എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ മാതാവിനെ പരിശുദ്ധ അമ്മ എന്ന് വിളിക്കുന്നു?
പരിശുദ്ധന്‍ ദൈവം മാത്രം അല്ലെ? ന്യൂജെനെറേഷന്‍ പ്രസ്ഥാനക്കാരുടെ ഒരു മറ്റൊരു ചോദ്യമാണ്, എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ പരിശുദ്ധ അമ്മ എന്ന് വിളിക്കുന്നു അഥവാ മാതാവിനെ പരിശുദ്ധ എന്ന് വിശേഷിപ്പിക്കുക വഴി അവരെ ദൈവത്തോളം ഉയര്‍ത്തുക അല്ലെ ചെയ്യുന്നത്?
1 പത്രോസ് 1: 16 “ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍. ” for it is written: “Be holy, because I am holy.” പരിശുദ്ധന്‍ ആയ ദൈവ പുത്രനെ പ്രസവിച്ച പരിശുദ്ധ അമ്മ പരിശുദ്ധ തന്നെ.
ആദിമ സഭ മറിയത്തിനു നല്‍കിയിരുന്ന ബഹുമാനമോ വി. ഗ്രന്ഥത്തിലുള്ള സ്ഥാനമോ മനസിലാക്കാതെയാണ് അവര്‍ യേശുവിന്‍റെ (ദൈവത്തിൻ്റെ) അമ്മയെ ഇത്രയേറെ എതിര്‍ക്കുന്നത്. “ദൈവം തെരഞ്ഞെടുത്തവരുടെമേല്‍ ആരു കുറ്റമാരോപിക്കും?” (റോമാ 8/33). ദൈവം തിരഞ്ഞെടുത്ത ആ അമ്മയില്‍ കുറ്റം ആരോപിക്കുവാന്‍ ഇവര്‍ ആരാണ്? അമ്മയുടെ പരിശുദ്ധി ചോദ്യം ചെയ്യാന്‍ ഇവര്‍ ആരാണ്? ത്രിത്വം വസിച്ച ആലയമാണ് പരിശുദ്ധ അമ്മയുടെ ഉദരം.
സോളമന്‍ പറയുന്നു: “അങ്ങയെ ഉള്‍ക്കൊള്ളാന്‍ സ്വര്‍ഗത്തിനും സ്വര്‍ഗാധിസ്വര്‍ഗത്തിനും അസാധ്യമെങ്കില്‍ ഞാന്‍ നിര്‍മിച്ച ഈ ഭവനം എത്ര അപര്യാപ്തം!” (1 രാജാ 8/27). സ്വര്‍ഗതിനും സ്വര്‍ഗാധിസ്വര്‍ഗത്തിനും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവനെ തന്‍റെ ഉദരത്തില്‍ വഹിക്കുവാനുള്ള അനുഗ്രഹം ദൈവം പരിശുദ്ധ കന്യകാമറിയത്തിനു നല്‍കി.
എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ ക്രിസ്തുവിൻ്റെ അമ്മയെ പരിശുദ്ധ അമ്മ എന്ന് വിളിക്കുന്നത് എന്ന് മനസിലായി കാണും എന്ന് വിശ്വസിക്കുന്നു
മനുഷ്യ ഭാഷയുടെ പരിമിതി
ഒന്നാമതായി മനസ്സിലാക്കേണ്ടത് ദൈവത്തിൻ്റെ പരിശുദ്ധി യെയോ ശക്തിയെയോ ഉന്നതിയെയോ വ്യാപാരത്തെയോ ആലോചനയെയോ സ്നേഹത്തെയോ ഒന്നും മാനുഷിക വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കുവാന്‍ സാധിക്കുകയില്ല. ദൈവം സ്നേഹവാന്‍ ആണെന്ന് പറഞ്ഞാല്‍ ആ വാക്കുകള്‍ കൊണ്ട് ദൈവത്തിന്റെ സ്നേഹത്തെ വര്‍ണ്ണിക്കുവാന്‍ സാധിക്കുമോ? ദൈവം സര്‍വ്വശക്തന്‍ ആണെന്ന് പറഞ്ഞാല്‍ ദൈവത്തിൻ്റെ സര്‍വശക്തിയെ വര്‍ണ്ണിക്കുവാന്‍ സാധിക്കുമോ? ദൈവം പരിശുദ്ധന്‍ ആണെന്ന് പറഞ്ഞാല്‍ അവൻ്റെ പരിശുധിക്ക് തക്കവണ്ണം ഉള്ള വര്‍ണ്ണന ആകുമോ അത്? എല്ലാറ്റിനും ഉത്തരം ഇല്ലാ എന്നാണു. ദൈവത്തെ വര്‍ണ്ണിക്കാന്‍ മനുഷ്യ ഭാഷയുടെ കുറവാണ് അത് ചൂണ്ടിക്കാണിക്കുന്നത്.
പരിശുദ്ധ നല്ലെണ്ണ എന്ന് പറഞ്ഞാല്‍ അത് ദൈവത്തിൻ്റെ പരിശുദ്ധി ആണോ ? അല്ല എന്ന് നമുക്ക് അറിയാം.
വാക്കുകളുടെ ആപേക്ഷിക അര്‍ഥങ്ങള്‍
രണ്ടാമതായി വാക്കുകള്‍ സൂചിപ്പിക്കുന്ന ആപേക്ഷികത (relativity) എന്താണെന്ന് നോക്കാം. ‘ചൂട്‘ എന്ന് പറഞ്ഞാല്‍ മറ്റൊരു തണുപ്പുള്ള വസ്തുവിനെക്കാള്‍ ചൂടുള്ളത് എന്നാണു നാം മനസ്സിലാക്കുന്നത്. ഉയരം, വൃത്തി (tidiness), ഉച്ച (loudness) മുതലായവും ഇപ്രകാരം ആപേക്ഷിക അര്‍ഥത്തില്‍ ആണ് നാം ഉപയോഗിക്കുന്നത്. അതുപോലെ തന്നെ ആണ് ‘ശുദ്ധി‘ എന്ന പദവും. കുളിക്കാന്‍ ശുദ്ധം ആയ ജലം എന്ന് പറഞ്ഞാല്‍, 100% ശുദ്ധം എന്ന് ആരും മനസ്സിലാക്കുക ഇല്ലല്ല്ലോ. അശുദ്ധം ആയ ജലത്തെക്കാളും ശുദ്ധം എന്നേ അര്‍ഥം ഉള്ളു. എന്നാല്‍ കുടിക്കാന്‍ അതിലും ശുദ്ധം ആയ ജലം വേണം. അതും 100% ശുദ്ധം എന്ന് ആരും മനസ്സിലാക്കില്ല. ഇപ്പറഞ്ഞ ശുദ്ധം ആയ ജലം മരുന്നുകളോ മറ്റു രാസ വസ്തുക്കളോ ഉണ്ടാക്കാന്‍ ഉപയോഗിക്കില്ല. അതിനു കുടിക്കാന്‍ ഉപയോഗിക്കുന്നതിനേക്കാളും ശുദ്ധം ആയ ജലം വേണം. അര്‍ഥം: ശുദ്ധി എന്ന് പറയുന്നത് ആപേക്ഷിക അര്‍ഥം ആണ് ഉള്ളത് .
തീവ്രതാപദങ്ങള്‍
സംസ്കൃത ഭാഷയുടെ (അതില്‍ നിന്ന് മലയാളത്തിലേക്ക്) പ്രത്യേകത ആണ്, ചില വിശേഷണങ്ങള്‍ കൂട്ടി ചേര്‍ത്ത് വാക്കുകളുടെ അര്‍ത്ഥത്തിൻ്റെ degree of intensity കൂട്ടുക എന്നുള്ളത്. ഉദാഹരണത്തിന് ‘ലയം’ എന്നാ പദത്തിന് മുന്‍പ് ‘വി’ (വിശേഷേണ) എന്നത് ചേര്‍ത്താല്‍ ‘വിലയം’ എന്ന വാക്ക് കിട്ടും. അതുപോലെ തന്നെ ‘പ്ര’ (പ്രഹര്‍ഷേണ) എന്നത് ചേര്‍ത്താല്‍ ‘പ്രളയം’ എന്ന വാക്ക് കിട്ടും. ‘ലയം’ എന്ന വാക്കിൻ്റെ അര്‍ത്ഥത്തിനു തീവ്രത നല്‍കാന്‍ ആണ് ഇപ്രകാരം ഉപയോഗിക്കുക. ഇതുപോലെ തന്നെ ആണ് ‘ശുദ്ധി-വിശുദ്ധി- പരിശുദ്ധി’ എന്നെ പദങ്ങളും. ‘ശുദ്ധി’ (വേര്‍തിരിക്കപ്പെട്ടത്) എന്ന പദത്തേക്കാള്‍ ആപേക്ഷിക തീവ്രത നല്‍കുന്നു ‘വിശുദ്ധി’, ‘പരിശുദ്ധി’ എന്ന രണ്ടു പദങ്ങളും.
പരിശുദ്ധന്മാര്‍ ദൈവത്തെക്കാള്‍ പരിശുദ്ധന്മാര്‍ അല്ല!
ദൈവം ശുദ്ധന്‍ ആണെന്നോ (‘ദൈവമേ നീ ശുദ്ധമുള്ളവന്‍ ആകുന്നു’ എന്ന പഴയ പ്രാര്‍ഥന ഓര്‍ക്കുക) വിശുദ്ധന്‍ ആണെന്നോ (ബൈബിള്‍ മലയാള പരിഭാഷയില്‍ അപ്രകാരം ധാരാളം ഉപയോഗിച്ചിട്ടുണ്ട്) പരിശുദ്ധന്‍ ആണെന്നോ (ആരാധനയില്‍ നാം ഉപയോഗിക്കുന്നു) പറഞ്ഞാലും നാം മനസ്സിലാക്കുന്നത് അവിടുന്ന് മറ്റു എന്തിനേക്കാളും ശുദ്ധന്‍ ആണ് എന്നാണു. ഏറ്റവും ആദ്യം സൂചിപ്പിച്ചതുപോലെ ഒരു വാക്കിനും അവന്റെ വിശുദ്ധിയെ പൂര്‍ണ്ണം ആയി വര്‍ണ്ണിക്കുവാന്‍ സാധിക്കുകയില്ല, അത് “വിശുദ്ധി” എന്ന വാക്ക് ആയാലും, “പരിശുദ്ധി” എന്ന വാക്ക് ആയാലും. അവനു മുകളില്‍ പരിശുദ്ധി ഉള്ളതായി മറ്റാരും ഇല്ല. എന്നാല്‍, പരിശുദ്ധന്‍ എന്നോ വിശുദ്ധന്‍ എന്നോ നാം മനുഷ്യരെ സംബോധന ചെയ്യുമ്പോള്‍ അവര്‍ ദൈവത്തെക്കാള്‍ വിശുദ്ധര്‍ ആണെന്നല്ല നാം ഉദ്ദേശിക്കുക, പ്രത്യുത അവര്‍ ജീവിത വിശുദ്ധി കാത്തു സൂക്ഷിച്ചവര്‍/സൂക്ഷിക്കുന്നവര്‍ ആണെന്ന് മാത്രം ആണ്. അതുകൊണ്ട് തന്നെ മാതാവിനെയോ വിശുധന്മാരെയോ സഭാതലവനെയോ ‘പരിശുദ്ധന്‍’ എന്ന് വിശേഷിപ്പിച്ചാല്‍ അവര്‍ ദൈവത്തോളം പരിശുദ്ധര്‍ അല്ലെന്നു മനസ്സിലാക്കാന്‍ വളരെ എളുപ്പം ആണ്.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
ബൈബിള്‍ തെളിവുകള്‍
ബൈബിള്‍ ഭാഷകള്‍ ആയ ഹിബ്രു, ഗ്രീക്ക് എന്നിവക്കും ആരാധന ഭാഷയായ സുറിയാനിയിലും അതുപോലെ തന്നെ മറ്റനേകം ഭാഷകളിലും ‘ശുദ്ധി – വിശുദ്ധി – പരിശുദ്ധി’ എന്ന് സൂചിപ്പിക്കുന്ന തീവ്രതാ പദങ്ങള്‍ ഇല്ല. ശുദ്ധന്‍, വിശുദ്ധന്‍, പരിശുദ്ധന്‍ എന്നത് ഒക്കെ സൂചിപ്പിക്കാന്‍ ഒറ്റ വാക്ക് മാത്രമേ ഉള്ളു ആ ഭാഷകളിലെല്ലാം. ഹിബ്രുവില്‍ അത് ‘കാദേശ് ‘ (kadesh) എന്നതാണ്. ഗ്രീക്കില്‍ അത് ‘അഗിയോസ് ‘ (agios). ഇംഗ്ലീഷില്‍ ആവട്ടെ ‘holy‘ എന്നതാണ്. അതുകൊണ്ട് തന്നെ, ബൈബിളിലും ദൈവത്തെയും മനുഷ്യനെയും വിശേഷിപ്പിക്കാന്‍ ഒരേ ‘വിശുദ്ധി’ പദം ഉപയോഗിക്കുന്നു. ചില ഉദാഹരണങ്ങള്‍ മാത്രം നോക്കാം. മലയാള പരിഭാഷയെക്കാള്‍ ഉപരി ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന മൂലഭാഷയിലെ വാക്കുകള്‍ പ്രത്യകം ശ്രദ്ധിക്കുക.
a) “ഇസ്രായേല്‍ സമൂഹത്തോടു പറയുക, നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍(kadshim) . എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനാണ്(kadesh) .” (ലേവ്യ 19:2)
b) “ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് (agios) നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍ (agioi). for it is written: “Be holy, because I am holy.” 1 പത്രോസ് 1:16
c) “അവൻ നിനക്കു വിശുദ്ധനായിരിക്കേണം (kadesh); നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ (kadesh) ആകുന്നു.” (ലേവ്യ 21:8)
മുകളില്‍ ഉള്ള വാക്യങ്ങളില്‍ ദൈവത്തെയും മനുഷ്യരെയും വിശേഷിപ്പിക്കാന്‍ ഒരേ പദം ആണ് ഉപയോഗിക്കുന്നത് (മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ അത് ‘പരിശുദ്ധന്‍’ / ‘വിശുദ്ധന്‍’ എന്നാ തീവ്ര പദങ്ങള്‍ ഉപയോഗിച്ചേക്കാം. മൂല ഭാഷയില്‍ അവക്കെല്ലാം ഒരു വാക്ക് തന്നെ ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ശ്രദ്ധിക്കുക. ഇന്ഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ അതില്‍ തീവ്രതാപദങ്ങള്‍ ഇല്ലാത്തതുകൊണ്ട് എല്ലാറ്റിനും “holy ” എന്നാണു ഉപയോഗിച്ചിരിക്കുന്നത്.). അതിനര്‍ഥം ദൈവത്തിനു തുല്യം വിശുദ്ധര്‍ ആണ് മനുഷ്യര്‍ എന്ന് ബൈബിള്‍ പറയുന്നു എന്നല്ല, മറിച്ച് മറ്റു മനുഷ്യരേക്കാള്‍ അവര്‍ വിശുദ്ധി കാത്തു സൂക്ഷിക്കുന്നവര്‍ ആണ് എന്നാണു.
ചുരുക്കത്തില്‍…
മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍, ദൈവമാതാവിനെയും ഈ ലോകത്തുനിന്നും പോയ വിശുദ്ധ പിതാക്കന്മാരെയും “പരിശുദ്ധന്മാര്‍” അല്ലെങ്കില്‍ “വിശുദ്ധന്മാര്‍” എന്ന് വിളിക്കുന്നതില്‍ തെറ്റില്ല. അങ്ങനെ വിശേഷിപ്പിക്കുക വഴി അവര്‍ മറ്റുള്ളവരേക്കാള്‍ പരിശുദ്ധര്‍ ആണെന്നെ അര്‍ഥം ഉള്ളു, ദൈവത്തോളം പരിശുധര്‍ ആണെന്ന് അര്‍ഥം ഇല്ല. എന്നാല്‍ ദൈവം “പരിശുദ്ധന്‍” ആണെന്ന് പറയുമ്പോള്‍ ദൈവം എല്ലാവരെക്കാളും (അഥവാ പരിശുദ്ധന്മാരെക്കാളും) പരിശുദ്ധന്‍ ആണെന്ന് നാം ധ്യാനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പിതാവും പുത്രനും പരിശുദ്ധാത്മാവും അല്ലാതെ പരിശുദ്ധന്‍ വേറെ ആരും ഇല്ല. ആമ്മേന്‍. ദൈവം നമ്മുടെ ഹൃദയം ആണ് പരിശോധിക്കുക മനുഷ്യന്റെ പരിമിതികള്‍ മനസിലാക്കുവാന്‍ കഴിവുള്ള ഒരു ദൈവം ആണ് നമ്മുടെ ദൈവം.
(കടപ്പാട് :- Carmel Apologetics)