാരണമാണ് മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയില്‍ എത്തിയ വനം മന്ത്രി മത്തായിയുടെ അനാഥരായ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പോലും കൂട്ടാക്കിയില്ല. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരണം തേടിയപ്പോള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. മൃതദേഹം സംസ്‌കരിക്കുന്ന കാര്യത്തില്‍ വീട്ടുകാര്‍ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഒരു നിരപരാധിയുടെ മരണത്തെ ഏറെ നിസ്സാരമായാണ് വനം മന്ത്രി പരിഗണിക്കുന്നത് എന്ന വസ്തുതആശങ്കയോടെ മാത്രമേ നോക്കി കാണുവാന്‍ സാധിക്കുകയുളളൂ.
നിയമവിരുദ്ധമായാണ് വനം വകുപ്പ് മത്തായിയെ കസ്റ്റഡിയില്‍ എടുത്തതെന്നും മരണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും പ്രാഥമിക പോലീസ് അന്വേഷത്തില്‍ വ്യക്തമായ കാര്യമാണ്. എന്നാല്‍ വകുപ്പ് മന്ത്രിക്ക് ഇക്കാര്യത്തില്‍ വ്യക്തത പോര എന്നു തോന്നുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരത മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് അധികാരികള്‍ തിരിച്ചറിഞ്ഞേ മതിയാകൂ. അനാഥമായ ആ കുടുംബത്തെ സന്ദര്‍ശിക്കുവാന്‍ പോലും സന്നദ്ധനല്ല എന്ന നിലപാട് മനുഷ്യത്വ രഹിതമെന്നു തന്നെ പറയേണ്ടി വരുന്നു. ക്രിമിനലുകളായ ഉദ്യോഗസ്ഥര്‍ തുടര്‍ന്നും സംരക്ഷിക്കപ്പെടുവാനിടയാകരുത്. നീതി നടപ്പാക്കേണ്ടവര്‍ നിയമ ലംഘകരുടെ പക്ഷം ചേരുന്ന സാഹചര്യം അത്യന്തം ഗൗരവതരമാണെന്നും അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.
കസ്റ്റഡിയിലെടുത്ത കർഷകൻ്റെ മരണം: ഉദ്യോഗസ്ഥ വീഴ്ചയെന്ന് വനംവകുപ്പ് റിപ്പോർട്ട്
പത്തനംതിട്ട:- ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ പി.പി.മത്തായിയെ കസ്റ്റഡിയിൽ എടുത്തതിൽ വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവറ്റർ സഞ്ജയൻകുമാറിൻ്റെ അന്വേഷണ റിപ്പോർട്ട്. കസ്റ്റഡിയിൽ എടുത്തതിൽ വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലെ മുഖ്യപരാമർശമെന്ന് അറിയുന്നു. വനം മന്ത്രി കെ.രാജുവിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പഠിച്ച ശേഷം തുടർനടപടിയുണ്ടാകും. നിലവിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്. കസ്റ്റഡിയിലുള്ളയാളുടെ സുരക്ഷ ഉറപ്പാക്കാനോ ജീവൻ രക്ഷിക്കാനോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായില്ലെന്ന് റിപ്പോർട്ടിൽ പരാമർശമുള്ളതായാണ് വിവരം. വനത്തിലെ ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകാതിരുന്നതിലും വീഴ്ചയുണ്ടായി. അറസ്റ്റ് ചെയ്തയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചില്ല. ൈവദ്യ പരിശോധന നടത്തുന്നതിലും വീഴ്ച സംഭവിച്ചു. അതേസമയം, ക്യാമറയുടെ മെമ്മറി കാർഡ് എടുത്തെന്ന് മത്തായി സമ്മതിച്ചെന്ന കാര്യവും റിപ്പോർട്ടിലുണ്ട്. വൈൽഡ് ലൈഫ് ആക്ട് പ്രകാരമുള്ള കുറ്റം ചെയ്തെന്നും പറയുന്നു. ഇതിനിടെ, കസ്റ്റഡി മരണക്കേസിൽ പ്രതികൾക്കെതിരെ ചേർക്കേണ്ട വകുപ്പുകൾ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആർ.പ്രദീപ്കുമാർ പബ്ലിക് പ്രോസിക്യൂട്ടറോട് നിയമോപദേശം തേടി. കസ്റ്റഡി മരണത്തിൽ കുറ്റാരോപിതർ അല്ലാതെ മറ്റു ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ ഐപിസി 302, 304 വകുപ്പുകളിൽ ഏതു വേണമെന്ന നിയമോപദേശമാണ് തേടിയത്. 302 പ്രകാരം കൊലപാതക കേസ് എടുത്താൽ ഡോക്ട്രിൻ ഓഫ് ലാസ്റ്റ് സീൻ തിയറി പ്രകാരം സത്യം തെളിയിക്കേണ്ട ബാധ്യത പ്രതികളുടെ മേൽ വരും. മത്തായി മരിക്കുന്നതിനു മുൻപ് വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ ആണെന്നു മാത്രം പ്രോസിക്യൂഷൻ തെളിയിച്ചാൽ മതിയെന്നാണ് നിയമ വിദഗ്ധരുടെ പക്ഷം. എങ്ങനെ മരിച്ചെന്ന് തെളിയിക്കേണ്ടത് പ്രതിഭാഗമാണ്. അതിനു സാധിച്ചില്ലെങ്കിൽ 302–ാം വകുപ്പു പ്രകാരം പ്രതികൾക്കു മേൽ കൊലക്കുറ്റം സ്ഥാപിക്കാം. എന്നാൽ മരണത്തിന് ഉത്തരവാദികൾ വനം ഉദ്യോഗസ്ഥരാണെന്ന തരത്തിൽ റിപ്പോർട്ട് നൽകിയാൽ എങ്ങനെ മരിച്ചെന്നു പ്രോസിക്യൂഷൻ കോടതിയിൽ തെളിയിക്കേണ്ടി വരും. ഇത് ദൃക്‌സാക്ഷികളും എഴുതി തയാറാക്കിയ മൊഴികളും ഇല്ലാത്ത കേസിൽ പ്രോസിക്യൂഷന്റെ വാദം ദുർബലമാകാൻ ഇടയാക്കും. മത്തായിയെ നിയമവിരുദ്ധമായാണ് കസ്റ്റഡിൽ എടുത്തതെന്ന് പൊലീസ് അന്വേഷണ സംഘം തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ സാധൂകരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എഴുതിയ മഹസറും ഉണ്ട്. കണ്ടെത്തലുകൾ എഴുതി തയാറാക്കി നിയമോപദേശത്തിനു സമർപ്പിച്ചെങ്കിലും കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഇന്നു വീണ്ടും നിയമോപദേശം തേടി കേസ് ഡയറി നൽകും. കോൺഗ്രസ് സത്യഗ്രഹത്തിനിടെ പൊലീസ് ലാത്തിച്ചാർജ് സീതത്തോട്:- കുടപ്പനക്കുളത്ത് വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച പി.പി.മത്തായിയുടെ കുടുംബത്തിനു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ ജില്ലാ കോൺഗ്രസ് നടത്തുന്ന റിലേ സത്യഗ്രഹത്തിനിടെ പൊലീസ് ലാത്തിച്ചാർജ്. ഇന്നലെ 2 മണിയോടെയാണ് സംഭവം. മത്തായിയുടെ ഭാര്യ ഷീബ, മക്കളായ സോന, ഡോണ, മാതാവ് ഏലിയാമ്മ, സഹോദരൻ വിൽസൺ എന്നിവർ ഇന്നലെ ഉച്ചയ്ക്കു സമരപ്പന്തലിൽ എത്തിയിരുന്നു. ഇവർ മടങ്ങാൻ തുടങ്ങുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന യൂത്ത് കോൺഗ്രസ്, കെഎസ‍്‍യു പ്രവർത്തകർ അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം ഉയർത്തി. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പടിക്കലെ സമരപ്പന്തലിലെത്തി പി.പി.മത്തായിയുടെ ഭാര്യ ഷീബ, മക്കളായ സോന, ഡോണ, മാതാവ് ഏലിയാമ്മ, സഹോദരൻ വിൽസൺ എന്നിവർ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, പി.മോഹൻരാജ് എന്നിവരോടു സംസാരിക്കുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫോറസ്റ്റ് സ്റ്റേഷനു സമീപത്തേക്കു നീങ്ങി പൊലീസിനെതിരെ മുദ്രാവാക്യം ഉയർത്തി. പ്രവർത്തകരിൽ ചിലർ സ്റ്റേഷൻ ഗേറ്റ് പിടിച്ച് ഉലയ്ക്കാനും ശ്രമിച്ചു. ഉള്ളിലേക്കു കടക്കാനുള്ള പ്രവർത്തകരുടെ ശ്രമത്തിനിടെ ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർക്കറ്റ് ചുറ്റി പ്രകടനമായി വീണ്ടും സ്റ്റേഷൻ കവാടത്തിൽ എത്തിയപ്പോഴും സംഘർഷമുണ്ടായി. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, കെപിസിസി ജനറൽ സെക്രട്ടറി ജി.രതികുമാർ, പി.മോഹൻരാജ് തുടങ്ങിയ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. ചിറ്റാർ പൊലീസ് ഇൻസ്പെക്ടർ ബി.രാജേന്ദ്രൻപിള്ളയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് രാവിലെ തന്നെ നിലയുറപ്പിച്ചിരുന്നു. പൊലീസ് അകാരണമായി നടത്തിയ ലാത്തിച്ചാർജിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ആവശ്യപ്പെട്ടു. |