OVS - ArticlesOVS - Latest News

താപസനായ മൂക്കഞ്ചേരിൽ ഗീവർഗീസ് റമ്പാച്ചൻ

ആദ്ധ്യാത്മിക മണ്ഡലത്തിൽ ഉദിച്ച ആത്മീയ നക്ഷത്രം, മലങ്കര സഭയിലെ താപസശ്രേഷ്ഠനായിരുന്നു വന്ദ്യ മൂക്കഞ്ചേരിൽ ഗീവർഗീസ് റമ്പാച്ചൻ. ക്രിസ്തു കേന്ദ്രീകൃത്യമായ ഒരു ജീവിതം നയിച്ച അദേഹത്തിൻ്റെ ജീവിതം പിന്നീട് വന്ന അനേക ആത്മീയ പിതാക്കന്മാർക്ക് ഒരു മാതൃകയായിരുന്നു.

ജീവിതകാലം: തൃപ്പൂണിത്തുറ ദേശത്തെ പുരാതനമായ നടമേൽ മർത്തമറിയം പള്ളി ഇടവകയിൽ മൂക്കഞ്ചേരിൽ ചെറിയയുടെയും അച്ചയുടെയും മകനായി 1829 മെയ്‌ 5-ന് ഗീവർഗീസ് ജനിച്ചു. നടമേൽ പള്ളിയിലെ പ്രമുഖ കുടുംബമായിരുന്നു മൂക്കഞ്ചേരിൽ. കുന്നംകുളം ആർത്താറ്റ്‌ ഇടവകകാരായിരുന്ന ഈ കുടുംബം നൂറ്റാണ്ടുകൾക്ക് മുൻപ് തൃപ്പൂണിത്തുറ ദേശത്തെക്ക് കുടിയേറുകയും താമസമാക്കുകയും ചെയ്തു. ഈ കുടുംബം അനേക വൈദിക ശ്രേഷ്ഠരെ മലങ്കര സഭയ്ക്ക് സംഭാവന നൽകുകയും ചെയ്തു. ദൈവ ഭക്തരായ മാതാപിതാക്കളിൽ നിന്നുള്ള ആത്മീയ ശിക്ഷണം ഗീവർഗീസിനെ ശമുവേൽ പ്രവാചകനെ പോലെ ദൈവഭയമുള്ള ഒരു ബാലനായി വളർത്തി. ഗീവർഗീസിൻ്റെ മാതാപിതാക്കൾ അദ്ദേഹത്തെ സഭക്കായി സമർപ്പിച്ചു. പത്താമത്തെ വയസ് മുതൽ ഗീവർഗീസ് സുറിയാനി അഭ്യസിച്ചു തുടങ്ങി അതോടൊപ്പം തുടർന്ന് വേദശാസ്ത്രം പഠിച്ചു. ഇടവകക്കാർ മൂക്കഞ്ചേരിൽ ഗീവര്ഗീസിനെ ഇടവക പട്ടക്കാരനാക്കുവാൻ തീരുമാനിച്ചു.

1849 സെപ്റ്റംബർ 26-ന് കടമറ്റം വലിയ പള്ളിയിൽ വച്ച് മലങ്കര മെത്രാപോലിത്ത ആയിരുന്ന ചേപ്പാട്ട് ഫിലിപ്പോസ് മാർ ദിവന്നാസിയോസ് തിരുമേനി ഗീവര്ഗീസിന് ശെമ്മാശ്ശ പട്ടം നൽകി. തുടർന്ന് അദ്ദേഹം പാമ്പാക്കുടയിൽ തൻ്റെ വൈദിക വിദ്യാഭ്യാസം തുടർന്നു. 1851-ൽ ചേപ്പാട്ട് മാർ ദിവന്നാസിയോസ് തിരുമേനി നടമേൽ മർത്തമറിയം പള്ളിയിൽ വച്ച് ഗീവർഗീസ് ശെമ്മാശ്ശന് കശീശ്ശ പട്ടം നൽകി. സെപ്റ്റംബർ 30-ന് ഗീവർഗീസ് കത്തനാർ പുത്തൻ കുർബാന ചൊല്ലി വികാരി സ്ഥാനം ഏറ്റു.

സ്ഥാനം കൊണ്ട് വൈദികനായിരുന്നുവെങ്കിലും ജീവിതം കൊണ്ട് അദ്ദേഹം ഒരു സന്ന്യാസിയായിരുന്നു. മുടങ്ങാതെയുള്ള യാമ പ്രാർഥന നിഷ്ഠയോടെയുള്ള നോമ്പും ഉപവാസവും തീഷ്ണതയുള്ള ആത്മീയ ജീവിതവും പുലർത്തിയ അദ്ദേഹം ഏലിയാ പ്രവാചകനെ പോലെയായിരുന്നു ജീവിച്ചിരുന്നത്. അദ്ദേഹം കൂടുതൽ സമയവും ഏകാന്തമായ പ്രാർഥനക്കും ധ്യാനത്തിനും വേണ്ടി ചിലവഴിച്ചു. ചുമതലയേറ്റ ശേഷം  ഇടവക അംഗങ്ങളുടെ പേരും വിവരങ്ങളും ക്രോഡികരിച്ചു കൊണ്ട് ഇടവക പട്ടിക രൂപീകരിച്ചു. എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന നല്ല ഉദ്ദേശത്തോടെ വിദ്യാലയങ്ങൾ സ്ഥാപിച്ചു. മലങ്കരയിൽ പാലക്കുന്നത്ത് മാത്യൂസ് മാർ അത്തനാസിയോസ് നവീകരണ ആശയങ്ങൾ കടത്തിവിടാൻ ശ്രമിച്ചപ്പോൾ അതിനെ പ്രബോധനങ്ങൾ കൊണ്ട് എതിർത്തു.

ജീവിതത്തിൽ ഒരു സന്ന്യാസി ആകാൻ ആഗ്രഹിച്ചിരുന്ന ഗീവർഗീസ് കത്തനാർ ചാത്തുരുത്തിൽ ഗീവർഗീസ് റമ്പാച്ചനുമായി (പ. പരുമല തിരുമേനി) നല്ല സൗഹൃദം പുലർത്തിയിരുന്നു. 1876-ൽ പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയാർക്കീസ് ബാവ മലങ്കരയിൽ എത്തിയപ്പോൾ അച്ചനിലെ ഉത്തമ ദയറാക്കാരനെ തിരിച്ചറിഞ്ഞ ബാവ അദ്ദേഹത്തിന് റമ്പാൻ സ്ഥാനം കൊടുക്കുവാൻ തീരുമാനിച്ചു. 1876 ജൂൺ 28-ന് ബാവ മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ വച്ച് മൂക്കഞ്ചേരിൽ ഗീവർഗീസ് കത്തനാർക്ക് റമ്പാൻ സ്ഥാനം കൊടുത്തു. ചാത്തുരുത്തിൽ ഗീവർഗീസ് റമ്പാൻ (പരുമല തിരുമേനി), കൊച്ചു പറമ്പിൽ പൗലോസ് റമ്പാൻ, ചാലപ്പുറത്ത് യാക്കോബ് റമ്പാൻ എന്നിവരോട് കൂടെ വെട്ടിക്കൽ ദയറായിൽ സന്യാസ ജീവിതം നയിച്ചു. പിൽക്കാലത്ത് അദ്ദേഹം പ്രാർത്ഥിക്കുവാൻ തിരഞ്ഞെടുത്ത ബെസ്കാസ കുന്നിൽ (തിരുവാങ്കുളം റമ്പാൻ കുന്ന്) അദ്ദേഹത്തിൻ്റെ താല്പര്യ പ്രകാരം മലങ്കര മെത്രപ്പോലിത്തയായിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനി മാർ ഗീവർഗീസ് സഹദായുടെ നാമത്തിൽ ഒരു ദയറാ സ്ഥാപിച്ചു. അദ്ദേഹം ഈ ദയറായിൽ ഏകാന്തമായ പ്രാർഥനക്കും ധ്യാനത്തിനും ചിലവഴിച്ചത് കൊണ്ട് ഈ സ്ഥലത്തിന് റമ്പാച്ചൻ കുന്ന് എന്നറിയപ്പെട്ടു. തുടർന്ന് ദീർഘകാലം ഈ ദയറായിൽ തൻ്റെ ആത്മീയ ജീവിതം നയിച്ചു.

1898 ജൂലൈ 19-ന് മലങ്കരയുടെ ഈ താപസശ്രേഷ്ഠൻ ദൈവസന്നിധിയിലേക്ക് തിരികെ പോയി. ഇദ്ദേഹത്തിൻ്റെ ഭൗതിക ശരീരം പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ്, കടവിൽ പൗലോസ് മാർ അത്തനാസിയോസ്, പരുമല ഗീവർഗീസ് മാർ ഗ്രീഗോറിയോസ്, മുറിമറ്റം പൗലോസ് മാർ ഇവാനിയോസ് എന്നീ പിതാക്കന്മാരുടെ കാർമ്മികത്വത്തിൽ തൃപ്പൂണിത്തുറ നടമേൽ പള്ളിയിൽ അടക്കി. പിന്നീട് ഗീവർഗീസ് റമ്പാച്ചൻ്റെ അതെ പാത പിന്തുടർന്ന് സന്യാസ മേഖലയിൽ അദേഹത്തിൻ്റെ സഹോദര പുത്രനായ മൂക്കഞ്ചേരിൽ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനി വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. ആദ്യകാലത്ത് പരിശുദ്ധ പരുമല തിരുമേനി തുടക്കം കുറിച്ച വിജാതീയ മിഷൻ, പിൽക്കാലത്ത് മൂക്കഞ്ചേരിൽ തിരുമേനി സ്ഥാപിച്ച “സ്ലീബാ ദാസ സമൂഹം” എന്ന പ്രസ്ഥാനത്തിലൂടെ അനേകം പേർ ക്രിസ്തുവിനെ അറിഞ്ഞു. പുണ്യ പിതാവായ ഈ താപസ ശ്രേഷ്ഠൻ്റെ പ്രാർഥന നമുക്ക് എല്ലാവർക്കും കോട്ടയാകട്ടെ.

പഴയ കൊച്ചി രാജവംശത്തിൻ്റെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ രാജനഗരിയിൽ സ്ഥിതി ചെയ്യുന്ന ദേവാലയമാണ് നടമേൽ മർത്തമറിയം പള്ളി. പ്രമുഖ സാമൂഹിക പരിഷ്കർത്താവും, സ്ലീബാദാസ സമൂഹം സ്ഥാപകനുമായ മൂക്കഞ്ചേരിൽ പത്രോസ് മാർ ഒസ്താതിയോസ് തിരുമേനിയുടെയും, വിശ്വമാനവികൻ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെയും മാതൃ ഇടവക കൂടിയാണ് തൃപ്പൂണിത്തുറ നടമേൽ പള്ളി.

മലങ്കര നസ്രാണികളുടെ അതുല്യമായ പാരമ്പര്യങ്ങൾ, സംസ്കാരം എന്നിവയെ കൂടുതൽ അടുത്ത് അറിയുവാൻ:
https://www.facebook.com/മലങ്കര-നസ്രാണി-പൈതൃകം-Heritage-of-Malankara-107850987603533/

error: Thank you for visiting : www.ovsonline.in